തിരയുക

സങ്കീർത്തനചിന്തകൾ - 116 സങ്കീർത്തനചിന്തകൾ - 116 

സംരക്ഷകനായ ദൈവത്തിനുള്ള സ്തുതിഗീതം

വചനവീഥി: നൂറ്റിപ്പതിനാറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിപ്പതിനാറാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിപ്പതിനാറാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

കൃതജ്ഞതയുടെ ചിന്തകൾ ഉൾക്കൊള്ളുന്ന ഒരു സങ്കീർത്തനമാണ് നൂറ്റിപ്പതിനാറാം സങ്കീർത്തനം. മരണകരമായ അപകടത്തിൽനിന്നും, നിരാശയിൽനിന്നും തന്നെ രക്ഷിച്ച ദൈവത്തിനുള്ള സ്തുതിഗീതമായി ഇതിനെ കണക്കാക്കാം. പെസഹാ ആചാരണവേളയിൽ ഇസ്രായേൽജനം ആലപിച്ചിരുന്ന സങ്കീർത്തനങ്ങളിൽ ഒന്നായതിനാൽത്തന്നെ, ക്രിസ്തുവിന്റെ അവസാനപെസഹാആചരണവേളയിലും ഇതാലപിക്കപ്പെട്ടിട്ടുണ്ടാകാം. ദൈവം നൽകുന്ന രക്ഷയെക്കുറിച്ചുള്ള ഇതിലെ വരികൾ ജീവിതത്തിന് പ്രത്യാശ നൽകുന്നവയാണ്.

രണ്ടു ഗീതങ്ങൾ ഒന്നിച്ചുവച്ച ഒരു സങ്കീർത്തനമായി ഇതിനെ കാണുന്നവരുണ്ട്. ഒന്നുമുതൽ ഒൻപതുവരെയുള്ള കൃതജ്ഞതാഗീതമാണ് ഇതിൽ ആദ്യത്തേത്. പത്തുമുതൽ പത്തൊൻപതുവരെയുള്ളവയാകട്ടെ ദൈവത്തോടുള്ള നന്ദിയുടെതന്നെ ചിന്തകൾ ഒരുമിച്ചുചേർന്നവയാണ്. പ്രവാസകാലത്തിനു ശേഷം രചിക്കപ്പെട്ട ഒന്നായാണ് ഈ സങ്കീർത്തനം കരുതപ്പെടുന്നത്..

നന്ദിയുള്ള രക്ഷിക്കപ്പെട്ട മനുഷ്യൻ

"ഞാൻ കർത്താവിനെ സ്നേഹിക്കുന്നു, എന്റെ പ്രാർത്ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചു" എന്ന ഒന്നാം വാക്യം എന്തുകൊണ്ടാണ് സങ്കീർത്തകൻ സ്തുതി പാടുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ദൈവം തന്റെ പ്രാർത്ഥന ശ്രവിച്ചതിന് വളരെ ലളിതമായ വാക്കുകളിൽ നന്ദി പറയുകയാണയാൾ. "അവിടുന്ന് എനിക്ക് ചെവി ചായിച്ചുതന്നു. ഞാൻ ജീവിതകാലം മുഴുവൻ അവിടുത്തെ വിളിച്ചപേക്ഷിക്കും" എന്ന രണ്ടാം വാക്യമാകട്ടെ, തന്റെ ഭക്തന്റെ നിലവിളിക്ക് ദൈവം ഉത്തരമരുളി എന്ന് മാത്രമല്ല വ്യക്തമാക്കുന്നത്, മറിച്ച് തന്റെ ജീവിതകാലം മുഴുവൻ യാഹ്‌വെ എന്ന ദൈവത്തിൽ ആശ്രയം വയ്ക്കാനും, മറ്റു ദൈവസങ്കല്പങ്ങളുടെ പിറകെ പോകാതിരിക്കാനുള്ള വിശ്വാസിയുടെ തീരുമാനത്തെക്കൂടിയാണ് കാണിക്കുന്നത്. തന്റെ ജീവൻ തന്നെ അപകടത്തിലാകാമായിരുന്ന ഒരു അപകടത്തിന്റെ മുന്നിലാണ് ദൈവസഹായത്തിനായുള്ള ഈ അപേക്ഷയുയരുന്നത്. മൂന്നാം വാക്യം ഇത് വ്യക്തമാക്കിത്തരുന്നുണ്ട്. "മരണക്കെണി എന്നെ വലയം ചെയ്തു, പാതാളപക്ഷങ്ങൾ എന്നെ ചുറ്റി; ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു". രോഗമോ, അപകടമോ, പീഡനങ്ങളോ എന്തുമാകാം സങ്കീർത്തകന്റെ ഈ അവസ്ഥയ്ക്ക് പിന്നിൽ. ഹൃദയത്തിൽനിന്നുയരുന്ന ഒരു പ്രാർത്ഥനയാണ് നാലാം വാക്യത്തിൽ കാണുന്നത്. "കർത്താവെ ഞാൻ യാചിക്കുന്നു, എന്റെ ജീവൻ രക്ഷിക്കണമേ".

സംരക്ഷണത്തിന്റെ ദൈവം

അഞ്ചുമുതലുള്ള വാക്യങ്ങൾ, ദൈവത്തിന്റെ സംരക്ഷണത്തെക്കുറിച്ചുള്ളതാണ്. "കർത്താവ് കരുണാമയനും നീതിമാനുമാണ്, നമ്മുടെ ദൈവം കൃപാലുവാണ്". ദൈവം നൽകുന്ന വിടുതലിന്റെ അനുഭവത്തിൽനിന്നുകൊണ്ടാണ് സങ്കീർത്തകൻ ദൈവത്തെ സ്തുതിക്കുന്നത്. അതോടൊപ്പം, നല്ലവനായ ദൈവത്തോടുയരുന്ന നന്ദിയുടെയും സ്നേഹത്തിന്റെയും വാക്കുകൾക്കൂടിയതാണിവ. "എളിയവരെ കർത്താവ് പരിപാലിക്കുന്നു; ഞാൻ നിലംപറ്റിയപ്പോൾ അവിടുന്ന് എന്നെ രക്ഷിച്ചു" എന്ന അറാം വാക്യത്തിലാകട്ടെ, തന്നെത്തന്നെ ചെറിയവനായി കാണുന്ന, ദൈവത്തിന് മുന്നിൽ സ്വയം എളിമപ്പെടുത്തുന്ന ഒരു മനുഷ്യനെയാണ് നമുക്ക് കാണാനാകുക. നിലംപറ്റുവോളം താഴ്ന്ന അവനിലക്ക് ദൈവം രക്ഷ കൊണ്ടുവരുന്നു. ലോകത്തിന് മുന്നിൽ വലിയവരാകാനോ, മറ്റുള്ളവർക്ക് മുന്നിൽ സ്വയം ഉയർത്തിക്കാട്ടാനോ ശ്രമിക്കാതെ, ലോകത്തിന്റെ ഭാഷയിൽ, ഭോഷരും ഒന്നുമല്ലാത്തവരായി ജീവിക്കുന്ന മനുഷ്യരുടെ ജീവിതങ്ങളെ വ്യത്യസ്ഥമായ ഒരു കോണിൽനിന്നുകൊണ്ട് നോക്കിക്കാണാൻ നമുക്കും ഈ വാക്യങ്ങൾ പ്രചോദനമേകുന്നുണ്ട്. ദൈവത്തിലാണ് അവരുടെ ആശ്രയം. മരണകരമായ അപകടനിലയിൽനിന്ന് ഔദാര്യപൂർവ്വം തന്നെ രക്ഷിക്കുന്ന ദൈവമുള്ളപ്പോൾ, വിശ്വാസിക്ക് ഭയപ്പെടേണ്ട ആവശ്യമില്ല. ഏഴാം വാക്യത്തിൽ ഇതാണ് വ്യക്തമാകുന്നത്. "എന്റെ ആത്മാവേ നീ ശാന്തിയിലേക്ക് മടങ്ങുക; കർത്താവ് നിന്റെമേൽ അനുഗ്രഹം വാർഷിച്ചിരിക്കുന്നു". തന്നിൽ ആശ്രയം വച്ചവന്റെ "പ്രാണനെ മരണത്തിൽനിന്നും, ദൃഷ്ടികളെ കണ്ണീരിൽനിന്നും, കാലുകളെ ഇടർച്ചയിൽനിന്നും ദൈവം മോചിപ്പിച്ചിരിക്കുന്നു". ദുരിതം ആഴമേറിയതാണെങ്കിൽ, രക്ഷ അതിലേറെ ശക്തമാണ്. കരയുന്ന കണ്ണുകൾക്ക് ആശ്വാസവും ഇടറുന്ന കാലുകൾക്ക് ശക്തിയുമാണ് ദൈവം. അങ്ങനെ ദൈവത്താൽ രക്ഷിക്കപ്പെട്ടവന്റെ തീരുമാനം, "ജീവിക്കുന്നവരുടെ നാട്ടിൽ, കർത്താവിന്റെ മുൻപിൽ വ്യാപാരിക്കാനാണ്". ദൈവമാണ് രക്ഷിക്കുന്നവനെങ്കിൽ, അവന്റെ മുന്നിൽ ജീവിതം സമർപ്പിക്കുന്നതിലപ്പുറം നല്ലൊരു തീരുമാനമില്ല.

രക്ഷിക്കപ്പെട്ടവന്റെ സാക്ഷ്യം

പത്തുമുതലുള്ള വാക്യങ്ങൾ രണ്ടാമതൊരു ഗീതത്തിന്റെ ഭാഗമായി കരുതപ്പെടുന്നു. എങ്കിലും രക്ഷനൽകിയ ദൈവത്തോടുള്ള വിശ്വാസിയുടെ മനോഭാവത്തെയാണ് ഇവിടെയും നാം കാണുന്നത്. നിരാശയുടെ കാലങ്ങളിലും ദൈവവിശ്വാസത്തെ മുറുകെപ്പിടിക്കുന്നതിൽനിന്ന് താൻ പിന്നോട്ടുപോയില്ല എന്ന വാക്കുകൾ സങ്കീർത്തകന്റെ ആത്മാർത്ഥതയെയാണ് കാണിക്കുന്നത്. എന്നാൽ പതിനൊന്നാം വാക്യം പറയുന്നു "മനുഷ്യരെല്ലാവരും വഞ്ചകരാണെന്ന് പരിഭ്രാന്തനായ ഞാൻ പറഞ്ഞു". വികാരവിചാരങ്ങളുടെ തീവ്രനിമിഷങ്ങളിൽ വേഗത്തിലെടുക്കുന്ന തീരുമാനങ്ങളും പറയുന്ന വാക്കുകളും എപ്പോഴും സത്യമോ ശരിയോ ആകണമെന്നില്ല.

ദൈവത്തോടുള്ള നന്ദി

ദൈവത്തിൽനിന്ന് സ്വീകരിച്ച നന്മകൾക്കും അനുഗ്രഹങ്ങൾക്കും പകരമായി "ഞാൻ രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും" എന്ന് പതിനൊന്നും പന്ത്രണ്ടും വാക്യങ്ങൾ പറയുന്നു. ദൈവം നൽകുന്ന അനുഗ്രഹങ്ങൾ കൃതജ്ഞതയോടെയും തിരിച്ചറിവോടെയും സ്വീകരിക്കുന്നതുതന്നെയാണ് നന്ദിയുടെ ആദ്യപ്രവൃത്തി. സ്വന്തം കഴിവുകളാലല്ല, ദൈവത്തിന്റെ കാരുണ്യത്താലാണ് നമ്മിൽ നന്മകളും അനുഗ്രഹങ്ങളും നിലനിൽക്കുന്നതെന്ന് തിരിച്ചറിയുന്ന മനുഷ്യർ, തങ്ങളെത്തന്നെ കുറച്ചുകൂടി എളിയവരാക്കുകയും, ദൈവത്തിൽനിന്ന് കൂടുതൽ അനുഗ്രഹങ്ങൾ സ്വീകരിക്കുകയും ചെയ്യും. തനിക്ക് ദൈവമേകിയ നന്മകൾക്ക് മുന്നിൽ, ജനത്തിന് സാക്ഷ്യമായിക്കൂടിയാകണം, പതിനാലാം വാക്യത്തിൽ പറയുന്നതുപോലെ കർത്താവിനുള്ള നേർച്ചകൾ സങ്കീർത്തകൻ നിറവേറ്റുന്നത്.

കൃതജ്ഞതയോടെ സമർപ്പിക്കപ്പെടുന്ന ജീവിതം

"തന്റെ വിശുദ്ധരുടെ മരണം കർത്താവിന് അമൂല്യമാണ്" എന്ന പതിനഞ്ചാം വാക്യം മുൻപ് നാം കേട്ട വാക്യങ്ങളിൽനിന്ന് വ്യത്യസ്തമായൊരു ചിന്തയാണ് കൊണ്ടുവരുന്നത്. മരണം എന്നത് എല്ലാവർക്കും അനിവാര്യമായ ഒന്നാണെന്ന് ഈ വാക്യം ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ ദൈവത്തോട് ചേർന്ന് നിൽക്കുന്നവരുടെ മരണം അർത്ഥമില്ലാത്തതോ, നിരാശാജനകമോ ആകുന്നില്ല. മരണത്തിൽ ദൈവം പ്രസാദിക്കുന്നു എന്നല്ല, മറിച്ച് നീതിമാനായ, വിശുദ്ധനായ ഒരു മനുഷ്യന്റെ മരണം, ഒരു ബലിയർപ്പണം പോലെ യാഗമായി ദൈവം സ്വീകരിക്കുന്നു എന്ന് ഈ പതിനഞ്ചാം വാക്യത്തെ നമുക്ക് മനസ്സിലാക്കാം.

പതിനാറാം വാക്യം ചിന്തോദ്ദീപകമാണ്. "കർത്താവെ, ഞാൻ അവിടുത്തെ ദാസനാണ്; അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനും തന്നെ, അവിടുന്ന് എന്റെ ബന്ധനങ്ങൾ തകർത്തു".  ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിച്ച, നന്മ ഉള്ളിൽ കാത്തുസൂക്ഷിക്കുന്ന മനുഷ്യൻ, ദൈവത്തോട് എപ്പോഴും നന്ദിയുള്ളവനായിരിക്കും. തലമുറകളിലൂടെ പകർന്നു കിട്ടിയ വിശ്വാസമാണ് ഇസ്രായേൽ ജീവിക്കുന്നത്. സങ്കീർത്തകനും, തന്നെത്തന്നെ കർത്താവിന്റെ ദാസിയുടെ പുത്രനായി കാണുന്നതും ഇതേയൊരർത്ഥത്തിലാകാം. എന്നാൽ വിശ്വാസം എന്നത്, രക്തത്തിലൂടെ പകരുന്ന ഒന്നല്ല എന്ന് പല മനുഷ്യരും തങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചുതരാറുണ്ട്. ദൈവത്തിന് മുന്നിൽ എളിയവനായി വളരുന്നതാണ്, ലോകത്തിന് മുന്നിൽ വലിയവനായിരിക്കുന്നതിലും നല്ലത്.

