തിരയുക

സങ്കീർത്തനചിന്തകൾ - 119 സങ്കീർത്തനചിന്തകൾ - 119 

കർത്താവിന്റെ നിയമവും വിശ്വാസജീവിതവും

വചനവീഥി: നൂറ്റിപ്പത്തൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിപ്പത്തൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സങ്കീർത്തനങ്ങളിൽ മാത്രമല്ല, ബൈബിളിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ ആദ്ധ്യായമാണ് നൂറ്റിപ്പത്തൊൻപതാം സങ്കീർത്തനം. 176 വാക്യങ്ങളാണ് ഇതിലുള്ളത്. ഹെബ്രായഭാഷയിലെ ഇരുപത്തിരണ്ട് അക്ഷരങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന എട്ടു വാക്യങ്ങൾ വീതം ചേർന്നതാണ് ഈ സങ്കീർത്തനം എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട്. ഇങ്ങനെയുള്ള ഒരു രചനാവൈദഗ്ധ്യം നാം കാണുന്നത് വിലാപങ്ങളുടെ പുസ്‌തകം മൂന്നാം അദ്ധ്യായത്തിലാണ്. ദൈവസൃഷ്ടികളായ മനുഷ്യർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ മഹത്തായ നിയമങ്ങളും, നിർദ്ദേശങ്ങളും, ഉപദേശങ്ങളും, നൽകിയ ദൈവത്തിനുള്ള നന്ദിയും, ആ നിയമങ്ങളനുസരിച്ച് ജീവിക്കാൻ താൻ പരിശ്രമിച്ചതിനെപ്പറ്റി സങ്കീർത്തകൻ പറയുന്നതുമാണ് നൂറ്റിപ്പത്തൊൻപതാം സങ്കീർത്തനത്തിന്റെ പ്രധാന ആശയം എന്ന് വേണമെങ്കിൽ ഒരു വാക്യത്തിൽ ചുരുക്കിപ്പറയാം. സങ്കീർത്തനകർത്താവിനെപ്പറ്റി വിവിധ അഭിപ്രായങ്ങളുണ്ട്. ദാവീദ് ആകാമെന്നും എന്നാൽ, രണ്ടാം പ്രവാസകാലത്തിന് ശേഷം എഴുതപ്പെട്ടതാകാമെന്നും, എന്നാൽ മുൻപ് രചിക്കപ്പെട്ട വിവിധ ആശയങ്ങൾ പിന്നീട് ചേർത്തുവയ്ക്കപ്പെട്ടതാകാം എന്നിങ്ങനെ വിവിധ തരം അഭിപ്രായങ്ങൾ ഉണ്ട്. ദൈവകല്പനകളുമായി ബന്ധപ്പെട്ട ചിന്തകൾ എന്നതിലുപരി സങ്കീർത്തനത്തിന്റെ വരികൾ തമ്മിൽ  ഒരു പ്രത്യേക ബന്ധം കണ്ടെത്തുക എളുപ്പമല്ല. എന്നാൽ ദൈവികനിയമങ്ങളുമായി ബന്ധപ്പെട്ട്, വിശ്വാസജീവിതത്തിൽ പ്രമാണങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചുള്ള വിവിധ ആശയങ്ങൾ കോർത്തിണക്കിയ ഒരു സങ്കീർത്തനമാണിതെന്ന് നമുക്ക് കാണാം.

