തിരയുക

സങ്കീർത്തനചിന്തകൾ - 115 സങ്കീർത്തനചിന്തകൾ - 115 

കൂടെയുള്ള ദൈവം

വചനവീഥി: നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ, ദൈവം തങ്ങളെ അടിമത്തത്തിൽനിന്ന് രക്ഷിച്ചതിന്റെ ഓർമ്മയാചരണം നടത്തിയിരുന്ന പെസഹാ ആഘോഷവേളയിൽ ആലപിച്ചിരുന്ന നൂറ്റിപ്പതിമൂന്ന് മുതൽ നൂറ്റിപ്പതിനെട്ട് വരെയുള്ള സങ്കീർത്തങ്ങളിൽപ്പെട്ട ഒന്നാണ് ഈ സങ്കീർത്തനവും. അതുകൊണ്ടുതന്നെ, ഇതിനു മുൻപുള്ള സങ്കീർത്തനവിചാരങ്ങളിൽ പറഞ്ഞതുപോലെ, തന്റെ ശിഷ്യന്മാർക്കൊപ്പം അവസാനപെസഹാ ആചരണം നടത്തുമ്പോൾ, ക്രിസ്തുവും ഈ സങ്കീർത്തനം ആലപിച്ചിട്ടുണ്ടാകാം. ഏകദൈവമായ കർത്താവ് മാത്രമാണ് നിങ്ങളുടെ സഹായവും പരിചയവും എന്ന്, യാഹ്‌വെയെക്കുറിച്ച്, അതായത് പിതാവായ ദൈവത്തെക്കുറിച്ച് പറയുന്ന ഈ സങ്കീർത്തനത്തിന് ക്രിസ്തുവിന്റെ അധരങ്ങളിൽ അർത്ഥമേറുന്നുണ്ട്.

സ്വർഗ്ഗസ്ഥനായ ദൈവം

സങ്കീർത്തനത്തിന്റെ ഒന്നുമുതൽ മൂന്നു വരെയുള്ള വാക്യങ്ങൾ ഇസ്രയേലിന്റെ ദൈവത്തിന്റെ മഹത്വവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പ്രവാസനന്തരം യഹൂദജനം ജനതകളുടെയിടയിൽ ചിതറിക്കഴിഞ്ഞിരുന്ന സമയത്ത്, നിങ്ങളുടെ ദൈവം എവിടെ എന്ന മറ്റു ജനതകളുടെ ചോദ്യത്തിനുള്ള ഉത്തരമാണ് സങ്കീർത്തകൻ നൽകുന്നത്. "നമ്മുടെ ദൈവം സ്വർഗ്ഗത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു" എന്ന മൂന്നാം വാക്യം യഹൂദജനത്തിന്റെ വിശ്വാസത്തിന്റെ ഭാഗവും, ദൈവത്തിലുള്ള ഉറപ്പിന്റെ വിളംബരവുമാണ്. എന്നാൽ ഒന്നും രണ്ടും വാക്യങ്ങളിൽ ഒരു പ്രാർത്ഥനയാണുള്ളത്. യാഹ്‌വെയെന്ന ദൈവം ഇസ്രയേലിനൊപ്പമുണ്ടെന്ന ബോധ്യം മറ്റു ജനതകൾക്ക് നൽകാൻ തക്കവിധം, തങ്ങളോടൊപ്പമുണ്ടാകണമേ എന്ന ആർദ്രവും മനോഹരവുമായ ഒരു പ്രാർത്ഥനയാണിത്. തങ്ങളോടൊത്ത് വസിക്കുന്നത് വഴി, തങ്ങളെ കാത്തുപരിപാലിക്കുന്നത് വഴി, മറ്റു ജനതകളുടെ മുന്നിൽ ദൈവനാമത്തിനാണ് മഹത്വമുണ്ടാകുന്നത് എന്ന ഈ ചിന്ത, യാഹ്‌വെയുടെ തിരുനാമം മറ്റു ദൈവങ്ങളെക്കാൾ ഉയർന്നു നിൽക്കണമെന്ന ഒരു ആഗ്രഹത്തിന്റെ പ്രകടനംകൂടിയാണ്. ഈ ഭൂമിയിൽനിന്നുയർന്ന്, ലോകത്തിന്റേതായ അതിർവരമ്പുകൾ ഇല്ലാത്ത വിണ്ണിലാണ് ദൈവം വസിക്കുന്നത്. "ഞങ്ങൾക്കല്ല, കർത്താവെ, ഞങ്ങൾക്കല്ല, അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും പ്രതി അങ്ങയുടെ നാമത്തിനാണ് മഹത്വം നല്കപ്പെടേണ്ടത്".

ജനതകളുടെ വിഗ്രഹങ്ങളും യാഹ്‌വെ എന്ന ദൈവവും

നാലു മുതൽ എട്ടു വരെയുള്ള സങ്കീർത്തനവാക്യങ്ങൾ, മറ്റു ജനതകളുടെ ദൈവസങ്കല്പവും, കൂടെ നടക്കുന്ന, സംരക്ഷിക്കുന്ന, യാഹ്‌വെ എന്ന തങ്ങളുടെ ദൈവവും തമ്മിലുള്ള അന്തരത്തെയാണ് വർണ്ണിക്കുന്നത്. നാലാം വാക്യം ഇങ്ങനെയാണ് "അവരുടെ വിഗ്രഹങ്ങൾ സ്വർണ്ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകൾ മാത്രം!". പ്രപഞ്ചവും അതിലുള്ള സകലവും സൃഷ്‌ടിച്ച ദൈവത്തിന്റെ മഹത്വത്തിന് മുന്നിൽ, മനുഷ്യനിർമ്മിതങ്ങളായ വിഗ്രഹങ്ങളുടെ അർത്ഥമില്ലായ്മയാണ് സങ്കീർത്തകൻ എടുത്തുകാട്ടുന്നത്. മനുഷ്യൻ, തന്റെ തന്നെ ഭാവനയിൽ മെനഞ്ഞെടുത്ത, ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതിലെ സാംഗത്യമില്ലായ്മയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇവിടെ മനുഷ്യനാണ് ദൈവങ്ങളെ സൃഷ്ടിക്കുന്നത്. മനുഷ്യനോട് സംവദിക്കുവാനറിയാത്ത, കണ്ണുകളുണ്ടെങ്കിലും, മനുഷ്യനെ കാണാത്ത, ചെവികളുണ്ടെങ്കിലും അവന്റെ പ്രാർത്ഥനകൾ കേൾക്കാത്ത, നാസാരന്ധ്രങ്ങളുണ്ടെങ്കിലും, തന്റെ മുന്നിൽ അർപ്പിക്കപ്പെടുന്ന സുഗന്ധദ്രവ്യങ്ങളുടെ നറുമണം അനുഭവിക്കാനാകാത്ത, കരങ്ങളുണ്ടെങ്കിലും ഒരു കൈ സഹായം നല്കാനാകാത്ത, കാലുകളുണ്ടെങ്കിലും മനുഷ്യനൊപ്പം നടക്കാത്ത, മനുഷ്യനായി സ്വരമുയർത്താത്ത ഒരു ദൈവസങ്കൽപ്പത്തിന് എന്തർത്ഥമാണുള്ളത്? എന്നാൽ ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ ചരിത്രത്തെത്തന്നെ നയിക്കുന്ന, കൂടെ നടക്കുന്ന, രക്ഷ നൽകുന്ന ഒരു ദൈവമാണ് യാഹ്‌വെ.

കർത്താവ് സഹായവും പരിചയും

ഒൻപതുമുതൽ പതിനൊന്ന് വരെയുള്ള സങ്കീർത്തനവാക്യങ്ങൾ, യാഹ്‌വേ എന്ന ദൈവത്തിൽ ആശ്രയം വയ്ക്കാനുള്ള ക്ഷണമാണ്. ഇവിടെ മൂന്ന് വട്ടമാണ് ദൈവത്തെക്കുറിച്ച് "സഹായവും പരിചയും" എന്ന് വിശേഷിപ്പിക്കുക. സങ്കീർത്തകൻ, ഒന്നാമതായി ഇസ്രായേൽ ജനതയോടാണ് സംവദിക്കുന്നത്. ദൈവം കൂടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ ആശ്രയം കർത്താവിലാണ് വയ്ക്കേണ്ടത്. രണ്ടാമതായി അഹറോന്റെ ഭവനത്തോട്, ശുശ്രൂഷ ചെയ്യാനായി ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ആളുകളോട്, "കർത്താവിൽ ശരണം വയ്ക്കുവിൻ" എന്ന് സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നു. ദൈവത്തോട് കൂടുതൽ അടുത്തുനിൽക്കുന്നവരെന്നു  കരുതുന്നവർ, അവനിൽ ശരണം വയ്ക്കുന്നില്ലെങ്കിൽ, അതിന് സാക്ഷ്യം നല്കുന്നില്ലെങ്കിൽ, അവരുടെ ജീവിതത്തിന് എന്തർത്ഥമാണുള്ളത്? പതിനൊന്നാം വാക്യത്തിലെ ക്ഷണമാകട്ടെ ഇസ്രയേലിന്റെ ദൈവമായ കർത്താവിനെ ഭക്തിയോടെ നോക്കിയിരുന്ന എല്ലാ ആളുകൾക്കുമായുള്ളതാണ്. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് ദൈവം നൽകുന്ന സ്നേഹവും സംരക്ഷണവും വിജാതീയർക്കുപോലും ആ ദൈവത്തോടുള്ള ഭക്തിക്ക് കാരണമാകുന്നു. ലോകത്തിന് മുന്നിൽ യാഹ്‌വെയുടെ നാമം പ്രഘോഷിക്കപ്പെടേണ്ടത്, അവന്റെ അനുഗ്രഹങ്ങൾ സ്വീകരിച്ച ജനത്തിന്റെ ജീവിതത്തിലൂടെയാണ്.

യാഹ്‌വെയുടെ അനുഗ്രഹങ്ങൾ

പന്ത്രണ്ടു മുതൽ പതിനഞ്ചു വരെയുള്ള വാക്യങ്ങൾ ദൈവാനുഗ്രഹങ്ങൾ നേരുന്ന വാക്കുകളുടേതാണ്. "കർത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്, അവിടുന്ന് നമ്മെ അനുഗ്രഹിക്കും" എന്ന് തുടങ്ങുന്ന പന്ത്രണ്ടാം വാക്യം ഇസ്രായേൽ ജനത്തിന് യാഹ്‌വെയിലുള്ള തങ്ങളുടെ വിശ്വാസത്തിന്റെ ഒരു പ്രഖ്യാപനം കൂടിയാണ്. ഇത്രയും നാൾ, തങ്ങളുടെ ചരിത്രത്തിന്റെ നാൾവഴികളിൽ അനുഗ്രഹമായി നിന്നവൻ ഇനിയും അനുഗ്രഹമായി കൂടെയുണ്ടാകുമെന്ന ഉറപ്പാണ് സങ്കീർത്തനവാക്കുകളിൽ നമുക്ക് കാണാനാകുന്നത്. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ, പ്രത്യേകിച്ച്, തനിക്ക് ശുശ്രൂഷ ചെയ്യുന്നവരെ, എന്നാൽ അതുപോലെ തന്നെ, തന്നോട് ഭക്തിയുള്ള "ചെറിയവരെയും വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും" എന്ന് സങ്കീർത്തനം ഉറപ്പുതരുന്നു. ദൈവം നൽകുന്ന അനുഗ്രഹം തലമുറകളിലേക്ക് നീളുന്നതാണെന്ന് പതിനാലാം വാക്യം സൂചിപ്പിക്കുന്നുണ്ട്. "കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളെയും നിങ്ങളുടെ മക്കളെയും". മനുഷ്യസൃഷ്ടികളായ വിഗ്രഹങ്ങൾക്ക്, തങ്ങളെ സൃഷ്‌ടിച്ച മനുഷ്യർക്ക് അനുഗ്രഹങ്ങൾ നല്കാനാകില്ല. എന്നാൽ, പതിനഞ്ചാം വാക്യം പറയുന്നതുപോലെ "ആകാശവും ഭൂമിയും സൃഷ്‌ടിച്ച" കർത്താവിന് തന്റെ തന്നെ സൃഷ്ടിയായ മനുഷ്യരെ അനുഗ്രഹിക്കാനാകും.

സ്വർഗ്ഗവും ഭൂമിയും ദൈവസ്‌തുതിയും

പതിനാറുമുതൽ പതിനെട്ടുവരെയുള്ള അവസാനഭാഗത്ത് പ്രധാനമായി മൂന്ന് ചിന്തകളാണുള്ളത്. പതിനാറാം വാക്യം ഇങ്ങനെയാണ്, "ആകാശം കർത്താവിന് മാത്രമുള്ളത്; എന്നാൽ, ഭൂമി അവിടുന്ന് മനുഷ്യമക്കൾക്ക് നൽകിയിരിക്കുന്നു". ഒന്നാമത്തെ ചിന്ത, ആകാശം ദൈവത്തിനുള്ളതാണ് എന്നതുതന്നെയാണ്. ഭൂമിയിൽനിന്നും ഉയർന്ന ഒരു തലമാണ് ദൈവത്തിന്റേത്. ഭൂമിയെ സൃഷ്‌ടിച്ച ദൈവമാണ് ഭൂമിക്ക് മുകളിൽ അധിപനായി നിൽക്കുന്നത്. സ്വർഗ്ഗമെന്നൊരിടം ഭൂമിയിൽനിന്നും ഉയർന്നു നിൽക്കുന്ന ഒരിടമാണെന്ന ചിന്തയും ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. രണ്ടാമതൊരു ചിന്തയാകട്ടെ ഈ ഭൂമി ദൈവത്തിന്റെ ദാനമാണെന്ന് വ്യക്തമാകുന്നു. ഉൽപ്പത്തിപ്പുസ്തകത്തിന്റെ ഒന്നാം അധ്യായം ഇരുപത്തിയാറു മുതലുള്ള വാക്യങ്ങളിൽ, ഈ ഭൂമിയുടെ മേൽ ആദ്യമനുഷ്യന് അവകാശം നൽകുന്ന സൃഷ്ടവായ ദൈവത്തെക്കുറിച്ച് നാം വായിക്കുന്നുണ്ടല്ലോ. ഭൂമി മനുഷ്യന് നൽകിയ ദൈവം തന്നെയാണ് ഭൂമിയുടെ യഥാർത്ഥ അധികാരി എന്ന ഒരു ചിന്തകൂടി ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ, ഈ ഭൂമിയും അതിലെ സർവ്വതും ഉത്തരവാദിത്വത്തോടുകൂടി നോക്കി നടത്തേണ്ടവരാണ് മനുഷ്യരെന്ന ഒരു ചിന്തയും ഇവിടെ വ്യക്തമാണ്. പതിനേഴും പതിനെട്ടും വാക്യങ്ങളിലായി ദൈവസ്തുതിയുടേതായ മൂന്നാമതൊരു ചിന്തകൂടിയുണ്ട്. "മരിച്ചവരും നിശബ്ദതയിൽ ആണ്ടുപോയവരും കർത്താവിനെ സ്തുതിക്കുന്നില്ല. എന്നാൽ, നമ്മൾ ഇന്നുമെന്നേക്കും കർത്താവിനെ സ്തുതിക്കും". ദൈവസ്‌തുതി, ഈ ഭൂമിയിൽനിന്ന് എന്നും ഉയരേണ്ടതാണ്. ജീവനുള്ള കാലത്തോളം ദൈവത്തെ പ്രകീർത്തിക്കുകയെന്നത് നമ്മുടെ കടമയാണെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു.

ദൈവസ്തുതിക്ക് ആഹ്വാനം

"കർത്താവിനെ സ്തുതിക്കുവിൻ" എന്ന ആഹ്വാനമാണ് ഈ സങ്കീർത്തനത്തിന്റെ അവസാനവാക്കുകൾ. സങ്കീർത്തനത്തിന്റെ ആരംഭഭാഗത്തോട് ചേർന്നുപോകുന്ന ഒരു ചിന്തയാണിത്. ദൈവനാമത്തിന് മഹത്വം നല്കപ്പെടേണ്ടതാണെന്നും, ദൈവത്തിന്റെ നിരവധി അനുഗ്രഹങ്ങൾ സ്വന്തമാക്കിയ ഇസ്രായേൽ ജനത അവന്റെ സ്തുതികൾ പാടുന്നത് അവരുടെ കടമയാണെന്നും സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. നിത്യം ജീവിക്കുന്ന, സർവ്വപ്രപഞ്ചവും സൃഷ്‌ടിച്ച, ദൈവത്തിന് സ്തോത്രമാലപിക്കുന്നത്, ലോകത്തിന് മുന്നിൽ അവന് സാക്ഷ്യം നൽകുന്നത് അവനെ പിഞ്ചെല്ലുന്ന ഓരോ മനുഷ്യരുടെയും ഉത്തരവാദിത്വമാണ്.

നമ്മുടെ ജീവിതത്തിലേക്ക്

കഴിവും അഴകും നോക്കിയുള്ള സ്വാർത്ഥതയുടെ ബന്ധങ്ങളും, താല്പര്യങ്ങൾ തേടിയുള്ള സ്നേഹവും നിലനിൽക്കുന്ന ഈ ലോകത്ത്, കുറവുകളില്ലാത്ത വിശ്വസ്തതയോടെ മനുഷ്യനെ സ്നേഹിക്കുന്ന, അനുഗ്രഹിക്കുന്ന, കരംപിടിച്ച് കൂടെ നടക്കുന്ന ദൈവത്തെ സ്തുതിക്കുന്നത് നമ്മുടെയും വിശ്വാസവിളിയുടെ ഭാഗമാണെന്ന് നമുക്കോർക്കാം. നമ്മുടെ സഹായവും പരിചയുമായ ദൈവത്തിൽ ആശ്രയിച്ച്, ദൈവം നമ്മെ കാവലേൽപ്പിച്ച ഈ ഭൂമിയിൽ, കുറച്ചു നാളുകൾ മാത്രം നീളുന്ന നമ്മുടെ ജീവിതം ദൈവസ്തുതിയുടെ ഒരു യഥാർത്ഥ ആലാപനമാക്കി മാറ്റാം. കർത്താവ് നമ്മെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

ദൈവസ്തുതിയുടേതായ ഒരു ഗാനമാണ് അടുത്തത്.

ജോജോ ജോണി രചനയും സംഗീതവും നിർവ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അമല.

ദൈവനാമം ചൊല്ലുവാൻ...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2021, 16:38