ഡെൽറ്റസ് തെക്കെആലുങ്കൽ. ഡെൽറ്റസ് തെക്കെആലുങ്കൽ. 

വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ദിനങ്ങളിൽ വത്തിക്കാനിൽ മലയാള സംഗീത വിരുന്നൊരുക്കിയ ഡെൽറ്റസ് തെക്കെആലുങ്കൽ

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്റെ ഗാനമാലിക എന്ന പരിപാടിയിൽ ഡെൽറ്റസ് തെക്കെആലുങ്കൽ സമ്മാനിച്ച രണ്ട് ഭക്തിഗാനങ്ങൾ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ദൈവത്തിലേക്കും മനുഷ്യനിലേക്കുമുള്ള തന്റെ വഴി സംഗീതമാണ് എന്ന് വിശ്വസിക്കുന്ന ഒരു സംഗീതഞ്ജനാണ് ഡെൽറ്റസ് തെക്കെആലുങ്കൽ.  ഭാരത സഭയ്ക്ക് വിശുദ്ധിയുടെ വെളിച്ചം പകർന്ന വിശുദ്ധരായ ചാവറ കുരിയാക്കോസ് അച്ചനെയും, എവുപ്രാസ്യമ്മയേയും, മറിയം ത്രേസ്യയെയും  അൾത്താരയുടെ വിശുദ്ധിയിലേക്കുയർത്തി വിശുദ്ധരായി പ്രഖ്യാപിച്ച ആ പവിത്ര ദിനങ്ങളിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ മലയാള ആരാധനാ ഗായക സംഘത്തെ ഒരുക്കിയതും,  നയിച്ചതും അൽഫോൻസാമ്മയുടെ വിശുദ്ധ പ്രഖ്യാപന സമയത്തിൽ ഗായക സംഘത്തിൽ തന്റെ പങ്കാളിത്തവും നൽകിയ സംഗീതത്തെ പ്രണയിക്കുന്ന വ്യക്തിയാണ് ഡെൽറ്റസ് തെക്കെആലുങ്കൽ. അദ്ദേഹം രചിച്ചതും ഈണം നൽകിയതുമായ ഗാനങ്ങളാണ് ഇന്നത്തെ ഗാനമാലികയിൽ നാം കേൾക്കുന്നത്.

ശബ്ദരേഖ

ഡോ. ടി. ജി. അഗസ്റ്റിന്റെയും, ശ്രീമതി സോഫിയ അഗസ്റ്റിന്റെയും  അഞ്ചു മക്കളിൽ മൂത്തമകനായി 1963ൽ കൊച്ചി രൂപതയിലെ  ചെല്ലാനത്ത് ജനനം. കുട്ടിക്കാലം മുതൽ തന്നെ അദ്ദേഹം സംഗീതത്തിൽ ആകൃഷ്ടനായിരുന്നു. സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഗായകസംഘത്തിൽ തബലിസ്റ്റായി വളർന്ന അദ്ദേഹത്തിന്റെ ആദ്യകാല ഗുരുക്കന്മാരായിരുന്നു  ശ്രീ. വി.എക്സ്. ടോമും മെക്കോളെയും.

കർമ്മലീത്താ സന്യാസ സഭയിൽ ചേർന്ന ഇദ്ദേഹം ഡൽഹിയിലെ ഈശോ സഭക്കാരുടെ വിദ്യാജ്യോതിയിൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടി. റോമിൽ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കർമ്മലീത്താ സന്യാസ സഭയുടെ ദൈവ ശാസ്ത്ര കോളേജായ ജ്യോതിർഭവനിൽ ഏതാനും വർഷങ്ങൾ പഠിപ്പിച്ചു. തുടർന്ന് സംഗീതത്തിലൂടെ സേവനത്തിനായി സ്വയം സമർപ്പിക്കാൻ തീരുമാനിച്ചു.

റോമിലെ സെന്റ് ലൂയിസ് കോളേജ് ഓഫ് മ്യൂസിക്കിൽ ഇലക്ട്രോണിക് മ്യൂസിക് ആൻഡ് സൗണ്ട് റെക്കോർഡിംഗ് (Electonic Music and Sound Recording )  ലൂക്ക സ്പാംഗ്നോലെറ്റിയുടെ കീഴിൽ പഠിക്കുകയും റോമിലെ തന്നെ സ്കോളാ പോപ്പുളാരെ ദി മൂസിക്കായിൽ (SPMT)ൽ  ഫ്രാൻസെസ്കോ മരിയാനിയുടെ കീഴിൽ പിയാന പഠനം തുടരുകയും ചെയ്തു.

ഡെൽറ്റസ് എന്ന ഈ സംഗീത സ്നേഹിതൻ  സംഗീതം സംവിധാനം ചെയ്യുകയും, ഗാനങ്ങൾ രചിക്കുക മാത്രമല്ല, സംഗീത ക്രമീകരണങ്ങൾ ചെയ്യുകയും, റെക്കോർഡു ചെയ്യുകയും, സ്വന്തം വീട്ടിലെ സ്റ്റുഡിയോയിൽ ഇവയെല്ലാം നിർവഹിക്കുകയും ചെയ്യുന്നു. ഇതുവരെ മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഇരുപത്തി അഞ്ചോളം സംഗീത ആൽബങ്ങളും, നൂറിലധികംപാട്ടുകളും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. കേരളത്തിലെ ആരാധനാക്രമങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നിരവധി സംഗീത ആൽബങ്ങളും ധാരാളം ഭക്തിഗാനങ്ങളും ഇദ്ദേഹത്തിന്റേതാണ്. ഈ പൂജാ വേദിയിൽ നാഥാ (വരികളും സംഗീതവും; ആൽബം: പുഷ്പരാഗം) തീരാത്ത സ്നേഹമാണീ തിരുവോസ്തി (വരികൾ: ജെസ്സി ഡേവിസ്; ആൽബം: ഇതെന്റെ ഓർമ്മയ്ക്കായി) വരു നാഥനെ വാഴ്ത്തീടാം (വരികളും സംഗീതവും; ആൽബം: ഇതെന്റെ ഓർമ്മയ്ക്കായി ) എന്നിവ വിശ്വാസികളുടെ  ഹൃദയത്തിൽ എന്നും പ്രാർത്ഥനയുടെ നിമിഷങ്ങൾ സുന്ദരമാക്കുന്ന ഭക്തിമയമായ ഗാനങ്ങൾ അവയിൽ ചിലത് മാത്രമാണ്.

ലോകം വച്ച് നീട്ടുന്ന സന്തോഷങ്ങളുടെ നിറം മങ്ങി ഇല്ലാതാകുമ്പോൾ   ദൈവത്തെ മാത്രം തേടുന്ന നമ്മൾ പലപ്പോഴും പലതീരം പോകും തിരമാലപോൽ ദൈവത്തെ തിരയേണ്ടി വരുന്നു.  അങ്ങനെ നമ്മുടെ രൂപം  ഈശ്വരന്റെ കരവേലയും നമ്മുടെ ജന്മം അവന്റെ ചിന്തയുമാണെന്നു തിരിച്ചറിയുന്നു. ഈ തിരിച്ചറിവിന്റെ ഓർമ്മകളുണർത്തുന്ന ഗാനം നമുക്ക് കേൾക്കാം. അതോടൊപ്പം എരിയുന്ന വേനൽ പോലെ ജീവിതത്തിന്റെ കയപ്പനുഭവങ്ങൾ നമ്മെ ചുട്ടു പൊള്ളുമ്പോൾ, സ്വപ്‌നങ്ങൾ കരിഞ്ഞു പോകുമ്പോൾ ദൈവമേ എന്റെ ജീവിതത്തിന്റെ കുളിരായും കനിവായും കടന്നു വരണേ എന്ന് പ്രാർത്ഥിക്കുവാൻ നമ്മുടെ ആത്മാവിനെ ഉണർത്തുന്ന ഗാനവും നമുക്കു കേൾക്കാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 September 2021, 21:45