ജനതകളെ കർത്താവിനെ സ്തുതിക്കുവിൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നൂറ്റിപ്പതിനേഴാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.
ബൈബിളിലെ ഏറ്റവും ചെറിയ അദ്ധ്യായമാണ് നൂറ്റിപ്പതിനേഴാം സങ്കീർത്തനം. രണ്ടു വാക്യങ്ങൾ മാത്രമുള്ള ഒരു അദ്ധ്യായമാണിത്. ഏറ്റവും ചെറുതെങ്കിലും ദൈവ-മനുഷ്യബന്ധത്തിലെ പ്രധാനപ്പെട്ട ഒന്നായ ദൈവസ്തുതിയെക്കുറിച്ച് ഏറ്റവും മനോഹരമായിത്തന്നെ പരാമർശിക്കുന്ന ഒരു സങ്കീർത്തനമാണിത്. ലോകത്തുള്ള എല്ലാ ജനതകളോടും യാഹ്‌വെ എന്ന ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാനും, അവനെ ആരാധിക്കാനുമാണ് ഇവിടെ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ജനതകളുടെ സുരക്ഷിതമായ ജീവിതമാണ് ദൈവത്തിന്റെ പരമാധികാരത്തിന്റെ തെളിവായി ഇസ്രായേലിന് മുന്നിലുള്ളത്.
പെസഹാ ആചരണവേളയിൽ ആലപിച്ചിരുന്ന നൂറ്റിപ്പതിമൂന്ന് മുതൽ നൂറ്റിപ്പതിനെട്ട് വരെയുള്ള ആറു സങ്കീർത്തനങ്ങളിൽ ഒന്നായ ഇത് ക്രിസ്തുവും അവസാന പെസഹാദിനത്തിൽ തന്റെ ശിഷ്യന്മാർക്കൊപ്പം ആലപിച്ച ഒരു സങ്കീർത്തനമാണ്. തിരഞ്ഞെടുക്കപ്പെട്ട ഇസ്രയേലിന്റെ ചരിത്രത്തിലെ പുതുമയും വഴിത്തിരിവുമായി മാറുന്ന ക്രിസ്തുസംഭവവുമായി ബന്ധിപ്പിച്ചു ചിന്തിക്കുമ്പോൾ, ദൈവത്തെ സ്തുതിക്കുവാൻ ലോകമെമ്പാടുമുള്ള ജനതകളോടുള്ള ഈ ആഹ്വാനത്തിന്റെ വരികൾക്ക് അർത്ഥമേറുന്നുണ്ട്. യാഹ്‌വെയുടെ ശക്തമായ കാരുണ്യവും എന്നേക്കും നിലനിൽക്കുന്ന വിശ്വസ്‌തതയും ഓരോ നാവുകളിൽനിന്നും സ്തുതിയേറ്റുവാങ്ങാൻ അർഹമാണ്.
ജനതകളാൽ സ്തുതിക്കപ്പെടേണ്ട ദൈവം
സങ്കീർത്തനത്തിന്റെ ഒന്നാം വാക്യം ഇങ്ങനെയാണ്. "ജനതകളെ, കർത്താവിനെ സ്തുതിക്കുവിൻ, ജനപദങ്ങളെ, അവിടുത്തെ പുകഴ്ത്തുവിൻ". വിശുദ്ധ പൗലോസ് ശ്ലീഹ റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ പതിനഞ്ചാം അദ്ധ്യായം പതിനൊന്നാം വാക്യത്തിൽ അപ്പസ്തോലൻ ഈ സങ്കീർത്തനവാക്യം ഉദ്ധരിക്കുന്നുണ്ട്. "സമസ്ത വിജാതീയരെ കർത്താവിനെ സ്തുതിക്കുവിൻ, സമസ്ത ജനങ്ങളും അവിടുത്തെ സ്തുതിക്കട്ടെ". ക്രിസ്തുവിനെ ലോകം അറിയാതിരുന്ന ഒരു കാലത്ത് എഴുതപ്പെട്ട സങ്കീർത്തനവചനത്തിന്, സമസ്ത ലോകത്തിനും രക്ഷനല്കുവാനായി വന്ന ക്രിസ്തുവിലൂടെ, ഇന്ന് വെളിവാകുന്ന പുതിയ ഒരു മാനമാണ് പുതിയ നിയമത്തിൽ നാം കാണുന്നത്.
സാധാരണയായി സങ്കീർത്തനങ്ങൾ സൃഷ്ടാവായ ദൈവം, ഇസ്രായേൽ ജനത്തിന്റെ അനുദിനജീവിതത്തിൽ എപ്രകാരം ഇടപെട്ടു എന്നും, എന്തുകൊണ്ട് അവനോട് ചേർന്ന് നിൽക്കണം എന്നും ജനത്തെ ഓർമ്മിപ്പിക്കുന്ന വചനങ്ങളാണ്. എന്നാൽ ഇന്നത്തെ സങ്കീർത്തനത്തിന്റെ ആദ്യവാക്യമാകട്ടെ, ഇസ്രായേൽ ജനത്തോട് മാത്രമല്ല, എല്ലാ ജനതകളോടും, അതായത് സമസ്ത വിജാതീയരോടുംകൂടിയാണ് ദൈവത്തെ സ്തുതിക്കുവാൻ ആഹ്വാനം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനത്തിലൂടെ, വരും തലമുറകൾക്കും, സമസ്ത ലോകത്തിനും രക്ഷ നൽകുന്ന ദൈവികപദ്ധതിയാണ് ഈ വാക്കുകൾക്ക് പിന്നിൽ തെളിയുന്നത്. എന്നാൽ ഇത് പൂർണ്ണമായും പുതുതായി വരുവാനിരിക്കുന്ന ഒരു കാര്യം ആയിരുന്നില്ല. കാരണം അബ്രാഹത്തിലൂടെ സകല തലമുറകളും അനുഗ്രഹിക്കപ്പെടേണ്ടവരാണ്.
ഇസ്രായേൽ ജനത്തിനും ഇതൊരു ഓർമ്മക്കുറിപ്പാണ്. യാഹ്‌വെ എന്ന ദൈവം തങ്ങൾക്കൊപ്പമുണ്ട് എന്ന ഉറപ്പിൽ മറ്റുള്ള ജനതകൾക്കുനേരെ അവജ്ഞയോടെ നോക്കാതിരിക്കാൻ, എല്ലാവരെയും സ്നേഹിക്കാനും അനുഗ്രഹിക്കാനും രക്ഷിക്കാനും കഴിവുള്ളവനാണ് ദൈവമെന്ന തിരിച്ചറിവിൽ ജീവിക്കാൻ യഹൂദജനത്തിന് സാധിക്കണം. ആചാരങ്ങളുടെയും വർഗ്ഗത്തിന്റെയുമൊക്കെ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി സ്നേഹിക്കുന്ന, രക്ഷിക്കപ്പെടാനുള്ള ഒരുവനായി അവനെ കാണുന്ന ഒരു ദൈവമാണ് യാഹ്‌വെ. ഇസ്രായേലിന്റെ അതിർത്തികൾക്കുമപ്പുറത്തേക്ക് ദൈവസ്നേഹത്തിന്റെ വ്യാപ്തി നീളുന്നുണ്ട്.
ആമുഖഭാഗത്ത് നമ്മൾ ചിന്തിച്ചതുപോലെ, ലോകത്തെ മുഴുവൻ പിതാവ് നൽകുന്ന രക്ഷയിലേക്ക് നയിക്കുവാൻ ഭൂമിയിൽ ജാതനായ ക്രിസ്തുവിന്റെ അധരങ്ങളിൽ ഈ സങ്കീർത്തനത്തിന് പ്രത്യേകമായൊരു ഭംഗിയുണ്ട്. സ്വജാതീയർക്കായി മാത്രമല്ല ക്രിസ്തുവിന്റെ ജീവൻ നൽകപ്പെട്ടത്. ലോകത്തിന്റെ ഓരോ കോണിലും വസിക്കുന്ന ഓരോ മനുഷ്യനെയും, പിതാവായ ദൈവത്തിലേക്ക്, രക്ഷയിലേക്ക്, ജീവനിലേക്ക് നയിക്കുന്ന പാതയാണ് ക്രിസ്തു. "ജനതകളെ, ദൈവത്തെ സ്തുതിക്കുവിൻ” എന്ന വാക്കുകൾക്ക് മൂർത്തമായ ഒരു തലത്തിൽ അടിസ്ഥാനമിട്ട അർത്ഥം കൂടുതലായുണ്ടാകുന്നത് ക്രിസ്തുവിലൂടെയാണ്.
ഒന്നാം വാക്യത്തിന്റെ "ജനപദങ്ങളെ, അവിടുത്തെ പുകഴ്ത്തുവിൻ" എന്ന രണ്ടാം ഭാഗം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കാനും, അവിടുത്തെ പുകഴ്ത്തുവാനും ജനങ്ങളെ ക്ഷണിക്കുന്നതാണ്. "എല്ലാ ജനപദങ്ങളും" എന്ന പ്രയോഗത്തിന് രണ്ട് വ്യാഖ്യാനങ്ങളാണ് ബൈബിൾ പണ്ഡിതന്മാർ നൽകുക. ഒന്നാമതായി അത് ഇസ്രായേൽ ജനങ്ങളോടുള്ള ആഹ്വാനമായി കരുതുന്നവരുണ്ട്. ഇതിന് കാരണമായി നിൽക്കുന്നത്, ആദ്യഭാഗത്ത് വിജാതീയരോട് ദൈവത്തെ സ്തുതിക്കാൻ സങ്കീർത്തകൻ ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. എന്നാൽ ലോകത്തിലെ എല്ലാ മനുഷ്യരോടുമായാണ് ഇവിടെയും സങ്കീർത്തകൻ സംവദിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട്. മുൻപ് പറഞ്ഞതുപോലെ പൗലോസ് ശ്ലീഹാ റോമക്കാർക്കുള്ള ലേഖനത്തിൽ ഉപയോഗിക്കുന്നതും "ജനപദങ്ങളെ" എന്ന പ്രയോഗമാണ്. പൗലോസിന്റെ വാക്കുകളും വിജാതീയരോടുള്ള ഒരു വിളിയാണ് ഇതെന്ന വ്യഖ്യാനമാണ് നല്കാനാകുക. യാഹ്‌വെ സകലജനത്തിനുമായി നൽകുന്ന രക്ഷകനായ, ക്രിസ്തുവിലൂടെയാണ് രക്ഷ എല്ലാവർക്കും കൈവരിക എന്ന ചിന്തയാണല്ലോ പൗലോസിന്റെ വാക്കുകളിൽ നമുക്ക് കാണാനാകുന്നത്.
വിജാതീയരോട് ദൈവത്തെ സ്തുതിക്കുവാനുള്ള ക്ഷണം ഉള്ളിലൊളിക്കുന്ന ഒരു പ്രധാന സന്ദേശമുണ്ട്. യാഹ്‌വെ എന്ന ദൈവം സകലജനതകളാലും സ്തുതിക്കപ്പെടണമെങ്കിൽ, അവൻ എല്ലാവരാലും അറിയപ്പെടണം. അറിയാത്ത ദൈവത്തെ സ്നേഹിക്കാനോ സ്തുതിക്കാനോ സാധിക്കില്ലല്ലോ. അതുകൊണ്ടുതന്നെ ഈ സങ്കീർത്തനം വായിക്കുന്ന ഓരോ വിശ്വസിക്കും സങ്കീർത്തകൻ നൽകുന്ന കടമ, ഇസ്രയേലിന്റെ ദൈവമായ കർത്താവിനെ ലോകമെങ്ങും അറിയിക്കുക എന്നതുകൂടിയാണ്. ക്രിസ്തു ലോകത്തോട് വിളിച്ചുപറയുന്നതും സകലജനത്തിനും രക്ഷ നൽകുന്ന സദ്‌വാർത്തയാണല്ലോ. അവൻ തന്നെയാണല്ലോ ലോകത്തിനുള്ള സദ്‌വാർത്ത.
ദൈവസ്തുതിക്ക് കാരണമാകുന്ന ദൈവകാരുണ്യവും വിശ്വസ്തതയും
സങ്കീർത്തനത്തിന്റെ രണ്ടാം വാക്യം, "നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്, കർത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു" എന്നാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ദൈവത്തിന്റെ ശക്തമായ കാരുണ്യമാണ് ദൈവത്തെ സ്തുതിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ആദ്യ കാരണം. ശക്തമായ കാരുണ്യം എന്ന പ്രയോഗം, ദൈവത്തിന്റെ കാരുണ്യം മനുഷ്യരുടെ കുറവുകളേക്കാൾ വലുതാണെന്നാണ് പറയുന്നത്. ഇസ്രയേലിന്റെ ചരിത്രത്തിൽ നാം ഇത് വിവിധയിടങ്ങളിൽ കാണുന്നുണ്ട്. അവരുടെ വീഴ്ചകളേക്കാളും പാപങ്ങളെക്കാളും ശക്തമായി നിന്നത് ജനത്തോടുള്ള ദൈവത്തിന്റെ കരുണയും സ്നേഹവുമാണ്. "പാപം വർദ്ധിച്ചിടത്ത് കൃപ അതിലേറെ വർദ്ധിച്ചു" എന്ന് റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ അഞ്ചാം അദ്ധ്യായം ഇരുപതാം വാക്യത്തിലും, തന്റെ പാപത്തിന്റെ കാഠിന്യത്തെക്കാൾ ഉയർന്ന ദൈവകൃപയുടെ ശക്തിയെക്കുറിച്ച്, തിമോത്തിയോസിന് എഴുതിയ ഒന്നാം ലേഖനത്തിന്റെ ഒന്നാം അദ്ധ്യായം പന്ത്രണ്ടു മുതലുള്ള വാക്യങ്ങളിലും, വിശുദ്ധ പൗലോസ് എഴുതുന്നത്, സങ്കീർത്തനത്തിന്റെ ഈ വാക്യങ്ങളെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നുണ്ട്.
