റായ് ചുഴലിക്കാറ്റ്  ബാധിച്ച ഫിലിപ്പൈൻസിലെ പ്രദേശം... റായ് ചുഴലിക്കാറ്റ് ബാധിച്ച ഫിലിപ്പൈൻസിലെ പ്രദേശം... 

റായ് ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പൈൻസിൽ നിരവധിപേർ ഭവനരഹിതരായി

റായ് ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ ഫിലിപ്പൈൻസിലെ ലക്ഷക്കണക്കിനാളുകളാണ് ഭവനരഹിതരായി ക്രിസ്തുമസ്സിനെ അഭിമുഖീകരിക്കേണ്ടി വരുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ വ്യാഴാഴ്ച ഫിലിപ്പൈൻസിൽ  ആഞ്ഞടിച്ച റായ് ചുഴലിക്കാറ്റ് വൻനാശമാണ് വിതച്ചത്. മരണസംഖ്യ ഇപ്പോൾ ഏകദേശം നാനൂറായി ഉയർന്നു. ചുഴലിക്കാറ്റിനെ അതിജീവിച്ചവരെ കണ്ടെത്താനുള്ള നെട്ടോട്ടം ഇന്നും തുടരുകയാണ്.

പേമാരി, ശക്തമായ കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം  അഞ്ച് പ്രദേശങ്ങളിലെ വീടുകൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. ഏകദേശം 1.8 ദശലക്ഷം ഫിലിപ്പിയൻ ജനതയെയാണ് ചുഴലിക്കാറ്റ്  നേരിട്ട് ബാധിച്ചത്. കോവിഡ് മഹാമാരിയുടെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ചുഴലി കാറ്റ് ഫിലിപ്പൈൻസിൽ ആഞ്ഞടിച്ചത്. ഈ ദുരന്തം ബാധിച്ചവരിൽ പലരും ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെ  ജീവിക്കുന്നവരാണ്. ഫിലിപ്പൈൻസ് കാരിത്താസ് എക്സിക്യൂട്ടീവ് സെക്രട്ടറിയായ ഫാ. ടോണി ലാബിയാവോ തിങ്കളാഴ്ച മുതൽ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്.

എണ്ണമറ്റ  ആളുകളെ ബാധിക്കുകയും കൂടുതൽ വിനാശത്തിന്  ഇരയാകുകയും ചെയ്ത ഹോഗോൾ എന്ന പ്രദേശത്ത് നിന്ന് താൻ തിരിച്ചെത്തിയതായി ഫാ.ടോണി വത്തിക്കാൻ റേഡിയോയോടു പറഞ്ഞു. ടാലിബോൺ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട "ഗ്രൗണ്ട് സീറോ" യിലേക്ക് പോയപ്പോൾ അവിടെ കണ്ടത് മരുഭൂമി പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൺപത് ശതമാനം വീടുകൾ നശിപ്പിക്കപ്പെട്ടുവെന്നും വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാണെന്നും വൈദ്യുതി ഇല്ലെന്നും ഫാ.ടോണി ദുരിതബാധിത പ്രദേശങ്ങളിലെ അവസ്ഥയെ കുറിച്ച് വിശദീകരിച്ചു.

ജനങ്ങൾ ഭക്ഷണത്തിനും വെള്ളത്തിനുമായി നിരനിരയായി നിൽക്കുന്നു. ചെബു എന്ന സ്ഥലത്തും ഈ അവസ്ഥയാണ് തുടരുന്നത്. ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടു. 80 മുതൽ 90 ശതമാനം വരെ വീടുകൾ തകർന്ന്  ഇല്ലാതാകുകയും ചെയ്തു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്  കൊടുങ്കാറ്റിൽ ബാധിതരായ 6, 62,000 ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് 159,000 വീടുകൾക്കെങ്കിലും കേടുപാടുകൾ സംഭവിച്ചതായി കണക്കുകൾ രേഖപ്പെടുത്തുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

രൂപതാ സംഘങ്ങൾ വഴി ഫിലിപ്പൈൻസിലെ കാരിത്താസ് ഉടനടി ദുരന്തസ്ഥലത്തെത്തി. ഏറ്റവും കൂടുതൽ ദുരന്തബാധിത പ്രദേശങ്ങളിലൊന്നായ ചെബുവിൽ, ശുദ്ധജലം, ഭക്ഷണം, മരുന്ന്, താൽക്കാലിക അഭയകേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള സാമഗ്രികൾ എന്നിവ രൂപതകളിൽ നിന്നും ഇടവകകളിൽ നിന്നും ലഭിക്കുന്നതായി ഫാ. ടോണി അറിയിച്ചു.

ഫിലിപ്പൈൻസിലെ കാരിത്താസിന്റെ നേതൃത്വത്തിൽ ചുഴലിക്കാറ്റ് ബാധിക്കാത്ത രൂപതകളെ അണിനിരത്തി ദിവ്യബലി മധ്യേ  ധനശേഖരണം നടത്തുകയും അത്യാവശ്യക്കാരെ  സഹായിക്കുന്നതിനായി ഒരു ഐക്യദാർഢ്യ അഭ്യർത്ഥന നടത്തുകയും ചെയ്തിട്ടുണ്ട്. റായ് ചുഴലിക്കാറ്റിന് ശേഷമുള്ള അടിയന്തര പ്രതികരണങ്ങളെയും പുനർനിർമ്മാണ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ഏഷ്യയുടെ അടിയന്തര അഭ്യർത്ഥന (Asia Emergency Appeal) സംഘടന വഴി ഫിലിപ്പൈൻസിനെ പിന്തുണയ്ക്കാമെന്നു ഓസ്ട്രേലിയായിലെ കാരിത്താസ് പ്രതിജ്ഞയെടുത്തു.

മഹാമാരി കാരണം രാജ്യം ആരോഗ്യ അടിയന്തര വ്യവസ്ഥയിൽ ഇളവ് വരുത്തിയ സമയത്താണ് ഈ ദുരന്തമുണ്ടായതെന്ന് ഫാ. ലാബിയാവോ എടുത്തു പറഞ്ഞു. ജനങ്ങൾ പുറത്തിറങ്ങി ക്രിസ്തുമസ് ആഘോഷിക്കാൻ തയ്യാറെടുക്കുന്ന വേളയിലാണ് റായി ചുഴലിക്കാറ്റിന്റെ വരവ്. അതുകൊണ്ട് നശിപ്പിക്കപ്പെട്ട പ്രദേശങ്ങളിലെ  ജനങ്ങളുടെ  ഉൽസാഹത്തെ വളരെയധികം ഈ ചുഴലിക്കാറ്റ് കെടുത്തിയതായി ഫാ.ടോണി വെളിപ്പെടുത്തി.

ഫിലിപ്പൈൻസിൽ ദുരിതബാധിതരായ എല്ലാവർക്കും വേണ്ടി ഡിസംബർ 25, 26 തീയതികളിൽ ദേശീയ പ്രാർത്ഥനാ ദിനം ആചരിക്കും.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 December 2021, 09:54