തിരയുക

സങ്കീർത്തനചിന്തകൾ - 107 സങ്കീർത്തനചിന്തകൾ - 107 

രക്ഷകനായ ദൈവത്തെ സ്തുതിക്കുക

വചനവീഥി: നൂറ്റിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിയേഴാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിയേഴാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

ഇസ്രായേൽ ജനത്തിന്റെ പ്രവാസകാലത്തിന് ശേഷം രൂപപ്പെട്ട ഒരു സങ്കീർത്തനമായാണ് നൂറ്റിയേഴാം സങ്കീർത്തനം കരുതപ്പെടുന്നത്. "കർത്താവിനു നന്ദി പറയുവിൻ; അവിടുന്ന് നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു" എന്ന് തുടങ്ങുന്ന ഒന്നാം വാക്യം മുതൽ "ദേശങ്ങളിൽനിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടുന്ന് അവരെ ഒന്നിച്ചുകൂടി" എന്ന മൂന്നാം വാക്യം വരെ, തങ്ങളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ദൈവത്തിന്റെ പരിരക്ഷണം പ്രത്യേകമായി അനുഭവിച്ച ജനത്തോട് ദൈവത്തിന് നന്ദിയുടെ കീർത്തനങ്ങൾ ആലപിക്കാൻ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നു. സങ്കീർത്തനത്തിന്റെ ഒന്നുമുതൽ മുപ്പത്തിരണ്ടുവരേയുള്ള ഭാഗം കൃതജ്ഞതയുടേതാണ്. മുപ്പത്തിമൂന്ന് മുതൽ നാല്പത്തിമൂന്നുവരെയുള്ള ഭാഗം ജ്ഞാനഗീതമായും കണക്കാക്കപ്പെടുന്നു.

നാലുതരം തിന്മകളിൽനിന്നുള്ള രക്ഷയും നന്ദിയും

സങ്കീർത്തനത്തിന്റെ നാലുമുതൽ മുപ്പത്തിരണ്ടുവരേയുള്ള വാക്യങ്ങളിൽ നാല് തലങ്ങളിലായി ദൈവത്തിന്റെ രക്ഷയെ തങ്ങൾ അനുഭവിച്ചത് ഇസ്രായേൽ ജനത്തിന്റെ ഓർമ്മയിലേക്ക് സങ്കീർത്തകൻ കൊണ്ടുവരികയാണ്. രക്ഷയുടെ ഓരോ അനുഭവങ്ങളും ദൈവത്തിന് നന്ദി പറയുവാനുള്ള ഓരോ അവസരങ്ങളാണ്. തങ്ങൾ നേരിട്ടതും നേരിടുന്നതുമായ ഓരോ തിന്മയുടെ അനുഭവങ്ങളിലും അത്ഭുതകരമായി തങ്ങളെ രക്ഷിച്ച ദൈവത്തിന് എത്രമാത്രം നന്ദി പറഞ്ഞാലും മതിയാകില്ല എന്ന ബോധ്യത്തിൽനിന്നാണ് സങ്കീർത്തകൻ സംസാരിക്കുന്നത്.

നാലുമുതൽ ഒൻപതുവരെയുള്ള വാക്യങ്ങൾ ഊഷരതയുടെ മരുഭൂമിയനുഭവത്തിൽനിന്നുള്ള രക്ഷയെയും ദൈവത്തിന്റെ സംരക്ഷണത്തെയുമാണ് വർണ്ണിക്കുന്നത്. നഗരത്തിലേക്ക് വഴി കണ്ടെത്താനാകാതെ മരുഭൂമിയിൽ അലഞ്ഞുനടന്ന ജനത്തെ "വാസയോഗ്യമായ നഗരത്തിൽ എത്തുവോളം അവരെ അവിടുന്ന് നേർവഴിക്ക് നയിച്ചു" എന്നാണ് ഏഴാം വാക്യം സാക്ഷിക്കുന്നത്. തങ്ങളെ വഴിനയിച്ച ദൈവത്തിന് നന്ദി പറയാൻ സങ്കീർത്തകൻ ജനത്തെ ആഹ്വാനം ചെയ്യുന്നു. ഒൻപതാം വാക്യത്തിൽ വിവരിക്കുന്നതുപോലെ മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിന്റെ ദാഹത്തിന് ദൈവം ജലം നൽകിയതും, വിശപ്പിന് വിശിഷ്ടവിഭവങ്ങൾ കൊണ്ട് തൃപ്തി വരുത്തിയതും നാം വിശുദ്ധഗ്രന്ഥത്തിൽ കാണുന്നുണ്ട്.

അന്ധകാരത്തിന്റെ തടവിലാക്കപ്പെട്ട മനുഷ്യരെ മോചിപ്പിച്ച ദൈവത്തെക്കുറിച്ചാണ് പത്തുമുതൽ പതിനാറു വരെയുള്ള വാക്യങ്ങൾ പറയുന്നത്. ദൈവഹിതത്തിനെതിരായി പ്രവർത്തിക്കുന്നതും, അവന്റെ വാക്കുകൾ ധിക്കരിക്കുന്നതുമാണ് പാപത്തിലേക്കും, അതുവഴി തിന്മയുടെ അടിമത്തത്തിലേക്കും മനുഷ്യരെ കൊണ്ടുപോകുന്നത്. "പീഡിതരും ബന്ധിതരുമായി അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും ഇരുന്ന" (10) മനുഷ്യർ "തങ്ങളുടെ കഷ്ടതയിൽ കർത്താവിനോട് നിലവിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് അവരെ ഞെരുക്കങ്ങളിൽനിന്ന് രക്ഷിച്ചു" എന്ന് സങ്കീർത്തനത്തിന്റെ പതിമൂന്നാം വാക്യം ഏറ്റുപറയുന്നുണ്ട്. പതിനാറാം വാക്യം പറയുന്നതുപോലെ "അവിടുന്ന് പിച്ചളവാതിലുകൾ തകർക്കുന്നു; ഇരുമ്പോടാമ്പലുകളെ ഒടിക്കുന്നു". അധികാരങ്ങൾ എത്ര വലുതും അന്ധകാരം എത്ര ശക്തവും ആയിക്കൊള്ളട്ടെ, തന്റെ ജനത്തെ അവയിൽനിന്നൊക്കെ മോചിക്കാൻ ദൈവത്തിനാകും.

മാരകമായ അസുഖങ്ങളിൽനിന്ന് തന്റെ ജനത്തെ മോചിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് പതിനേഴുമുതൽ ഇരുപത്തിരണ്ടുവരേയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. രോഗം എന്നത് മനുഷ്യരുടെ പാപത്തിനുള്ള ദൈവശിക്ഷയാണ് എന്ന ഒരു ചിന്തയാണ് ഈ വരികളിൽ പ്രതിഫലിക്കുന്നത്. പതിനേഴാം വാക്യത്തിൽ കാണുന്നതുപോലെ പാപകരമായ മാർഗങ്ങൾ പിന്തുടർന്ന്, തങ്ങളുടെ അകൃത്യങ്ങളാൽ മൃത്യുകവാടങ്ങളെ സമീപിച്ച തിരഞ്ഞെടുക്കപ്പെട്ട ജനം കർത്താവിനോട് നിലവിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് അവരെ ഞെരുക്കങ്ങളിൽനിന്ന് രക്ഷിച്ചു. ഇരുപതാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു; "അവിടുന്ന് തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തിൽനിന്ന് വിടുവിച്ചു".

അപകടകരമായ കടലിൽനിന്ന് ജനത്തെ ദൈവം രക്ഷിച്ചതിനെക്കുറിച്ചാണ് ഇരുപത്തിമൂന്ന് മുതൽ മുപ്പത്തിരണ്ടുവരേയുള്ള വാക്യങ്ങൾ. ദൈവം അനുവദിക്കുന്നതുകൊണ്ടാണ് ചില തിരമാലകൾ ജീവിതമാകുന്ന കടലിൽ ഉയരുന്നത്. അവിടെ സ്വന്തം കരബലത്തിലുള്ള വിശ്വാസത്തെക്കാൾ എല്ലാത്തിനെയും നിയന്ത്രിക്കാൻ കഴിവുള്ള ദൈവത്തിലേക്ക് വിശ്വാസത്തിന്റെ നിലവിളി ഉയർത്തുമ്പോൾ, ദൈവത്തോട് ചേർന്ന് യാത്രചെയ്യുമ്പോൾ, "അവിടുന്ന് അവരെ ഞെരുക്കങ്ങളിൽനിന്ന് വിടുവിക്കുമെന്നും, കൊടുങ്കാറ്റിനെ ശാന്തമാക്കുമെന്നും" ഇരുപത്തിയെട്ടും ഇരുപത്തിയൊൻപതും വാക്യങ്ങൾ നമ്മോട് പറയുന്നു.

നാല് എന്ന സംഖ്യയ്ക്ക് പൂർണ്ണതയുടേതായ ഒരു മാനം വിശുദ്ധഗ്രന്ഥത്തിലുണ്ട്. അങ്ങനെ ഇവിടെ വിവരിച്ചിരിക്കുന്ന നാല് തിന്മകളിൽനിന്നും, അതായത്, എല്ലാ രീതിയിലുമുള്ള തിന്മകളിൽനിന്നും ദുരവസ്ഥകളിൽനിന്നും, തന്നെ വിളിച്ചപേക്ഷിച്ച ജനത്തെ രക്ഷിച്ച ദൈവത്തെക്കുറിച്ച് ജനത്തെ ഓർമ്മിപ്പിച്ചിട്ട് സങ്കീർത്തകൻ നാലുവട്ടവും ആവർത്തിക്കുന്ന ഒരു വാക്യമുണ്ട്. എട്ട്, പതിനഞ്ച്, ഇരുപത്തിയൊന്ന്, മുപ്പത്തിയൊന്ന് എന്നീ വാക്യങ്ങളാണവ: "അവർ കർത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കൾക്കായി അവിടുന്ന് ചെയ്ത അത്ഭുതങ്ങളെപ്രതിയും നന്ദി പറയട്ടെ". ഒരു മനുഷ്യൻ കടന്നുപോകുന്ന വിഷമാവസ്ഥ എന്തുമായിക്കൊള്ളട്ടെ, അവിടെയൊക്കെ ദൈവത്തിന് കടന്നുചെല്ലാൻ സാധിക്കുമെന്നും, അവനെ സ്വാതന്ത്രനാക്കാൻ ദൈവത്തിന് കഴിയുമെന്നുമാണ് സങ്കീർത്തനത്തിന്റെ ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. വിശ്വാസത്തോടെയും ശരണത്തോടെയും ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോൾ, ഒരുവൻ കടന്നുപോകുന്ന ഇരുട്ടിന്റെ വഴികളിൽ പ്രകാശമായും പീഡനങ്ങളിൽ ആശ്വാസമായും അടിമത്തത്തിൽ സ്വാതന്ത്ര്യമായും ദൈവം കടന്നുവരുമെന്ന് സങ്കീർത്തനം ഉറപ്പുനൽകുന്നു.

ഇസ്രയേലിന്റെ ഉറപ്പുള്ള രക്ഷകൻ

തിന്മകളിൽനിന്ന് ഇസ്രയേലിനെ വിവിധ സന്ദർഭങ്ങളിൽ രക്ഷിച്ച ദൈവത്തിന് നന്ദി പറയാൻ ജനത്തെ ക്ഷണിച്ച സങ്കീർത്തകൻ, മുപ്പത്തിമൂന്നുമുതൽ നാൽപത്തിയൊന്ന് വരെയുള്ള വാക്യങ്ങളിൽ, ഇസ്രായേലിന്റെ ചരിത്രത്തിൽ ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ചാണ് വീണ്ടും പറയുന്നത്. തന്റെ ജനത്തോടുള്ള സ്നേഹം മൂലം നദികളെ മരുഭൂമിയായും, നീരുറവകളെ വരണ്ട നിലമായും മാറ്റുന്ന കർത്താവ്, മരുഭൂമിയെ തടാകമായും വരണ്ട ഭൂമിയെ നീരുറവയായും മാറ്റുന്നു. തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കായി നഗരം സ്ഥാപിക്കുകയും, സമൃദ്ധമായി വിളവുനൽകുകയും, അവരുടെ കന്നുകാലികളെ വർദ്ധിപ്പിക്കുകയും, പ്രഭുക്കന്മാരെ നിന്ദാപാത്രങ്ങളാക്കുകയും, എന്നാൽ പാവപ്പെട്ടവരെ പീഡനത്തിൽനിന്ന് കയറ്റുകയും ചെയ്തു. ആട്ടിൻപറ്റത്തെയെന്നതുപോലെ അവരുടെ കുടുംബങ്ങളെ വർദ്ധിപ്പിച്ചു. മനുഷ്യബുദ്ധിയിൽ അസാദ്ധ്യമെന്നും വൈരുധ്യങ്ങളെന്നും തോന്നാവുന്നവയെ ദൈവം സാധ്യമാക്കുകയും, ജനത്തിന് അനുവദിച്ചനുഗ്രഹിക്കുകയും ചെയ്യുന്ന ചരിത്രമാണ് ഇവിടെ നാം കാണുന്നത്.

സങ്കീർത്തനത്തിന്റെ അവസാന വാക്യങ്ങളായ നാല്പത്തിരണ്ടും നാല്പത്തിമൂന്നും വാക്യങ്ങൾ, ഇസ്രായേൽജനത്തോട്, ദൈവത്തിന്റെ രക്ഷാകരപ്രവർത്തികളെ ചിന്തയിലും മനസ്സിലും എപ്പോഴും സൂക്ഷിക്കാൻ ആഹ്വാനം ചെയ്യുന്നവയാണ്. "പരാമർത്ഥഹൃദയർ ഇതുകണ്ട് സന്തോഷിക്കുന്നു; ദുഷ്ടർ മൗനം പാലിക്കുകയും ചെയ്യുന്നു. വിവേകമുള്ളവർ ഇത് ശ്രദ്ധിച്ചു ഗ്രഹിക്കട്ടെ; മനുഷ്യർ കർത്താവിന്റെ കാരുണ്യത്തെപ്പറ്റി ചിന്തിക്കട്ടെ". തിരിച്ചറിവുള്ള ഒരു മനസ്സും, ദൈവപ്രവൃത്തികൾ വായിച്ചറിയാൻ കഴിവുമുള്ള ഒരു മനുഷ്യന് തന്റെ ഇന്നലെകളുടെ ചരിത്രത്തിൽ അർഹിക്കാത്ത നന്മകളാണ് ദൈവം നൽകിയതെന്ന് ഏറ്റുപറയാതിരിക്കാനാകില്ല.

ഇസ്രയേലും നമ്മുടെ ജീവിതവും

ഏതൊരു വിശ്വസിക്കും തന്റെ ജീവിതത്തിൽ കണ്ടെത്താനാകുന്ന ചില നിമിഷങ്ങളാണ് ഇസ്രയേലിന്റെ ചരിത്രത്തിൽ നാം കാണുന്നത്.. ഇന്നലെകളുടെ നെടും പാതയിലേക്ക്  ഒന്ന് തിരിഞ്ഞു നോക്കിയാൽ, തിന്മകളുടെ എത്രയോ തിരമാലകളെയാണ് ദൈവം തങ്ങളുടെ ജീവിതത്തിൽ തുടച്ചുമാറ്റിയതെന്ന് ഓർമ്മകളുള്ള മനുഷ്യർക്ക് വായിക്കാനാകും. എത്രയോ ഇടങ്ങളിലാണ്, നമുക്കായി അവൻ അർഹിക്കാത്ത വിരുന്നൊരുക്കിയത്? ലോകത്തിന്റെ കണ്ണുകളിൽ മേന്മയേറിയതെന്നും, കഴിവുള്ളതെന്നും തോന്നിയ എത്രയോ വ്യക്തികൾക്ക് മുന്നിലാണ്, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരായ നമ്മെ ദൈവം കാരുണ്യത്തിന്റെ കണ്ണുകളോടെ പരിഗണിച്ചത്? ഊഷരമായ മണലാരണ്യം പോലുള്ള നമ്മുടെ ഹൃദയനിലങ്ങളിൽ എത്രയോ നന്മകളാണ് അവൻ വിളയിച്ചെടുത്തത്? സങ്കീർത്തനം ഇന്ന് നമ്മോട് മന്ത്രിക്കുന്നതും മറ്റൊന്നല്ല "കർത്താവിന്റെ കാരുണ്യത്തെപ്രതിയും, അവൻ നിനക്കായി ചെയ്ത അത്ഭുതങ്ങളെപ്രതിയും നിന്റെ ദൈവമായ കർത്താവിന് നന്ദി പറയുക". ഇനിയും അവസാനിക്കാത്ത സ്നേഹത്തോടെ ഇസ്രയേലിന്റെ ദൈവം നിനക്കായി കാത്തിരിപ്പുണ്ട്.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിയേഴാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

നമ്മുടെ ഇല്ലായ്മകളിൽ അനുഗ്രഹങ്ങളുടെ വന്മഴയൊഴുക്കിയ ദൈവത്തിന്, ലോകത്തിന്റെ കണ്ണുകളിൽ ശക്തരായവർക്ക് മുന്നിൽ വിജയം നൽകിയ നമ്മുടെ കർത്താവിന് സ്തുതിപാടുക, നമ്മുടെ കടമയാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് സങ്കീർത്തനവിചാരങ്ങളും തിരിച്ചറിവുള്ള നമ്മുടെ മനസ്സും. ഈ ലോകമാകുന്ന ആഴിയിലെ വലിയ തിരമാലകളിൽപ്പെട്ട് ഉലഞ്ഞ തിരഞ്ഞെടുക്കപ്പെട്ട തന്റെ ജനത്തിന്റെ ജീവിതത്തെ തന്റെ വചനമാകുന്ന ക്രിസ്തുവിനെ അയച്ച് വിനാശത്തിൽനിന്ന് വിടുവിച്ച ദൈവത്തിനുള്ള നന്ദിയുടെ ഒരു ഗീതമാണ് അടുത്തത്. ഗ്രഹാം വർഗീസ് രചനയും സംഗീതവും നിർവ്വഹിച്ച ഈ ഗാനം ഹൃദ്യമായി ആലപിച്ചിരിക്കുന്നത് കെസ്റ്റർ.

നന്ദിയല്ലാതൊന്നുമില്ല.....

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2021, 16:40