ദൈവത്തിന്റെ ഈ കാരുണ്യം ഇസ്രായേൽ ജനത്തിന് മാത്രമല്ല അനുഭവവേദ്യമാകുന്നത്. മുൻവാക്യങ്ങളിൽ കണ്ടതുപോലെ, സകലജനതകളും ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇസ്രയേലിന്റെ ദൈവത്തിന്റെ കാരുണ്യം അറിഞ്ഞവരാണ്. എല്ലാവരോടും ഒരുപോലെ കാരുണ്യമുള്ളവനാണ് ദൈവം.
ദൈവത്തിന്റെ വിശ്വസ്തത എന്നും നിലനിൽക്കുന്നതാണ് എന്ന് സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഈയൊരു സത്യവും ഇസ്രായേലിനും മറ്റു ജനതകൾക്കും വളരെ വ്യക്തമാണ്. ദൈവവുമായുള്ള ഉടമ്പടിയിൽ ജനം ഇടറുമ്പോഴും, ദൈവം തന്റെ വാഗ്ദാനത്തിൽ ഉറച്ചു നിന്നു. മനുഷ്യന് രക്ഷയാകുന്നത് ദൈവത്തിന്റെ കരുണയും വിശ്വസ്തതയും ഒന്നു ചേരുമ്പോഴാണ്. ഇസ്രയേലിന്റെ ദൗർബല്യങ്ങൾക്കും വീഴ്ചകൾക്കും പാപങ്ങൾക്കും മുന്നിൽ പോലും ദൈവം തന്റെ വാഗ്ദാനങ്ങളോട് വിശ്വസ്തനായിരുന്നു.
നമുക്കും ദൈവത്തെ സ്തുതിക്കാം
"കർത്താവിനെ സ്തുതിക്കുവിൻ" എന്ന ആഹ്വാനത്തോടെയാണ് ഈ ചെറിയ സങ്കീർത്തനം അവസാനിക്കുന്നത്. ദൈവത്തെ അറിഞ്ഞ, ദൈവത്തിന്റെ കാരുണ്യം സ്വീകരിച്ച, അവന്റെ വിശ്വസ്തത അനുഭവിച്ചറിഞ്ഞ മനുഷ്യരാണ് ഈയൊരു ആഹ്വാനത്തിന്റെ ആദ്യ സ്വീകർത്താക്കൾ. എന്നാൽ നാം കണ്ടതുപോലെ സങ്കീർത്തകൻ സകലജനത്തോടുമാണ് തന്റെ ആഹ്വാനം നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ സങ്കീർത്തനവാക്യങ്ങൾ നമുക്കും ദൈവവചനത്തിന്റെ ഉദ്ഘോഷകരാകാനും, സകലജനതകൾക്കും മുന്നിൽ ദൈവത്തിന്റെ കാരുണ്യത്തിന്റെയും വിശ്വസ്തതയുടെയും സാക്ഷികളാകാനും പ്രചോദനമാകുന്നുണ്ട്.
സർവ്വപ്രപഞ്ചത്തെയും സൃഷ്‌ടിച്ച, രക്ഷ നൽകുന്ന, ശക്തമായ കരുണയും, ഒരിക്കലും കൈവെടിയാത്ത വിശ്വസ്തതയുമുള്ള യാഹ്‌വെ എന്ന ദൈവത്തിനുള്ള സാക്ഷികളാകാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന ഒരു ചോദ്യം നമ്മുടെ മുന്നിൽ സങ്കീർത്തകൻ ഉയർത്തുന്നുണ്ട്. അവന്റെ കാരുണ്യം ജീവിതത്തിൽ സ്വീകരിച്ച്, നമുക്കും അവന്റെ മക്കൾക്കടുത്ത കാരുണ്യം സഹജീവികളോടും സർവ്വപ്രപഞ്ചത്തോടും കാണിക്കുവാൻ സാധിക്കുന്നുണ്ടോ? ജനപദങ്ങളെ, കാരുണ്യവാനായ ദൈവത്തെ അറിഞ്ഞ് അവന്റെ തിരുനാമത്തെ സ്തുതിക്കുവിൻ.
വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിപ്പതിനേഴാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.
അടുത്തത് നന്ദിയുടേതായ ഒരു ഗാനമാണ്. എബ്രഹാം പടിഞ്ഞാറേത്തലക്കൽ രചനയും സംഗീതവും നിർവ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് എലിസബെത്ത് രാജു.
നന്ദിയോടെ ഞാൻ സ്തുതി പാടിടും...
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: