കൂടുതൽ സ്നേഹിക്കപ്പെടേണ്ടവർ: ഫ്രാൻസിസ് പാപ്പാ ശാരീരികമായ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുട്ടിയോടൊപ്പം  - ഫയൽ ചിത്രം കൂടുതൽ സ്നേഹിക്കപ്പെടേണ്ടവർ: ഫ്രാൻസിസ് പാപ്പാ ശാരീരികമായ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുട്ടിയോടൊപ്പം - ഫയൽ ചിത്രം 

കോടിക്കണക്കിന് കുട്ടികൾ വിവിധ വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്നു: യുണിസെഫ്

ലോകത്ത് മാനസികമോ ശാരീരികമോ ആയ വൈകല്യത്താല്‍ വിഷമിക്കുന്ന ഏകദേശം 24 കോടിയോളം കുട്ടികൾ ഉണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫ് നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യുണിസെഫ് കഴിഞ്ഞദിവസം പുറത്തുവിട്ട "കാണപ്പെട്ടവരും, എണ്ണപ്പെട്ടവരും, ഉൾക്കൊള്ളിക്കപ്പെട്ടവരും" എന്ന പേരിൽ പുറത്തിറക്കിയ പുതിയ ഒരു റിപ്പോർട്ടിൽ, ആഗോളതലത്തിൽ വിവിധ രീതികളിൽ വൈകല്യങ്ങളുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ഏതാണ്ട് ഇരുപത്തിനാലു കോടിയോളമാണെന്ന് രേഖപ്പെടുത്തി. ഇതനുസരിച്ച് ലോകത്തുള്ള കുട്ടികളിൽ പത്തിലൊന്ന് പേർക്കും ഏതെങ്കിലും രീതിയിലുള്ള വൈകല്യങ്ങൾ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. എല്ലാ കുട്ടികളുടേയും പൊതുവായ ക്ഷേമത്തിന്റെ കണക്കുകൾ എടുക്കുമ്പോൾ, വൈകല്യമുള്ള കുട്ടികൾ വൈകല്യമില്ലാത്ത കുട്ടികളെക്കാൾ കൂടുതൽ പോരായ്മകൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

നേരത്തെതന്നെ അറിയാമായിരുന്ന കാര്യങ്ങളാണ് ഇപ്പോൾ നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നതെന്നും, വൈകല്യമുള്ള കുട്ടികൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കാനായി കൂടുതൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട്, യൂണിസെഫ് മേധാവി ഹെൻറിയെത്ത ഫോർ (Henrietta Fore) പറഞ്ഞു. വിദ്യാഭ്യാസസാധ്യതകൾ തുടങ്ങി, ഭാവനങ്ങളിരുന്നുള്ള വിദ്യാഭ്യാസം വരെ ഏതൊരു കാര്യത്തിലും വൈകല്യങ്ങളുള്ള കുട്ടികൾക്ക് സാദ്ധ്യതകൾ കുറവാണെന്നും, പലപ്പോഴും ഇത്തരം കുട്ടികൾ തഴയപ്പെടുകയാണെന്നും യുണിസെഫ് മേധാവി കൂട്ടിച്ചേർത്തു.

ഇങ്ങനെയൊക്കെയാണെങ്കിലും, ഓരോ കുട്ടികളുടെയും വൈകല്യത്തിന്റെ പ്രത്യേകതകൾ, അവർ താമസിക്കുന്ന സ്ഥലവും രാജ്യവും, അവർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ, ഇങ്ങനെ വിവിധ കാര്യങ്ങൾ അനുസരിച്ച് വൈകല്യമനുഭവിക്കുന്ന കുട്ടികളുടെ ജീവിതാനുഭവങ്ങളും വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ അസമത്വപരമായ സാഹചര്യങ്ങളെ നേരിടുന്നതിനും, പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഉള്ള പരിശ്രമങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2021, 17:51