സങ്കീർത്തനത്തിന്റെ പ്രധാന ആശയങ്ങൾ ഇവയാണ്: ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ആശയം, തോറയെ, അതായത് ദൈവികനിയമത്തെ, ഓർത്ത് സങ്കീർത്തകൻ ദൈവത്തെ മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുന്നു എന്നതാണ്. നിയമത്തോടുള്ള വിശ്വസ്തതയിൽ കഴിയുന്ന മനുഷ്യരെക്കുറിച്ച് രോക്ഷാകുലരാകുന്ന ആളുകളിൽനിന്ന് സംരക്ഷണത്തിനായി പ്രാർത്ഥിക്കുന്ന സങ്കീർത്തകനെ നമുക്ക് ഈ വാക്യങ്ങളിൽ കാണാം. അനുസരണത്തിന് നൽകേണ്ടി വരുന്ന വിലയെപ്പറ്റിയും, നിയമപാലനം നൽകുന്ന ആശ്വാസത്തെപ്പറ്റിയും സങ്കീർത്തനവരികൾ പ്രതിപാദിക്കുന്നുണ്ട്. ദൈവികനിയമങ്ങളും പ്രമാണങ്ങളും മനസ്സിലാക്കി ജീവിക്കുന്നതിനുള്ള ജ്ഞാനത്തിനായി സങ്കീർത്തകൻ ദൈവത്തോട് അപേക്ഷിക്കുന്നത് സങ്കീർത്തനവരികളിൽ ആവർത്തിച്ച് കാണാം. ഒപ്പം തന്റെ ജീവിതത്തിൽ, എത്രമാത്രം ബുദ്ധിമുട്ടിയാണ് ഈ നിയമങ്ങൾ പാലിച്ചതെന്നും, അതുകൊണ്ടുതന്നെ തനിക്ക് ലഭിക്കേണ്ട പ്രതിഫലം ദൈവം നൽകണമെന്ന പ്രാർത്ഥനയും ഈ സങ്കീർത്തനവരികളിൽ നാം കാണുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും, മറ്റു പല സങ്കീർത്തനങ്ങളിലും കാണുന്ന, സീനായ് മലയിൽ ദൈവം നൽകുന്ന നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളോ, ദേവാലയവും നിയമപാലനത്തെ സംബന്ധിച്ച വ്യാഖ്യാനങ്ങളോ ഒന്നും ഈ സങ്കീർത്തനത്തിൽ പ്രത്യകിച്ച് പരാമർശിക്കപ്പെട്ടിട്ടില്ല എന്ന ഒരു കാര്യം ബൈബിൾ വ്യാഖ്യാതാക്കൾ എടുത്തുപറയുന്നുണ്ട്. എങ്കിലും മനുഷ്യജീവിതത്തെ നയിക്കുകയും, മനുഷ്യന് വഴികാട്ടിയാകുകയും ചെയ്യുന്ന ദൈവവചനമാകുന്ന ദൈവികകല്പനകളിൽ കേന്ദ്രീകൃതമാണ് ഈ സങ്കീർത്തനം.

ദൈവത്തിൽ ആശ്രയം വച്ച ജീവിതം

സങ്കീർത്തനം തുടങ്ങുന്നതുതന്നെ ദൈവത്തിന്റെ നിയമനുസരിച്ച് ജീവിക്കുന്നതിന്റെ പ്രാധാന്യം വെളിവാക്കിക്കൊണ്ടുതന്നെയാണ്. "അപങ്കിലമായ മാർഗ്ഗത്തിൽ ചരിക്കുന്നവർ, കർത്താവിന്റെ നിയമം അനുസരിക്കുന്നവർ, ഭാഗ്യവാന്മാർ" തന്റെ നിയമങ്ങൾ പാലിക്കുവാൻ ദൈവം തന്നെയാണ് മനുഷ്യന് കല്പനയേകുന്നത്. നാലാം വാക്യത്തിൽ സങ്കീർത്തകൻ ഇത് എടുത്തുപറയുന്നുണ്ട്: "അങ്ങയുടെ പ്രമാണങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കണമെന്ന് അങ്ങ് കൽപ്പിച്ചിരിക്കുന്നു".

ദൈവികകല്പനകളോട് ആഭിമുഖ്യമുള്ള മനുഷ്യരുടെ ജീവിതമാണ് ഈ സങ്കീർത്തനത്തിന്റെ ഇതിവൃത്തം. "അങ്ങയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ ഞാൻ സ്ഥിരതയുള്ളവൻ ആയിരുന്നെങ്കിൽ" എന്ന അഞ്ചാം വാക്യത്തിലെ സങ്കീർത്തകന്റെ ഹൃദയാഭിലാഷം പ്രകടമാക്കുന്നത്, ജീവിതകാലം മുഴുവൻ ദൈവഹിതമനുസരിച്ച് ജീവിക്കാനുള്ള അവന്റെ ആഗ്രഹത്തിന്റെയും, ഒപ്പം, ദൈവപ്രമാണങ്ങളനുസരിച്ച് താൻ ജീവിക്കുമെന്ന് ദൈവത്തോടുള്ള അവന്റെ വാഗ്ദാനത്തിന്റെയും വെളിപ്പെടുത്തലാണ്. ദൈവത്തിനെതിരെ പാപം ചെയ്യാതിരിക്കേണ്ടതിന്, അവന്റെ വചനം സങ്കീർത്തകൻ സ്വന്തം ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. "ഞാൻ ജീവിച്ചിരിക്കാനും അങ്ങയുടെ വചനം അനുസരിക്കാനും ഈ ദാസന്റെമേൽ കൃപ ചൊരിയണമേ" എന്ന പതിനേഴാം വാക്യം, ദൈവകല്പനകൾ അനുസരിച്ച് ജീവിക്കാനാകുന്നത്, ദൈവാനുഗ്രഹമുള്ള മനുഷ്യർക്കാണെന്ന് വ്യക്തമാകുന്നു.

സങ്കീർത്തകനും നിയമനിഷേധകരും

"അങ്ങയുടെ കല്പനകൾക്കുവേണ്ടിയുള്ള അഭിനിവേശം നിരന്തരം എന്നെ ദഹിപ്പിക്കുന്നു" എന്ന ഇരുപതാം വാക്യം സങ്കീർത്തകന്റെ ദൈവികകാര്യങ്ങളിലുള്ള തീക്ഷ്ണത വ്യക്തമാക്കുന്നതാണ്.

ദൈവകല്പനകൾ തന്റെ ജീവിതത്തെ മുഴുവനും നിയന്ത്രിക്കുവാനായി സ്വയം വിട്ടുകൊടുക്കുന്ന സങ്കീർത്തകൻ പക്ഷെ, ദൈവപ്രമാണങ്ങളെ അനുസരിക്കാത്ത മനുഷ്യരെക്കുറിച്ച് പറയുമ്പോൾ രോക്ഷാകുലനാകുന്നുണ്ട്. ഇരുപത്തിയൊന്നാം വാക്യം പറയുന്നു: "അങ്ങയുടെ പ്രമാണങ്ങൾ വിട്ടുനടക്കുന്ന ശപിക്കപ്പെട്ട ധിക്കാരികളെ അവിടുന്ന് ശാസിക്കുന്നു". അൻപത്തിമൂന്നാം വാക്യത്തിലൂടെ, "അങ്ങയുടെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്ന ദുഷ്ടർ മൂലം രോഷം എന്നിൽ ജ്വലിക്കുന്നു" എന്ന് സങ്കീർത്തകനെക്കൊണ്ട് പറയിക്കുന്നത്, ദൈവികനിയമങ്ങൾ അനുസരിച്ചുള്ള ഒരു ജീവിതത്തെക്കുറിച്ചുള്ള അവനിലെ തീക്ഷ്ണതയാണ്. നൂറ്റിപ്പതിനെട്ടം വാക്യം പറയുന്നു: "അങ്ങയുടെ നിയമങ്ങളിൽനിന്ന് വ്യതിചലിക്കുന്നവരെ അവിടുന്ന് നിരാകരിക്കുന്നു: അവരുടെ കൗശല്യം വ്യർത്ഥമാണ്". സങ്കീർത്തകന്റെ ഉള്ളിലെ ദൈവസ്നേഹത്തിന്റെ ആഴത്തെ വ്യക്തമാക്കുന്നതാണ് നൂറ്റിമുപ്പത്തിയാറാം വാക്യം: "മനുഷ്യർ അങ്ങയുടെ നിയമം പാലിക്കാത്തതുകൊണ്ട് എന്റെ കണ്ണിൽനിന്ന് അശ്രു ധാരധാരയായി ഒഴുകുന്നു". ഈയൊരു തീക്ഷ്ണത "അവിശ്വസ്തരോട് എനിക്ക് വെറുപ്പാണ്" എന്ന് നൂറ്റിഅൻപത്തിയെട്ടാം വാക്യത്തിലൂടെ സങ്കീർത്തകനെക്കൊണ്ട് പറയിക്കുന്നുണ്ട്.