നന്ദിയുടെ ബലിയർപ്പണം

ദൈവം നൽകിയ അനുഗ്രഹങ്ങളുടെ മുന്നിൽ തിരിച്ചറിവുള്ള സങ്കീർത്തകന്റെ തീരുമാനങ്ങളാണ് പതിനേഴും പത്തൊൻപതും വാക്യങ്ങളിൽ, നാം കാണുന്നത്. "ഞാൻ അങ്ങേക്ക് കൃതജ്ഞതാബലിയർപ്പിക്കും", "അവിടുത്തെ ജനത്തിന്റെ മുൻപിൽ കർത്താവിന് ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും". പതിനാലാം വാക്യത്തിലും, ജനമധ്യത്തിൽ കർത്താവിന്റെ നേർച്ചകൾ നിറവേറ്റുമെന്നുള്ള  സങ്കീർത്തകന്റെ വാഗ്ദാനം നാം കാണുന്നുണ്ട്. മറ്റാരും സഹായത്തിനില്ലാതിരുന്നപ്പോൾ ഏക ആശ്രയമായ ദൈവത്തിനുനേരെയാണ് അവൻ തന്റെ കരങ്ങൾ നീട്ടിയത്. തന്റെ ജീവനെ പരിപാലിക്കുന്ന ദൈവത്തിന് കൃതജ്ഞതയോടെ ബലിയർപ്പിക്കുന്നത് അവനു ചുറ്റും നിൽക്കുന്നവർക്കുള്ള ഒരു സാക്ഷ്യമാകുകയാണ്. ദൈവത്തോടുള്ള സന്തോഷവും, നന്ദിയുമൊക്ക, നിരാശയിലും, മരണത്തിന്റെ കെണിയിലും കഴിയുന്ന മനുഷ്യർക്ക് മുന്നിൽ പ്രത്യാശയുടെ ഒരു തിരിനാളമായാണ് തെളിയേണ്ടത്.

കർത്താവിനെ സ്തുതിക്കുക

ദൈവാശ്രയബോധം വായനക്കാരിൽ ഉളവാക്കുന്ന ഈ സങ്കീർത്തനം "കർത്താവിനെ സ്തുതിക്കുവിൻ" എന്ന ആഹ്വാനത്തോടെ അവസാനിക്കുമ്പോൾ, ഓരോ മനുഷ്യരുടെയും ജീവിതത്തിലേക്ക് ഒരു ക്ഷണമാണ് സങ്കീർത്തകൻ നൽകുന്നത്. ദൈവം നല്കിയതല്ലാതായി ഒന്നുമില്ലാത്ത നമ്മുടെ ജീവിതങ്ങൾക്കും, നന്ദിയുടേതായ ഒരു നിറവും സുഗന്ധവുമുണ്ടാകണം. രക്ഷിക്കപ്പെട്ട നമ്മുടെ അനുഭവങ്ങൾക്ക് മുന്നിൽ, ദൈവത്തോട് കൂടുതൽ ചേർന്നുനിൽക്കാൻ, അവന് സാക്ഷികളാകാൻ നമുക്കും സാധിക്കണം. ഓരോ മനുഷ്യരും, തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കും, സ്നേഹത്തിനും നന്ദിയുടെ വാക്കുകളും പ്രവൃത്തികളും തങ്ങളുടെ ജീവിതങ്ങൾകൊണ്ട് രേഖപ്പെടുത്തിയിരുന്നെങ്കിൽ, നിരാശയിൽ കഴിയുന്ന ഒരുപാട് ജീവിതങ്ങൾക്ക് അവ പ്രതീക്ഷയുടെ അടയാളങ്ങളായേനെ. കൂടുതലായി അനുഗ്രഹങ്ങളും കരുണയും വർഷിക്കപ്പെട്ടേനെ. രക്ഷയുടെ പാനപാത്രമെടുത്ത് നമുക്കും ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയാം.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിപ്പതിനാറാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

അടുത്തത് ദൈവാശ്രയബോധം നമ്മിൽ ഉണർത്തുന്ന ഒരു ഗാനമാണ്. എം. റ്റി. ജോസ് രചനയും സംഗീതവും നിർവ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീതസംവിധായകനും ഗായകനുമായ ശരത് ആണ്.

കരുതുന്നവൻ ഞാനല്ലയോ...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2021, 18:27