തിരയുക

സങ്കീർത്തനചിന്തകൾ - 112 സങ്കീർത്തനചിന്തകൾ - 112 

ദൈവാനുഗ്രഹത്തിന് അർഹത നേടുക

വചനവീഥി: നൂറ്റിപ്പന്ത്രണ്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിപ്പന്ത്രണ്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിപ്പന്ത്രണ്ടാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം പോലെ തന്നെ, പ്രത്യേകമായ ഒരു ക്രമത്തിലാണ് നൂറ്റിപ്പന്ത്രണ്ടാം സങ്കീർത്തനവും എഴുതപ്പെട്ടിരിക്കുന്നത്. ഒന്നാം വാക്യത്തിൽ കാണുന്ന ദൈവസ്‌തുതിക്കുള്ള ആഹ്വാനം കഴിഞ്ഞുള്ള വരികൾ ഹീബ്രു അക്ഷരമാലയുടെ ക്രമത്തിലാണ് രചിച്ചിരിക്കുന്നത്. വാക്യങ്ങളുടെ എണ്ണത്തിലും നൂറ്റിപ്പതിനൊനൊന്നും നൂറ്റിപ്പന്ത്രണ്ടും സങ്കീർത്തനങ്ങൾ ഒന്നുപോലെയാണ്. രണ്ടിനും പത്ത് വാക്യങ്ങൾ വീതമാണുള്ളത്. എന്നാൽ നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം ദൈവത്തിന്റെ മഹത്വത്തെയും അവിടുത്തെ വിശ്വസ്തതയെയും വാഴ്ത്തുമ്പോൾ, നാം ഇന്ന് ധ്യാനപൂർവ്വം ചിന്തിക്കുന്ന നൂറ്റിപ്പന്ത്രണ്ടാം സങ്കീർത്തനാമാകട്ടെ ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ കൽപ്പനകൾ അനുസരിക്കുകയും, ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുകയും മറ്റുള്ളവരോട് നീതിപൂർവ്വം പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യന് ദൈവം നൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് വളരെക്കുറച്ചു വാക്കുകളിലൂടെ ഓരോ വിശ്വാസിയോടും വിവരിക്കുന്നത്.

ദൈവഭയവും ദൈവസ്നേഹവുമുള്ള മനുഷ്യൻ

"കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്പനകളിൽ ആനന്ദിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ" എന്ന ഒന്നാം വാക്യം തന്നെ ഈ സങ്കീർത്തനത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. ദൈവഭയം ഉള്ളിൽ സൂക്ഷിക്കുകയും, അവന്റെ കല്പനകൾ പാലിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന യഥാർത്ഥ ഒരു വിശ്വാസി അനുഗ്രഹീതനാണ് എന്ന ആശയം, ഓരോ ഇസ്രായേൽക്കാരനോടും യഹോവയിലേക്ക് കൂടുതൽ അടുക്കാനുള്ള ഒരു ആഹ്വാനമാണ് എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാനാകും. നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം പത്താം വാക്യത്തിന്റെ ആദ്യഭാഗം ഇങ്ങനെയായിരുന്നു: "ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം; അത് പരിശീലിക്കുന്നവർ വിവേകികളാകും". ഈ ഒരു ആശയത്തിന്റെ മറ്റൊരു വശമായി നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം ഒന്നാം വാക്യത്തിന്റെ ആദ്യഭാഗത്തെ കാണാം. ദൈവത്തെ ഭയക്കുന്നവർ ഭാഗ്യവാന്മാർ! എന്നാൽ ഇതേ വാക്യത്തിന്റെ രണ്ടാംഭാഗത്ത് സങ്കീർത്തകൻ ഈ ചിന്തയെ കുറച്ചുകൂടി ഭംഗിയുള്ളതാക്കുന്നുണ്ട്; ദൈവത്തിന്റെ ശക്തിയും മഹത്വവും ഉള്ളിൽ തോന്നിച്ചേക്കാവുന്ന ഭയം എന്ന ചിന്തയേക്കാൾ, അവന്റെ നിയമങ്ങളിലും കല്പനകളിലും, അതായത്, ദൈവത്തിന്റെ ഹിതങ്ങളിൽ ആനന്ദിക്കുവാൻ സാധിക്കുന്നവൻ ഭാഗ്യവാൻ. ഭയം തിന്മയിൽനിന്നും മാറിനിൽക്കാനാണ് ഓർമ്മിപ്പിക്കുന്നതെങ്കിൽ, സ്നേഹം കൂടുതൽ സന്തോഷത്തോടെയുള്ള അനുസരണത്തിലേക്കും, അതുവഴി കൂടുതൽ അനുഗ്രഹങ്ങളിലേക്കുമാണ് നമ്മെ നയിക്കുക.