എന്നാൽ ദൈവത്തെ ഭയപ്പെടുന്നവർ, അവന്റെ ഭക്തർ കല്പനകൾ അറിഞ്ഞ് ദൈവഹിതമനുസരിച്ച് ജീവിക്കുന്നതിനുവേണ്ടിയും സങ്കീർത്തകൻ പ്രാർത്ഥിക്കുന്നുണ്ട്. എഴുപത്തിയൊമ്പതാം വാക്യം ഇങ്ങനെയാണ് പറയുക "അങ്ങയുടെ ഭക്തർ എന്നിലേക്ക് തിരിയട്ടെ! അങ്ങനെ, അവർ അങ്ങയുടെ കല്പനകൾ അറിയട്ടെ!". ദൈവത്തിന്റെ നിയമത്തെ സ്നേഹിക്കുന്നവർക്ക് ശാന്തി ലഭിക്കും എന്ന് നൂറ്റിയറുപത്തിയഞ്ചാം വാക്യത്തിലൂടെ ഓരോ വായനക്കാരനെയും സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്. സ്വജീവിതത്തിൽ താൻ അനുസരിച്ച ദൈവികകല്പനകൾ തന്റെ ജീവിതത്തെ എപ്രകാരം അനുഗ്രഹപ്രദമാക്കി എന്ന വാക്കുകൾ, മറ്റുള്ളവർക്കും ഒരു ഓർമ്മപ്പെടുത്തലാണ്. ജീവിതത്തിൽ ദൈവികനിയമങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാനും, വചനമായി വെളിപ്പെട്ട ദൈവത്തെ ഹൃദയത്തോട് ചേർത്ത് നിറുത്തുവാനും സങ്കീർത്തനം നമ്മയെയും ക്ഷണിക്കുന്നുണ്ട്.

സങ്കീർത്തനം നമ്മുടെ ജീവിതത്തിൽ

ഒൻപതാം വാക്യത്തിൽ പറയുന്നതുപോലെ "യുവാവ് തന്റെ മാർഗം എങ്ങനെ നിർമ്മലമായ സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ച് വ്യാപരിച്ചുകൊണ്ട്" എന്ന ഒരു ചിന്തയാണ് നൂറ്റിപ്പത്തൊമ്പതാം സങ്കീർത്തനം നമുക്ക് മുന്നിൽ വയ്ക്കുന്നത്. സങ്കീർത്തകന്റെ തന്നെ ജീവിതത്തിന്റെ ഒരു സാക്ഷ്യവും, എന്നാൽ ഒപ്പം ഒരു പ്രാർത്ഥനയുമാണ് സങ്കീർത്തനത്തിൽ നാം കാണുന്നത്. തിന്മ പ്രവൃത്തിക്കുന്നവരിൽനിന്ന് അകന്നാണ് അവൻ ജീവിക്കുന്നതെങ്കിലും, ദൈവവചനങ്ങളെയും, കല്പനകളെയും പാലിക്കാൻ എന്നും പരിശ്രമിച്ചിട്ടും, സങ്കീർത്തകന്റെ ജീവിതത്തിലും, വീഴ്ചകളും കുറവുകളുമുണ്ടെന്ന് സങ്കീർത്തനവരികൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇരുപത്തിയെട്ടും മുതൽ ഇരുപത്തിയൊൻപതും വാക്യങ്ങളിൽ നാം ഇങ്ങനെയാണ് കാണുന്നത് "ദുഃഖത്താൽ എന്റെ ഹൃദയം ഉരുകുന്നു: അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ശക്തിപ്പെടുത്തേണമേ! തെറ്റായ മാർഗങ്ങളെ എന്നിൽനിന്ന് അകറ്റേണമേ! കാരുണ്യപൂർവ്വം അങ്ങയുടെ നിയമം എന്നെ പഠിപ്പിക്കേണമേ!". ദുഷ്ടരുടെ കെണികളിൽ താൻ കുടുങ്ങി എങ്കിലും, ദൈവത്തിന്റെ നിയമം താൻ മറന്നില്ല എന്ന് അറുപത്തിയൊന്നാം വാക്യത്തിലൂടെ സങ്കീർത്തകൻ പറയുന്നുണ്ട്. "അധർമ്മികൾ എന്നെക്കുറിച്ച് വ്യാജം പറഞ്ഞുപരത്തി" എന്ന അറുപത്തിയൊമ്പതാം വാക്യമാകട്ടെ, ദൈവകല്പനകളെ അനുസരിക്കുന്നതിലൂടെ മാത്രം ഈ ഭൂമിയിൽ ഒരുവൻ സുരക്ഷിതനായിരിക്കണമെന്ന് നിർബന്ധമില്ല എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നുണ്ട്. എഴുപത്തിയഞ്ചാം വാക്യത്തിൽ കാണുന്നതുപോലെ, വിശ്വസ്തത മൂലമാണ് ദൈവം തനിക്ക് കഷ്ടതകൾ അനുവദിച്ചതെന്ന് സങ്കീർത്തകൻ അറിയുന്നുണ്ടെങ്കിലും, അവൻ ദൈവത്തോട് ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു. എണ്പത്തിയൊന്നാം വാക്യത്തിൽ സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത് ഇങ്ങനെയാണ് "അങ്ങയുടെ രക്ഷയ്ക്കുവേണ്ടി കാത്തിരുന്ന ഞാൻ തളർന്നു; ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്ക്കുന്നു.

