സങ്കീർത്തനചിന്തകൾ - 110 സങ്കീർത്തനചിന്തകൾ - 110 

മെൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതനായ രാജാവ്

വചനവീഥി: നൂറ്റിപ്പത്താം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിപ്പത്താം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിപ്പത്താം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

രാജാവിനോട് ദൈവത്തിനുവേണ്ടി സംസാരിക്കുന്ന പ്രവാചകന്റെ വാക്കുകളാണ് ഏഴു വാക്യങ്ങൾ മാത്രമുള്ള ഈ നൂറ്റിപ്പത്താം സങ്കീർത്തനത്തിന്റെ ഉള്ളടക്കം. മെൽക്കിസെദേക്കിന്റെ പാരമ്പര്യമനുസരിച്ചുള്ള രാജാവിന്റെ സ്ഥാനാരോഹണമാണ് പശ്ചാത്തലം. ജറുസലേമിൽ രാജാക്കന്മാർ പുരോഹിതർ കൂടിയായാണ് എന്നൊരു സവിശേഷത കൂടി മനസ്സിലാക്കി വേണം ഈ സങ്കീർത്തനം ഉൾക്കൊള്ളാൻ. ജനതകളുടെ വിധിയാളനായിക്കൂടിയാണ് രാജാവിനെ അവതരിപ്പിച്ചിരിക്കുന്നത്. ദാവീദ് ദൈവാത്മാവിനാൽ പ്രേരിതനായി സംസാരിക്കുന്ന വാക്കുകളായി ഈ സങ്കീർത്തനവരികൾ കണക്കാക്കപ്പെടുന്നു.

രാജകീയ പ്രവചനങ്ങൾ

രാജാവിനോട് അവന്റെ ശത്രുക്കൾ കീഴ്‌പ്പെടുത്തപ്പെടും എന്ന് ദൈവം ഉറപ്പുനൽകുന്ന വരികളാണ് സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത്. ഒന്നും രണ്ടും വാക്യങ്ങൾ ഇങ്ങനെയാണ്: "കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക. കർത്താവ് സീയോനിൽനിന്ന് നിന്റെ അധികാരത്തിന്റെ ചെങ്കോൽ അയക്കും; ശത്രുക്കളുടെ മധ്യത്തിൽ നീ വാഴുക." രാജകൊട്ടാരത്തിലെ ഗായകൻ രാജാവിനോടോ, താഴ്ത്തട്ടിലുള്ളവർ മേൽത്തട്ടിലുള്ളവരോടോ സംസാരിക്കുന്ന രീതിയാണ് "എന്റെ കർത്താവ്, എന്റെ നാഥൻ" എന്നൊക്കെയുള്ള അഭിസംബോധന.

എന്നാൽ പുതിയനിയമത്തിലേക്ക് വരുമ്പോൾ വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാമധ്യായത്തിലും വിശുദ്ധ മാർക്കോസിന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിലും മിശിഹാ ആരുടെ പുത്രനാണെന്നാണ് നിങ്ങൾ പറയുന്നത് എന്ന് ക്രിസ്തു ഫരിസേയരോട് ചോദിക്കുന്നുണ്ട്. ദാവീദിന്റേതെന്നാണ് ഫരിസേയരുടെ മറുപടി. അപ്പോൾ രണ്ട് സുവിശേഷങ്ങളിലും നൂറ്റിപ്പത്താം സങ്കീർത്തനത്തിന്റെ ഒന്നാം വാക്യം ആവർത്തിക്കുന്ന ക്രിസ്തു, മിശിഹാ ദാവീദിന്റെ പുത്രനെങ്കിൽ, എങ്ങനെയാണ് ദാവീദ് അവനെ "കർത്താവ്" എന്ന് വിളിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. ഫരിസേയർക്ക് നൽകാനാകാതിരുന്ന ഉത്തരം വളരെ ലളിതമാണ്; ദാവീദ് സംസാരിക്കുന്നത് വരാനിരിക്കുന്ന മിശിഹായെക്കുറിച്ചാണ്, അവൻ തന്നെക്കാൾ വലിയവനാണെന്ന് ദാവീദ് മനസ്സിലാക്കുന്നുമുണ്ട്. മാർക്കോസിന്റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിൽ ഈ ചിന്ത കൂടുതൽ വ്യക്തമായി നാം കാണുന്നുണ്ട്. പരിശുദ്ധാത്മാവിനാൽ പ്രേരിതനായാണ് ദാവീദ് വരാനിരിക്കുന്ന മിശിഹായെ "എന്റെ കർത്താവ്" എന്ന് അഭിസംബോധന ചെയ്യുന്നതെന്ന് ക്രിസ്‌തുതന്നെ അവിടെ പറയുന്നുണ്ട്.

സിയോനിൽനിന്ന്, ഇസ്രായേലിന് പുറത്തേക്കുകൂടി മിശിഹായുടെ അധികാരപരിധി നീളുമെന്നുകൂടി ഇവിടെ നാം വായിക്കുന്നുണ്ട്.എല്ലാ രാജാക്കന്മാരെയും ദേശങ്ങളെയും ഭരിക്കേണ്ടവൻ മിശിഹായാണ്. ശത്രുക്കളുടെമേൽ അവനാണ് അധികാരം. സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ മൂന്ന് പ്രവചനങ്ങളാണ്. ശത്രുക്കളെ തന്റെ പുത്രന്റെ പാദപീഠമാക്കുമെന്നും, അവന്റെ അധികാരം സീയോനിൽ മാത്രം ഒതുങ്ങുന്നതാവില്ലെന്നും, അവന്റെ ശത്രുക്കളുടെ മധ്യത്തിൽ അവൻ വാഴുമെന്നുമുള്ള വാഗ്ദാനങ്ങളാണ് ദൈവം ദാവീദിലൂടെ പറയുന്നത്.

ദൈവം പുത്രനായി ഏറ്റെടുത്ത രാജാവ്

മൂന്നാം വാക്യം സങ്കീർത്തനത്തിലെ "രാജാവിനെ" മകനായി ദൈവം തിരഞ്ഞെടുക്കുന്നതിനേക്കുറിച്ചാണ്. ഈ വാക്യത്തിന്റെ രണ്ടാം ഭാഗം ഏതാണ്ട് ഇങ്ങനെയാണ് വായിക്കേണ്ടത്. "വിശുദ്ധമായ തേജസ്സോടെ പകൽനക്ഷത്രത്തിന് മുൻപ് മഞ്ഞുപോലെ ഞാൻ നിന്നെ ജനിപ്പിച്ചു". ദൈവം രാജാവിനെ തന്റെ പുത്രസ്ഥാനത്തോളം വലുതാക്കിയാണ് ജനതകൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവന്റേത് രാജകീയമായ ഒരു ജീവിതമാണ്. ഒരു പിതാവിന്റെ സ്നേഹത്തോടെയാണ് ദൈവം തന്റെ സാന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്നത്. തന്റെ പുത്രനുവേണ്ടി പിതാവായ ദൈവം തന്നെയാണ് വിജയം നേടിയെടുക്കുക.

നിത്യമായ പൗരോഹിത്യം

ഉത്പത്തിപുസ്തകത്തിന്റെ പതിനാലാം അധ്യായത്തിന്റെ പതിനെട്ട് മുതലുള്ള വാക്യങ്ങളിൽ നാം കണ്ടുമുട്ടുന്ന ഒരു രാജാവാണ് മെൽക്കിസെദേക്. സലേം എന്നറിയപ്പെട്ടിരുന്ന ജെറുസലേമിന്റെ രാജാവായിരുന്ന അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനാണ്. ദൈവത്തിനുവേണ്ടി അബ്രഹാത്തെ അനുഗ്രഹിക്കുന്നത് മെൽക്കിസെദെക്കാണ്. നൂറ്റിപ്പത്താം സങ്കീർത്തനത്തിന്റെ നാലാം വാക്യത്തിൽ ഈ മെൽക്കിസെദേക്കിന്റെ ക്രമമനുസരിച്ച് രാജാവ് എന്നേക്കും പുരോഹിതനായിരിക്കും എന്ന പ്രവചനമാണ് നാം കാണുന്നത്. ശക്തമായ ഒരു വാഗ്ദാനമാണിത്.

പുതിയനിയമത്തിന്റെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ, പിതാവായ ദൈവം, യാഹ്‌വെ, പുത്രനായ ദൈവത്തിന്റെ നിത്യമായ പൗരോഹിത്യത്തെക്കുറിച്ചാണ്, ഒരിക്കലും തിരികെയെടുക്കില്ലാത്ത, എന്നെന്നേക്കും നിലനിൽക്കുന്ന, ഈ വാഗ്ദാനം നൽകുക. ലോകത്തിനും ജനതകൾക്കും മുന്നിൽ ദൈവം തന്റെ പുത്രനായ ക്രിസ്തുവിന് നൽകുന്ന അംഗീകാരവും സാക്ഷ്യവുമായാണ് ഈ വാക്കുകളെ വ്യാഖ്യാനിക്കാനാവുക. ആദിമുതൽ ഉണ്ടായിരുന്നതും, എന്നേക്കും നിലനിൽക്കുന്നതുമാണ് ക്രിസ്തുവിന്റെ രാജത്വം.

അധികാരത്തിന്റെയും ശക്തിയുടെയും വലതുകരം

അഞ്ചാം വാക്യത്തിൽ നാം വായിക്കുന്നത് ഇങ്ങനെയാണ്: "കർത്താവ് നിന്റെ വലതുവശത്തുണ്ട്. തന്റെ ക്രോധത്തിന്റെ ദിനത്തിൽ അവിടുന്ന് രാജാക്കന്മാരെ തകർത്തുകളയും". രണ്ടാം വാക്യത്തിൽ ദൈവം തന്റെ വലതുഭാഗത്തിരുത്തിയ രാജാവിനെയാണ് നാം കണ്ടെത്തിയതെങ്കിൽ, ഇവിടെ ദൈവം തന്നെ രാജാവിന്റെ വലതുഭാഗത്തേക്ക് മാറുന്നു. രാജാക്കന്മാരെ തകർത്ത്, സിയോനിൽനിന്ന് പുറത്തേക്ക്, ലോകത്തേക്കെങ്ങും തന്റെ പുത്രന്റെ അധികാരത്തെ ദൈവം നീട്ടുകയാണ്. പുത്രന് ബലത്തിന്റെ വലതുകരമായിനിന്ന് യാഹ്‌വെയാണ് യുദ്ധം ചെയ്യുക ദൈവത്തിന്റെ ക്രോധം ആരുടെമേൽ പതിക്കുന്നുവോ, അവനെ ദൈവം തകർത്തുകളയും. കാരണം അധികാരം ദൈവത്തിന് അവകാശപ്പെട്ടതാണ്.

ദേശങ്ങളുടെമേൽ വിധി

എല്ലാ ദേശങ്ങളുടെയും മേൽ അധികാരം ദൈവത്തിന്റെതാണെന്നും അവന്റെ വിധി ഭൂമി മുഴുവന്റെയും മേലാണെന്നും ഒരിക്കൽക്കൂടി വ്യക്തമാക്കുന്നവയാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങൾ. എല്ലാ ശത്രുക്കളെയും തന്റെ രാജാവിന്റെ, അതായത് പുത്രന്റെ, പാദപീഠമാക്കുമെന്ന് ഒന്നാം വാക്യത്തിൽ പറഞ്ഞതിനോട് ചേർത്താണ് ഈ വാക്യങ്ങൾ വായിക്കാനും മനസിലാക്കാനും സാധിക്കുക. ആറാം വാക്യത്തിൽ ഇങ്ങനെയാണ് ദൈവത്തെക്കുറിച്ച് പറയുന്നത്: "ജനതകളുടെയിടയിൽ അവിടുന്ന് തന്റെ വിധി നടപ്പിലാക്കും; അവിടം ശവശരീരങ്ങൾ കൊണ്ടു നിറയും; ഭൂമിയിലെങ്ങുമുള്ള രാജാക്കന്മാരെ അവിടുന്ന് തകർക്കും" അധികാരത്തിലും മഹത്വത്തിലും ശിരസ്സുയർത്തിനിൽക്കുന്ന, ഭൂമിയെ മുഴുവനും, തന്റെ പുത്രന്റെ അധികാരത്തിന് കീഴിലാക്കുന്ന, ദൈവത്തിന്റെ ഒരു ചിത്രത്തോടെയാണ് ഈ സങ്കീർത്തനം അവസാനിക്കുന്നത്.

നമ്മുടെ വ്യക്തിജീവിതവും ദൈവവും

നൂറ്റിപ്പത്താം സങ്കീർത്തനവിചാരങ്ങൾ ദൈവം വിഭാവനം ചെയ്യുന്ന മിശിഹായുടെ രാജത്വത്തെക്കുറിച്ചാണ് നമ്മോട് സംവദിക്കുന്നത്. ദാവീദിന്റെ വാക്കുകളിലൂടെ, വരുവാനിരിക്കുന്ന മിശിഹായെക്കുറിച്ച് ഇസ്രായേൽ ജനത്തിന് പ്രതീക്ഷയുടെ വാഗ്‌ദാനമാണ് യാഹ്‌വെ നൽകുന്നത്. പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ, അധികാരത്തിലും മഹത്വത്തിലും ദൈവം വലംകൈയായി കൂടെയുള്ള രാജാവായ ദൈവമാണ് അവൻ. മെൽക്കിസെദെക്കെന്ന പുരോഹിതന്റെ ക്രമത്തിൽ നിത്യം പുരോഹിതനായി പിതാവിനാൽ തിരഞ്ഞെടുക്കപ്പെട്ടവനാണവൻ. ദേശങ്ങളും ജനതകളും അവന്റെ കീഴിലാക്കി മാറ്റാൻ യാഹ്‌വെ തന്നെയാണ് അവനുവേണ്ടി യുദ്ധം നടത്തുക.

നമ്മുടെ മനസ്സിലും ചില ചിന്തകളുണർത്താൻ ഈ സങ്കീർത്തനത്തിനാകണം. പിതാവ് ഭൂമി മുഴുവനും പുത്രന്റെ അധികാരത്തിന് കീഴിലാക്കുമ്പോൾ അവന്റെ രാജ്യത്തിൽ നമ്മുടെ സ്ഥാനമെവിടെയാണ്? ദൈവത്തിന്റെ വലത്തുകരം നമുക്കൊപ്പമുണ്ടോ? അവനൊപ്പം മഹത്വത്തിൽ ശിരസ്സുയർത്തിനിൽക്കാൻ നമുക്കാവുമോ? അതോ ദൈവത്തെ എതിർക്കുന്ന ശത്രുക്കൾക്കൊപ്പം അവന്റെ പാദപീഠമായി നാമും ഇല്ലായ്മചെയ്യപ്പെടുമോ? ഒരു പിതാവിനടുത്ത സ്നേഹത്തോടെ ദൈവം നമ്മോട് സംസാരിക്കാൻ, നാം അവനു പ്രീതിപാത്രങ്ങളാണോ? സുവിശേഷങ്ങളിൽ കാണുന്നതുപോലെ നമ്മുടെ ജീവിതമാകുന്ന ജെറീക്കോയുടെ പാതയിലൂടെ കടന്നു പോകുന്ന ക്രിസ്തുവിനോട് അന്ധയാചകനായിരുന്ന ബർത്തിമേയൂസിനെപ്പോലെ നമുക്കും പ്രാർത്ഥിക്കാം, ദാവീദിന്റെ പുത്രനായ ക്രിസ്തുവേ ഞങ്ങളിൽ കനിയേണമേ. സ്നേഹത്തോടെ, അവന്റെ കാരുണ്യത്തിന്റെ ദൃഷ്ടികൾ നമ്മിൽ പതിയട്ടെ,

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിപ്പത്താം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

ക്രിസ്തുവിലൂടെ പിതാവായ ദൈവത്തെ തിരിച്ചറിഞ്ഞ മനുഷ്യർക്കേ, പുത്രനിലൂടെ  നമ്മിലേക്കൊഴുകുന്ന ദൈവപിതാവിന്റെ സ്നേഹത്തെയും, തന്റെ ജനത്തിനുവേണ്ടി നിത്യപുരോഹിതനും രാജാവുമായ തന്റെ പുത്രനായ യേശുവിലൂടെ നമുക്കായി ഒരുക്കിയ രക്ഷാപദ്ധതിയും ദൈവത്തിന്റെ അനന്തമായ കാരുണ്യവും മനസ്സിലാക്കാനും, കൂടുതൽ സ്നേഹത്തോടെ യാഹ്‌വെ എന്ന പിതാവായ ദൈവത്തെ ആരാധിക്കുവാനും സാധിക്കൂ. നമ്മുടെ ജീവനും ജീവിതവും, സമ്പത്തും ആരോഗ്യവും ദൈവത്തിന് സമർപ്പിക്കുവാൻ, ലോകമെങ്ങും ദൈവത്തിന്റെ സ്നേഹം കൂടുതലായി അറിയപ്പെടുവാൻ നമ്മുടെ ജീവിതവും കാരണമാകാൻ പ്രാർത്ഥിച്ചുകൊണ്ട് ആരാധനയുടേതായ ഒരു ഗാനം നമുക്ക് ശ്രവിക്കാം. പരിശുദ്ധാത്മാവ് നമ്മെയും വിശ്വാസത്തിൽ വളർത്തട്ടെ.

ജോളി സിറിയക് എഴുതി നെൽസൺ പീറ്റർ സംഗീതം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെസ്റ്റർ.

അബാ പിതാവേ, അങ്ങേ ഞാൻ ആരാധിക്കുന്നു...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2021, 14:10