തലമുറകളിലേക്ക് നീളുന്ന ദൈവാനുഗ്രഹം

രണ്ടും മൂന്നും വാക്യങ്ങൾ തലമുറകളിലേക്ക് നീണ്ടുനിൽക്കുന്ന ദൈവാനുഗ്രഹത്തിന്റെ ശക്തിയെയും സമൃദ്ധിയെയുമാണ് വർണ്ണിക്കുക. കർത്താവിനെ അനുസരിക്കുന്നവനെക്കുറിച്ച് സങ്കീർത്തകൻ ഇങ്ങനെ പറയുന്നു; "അവന്റെ സന്തതി ഭൂമിയിൽ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗ്രഹീതമാകും. അവന്റെ ഭവനം സമ്പത്സമൃദ്ധമാകും; അവന്റെ നീതി എന്നേക്കും നിലനിൽക്കും". തലമുറകളും സമ്പത്തുമൊക്കെ ദൈവാനുഗ്രത്തിന്റെ ഭാഗമായി കാണുന്നുണ്ടെങ്കിലും, സത്യസന്ധമായി ജീവിക്കുന്ന, ദൈവത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ തന്റെ വരും തലമുറകൾക്ക് വേണ്ടി അവശേഷിപ്പിക്കുന്നത് സ്വർണ്ണമോ വെള്ളിയോ മാത്രമല്ല, ദൈവത്തെ അറിയുവാനും, സ്നേഹിക്കുവാനും, അവന്റെ കല്പനകളിൽ ആനന്ദം കണ്ടെത്തി ജീവിക്കുവാനും ഉള്ള ഉദ്‌ബോധനം കൂടിയാകണം. ദൈവത്തെ അനുസരിച്ച്, സ്നേഹിച്ച്, നീതിയിൽ ജീവിക്കുന്ന മനുഷ്യരാണ് ദൈവത്തിന് മുന്നിൽ നീണ്ടുനിൽക്കുന്ന അനുഗ്രഹങ്ങൾക്ക് അവകാശികളാകുക എന്നും സങ്കീർത്തകൻ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കൂടുതൽ ദൈവാനുഗ്രഹങ്ങൾക്കൊപ്പം അവനിലെ നീതിബോധവും കൂടുതലായി വളരുകയും അത് ദൈവസന്നിധിയിൽ കൂടുതൽ പ്രീതിക്ക് കാരണമാകുകയും ചെയ്യും.

ദൈവഭക്തന്റെ ജീവിതം

നാലുമുതൽ ഒൻപതുവരെയുള്ള സങ്കീർത്തനവാക്യങ്ങൾ ദൈവത്തിന്റെ ഹിതമനുസരിച്ച് ജീവിക്കുന്ന മനുഷ്യന്റെ ജീവിതത്തിലെ ചില പ്രത്യേകതകളെക്കുറിച്ചും, അവനു ലഭിക്കുന്ന പ്രതിഫലങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഉൾക്കൊള്ളുന്നവയാണ്. "പരാമർത്ഥഹൃദയന് അന്ധകാരത്തിൽ പ്രകാശമുദിക്കും; അവൻ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്" എന്ന നാലാം വാക്യം, ഇനിയും ദൈവമെന്ന നന്മയുടെ പ്രകാശത്തിന്റെ കിരണങ്ങൾ എത്താത്ത ഇടങ്ങളുണ്ടെന്ന് നമ്മെ ഓർമ്മപ്പിക്കുന്നു. എന്നാൽ ദൈവം ഒരുവന്റെ അന്ധകാരത്തിൽ പ്രകാശമായുദിച്ചാൽ അവനിൽനിന്ന് അപരനിലേക്ക് ദൈവികമായൊരു കാരുണ്യവും നീതിയും അളവുകളില്ലാതെ ഒഴുകണം. അഞ്ചാം വാക്യത്തിലൂടെ സങ്കീർത്തകൻ ഓരോ വായനക്കാരനോടും പറയുക, നന്മയിലും നീതിയിലും ജീവിക്കുന്നവന് നന്മ കൈവരുമെന്നാണ്.ദൈവത്തിന്റെ ജ്ഞാനത്താൽ നയിക്കപ്പെടുന്നവന്, മറ്റുള്ളവരുടെ കുറവുകളുടെ മുന്നിൽ, തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ പങ്കുവയ്ക്കാതിരിക്കാൻ ആകില്ല. അപ്രകാരം പ്രവർത്തിക്കുന്നവനിൽ ദൈവാനുഗ്രഹം കൂടുതലായി ഉണ്ടാവുകയും ചെയ്യും.