തന്റെ ഹൃദയത്തിൽ ദൈവകല്പനകളെ അതിതീവ്രമായി സ്നേഹിച്ചിട്ടും, അവ ഹൃദയത്തിന്റെ ആനന്ദമായിട്ടും, സങ്കീർത്തകനെ സംബന്ധിച്ചിടത്തോളം, ജീവിതം ബുദ്ധിമുട്ടേറിയതായിത്തന്നെ തുടരുന്നുണ്ട്. എങ്കിലും അവൻ പ്രത്യാശയോടെയാണ് ജീവിക്കുന്നത്. ദൈവപ്രമാണങ്ങൾ പാലിക്കുന്നവന്റെ നിലവിളി ദൈവത്തിന്റെ സന്നിധിയിൽ എത്തുമെന്നും, ദൈവം അവനെ സംരക്ഷിക്കുമെന്നുമുള്ള ഒരു ആശയമാണ് സങ്കീർത്തനകർത്താവ് നമുക്ക് നൽകുന്നത്. ബുദ്ധിമുട്ടുകളും ശത്രുക്കളും ഏറിയാലും ദൈവം തന്റെ ഭക്തർക്ക് സമീപസ്ഥനായിരിക്കുമെന്നും, നീതിയാൽ അവരുടെ ജീവിതങ്ങളെ അവൻ കാത്തുകൊള്ളുമെന്നും സങ്കീർത്തകനൊപ്പം നമുക്കും ഹൃദയത്തിൽ എഴുതിച്ചേർക്കാം. ദൈവികമാർഗ്ഗത്തിൽ ചരിച്ചവർക്ക്, ഈ ഭൂമിയിലെ ജീവിതത്തിൽ കുറവുകൾ ഉണ്ടായേക്കാം, വീഴ്ചകൾ ഉണ്ടായേക്കാം. എങ്കിലും, ജീവിതസായാഹ്നത്തിൽ തിരികെ നോക്കുമ്പോൾ, ദൈവസ്നേഹവും, ദൈവാനുഗ്രഹങ്ങളും ഊടും പാവും നെയ്ത ജീവിതമായിരുന്നു തങ്ങളുടേതെന്ന് അവർക്ക് കാണാനാകുമെന്ന ഒരു പ്രതീക്ഷയും സങ്കീർത്തകൻ നൽകുന്നുണ്ട്. അവനെപ്പോലെ, നമ്മുടെ ജീവിതവും, ദൈവികകല്പനകളെ സ്നേഹിച്ച്, ഒരിക്കലും കൈവിടാത്ത ദൈവത്തിൽ വിശ്വാസവും ശരണവും അർപ്പിച്ചുള്ളതാകട്ടെ. ഹൃദയത്തിൽ അവൻ നൽകുന്ന ശാന്തിയും, രക്ഷിക്കാൻ കഴിവുള്ള ദൈവത്തിലുള്ള പ്രത്യാശയും നമ്മുടെയും ജീവിതങ്ങളെ നയിക്കട്ടെ.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിപ്പത്തൊൻപതാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

ദൈവഹിതമനുസരിച്ച്, ദൈവം നൽകിയ കല്പനകൾ അനുസരിച്ച്, അവൻ നിർദ്ദേശിക്കുന്ന മാർഗ്ഗത്തിലൂടെ നടക്കുവാനാണ് വിശുദ്ധ ഗ്രന്ഥവും, നൂറ്റിപ്പത്തൊമ്പതാം സങ്കീർത്തനവും ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത്. അവന്റെ അരുളപ്പാടുകൾ നമ്മുടെ രക്ഷയ്ക്കായുള്ളതാണ്. അവന്റെ ശാസനകൾ മനുഷ്യന് രക്ഷയുടെ പാതയിലൂടെ സഞ്ചരിക്കുവാനുള്ള മാർഗ്ഗദീപങ്ങളാണ്. മോശ വൽസം രചനയും സംഗീതസംവിധാനവും നിർവ്വഹിച്ച ഒരു പ്രാർത്ഥനാഗാനമാണ് അടുത്തത്. ആലാപനം കെസ്റ്റർ.

നിന്റെ ഹിതം പോലെയെന്നെ...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2022, 16:55