ചുഴലിക്കാറ്റ് നശിപ്പിച്ച ഭവനങ്ങളിൽ നിന്നുള്ള കുട്ടികൾ. ചുഴലിക്കാറ്റ് നശിപ്പിച്ച ഭവനങ്ങളിൽ നിന്നുള്ള കുട്ടികൾ. 

റായ് ചുഴലിക്കാറ്റ്: ഫിലിപ്പൈൻസിൽ 846,000 കുട്ടികളെ ബാധിച്ചു

അനിശ്ചിതത്വമുള്ള ഒരു പുതിയ വർഷം അഭിമുഖീകരിക്കാൻ സഹായം ആവശ്യമാണ് എന്ന് യൂണിസെഫിന്റെ ഫിലിപ്പൈൻസിലെ പ്രതിനിധി ഒയൂൺസൈഖാൻ ഡെൻദേവ്ണോറോവിന്റെ പ്രസ്താവന വെളിപ്പെടുത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

2022 നെ സ്വാഗതം ചെയ്യുന്ന പുതുവർഷ ജാഗരണത്തിനായി ഫിലിപ്പൈൻസിലെ കുടുംബങ്ങൾ ഒരുമിച്ചുകൂടിയപ്പോൾ അവിടെ റായ്/ഒദെത്തെ ചുഴലിക്കാറ്റ് നശിപ്പിച്ച ഭവനങ്ങളിൽ നിന്നുള്ള 8,46000 കുട്ടികൾക്ക് സഹായമാവശ്യമുണ്ടെന്നും കോവിഡ് 19ന്റെ  ഗുരുതരമായ വ്യാപനവും കൊടുങ്കാറ്റിനെ തുടർന്ന് പെയ്തു കൊണ്ടിരിക്കുന്ന കഠിനമായ മഴയും കൂടുതൽ അപകടകാരണമാവുകയും സഹായ ശ്രമങ്ങൾ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നും ഒയൂൺസൈഖാന്റെ റിപ്പോർട്ടിൽ പറയുന്നു.

ഫിലിപ്പൈൻസ് സർക്കാരുമൊത്ത് സഹകരിക്കുന്ന യൂണിസെഫ് വിശകലന സംഘങ്ങൾ കുട്ടികൾക്ക് സുരക്ഷിതമായ കുടിവെള്ളത്തിനും, ആരോഗ്യത്തിനും, പോഷകാഹാരത്തിനും, മാനസീക പിന്തുണയ്ക്കും, അതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും, തുടർന്ന് പഠിക്കാനാവശ്യമായ സൗകര്യങ്ങൾക്കും സഹായം ആവശ്യമാണെന്ന് റിപ്പോർട്ട് ചെയ്തു.

വീടുകളിലും ആശുപത്രികളിലും ഡയേറിയ ബാധിച്ച കുട്ടികളെയും, വീടും അനുദിന ജീവിതമാർഗ്ഗവും നഷ്ടപ്പെട്ടതിന്റെ  ഞെട്ടലിൽ നിന്ന് പതുക്കെ പുറത്തു വരുന്ന അവരുടെ മാതാപിതാക്കളേയും കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. വിദ്യാലയങ്ങൾ ഭാഗീകമായോ പൂർണ്ണമായോ നശിപ്പിക്കപ്പെട്ടതിനാൽ കുട്ടികൾ തിങ്ങിനിറഞ്ഞ അഭയകേന്ദ്രങ്ങളിൽ മുതിർന്നവരോടൊപ്പം കഴിയേണ്ടി വരുന്നു. അതിനാൽ ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാകാനുള്ള സാധ്യതകളുണ്ടാകാമെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു.

ശിശുപരിപാലന സേവനം നൽകുന്ന ആദ്ധ്യാപകരും സാമൂഹീക പ്രവർത്തകരും ചുഴലികാറ്റിൽ അകപ്പെട്ടതിനാൽ പ്രാദേശീക സർക്കാർ ഉദ്യോഗസ്ഥർക്ക് അമിത ജോലിഭാരമുണ്ട്. ജീവൻ രക്ഷാ ഉപകരണങ്ങളും, ജല ശുദ്ധീകരണ മാത്രകളും, ശുചിത്വ കിറ്റുകളും, കൂടാരങ്ങളും, ജലസംഭരണികളും തുടങ്ങിയ യൂണിസെഫ് നൽകുന്ന പ്രാഥമീക സഹായം തികയുന്നില്ല എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

2,00000 വരുന്ന ഏറ്റം അത്യാവശ്യമുള്ള കുട്ടികളെ സഹായിക്കാൻ ആവശ്യമായ 11 ദശലക്ഷം ഡോളർ സമാഹരിക്കാനായി ശ്രമം നടത്തിയെങ്കിലും ഇതുവരെ 3.8 ദശലക്ഷം ഡോളർ സമാഹരിക്കാനേ കഴിഞ്ഞിട്ടുള്ളൂ.  ഏറ്റം അത്യാവശ്യമായ ഈ സമയത്ത് ഈ ധനസഹായമില്ലാതെ കുട്ടികളെ സഹായിക്കാൻ കഴിയാതെയാവും. കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നതിനു മുന്നേ തന്നെ പോഷകാഹാരക്കുറവുണ്ടായിരുന്ന ചില പ്രദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്.

കുട്ടികളെ തള്ളിക്കളയാനാവില്ലെന്നും, ഈ പുതുവർഷത്തെ എതിരേൽക്കുമ്പോൾ കുട്ടികളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായുള്ള സംയുക്ത പ്രവർത്തനം ഫലം കാണുമെന്ന പ്രതീക്ഷ തങ്ങൾ നിലനിർത്തുന്നു എന്നും ഒയൂൺസൈഖാ൯ വ്യക്തമാക്കി. ഫിലിപ്പൈൻ സർക്കാറിനോടും ഐക്യരാഷ്ട്രസഭയോടും തങ്ങളുടെ പങ്കാളികളോടും സർക്കാറിന്റെ  അടിയന്തിര ദുരന്തനിവാരണ സംഘങ്ങളോടൊപ്പം കഠിന പ്രയത്നം തുടരുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.

സംഘടനകളിൽ നിന്നും ജനങ്ങളിൽ നിന്നും ഐക്യദാർഢ്യവും വമ്പിച്ച പ്രതികരണവുമാണ് തങ്ങൾ കാണുന്നത്. ഓഡെറ്റ് പോലുള്ള കൊടുങ്കാറ്റും, കോവിഡ് മഹാമാരിയും വഷളാക്കിയ ബാല പ്രതിസന്ധി അവസാനിപ്പിക്കേണ്ട ഒന്നാണെന്നും നമ്മുടെ എല്ലാ കുഞ്ഞുങ്ങൾക്കും ഒരു നല്ല ഭാവി സ്വപ്നം കണ്ടു കൊണ്ട് നമുക്ക് 2022 നെ സ്വാഗതം ചെയ്യാമെന്നും യൂണിസെഫിന്റെ  ഫിലിപ്പൈൻസിലെ പ്രതിനിധി ഒയൂൺസൈഖാൻ ഡെൻദേവ്ണോറോവിന്റെ റിപ്പോർട്ടിൽ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2022, 15:24