യു. കെ. പാർലമെന്റിൽനിന്ന് പുറത്തേക്ക് വരുന്ന അംഗങ്ങൾ യു. കെ. പാർലമെന്റിൽനിന്ന് പുറത്തേക്ക് വരുന്ന അംഗങ്ങൾ 

ദുർബലരായ മനുഷ്യരെക്കുറിച്ച് ആശങ്കയുണർത്തുന്ന ദയാവധം

ഒക്ടോബർ 22 വെള്ളിയാഴ്ച ഇംഗണ്ടിലെ ഹൗസ് ഓഫ് ലോർഡ്‌സ് എന്ന പാർലമെന്റിന്റെ വിഭാഗത്തിൽ, ദയാവധവുമായി ബന്ധപ്പെട്ട നിയമത്തെ സംബന്ധിച്ച രണ്ടാംവട്ട ചർച്ച നടക്കാനിരിക്കെ, ഐക്യരാജ്യങ്ങളിലെ (UK) വിവിധ മതനേതാക്കൾ ഈ നിയമനിർമ്മാണത്തിനെതിരെ രംഗത്തിറങ്ങി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഏറ്റവും ദുർബലരും, രോഗികളുമായ ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാൻ കൂടുതൽ സാധ്യതകളുള്ള ഈ നിയമനിർമ്മാണത്തിനെതിരെ ഇംഗ്ലണ്ടിലെയും വെയില്സിലെയും മെത്രാന്മാരുടെ സംഘം കഴിഞ്ഞ ആഴ്ചയിൽ എല്ലാ ക്രൈസ്തവവിശ്വാസികളെയും പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തിരുന്നു. ദയാവധവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന, ഇംഗ്ലണ്ടിലെയും വെയില്സിലെയും മെത്രാൻസംഘത്തിന്റെ അധ്യക്ഷനും വെസ്റ്റമിനിസ്റെർ അതിരൂപതാധ്യക്ഷനുമായ കർദ്ദിനാൾ വിൻസെന്റ് നിക്കോളാസ്, കാന്റർബറി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി, പ്രധാനയഹൂദനേതാവ് എഫ്രയിം മിർവിസ്‌ എന്നിവർ ഒപ്പിട്ട ഒരു കത്ത് ഇംഗ്ലണ്ടിലെയും വെയില്സിലെയും മെത്രാൻസംഘത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരസഹായത്തോടെയുള്ള മരണവുമായി ബന്ധപ്പെട്ട ഈ നിയമപദ്ധതി ഉൾക്കൊള്ളുന്ന പ്രായോഗികമായ അപര്യാപ്തതകളും, അപകടസാധ്യതകളും, അനർത്ഥങ്ങളും ഉയർത്തിക്കാട്ടിയ മൂന്ന് പേരും ഈ കത്തിൽ, ഇത്തരമൊരു നിയമം ചർച്ചചെയ്യപ്പെടുന്നതിലുള്ള തങ്ങളുടെ അതിശക്തമായ ആശങ്ക പ്രകടിപ്പിച്ചു. ദുർബലരും രോഗികളുമായ വ്യക്തികളെ കൂടുതൽ അപകടസാധ്യതകളിലേക്ക് തള്ളിവിട്ടുകൊണ്ടല്ല പൊതുനന്മ കൊണ്ടുവരുന്നതെന്ന് അവർ വ്യക്തമാക്കി. മാനവികത എന്ന പൊതുവായ ചരടിൽ ഒന്നുചേർന്ന്, സമൂഹത്തിലെ ദുർബലരായ മനുഷ്യരുടെ സംരക്ഷണത്തിനായി ഒന്നിക്കാൻ എല്ലാ മതവിശ്വാസികളെയും മൂന്ന് മതനേതാക്കളും ആഹ്വാനം ചെയ്തു.

ഈ പുതിയ നിയമനിർമ്മാണപദ്ധതിയിൽനിന്ന് വ്യത്യസ്തമായി, ജീവിതത്തിന്റെ അവാസാനഘട്ടത്തിലായവർക്ക് കൂടുതൽ നിലവാരമുള്ള സാന്ത്വനപരിചരണം ലഭ്യമാക്കാനുള്ള നടപടികൾ ആണ് വേണ്ടതെന്ന് മതനേതാക്കൾ ആവശ്യപ്പെട്ടു. സഹാനുഭൂതിയുള്ള ഒരു സമൂഹത്തിന്റെ ലക്‌ഷ്യം ആത്മഹത്യയ്ക്ക് സഹായിക്കുകയല്ല, മറിച്ച് ജീവിക്കാൻ സഹായിക്കുകയാണെന്നും, തങ്ങൾ ഏറ്റുപറയുന്ന വിശ്വാസങ്ങൾ അനുസരിച്ച് എല്ലാ ജീവിതവും സൃഷ്ടാവിന്റെ അമൂല്യമായ ദാനമാണെന്നും, എല്ലാവരുടെയും ജീവിതം സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണമെന്നും കത്തിൽ അവർ വ്യക്തമാക്കി.

ഈ നിയമം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന "രോഗികളും വയ്യാത്തവരുമായ ആളുകളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുക"എന്ന നല്ല ഉദ്ദേശത്തെ തങ്ങൾ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ മതനേതാക്കൾ, എന്നാൽ പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവയ്ക്കപ്പെട്ട മാർഗ്ഗങ്ങളോട്, അതായത്, പരസഹായത്തോടെ ജീവിതം അവസാനിപ്പിക്കുന്നതിനോട് തങ്ങൾ യോജിക്കുന്നില്ല എന്ന് കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2021, 16:27