സങ്കീർത്തനചിന്തകൾ - 111 സങ്കീർത്തനചിന്തകൾ - 111 

കൃപാനിധിയായ കർത്താവ്

വചനവീഥി: നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിപ്പതിനൊന്നാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

നൂറ്റിപ്പതിനൊന്നാം സങ്കീർത്തനത്തിന്റെ ഒന്നാം വാക്യത്തിന്റെ ആരംഭം ഒഴികെ  ബാക്കി ഓരോ വരികളും ഹീബ്രൂ ഭാഷയിലെ അക്ഷരമാലയുടെ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്നൊരു പ്രത്യേകത ഈ സങ്കീർത്തനത്തിനുണ്ട്. സങ്കീർത്തനകർത്താവിന്റെ രചനാപാടവവും, അതുവഴി സങ്കീർത്തനവരികൾ ഓർത്തിരിക്കാൻ എളുപ്പമാകത്തക്കവിധം ക്രമീകരിച്ചിരിക്കുന്നതുമാണ് ഇവിടെ നാം കാണുന്നത്.

കാരുണ്യവാനും വാത്സല്യനിധിയുമായ യാഹ്‌വെ എന്ന ദൈവത്തെ വാഴ്ത്തുന്ന ഒരു സങ്കീർത്തനമാണിത്. അവൻ തന്റെ ജനത്തിന്റെ നന്മയ്ക്കും രക്ഷയ്ക്കും വേണ്ടി പ്രവർത്തിച്ച അത്ഭുതങ്ങളെക്കുറിച്ച് ഏതാനും വാക്യങ്ങളിലൂടെ ഓർമ്മിപ്പിച്ച്, ദൈവത്തിന് നന്ദിപറയുവാൻ, കർത്താവിനെ സ്തുതിക്കുവാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഒരു ചെറിയ സങ്കീർത്തനമാണ് ഇത്. വാഗ്ദാനങ്ങളിലും ഉടമ്പടികളിലും വിശ്വസ്തനായ കർത്താവിന്റെ പ്രമാണങ്ങൾ വിശ്വാസ്യങ്ങളാണെന്നും, അവ എന്നേക്കും പാലിക്കപ്പെടേണ്ടവയാണെന്നും സങ്കീർത്തകൻ ഓരോ വായനക്കാരനെയും ഓർമ്മിപ്പിക്കുന്നു. സ്വന്തം ചരിത്രവും തന്റെ ജീവിതത്തിൽ സൗജന്യമായി ദൈവം നൽകിയ അനുഗ്രഹങ്ങളെയും ഓർക്കുന്ന മനുഷ്യന് നന്ദി നിറഞ്ഞ മനസ്സോടെയേ ദൈവനാമം ഉരുവിടാനാകൂ.

ദൈവത്തിന് നന്ദി പറയുവാനുള്ള ക്ഷണവും തീരുമാനവും

ദേവാലയത്തിലെ ഗായകൻ ആലപിക്കുന്ന ഒരു രീതിയിലാണ് സങ്കീർത്തനത്തിന്റെ ഒന്നാം വാക്യം ആരംഭിക്കുന്നതുതന്നെ. ദേവാലയത്തിൽ ഒരുമിച്ചു വന്നു ചേർന്നിരിക്കുന്ന സമൂഹത്തോടാണ് സങ്കീർത്തകന്റെ ആദ്യവാക്യം സംവദിക്കുന്നത്. "കർത്താവിനെ സ്തുതിക്കുവിൻ! നീതിമാന്മാരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ ഞാൻ കർത്താവിന് നന്ദി പറയും". എന്തുകൊണ്ട് ദൈവത്തിന് നന്ദി പറയണം എന്നുപോലും പറയുന്നതിന് മുൻപുതന്നെ, എല്ലാവരെയും ദൈവത്തിന് നന്ദി പറയുവാൻ ക്ഷണിക്കുന്ന സങ്കീർത്തകൻ, പൂർണ്ണഹൃദയത്തോടെ താൻ ദൈവത്തിന് നന്ദി പറയും എന്നുകൂടി ഏറ്റുപറയുന്നു. രണ്ടു കാര്യങ്ങളാണ് ഇവിടെ വളരെ വ്യക്തമായുള്ളത്. ഒന്ന് അവിഭാജ്യമായ ഹൃദയത്തോടെയാണ് നാം ദൈവത്തിന് നന്ദിയർപ്പിക്കേണ്ടത്. രണ്ട്, സ്വജീവിതം കൊണ്ട് മാതൃക നൽകി പറയുന്ന കാര്യങ്ങൾക്ക് കൂടുതൽ വിശ്വാസ്യതയുണ്ട്. ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ദൈവത്തിൽ പൂർണ്ണഹൃദയത്തോടെ ശരണപ്പെടുകയും ചെയ്യുന്ന ഒരുവന്റെ വാക്കുകൾക്ക് കൂടുതൽ ആധികാരികതയുണ്ട്. സ്വകാര്യതയിൽ ദൈവത്തിന് അർപ്പിക്കുന്ന നന്ദിയുടെ മൂല്യം കുറവല്ലെങ്കിലും, സമൂഹത്തിനുമുന്നിൽ പരസ്യമായി ദൈവസ്‌തുതി ഏറ്റുപറയുന്നത്, മറ്റുള്ളവരുടെ ആദ്ധ്യാത്മികമായ വളർച്ചയ്ക്ക് കൂടി കാരണമാകുന്നുണ്ട്.

കർത്താവിന്റെ പ്രവൃത്തികളുടെ പ്രത്യേകതകൾ

സങ്കീർത്തനത്തിന്റെ രണ്ടും മൂന്നും വാക്യങ്ങൾ കർത്താവിന്റെ പ്രവൃത്തികളുടെ പ്രത്യേകതകളെക്കുറിച്ചുള്ള ഒരു ചിന്തയാണ്. ഈ വാക്യങ്ങൾ ഇങ്ങനെയാണ് "കർത്താവിന്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്; അവയിൽ ആനന്ദിക്കുന്നവർ അവ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നു. അവിടുത്തെ പ്രവൃത്തി മഹത്ത്വവും തേജസ്സുറ്റതുമാണ്; അവിടുത്തെ നീതി ശാശ്വതമാണ്". കർത്താവ് സ്തുതിക്ക് യോഗ്യനാണെന്ന് പറയുന്ന സങ്കീർത്തകൻ, കർത്താവിന്റെ പ്രവൃത്തികൾ ശ്രേഷ്‌ഠങ്ങളാണെന്ന് ഏറ്റുപറയുന്നു. കർത്താവിന്റെ പ്രവൃത്തികൾ എന്നതിൽ, അവൻ സൃഷ്‌ടിച്ച പ്രപഞ്ചവും, അതിലുള്ളവയും ഉൾപ്പെടും. ദൈവം ചെയ്ത കാര്യങ്ങൾ എല്ലാം മഹത്തരമെന്ന് തിരിച്ചറിയണമെങ്കിൽ നാം അവയെ കൂടുതൽ ആഴത്തിൽ നോക്കിക്കാണേണ്ടതുണ്ട്. അപ്പോഴാണ് അവന്റെ പ്രവർത്തികളുടെയും എന്നേക്കും നിലനിൽക്കുന്നതും ഉന്നതവുമായ ദൈവത്തിന്റെ നീതിയുടെയും മഹത്വം നമുക്ക് കൂടുതലായി മനസ്സിലാക്കാനാകുക. ദൈവത്തെ കൂടുതലായി അറിയുന്തോറും അവനെ കൂടുതൽ സ്നേഹഹിക്കാനും, കൂടുതലായി സ്നേഹിക്കുന്തോറും അവനെ കൂടുതൽ അറിയുവാനും സാധിക്കും.

ഇസ്രയേലിന്റെ ചരിത്രത്തിലെ ദൈവത്തിന്റെ പ്രവൃത്തികൾ

നാലുമുതൽ ആറുവരെയുള്ള സങ്കീർത്തനവാക്യങ്ങളിൽ ഇസ്രായേലിന് അനുഭവവേദ്യമായ ദൈവപ്രവൃത്തികളെക്കുറിച്ച് പരാമർശിക്കുകയാണ് സങ്കീർത്തകൻ. നാലാം വാക്യം ഒരു തിരിച്ചറിവും ഓർമ്മപ്പെടുത്തലുമാണ്. കൃപാലുവും വാത്സല്യനിധിയുമായ കർത്താവിന്റെ അത്ഭുതപ്രവൃത്തികൾ മനുഷ്യരാൽ എന്നും ഓർമ്മിക്കപ്പെടാൻ തക്കവണ്ണം മഹനീയമാണ്. ദൈവത്തിൽനിന്ന് ലഭിച്ച സ്നേഹവും അത്ഭുതകരമായ രീതിയിൽ നമ്മുടെ ജീവിതത്തിൽ ദൈവം ഇടപെടുന്നതുമൊക്കെ മറക്കുന്ന മനുഷ്യർക്ക് അവന്റെ മഹത്വത്തെ തങ്ങളുടെ ജീവിതംകൊണ്ട് ഏറ്റുപറയാൻ സാധിക്കില്ല എന്നുമാത്രമല്ല, ഒരിക്കലും മറക്കരുതാത്ത ദൈവത്തെ മറന്ന് അവർ ജീവിക്കുകയും ചെയ്യും. അഞ്ചാം വാക്യം ഇങ്ങനെയാണ്: "തന്റെ ഭക്തർക്ക് അവിടുന്ന് ആഹാരം നൽകുന്നു; അവിടുന്ന് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു". മരുഭൂമിയിൽ വച്ച് മന്നാ നൽകിയ സംഭവത്തോടാണ് ഈ വാക്യത്തിന്റെ ആദ്യഭാഗത്തെ പലരും ബന്ധിപ്പിച്ചു ചിന്തിക്കുന്നത്. ദൈവത്തോട് എല്ലായ്പ്പോഴും വിശ്വസ്തരായിരുന്നില്ലെങ്കിലും, ഇസ്രായേൽ ജനത്തെ സംബന്ധിച്ചിടത്തോളം, യാഹ്‌വെ എന്ന ദൈവം തന്റെ ഉടമ്പടികളിൽ വിശ്വസ്തനാണെന്നതിനെക്കുറിച്ച് സംശയമൊന്നുമുണ്ടാകാൻ വഴിയില്ല. തങ്ങളുടെ പുറപ്പാടനുഭവത്തിലും, പിന്നീട് കാനാൻദേശത്തും, ഉടമ്പടിയുടെ ദൈവത്തിന്റെ വിശ്വസ്തത അവർ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. "ജനതകളുടെ അവകാശത്തെ തന്റെ ജനത്തിന് നൽകിക്കൊണ്ട് തന്റെ പ്രവൃത്തികളുടെ ശക്തിയെ അവർക്ക് വെളിപ്പെടുത്തി" എന്ന ആറാം വാക്യം, പ്രത്യേകമായി അർഹതകളൊന്നുമില്ലാതിരുന്നിട്ടും, ഇസ്രായേൽ ജനത്തിന്, തന്റെ വാഗ്ദാനമനുസരിച്ച് കാനാൻദേശം അവകാശമായി നൽകിയ ദൈവത്തിന്റെ വിശ്വസ്തതയെ ആണ് ഓർമ്മിപ്പിക്കുന്നത്.

കർത്താവിന്റെ പ്രമാണങ്ങളും ദൈവഭയവും

ദൈവത്തിന്റെ പ്രവൃത്തികൾ നീതിയുക്തവും വിശ്വസ്‌തവുമാണെന്ന് ഒരിക്കൽക്കൂടി ഏഴാം വാക്യത്തിൽ ഓർമ്മിപ്പിക്കുന്ന സങ്കീർത്തകൻ എട്ടാം വാക്യത്തിൽ കർത്താവിന്റെ പ്രമാണങ്ങളെക്കുറിച്ചും അവയോടും ദൈവത്തോടും നമുക്കുണ്ടാകേണ്ട മനോഭാവത്തെക്കുറിച്ചുമാണ് ഓർമ്മിപ്പിക്കുന്നത്. "അവിടുത്തെ പ്രമാണങ്ങൾ വിശ്വാസ്യമാണ്; വിശ്വസ്തതയോടും പരാമർത്ഥതയോടും കൂടെ പാലിക്കപ്പെടാൻ, അവയെ എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു" എന്ന എട്ടാം വാക്യം മനുഷ്യരോട് വിശ്വസ്തനായ ദൈവത്തിന്റെ പ്രമാണങ്ങളോട് മനുഷ്യരും വിശ്വസ്തതയോടെ ജീവിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. വിശുദ്ധവും ഭീതിദായകവുമാണ് ദൈവനാമം എന്ന് ഇസ്രയേലിനെ ഓർമ്മിപ്പിക്കുന്ന സങ്കീർത്തകൻ, സങ്കീർത്തനത്തിന്റെ അവസാനവാക്യമായ പത്തം വാക്യത്തിൽ, ദൈവത്തെക്കുറിച്ചുള്ള തിരിച്ചറിവ്, അവനോടുള്ള ഭക്തിയിലും, സ്നേഹത്തിലും നമ്മെ വളർത്തുമെന്നും അങ്ങനെ നമ്മെ വിവേകമുള്ളവരാക്കി മാറ്റുമെന്ന് ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിന്റെ നന്മയും, തന്റെ ജനത്തോടുള്ള ഒരിക്കലും അവസാനിക്കാത്ത വിശ്വസ്തതയും തിരിച്ചറിയുന്ന മനുഷ്യൻ ദൈവത്തെ എന്നും എല്ലായിടത്തും സ്തുതിക്കും.

നമുക്കുണ്ടാകേണ്ട തിരിച്ചറിവുകൾ

നൂറ്റിപ്പതിനൊന്നാം സങ്കീർത്തനവിചാരങ്ങൾ ഇവിടെ ചുരുക്കുമ്പോൾ, ഇസ്രായേലിനോടെന്നപോലെ ഈ സങ്കീർത്തനം നമ്മോടും, നമ്മുടെ ജീവിതത്തെക്കുറിച്ച് ഒരു വിചിന്തനത്തിന് ക്ഷണിക്കുന്നുണ്ട്. കുറുകിയ ഓർമ്മകളും ചുരുങ്ങിയ സ്നേഹപ്രകടനങ്ങളുമുള്ളവരാണ് നാമെന്നൊരു പരാതി ഒരുപക്ഷെ സങ്കീർത്തകൻ നമ്മെക്കുറിച്ചും ഉയർത്തുന്നുണ്ട്. അർഹിക്കാത്ത കാനാൻദേശവും കൃപയുടെ മന്നാ അപ്പവും, നമ്മുടെ രക്ഷയ്ക്കായി സ്വപുത്രനെ ബലിയായേകിയ വാത്സല്യവും നമുക്ക് തന്ന ദൈവത്തോട് നാം നന്ദിയുള്ളവരായിരുന്നോ? അവന്റെ സ്നേഹപ്രമാണങ്ങൾ നമ്മുടെ ജീവിതത്തിൽ വിശ്വസ്തതയോടെ നാം പാലിച്ചിട്ടുണ്ടോ? നമ്മുടെ ഹൃദയങ്ങളിൽ ദൈവസ്തുതിയുയരട്ടെ. അവന്റെ നാമത്തിന് ചേർന്ന മഹത്വത്തോടെ നമുക്ക് ദൈവത്തിന് മുന്നിൽ എളിമയോടെ, എന്നാൽ മക്കൾക്കടുത്ത സ്വാതന്ത്ര്യത്തോടെ നിൽക്കാം. ഒരു പിതാവിനടുത്ത വാത്സല്യത്തോടെ അവൻ നമ്മെ സംരക്ഷിച്ചു പരിപാലിക്കട്ടെ. സഭയിലും ലോകത്തിലും സങ്കീർത്തകനോടൊത്ത് പൂർണ്ണഹൃദയത്തോടെ നമ്മുടെ ദൈവമായ കർത്താവിന് നമുക്ക് നന്ദി പറയാം.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിപ്പതിനൊന്നാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

നമ്മുടെ അവിശ്വസ്തതകൾക്ക് മുന്നിലും നമ്മോട് സ്നേഹത്തിൽ വിശ്വസ്തനായ ഒരു ദൈവമാണ് നമുക്കുള്ളത്. ഒരിക്കലും പിരിയില്ലെന്നു കരുതി ചേർത്തുപിടിച്ച കരങ്ങൾ നമ്മെ കൈവെടിയുമ്പോൾ, ആണിപ്പഴുതുകളുള്ള ക്രിസ്തുവിന്റെ രക്ഷയുടെ കരങ്ങൾ നമ്മെ കൈപിടിച്ചുനടത്തും. പാപത്താലും ദുരനുഭവങ്ങളാലും മുറിഞ്ഞ നമ്മുടെ ഹൃദയത്തിന്റെ വേദനകളിൽ തന്റെ സ്നേഹമൊഴുക്കി നമ്മെ അവൻ സൗഖ്യരാക്കും. എങ്ങൊട്ടെന്നറിയാതെ ജീവിതത്തിന്റെ ഇരുളടഞ്ഞ വഴിത്തിരിവുകളിൽ അലയുന്ന നമുക്ക് തന്റെ വചനത്തിന്റെ വെളിച്ചത്താൽ അവൻ മാർഗ്ഗമരുളും. നമ്മുടെ ഒന്നുമില്ലായ്മയിൽ അവൻ നിറവായെത്തും. ദൈവത്തോടുള്ള നന്ദിയുടെ ഒരു ഗാനമാണ് അടുത്തത്. കെസ്റ്റർ ആലപിച്ച ഈ ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും ചാൾസ് ജേക്കബ് ആണ് നിർവ്വഹിച്ചിരിക്കുന്നത്.

നന്ദി നന്ദി എൻ ദൈവമേ...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2021, 14:17