ആറുമുതൽ ഒൻപതുവരെയുള്ള വാക്യങ്ങളിൽ നീതിമാന്റെ ധൈര്യവും ദൈവത്തിലുള്ള അവന്റെ ആഴത്തിൽ വേരോടിയ ആശ്രയബോധവുമാണ് ചിന്താവിഷയമാകുന്നത്. ഏതു വിഷമഘട്ടങ്ങളെയും, പ്രതിസന്ധികളെയും ധൈര്യപൂർവ്വം അഭിമുഖീകരിക്കാൻ അവന് സാധിക്കും, കാരണം അവന്റെ വിശ്വാസം ദുർബലങ്ങളായ തന്റെ കരങ്ങളിലോ, പരിമിതമായ സ്വന്തം ബുദ്ധിശക്തിയിലോ അല്ല, മറിച്ച് തന്റെ ശത്രുക്കളെ പരാജയപ്പെടുത്താനും, നീതിയെ നിലനിർത്തുവാനും കഴിവുള്ള കർത്താവിലാണ്.

ദുഷ്ടത നിറഞ്ഞ മനുഷ്യന്റെ പതനം

നീതിമാനും പരാമർത്ഥഹൃദയനുമായ മനുഷ്യന് ദൈവതിരുമുൻപിലുള്ള സ്വീകാര്യതയും അവനിലേക്കൊഴുകുന്ന ദൈവാനുഗ്രഹങ്ങളെയും കുറിച്ച് ദൈവജനത്തെ ഉദ്ബോധിപ്പിച്ച സങ്കീർത്തകൻ, നമുക്കൊക്കെ ഒരോർമ്മയ്ക്കായി സങ്കീർത്തനത്തിന്റെ അവസാനവാക്യത്തിൽ, ദുഷ്ടനായ മനുഷ്യൻ നേരിടേണ്ടിവരുന്ന നിരാശയെക്കുറിച്ചും ദുരവസ്ഥയെക്കുറിച്ചുമാണ് എഴുതുന്നത്. നീതിമാന്റെ ജീവിതത്തിൽ, തലമുറകളിലേക്ക് നീളുന്ന ദൈവാനുഗ്രഹങ്ങൾ ചൊരിയപ്പെടുന്നു എന്നു പറയുന്ന സങ്കീർത്തകൻ പത്താം വാക്യത്തിൽ പറയുന്നതിങ്ങനെയാണ്:  "ദുഷ്ടൻ അതുകണ്ടു കോപിക്കുന്നു, പല്ലിറുമ്മുന്നു; അവന്റെ ഉള്ളുരുകുന്നു; ദുഷ്ടന്റെ ആഗ്രഹം നിഷ്ഫലമാകും" തനിക്ക് താൻ മതിയെന്ന ചിന്തയാണ്, ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കാനും നീതിചിന്തകൾ പാലിക്കാനും കാരുണ്യത്തിന്റെ മുഖമണിയാനും ദുഷ്ടന് വിലങ്ങുതടിയായുള്ളത്. അതുകൊണ്ടുതന്നെ അവൻ ദൈവമെന്നൊരു പ്രകാശമെത്താത്ത, അന്ധകാരത്തിന്റെ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.

ദൈവാനുഗ്രഹം നമുക്കും അവകാശമാക്കാം

നൂറ്റിപന്ത്രണ്ടാം സങ്കീർത്തനവിചാരങ്ങൾ ഇന്നിവിടെ ചുരുക്കുമ്പോൾ, സങ്കീർത്തകനൊപ്പം നമുക്കും ദൈവത്തെ സ്തുതിക്കാം. ദൈവാനുഗ്രഹത്തിന്റെ അവസാനിക്കാത്ത സാധ്യതകളാണ് ദൈവം നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ദൈവത്തെ ഭയപ്പെടുകയും, ആനന്ദത്തോടെ അവന്റെ കല്പനകളെ ഹൃദയത്തിലേറ്റുകയും ചെയ്യുക. പരാമർത്ഥഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുന്നവരിൽ അവന്റെ കാരുണ്യവും അചഞ്ചലമായ ഹൃദയത്തോടെ ദൈവത്തിൽ ആശ്രയിക്കുന്നവരിൽ അവസാനിക്കാത്ത നന്മകളും വീഴാത്ത സംരക്ഷണവും അവൻ നിരന്തരം, തലമുറകളോളം വർഷിക്കും.

നിന്റെ ഹൃദയം ദൈവത്തോട് ചേർന്നതെങ്കിൽ, അവന്റെ, കുറവുകളോ വീഴ്ചകളോ ഇല്ലാത്ത നീതിബോധം, നിന്റെ ഓരോ പ്രവൃത്തികളിലും, വാക്കുകളിലും എന്നും നിലനിൽക്കും. നിന്റെ ഹൃദയം ദൈവത്തിൽ ആനന്ദിക്കുന്നെങ്കിൽ, അവന്റെ പ്രീതി നിന്നിലുണ്ടെങ്കിൽ, സഹോദരങ്ങളുടെ കുറവുകളിലേക്ക് ദൈവികമായൊരു നിറവായി, അവരുടെ വേദനകളിലേക്ക്,കാരുണ്യത്തിന്റെ സ്നേഹധാരയായി നിനക്ക് ഒഴുകികാതിരിക്കാനാകില്ല. ദൈവം നമ്മിൽ കനിവാകട്ടെ.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിപന്ത്രണ്ടാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

ആഴമാർന്ന സ്നേഹമാണ് ദൈവം. ദൈവസ്നേഹം മാംസമായി, എമ്മാനുവേലായി, നമ്മോടൊത്ത് വസിച്ചു. ജീവിതത്തിൽ നാമനുഭവിച്ച, അനുഭവിക്കുന്ന വേദനകൾ ഏതു തന്നെയുമാകട്ടെ, അവയെ ക്രിസ്തുവിൽ അർപ്പിച്ച് മുന്നോട്ടുപോകാൻ നമുക്കാകണം. ദൈവകരങ്ങളിൽ ജീവിതം സമർപ്പിക്കുമ്പോൾ, നമ്മുടെ അന്ധകാരത്തിന്റെ ഇടങ്ങളിൽ ദൈവം പ്രകാശമായെത്തും; കാറ്റും കോളുമേറിയ, ദുരിതങ്ങളുടെ ആഴക്കടലിൽ, നമുക്കൊപ്പം യാത്രയ്ക്ക് അവനുണ്ടാകും. അങ്ങനെ ദൈവം കൂടെയുണ്ടെന്ന് ഉറപ്പുള്ള മനുഷ്യർക്ക് തങ്ങളുടെ ജീവിതം അർത്ഥപൂർണ്ണമാണെന്ന ബോധ്യത്തിൽ ജീവിക്കാനാകും. വാത്സല്യത്തോടെ നമ്മുടെ കരംപിടിച്ച് അവൻ നമ്മെ നയിക്കും. ദൈവത്തിന് മുന്നിൽ പരാമർത്ഥഹൃദയത്തോടെ നമുക്ക് ജീവിക്കാം. അവന്റെ ശക്തമാർന്ന കാര്യങ്ങൾ നമ്മോടൊത്തുണ്ടാകട്ടെ.

കൂടെയുള്ള ക്രിസ്തുവിനെക്കുറിച്ചും, നമ്മുടെ പ്രത്യാശ അവനിൽ അർപ്പിക്കേണ്ടതിനെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ഗാനമാണ് അടുത്തത്.  ദീപ ബിബിൻ എഴുതി, ആൽബിൻ ജോയ് സംഗീതം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെസ്റ്റർ.

അതിലോലമാമോരു തിരുവോസ്തിയായ്...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2021, 16:30