അഫ്ഗാനിസ്ഥാൻ യൂനിസെഫ്: പെൺകുട്ടികളും അധ്യാപികമാരും വീണ്ടും സ്കൂളിലേക്കെത്തണം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"സമീപ വർഷങ്ങളിൽ, അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സാദ്ധ്യതകൾ കൂടിയിരിക്കുന്നത് വ്യക്തമാണെന്നും, 2002 മുതൽ രാജ്യത്തെ സ്കൂളുകളുടെ എണ്ണം മൂന്നിരട്ടിയായി എന്നും ഹെൻറിയെത്ത ഫോർ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, യുവജനങ്ങളുടെ സാക്ഷരത 47% ൽ നിന്ന് 65% ആയി വർദ്ധിച്ചു എന്നും കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ, സ്കൂൾ പ്രവേശനം പത്തിരട്ടി വർദ്ധിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ ഏതാണ്ട് 1 കോടിയോളം കുട്ടികൾ സ്കൂളുകളിൽ എത്തുന്നുണ്ടെന്നും അവരിൽ ഏതാണ്ട് നാല്പത് ശതമാനവും പെൺകുട്ടികളാണെന്നും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നേടിയ ഈ പുരോഗതിക സംരക്ഷിക്കപ്പെടണമെന്നും യുണിസെഫ് അധ്യക്ഷ ആവശ്യപ്പെട്ടു.
കണക്കുകൾ ഇങ്ങനെയാണെങ്കിലും, കഴിഞ്ഞ പത്തുമാസങ്ങളായി പ്രതിസന്ധി മൂലം സ്കൂളുകൾ അടച്ചിടുന്നതിന് മുൻപ് ഏതാണ്ട് 42 ലക്ഷം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരായി ഉണ്ടായിരുന്നു എന്നും അവരിൽ 26 ലക്ഷവും, അതായത് പകുതിയിലധികവും പെൺകുട്ടികളായിരുന്നു എന്നും ഫോർ പറഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നത് ഓരോ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും അവകാശം മാത്രമല്ലെന്നും, ഇത് ഓരോ കുട്ടിക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ സമൂഹങ്ങൾക്കും വേണ്ടിയുള്ള ഒരു നിക്ഷേപം കൂടിയാണ് എന്നും യുണിസെഫ് ഡയറക്ടർ ജനറൽ പറഞ്ഞു.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വിദ്യാഭ്യാസത്തിന് തുല്യ അവകാശമുണ്ടെന്നും, മുതിർന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അധ്യാപികമാർ സ്കൂളുകളിൽ തിരികെയെത്തുന്നത് അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു.
എഴുപത് വര്ഷങ്ങളായി അഫ്ഗാനിസ്ഥാനിലെ കുട്ടികൾക്കായി തങ്ങൾ രാജ്യത്ത് ഉണ്ടെന്നും, വീണ്ടും അവിടെ തുടരുമെന്നും ഉറപ്പിച്ചുപറഞ്ഞ യുണിസെഫ് അധ്യക്ഷ, ഇതിലേക്കായി തങ്ങൾക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: