ഫ്രാൻസിസ് പാപ്പാ 2019 മാർച്ച് 31-ന് മൊറോക്കോയിൽ വെച്ച്  ജാൻ പിയർ ഷൂമാക്കറെ കണ്ടുമുട്ടിയപ്പോൾ... ഫ്രാൻസിസ് പാപ്പാ 2019 മാർച്ച് 31-ന് മൊറോക്കോയിൽ വെച്ച് ജാൻ പിയർ ഷൂമാക്കറെ കണ്ടുമുട്ടിയപ്പോൾ... 

തിബിറിൻ കൂട്ടക്കൊലയെ അതിജീവിച്ച അവസാന വ്യക്തിയും അന്തരിച്ചു

ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസിയായിരുന്ന ജാൻ പിയർ ഷൂമാക്കറാണ് കഴിഞ്ഞ ഞായറാഴ്ച മൊറോക്കൊയിൽ നിര്യാതനായത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പത്ത് കൊല്ലം നീണ്ടു നിന്ന അൾജീരിയായിലെ അഭ്യന്തര യുദ്ധത്തിൽ  ഏഴ് ധന്യരായ തിബിറിൻ രക്തസാക്ഷികളെ സൃഷ്ടിച്ച 1996  ലെ കൂട്ടക്കൊലയെ അതിജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് 97 വയസ്സായിരുന്നു. മൊറോക്കോയിൽ അൾത്താസിലുള്ള പരിശുദ്ധ കന്യകയുടെ ട്രാപ്പിസ്റ്റ് ആശ്രമത്തിൽ ഞായറാഴ്ച രാവിലെ അദ്ദേഹം വളരെ സമാധാനപൂർവ്വം കർത്താവിൽ നിദ്രപ്രാപിക്കുകയായിരുന്നു. 2000 മുതൽ ഈ ആശ്രമ അന്തേവാസിയായിരുന്നു ജാൺ പിയർ. റ്ബാറ്റിൽ മൊറോക്കൊ സഭയാണ് ഈ വാർത്ത അറിയിച്ചത്. അൾജീരിയയിലെ അഭ്യന്തര യുദ്ധത്തിൽ ട്രാപ്പിസ്റ്റ് ആശ്രമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട ഏഴ് സന്യാസിമാരിൽ നിന്ന് രക്ഷപെട്ട രണ്ട് പേരിൽ ഒരാളായിരുന്നു ജാൺ പിയർ. അക്രമം അതിജീവിച്ച അമേദീ 2008 ൽ മരണമടഞ്ഞിരുന്നു.

തട്ടിക്കൊണ്ടുപോകലും സന്യാസിമാരുടെ കൊലപാതകവും

ആശ്രമ തലവനായിരുന്ന ക്രിസ്റ്റ്യാൻ ദെ ചെർജെ ഉൾപെടെ ഏഴ് സന്യസ്തരെ തട്ടിക്കൊണ്ടുപോയി അക്രമികൾ തല വെട്ടി കൊല്ലുകയായിരുന്നു. തിബിറിനിൽ നിന്നകലെയല്ലാതെ രണ്ടു മാസങ്ങൾക്കു ശേഷമാണ് ഇവരുടെ ശിരസ്സുകൾ കണ്ടെത്തിയത് എങ്കിലും ഇതുവരെ ശരീരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവരുടെ മൃതാവശിഷ്ടം അവിടെ തന്നെ സംസ്കരിച്ചു. സായുധ ഇസ്ലാമിക സംഘം (GIA) തട്ടിക്കൊണ്ടുപോകലിന്റെയും  കൊലപാതത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തുവെങ്കിലും അതിന്റെ സാഹചര്യങ്ങൾ പൂർണ്ണമായി തെളിയിക്കപ്പെട്ടിട്ടല്ല.

ജാൺ പിയർ ഷൂമാക്കർ

1924 ൽ ലൊറൈനിൽ കത്തോലിക്ക തൊഴിലാളി കുടുംബത്തിൽ  ജനിച്ച ജാൺ പിയർ തന്റെ   പഠനങ്ങൾ മാരിസ്റ്റ് വൈദികർക്കൊപ്പമാണ് നടത്തിയത്. 1953 ൽ വൈദീകനായി അഭിഷിക്തനായ അദ്ദേഹം 1957 ൽ ബ്രിട്ടനിയിലെ നോട്രഡാം  ദെ ടിമഡക് ആശ്രമത്തിൽ പ്രവേശിച്ചു. അൾജീരിയൻ ആർച്ച് ബിഷപ്പായിരുന്ന ലെയോ എതിയെൻ ദുവാളിന്റെ   ആവശ്യപ്രകാരമാണ് അദ്ദേഹം അറുപതുകളുടെ മദ്ധ്യത്തിൽ മറ്റു മൂന്നു സന്യാസിമാരൊപ്പം മുസ്ലിം പരിസരത്ത് ഒരു ചെറിയ ആശ്രമം പണിത് ദരിദ്രരോടൊപ്പം ദരിദ്രരായി ജീവിക്കാനെത്തിയത്. 1996ൽ ഉണ്ടായ കൂട്ടക്കൊല സംഭവത്തിനു ശേഷം രക്ഷപ്പെട്ട മറ്റു സന്യാസിയോടൊപ്പം മിഡെൽറ്റിലെ ചെറിയ ട്രാപ്പിസ്റ്റ് ആശ്രമത്തിലേക്ക് മാറുകയായിരുന്നു.

തങ്ങളുടെ പുതിയ ആശ്രമത്തിൽ തങ്ങൾ  തിബിറിന്റെ ഒരു ചെറിയ അവശിഷ്ടമാണെന്നും സുവിശേഷത്തോടും, സഭയോടും അൾജീരിയയിലെ ജനങ്ങളോടുമുള്ള വിശ്വസ്തതയുടെ അടയാളമാണ്  ആശ്രമത്തിലെ തങ്ങളുടെ സാന്നിധ്യം എന്നും അവർ രണ്ടു പേരും പറയുമായിരുന്നു. എന്തുകൊണ്ടാണ് കൂട്ടക്കൊല അതിജീവിക്കാൻ തന്നെ അനുവദിച്ചതെന്ന് അദ്ദേഹം സ്വയം ചോദിക്കുമായിരുന്നു. കൂട്ടക്കൊലയുടെ സാക്ഷിയാവാനും മുസ്ലിം സഹോദരരുമായുള്ള ഐക്യത്തിന്റെ   അനുഭവം തുടർന്നു കൊണ്ടുപോകാനുമായിരുന്നു  അതെന്ന് ജാൺ പിയർ തന്നെ പറഞ്ഞിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2021, 14:18