ഇറ്റലിയിൽ ബാല്യം വംശനാശ ഭീഷണിയിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഇറ്റലിയിലെ ദേശീയസ്ഥിതിവിവരപ്പട്ടിക നൽകുന്ന കണക്കുകൾ പ്രകാരം, രാജ്യത്ത് ബാല്യം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പറയാമെന്ന് സേവ് ദ ചിൽഡ്രൻ അന്താരാഷ്ട്ര സംഘടനയുടെ ഇറ്റാലിയൻ ഘടകം പ്രസ്താവിച്ചു.
ഡിസംബർ 14-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ഏതാണ്ട് ഒരു മാസത്തിനു മുൻപ് ലോകശിശുദിനത്തോടനുബന്ധിച്ച്, സേവ് ദ ചിൽഡ്രൻ സംഘടന ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്കിയിരുന്നെന്നും, കഴിഞ്ഞ പതിനഞ്ചു വർഷങ്ങളിൽ, ഏതാണ്ട് ആറു ലക്ഷത്തോളം കുട്ടികളുടെ കുറവ് ഇറ്റലിയിൽ ഉണ്ടായിട്ടുണ്ടന്നും സംഘടനാ വ്യക്തമാക്കി. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം, ഇറ്റലിയിൽ ആറിൽ ഒരാൾ മാത്രമാണ് 18 വയസിന് താഴെയുള്ളത്. ദേശീയസ്ഥിതിവിവരപ്പട്ടികയനുസരിച്ച് 2021 ഇത്രയും നാളത്തെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയ വർഷമാണെന്നും സേവ് ദ ചിൽഡ്രൻ അറിയിച്ചു.
ഇറ്റലിയിലെ ജനസംഖ്യയിൽ കഴിഞ്ഞ 15 വർഷങ്ങളിലുണ്ടായ ഗണ്യമായ കുറവ്, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലെ മറ്റ് സൂചകങ്ങളുമായി ബന്ധപ്പെട്ട് വായിക്കേണ്ട ഒന്നാണെന്നും, യൂറോപ്യൻ യൂണിയനിലെതന്നെ ഏറ്റവും കൂടുതൽ ശതമാനം കുട്ടികൾ, അതായത് ഏതാണ്ട് 21 ലക്ഷത്തിൽപ്പരം യുവാക്കൾ വിദ്യാഭ്യാസകാര്യത്തിൽ പിന്നോക്കം പോയിട്ടുണ്ടെന്നും, പലയിടങ്ങളിലും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും, പുതിയ കുടുംബങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്കും കുറവോ അഭാവമോ നേരിടുന്നുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് സേവ് ദ ചിൽഡ്രൻ ഇറ്റലിയുടെ ഡയറക്ടർ റഫായേല മിലാനോ വിശദീകരിച്ചു. യുവജനങ്ങൾക്കും, കുട്ടികൾക്കും കൂടുതൽ വിദ്യാഭ്യാസ, സാമൂഹിക സഹായപ്രവർത്തനങ്ങൾ ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
നിലവിലെ കണക്കുകൾ പ്രകാരം, ഇറ്റലിയിൽ ഇതേ കാലയളവിൽ കഴിഞ്ഞവർശം ഉണ്ടായ കുട്ടികളുടെ എണ്ണത്തിൽ 12500-ഓളം കുറവുവന്നിട്ടുണ്ട്. 2020-ൽ ഇറ്റാലിയൻ പൗരത്വമുള്ള സ്ത്രീകളിൽനിന്ന് ഉണ്ടായ കുട്ടികളുടെ കണക്കുകൾ പ്രകാരം, ശരാശരി 1.17 ആണ് നിലവിൽ കുട്ടികളുടെ ജനനനിരക്ക്.
ലോകമെമ്പാടുമുള്ള യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി 100 വർഷങ്ങളായി പ്രവർത്തിക്കുന്ന സഘടനയാണ് സേവ് ദ ചിൽഡ്രൻ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: