ഗർഭച്ഛിദ്രം മ്ലേച്ഛമായ കൊലപാതകം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
എല്ലാ രീതികളിലുമുള്ള ഗർഭഛിദ്രം തികച്ചും ഹീനമായ ഒരു കൊലപാതകം തന്നെയാണെന്നും, അത് ഒരിക്കലും പൂർണ്ണമായ അർത്ഥത്തിൽ സ്വതന്ത്രവും സുരക്ഷിതവും അനിയന്ത്രിതവുമായ ഒരു തിരഞ്ഞെടുപ്പാകുന്നില്ല എന്നും പ്രൊ വീത്ത ഏ ഫമിലിയ (Pro Vita & Famiglia) എന്ന "ജീവിതത്തിനും കുടുംബത്തിനുമായുള്ള" ഇറ്റാലിയൻ സംഘടന പ്രസിഡണ്ട് ടോണി ബ്രാന്ദി അഭിപ്രായപ്പെട്ടു.
സ്വതന്ത്ര ഗർഭച്ഛിദ്രത്തിനുള്ള അന്താരാഷ്ട്രദിനമായിരുന്ന സെപ്റ്റംബർ 28-ന് പുറത്തുവിട്ട ഒരു പ്രസ്താവനയിൽ ഭ്രൂണം ഒരു മനുഷ്യജീവിതം തന്നെയാണെന്നും, ഒരു പ്രത്യയശാസ്ത്രത്തിനും അതിനെ അടിച്ചമർത്താനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
ഗർഭച്ഛിദ്രം എന്ന കൊലപാതകം വേദനയില്ലാത്തെ ഒരു തിരഞ്ഞെടുപ്പായി അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും, അത് തെറ്റാണെന്നും, ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള സ്വാതന്ത്ര്യം മാനിക്കപ്പെടുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട്, ഒരുപാട് സ്ത്രീകൾ ഗുരുതരമായ ഫലങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, അവരുടെ കഷ്ടപ്പാടുകളുടെ വിലയാണിതെന്നും പറഞ്ഞ ടോണി, അതുകൊണ്ടുതന്നെ ഇത്, ഒരിക്കലും സുരക്ഷിതവും, സൗജന്യവുമല്ലെന്നും ഓർമ്മിപ്പിച്ചു.
ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട പല സർക്കാർ കണക്കുകളും തെറ്റാണെന്നും, പലയിടങ്ങളിലും, ഗർഭച്ഛിദ്രത്തിന്റെ പാർശ്വഫലങ്ങൾ യഥാർത്ഥത്തിൽ മറച്ചുവയ്ക്കപ്പെടുന്നുണ്ടെന്നും, അസോസിയേഷൻ വൈസ് പ്രസിഡന്റ് യാക്കൊപോ കോഗ് (Jacopo Coghe) അഭിപ്രായപ്പെട്ടു.
കുട്ടികളുടെ ജീവിതത്തെ സംരക്ഷിക്കുക, ഗർഭധാരണം മുതൽ സ്വാഭാവികമരണം വരെ ജീവിക്കാനുള്ള ഓരോ വ്യക്തികളുടെയും അവകാശത്തെ സംരക്ഷിക്കുക, സ്ത്രീയും പുരുഷനും ചേർന്നുള്ള വിവാഹത്തിൽ സ്ഥാപിതമായ കുടുംബത്തെ പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസ കാര്യത്തിൽ മാതാപിതാക്കളുടെ സ്വാതന്ത്ര്യത്തെ മാനിക്കുക, തുടങ്ങിയ ഉദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഒരു സംഘടനയാണ് പ്രൊ വീത്ത ഏ ഫമിലിയ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: