പ്രപഞ്ചനാഥനായ ദൈവത്തിന്റെ മഹത്വം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തൊണ്ണൂറ്റിയേഴാം സങ്കീർത്തനം അതിനു തൊട്ടുമുൻപുള്ള സങ്കീർത്തനങ്ങളുടെ അതെ ശൈലിയും പ്രമേയവും, അതായത്, സ്തുതിഗീതങ്ങളിലൂടെ ദൈവത്തിന്റെ ലോകവ്യാപകമായ രാജത്വം വർണ്ണിക്കുന്ന ഒരു സങ്കീർത്തനശൈലി, തുടർന്നുപോരുന്നു. ഇതിലെ പല ആശയങ്ങളും വാക്യങ്ങളും നാം മറ്റ് സങ്കീർത്തനങ്ങളിലും പഴയനിയമഭാഗങ്ങളിലും കണ്ടുമുട്ടുന്നുണ്ട്. വർത്തമാനകാലജീവിതത്തെ ഇസ്രായേലിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തി, അതിൽനിന്ന് പ്രേരണയുൾക്കൊണ്ട്, എപ്രകാരം മറ്റു ദൈവങ്ങളെക്കാൾ ഇസ്രായേലിന്റെ ദൈവം വലിയവനാണ്, യഹോവയുടെ സർവ്വാധിപത്യം, എന്നിങ്ങനെയുള്ള ചിന്തകളെ വീണ്ടും വിശ്വാസമനസ്സുകൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് സങ്കീർത്തകൻ. ദൈവത്തിനെതിരെ ഒന്നും നിലനിൽക്കില്ല, ദൈവം എല്ലാവർക്കും, എല്ലാത്തിനും മീതെ ഉയർന്നു നിൽക്കുന്നു, നന്മയിൽ ചരിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നൽകുന്നു, എന്നിങ്ങനെ നീതിമാനായ ഒരു രാജാവെന്ന നിലയിൽ ദൈവത്തിന്റെ ശക്തിയെയും അധികാരത്തെയും വാഴ്ത്തുന്ന ഒരു സങ്കീർത്തനമാണിത്.
ദൈവമഹത്വത്തിൽ ആനന്ദിക്കുക.
"കർത്താവ് വാഴുന്നു; ഭൂമി സന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങൾ ആനന്ദിക്കട്ടെ" എന്ന തൊണ്ണൂറ്റിയേഴാം സങ്കീർത്തനത്തിന്റെ ഒന്നാം വാക്യം തന്നെ, ഈ സങ്കീർത്തനത്തിന്റെ മുഴുവൻ സാരാംശവുമുൾക്കൊള്ളുന്നുണ്ട്.
93 -ആം സങ്കീർത്തനം പോലെ, ഈ സങ്കീർത്തനവും ആരംഭിക്കുന്നത് കർത്താവിന്റെ ഭരണത്തിന്റെ പ്രഖ്യാപനത്തോടെയാണ്. സർവ്വത്തെയും സൃഷ്‌ടിച്ച ദൈവം ഇന്നും വാഴുന്നു എന്നത്, അവൻ ചരിത്രത്തിൽ എവിടെയോ മറഞ്ഞുപോയ ഒരുവനല്ല, മറിച്ച് ഇന്നും നിലനിൽക്കുന്നവനാണ്, കൂടെ നടക്കുന്നവനാണ് എന്ന ചിന്തയും, അതോടൊപ്പം, ദൈവത്തിന്റെ അതിരുകളില്ലാത്ത അധികാരത്തെയുമാണ് നമുക്ക് മുന്നിൽ കൊണ്ടുവരുന്നത്.
ദുഷ്ടരായ രാജാക്കന്മാരുടെ ഭരണവും, നന്മയും കരുണയുമില്ലാത്ത ദൈവത്തിന്റെ വാഴ്ച്ചയും, ഒരിക്കലും സന്തോഷം നൽകുകയില്ല എന്ന് മാത്രമല്ല, അവ പ്രപഞ്ചത്തിലേക്ക് അന്ധകാരവും ഭീതിയുമാണ് കൊണ്ടുവരിക. എന്നാൽ യഹോവയെന്ന നീതിമാനായ ദൈവത്തിന്റെ ഭരണം, ഭൂമി മുഴുവനും സന്തോഷമാണ് കൊണ്ടുവരിക; അവൻ എല്ലാവർക്കും നന്മയാണ് വാഗ്‌ദാനം ചെയ്യുന്നത്. അവനിലുള്ള വിശ്വാസം, പഴയനിയമകാല മനുഷ്യരെ സംബന്ധിച്ചിടത്തോളം അകലങ്ങളിലായി കരുതപ്പെട്ടിരുന്ന ദ്വീപസമൂഹങ്ങളുടെയും രാജ്യങ്ങളുടെയും പോലും ആനന്ദത്തിന് കാരണമാകുന്നുണ്ട്. മനുഷ്യരുടെയിടയിൽ ശത്രുതയും, വിദ്വേഷവും, ഭിന്നതയുമല്ല, മറിച്ച്, സ്നേഹവും, കരുണയും കൂട്ടായ്മയുമാണ് നന്മയുള്ള ഒരു അധികാരി, അതിലുപരി യഥാർത്ഥ ഒരു ദൈവികസങ്കൽപം കൊണ്ടുവരേണ്ടത്.
ഭൗമികമായ ഒരു ദൈവികസങ്കൽപ്പം
സങ്കീർത്തനത്തിന്റെ ആദ്യ ആറു വാക്യങ്ങളിൽ ഭൗമികമായ, മാനുഷികമായ ഒരു ദൈവികസങ്കൽപ്പമാണ് നാം കണ്ടുമുട്ടുന്നത്. പാരമ്പര്യമായി ഭൗമികശക്തികളിലൂടെ വെളിപ്പെടുത്തപ്പെടുന്ന ദൈവികസങ്കല്പങ്ങളുമായി ചേർന്നുപോകുന്ന ഒന്നാണിത്.
"മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്" എന്ന് തുടങ്ങുന്ന രണ്ടാം വാക്യം മുതൽ " അഗ്നി അവിടുത്തെ മുൻപേ നീങ്ങുന്നു; അത് അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു" എന്ന മൂന്നാം വാക്യത്തിലൂടെ മുന്നോട്ട് പോകുമ്പോൾ, ഇസ്രായേലിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പല സംഭവങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ് നാം കടന്നുപോകുന്നത്. പുറപ്പാട് പുസ്തകത്തിന്റെ പത്തൊൻപതാമധ്യായത്തിന്റെ 16 മുതലുള്ള വാക്യങ്ങളിൽ നാം ഇതേ ആശയങ്ങൾ കണ്ടുമുട്ടുന്നുണ്ട്. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട ഇസ്രായേൽജനം സീനായ് മരുഭൂമിയിലൂടെ കടന്നുപോകുന്ന അവസരത്തിൽ ഇടിമുഴക്കത്തിന്റെയും മിന്നല്പിണരുകളുടെയും അകമ്പടിയോടെയാണ് ദൈവം പ്രത്യക്ഷപ്പെടുന്നത്. "സീനായ് മല മുഴുവൻ ധൂമാവൃതമായി എന്നും, ചൂളയിൽനിന്നതുപോലെ അവിടെനിന്നു പുക ഉയർന്നുകൊണ്ടിരുന്നു", എന്നും 17 ഉം, 18 ഉം വാക്യങ്ങളിൽ നാം വായിക്കുന്നുണ്ട്. ഇസ്രായേലിന്റെ മരുഭൂമിയിലൂടെയുള്ള യാത്രയിൽ പകൽ മേഘമായും രാത്രിയിൽ അഗ്നിസ്തംഭമായും കൂടെയുണ്ടായിരുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തകളും ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നവയാണ്.
വഞ്ചനയിലൂടെ നേടുന്ന വിജയത്തിലോ, അനീതിയുടെ രക്തച്ചൊരിച്ചിലിലോ അല്ല, മറിച്ച് നീതിയിലും ന്യായത്തിലുമാണ് യഹോവയെന്ന ദൈവത്തിന്റെ സിംഹാസനം അടിസ്ഥാനമിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അവൻ വിശ്വസനീയനായ ദൈവമാണ്.
എല്ലാ കഴിവുകളും ഉപയോഗിച്ചാൽപോലും മനുഷ്യന് സാധിക്കാത്ത കാര്യങ്ങൾ, ദൈവത്തിന്റെ സാന്നിധ്യത്തിന് പ്രാപ്യമാണ്. പർവ്വതങ്ങൾ പോലും അവിടുത്ത മുന്നിൽ ഉരുകുന്നു.
വ്യർത്ഥദൈവങ്ങളുടെ പരാജയം.
ഏഴുമുതൽ ഒൻപതുവരെയുള്ള വാക്യങ്ങളിലൂടെ ഒരിക്കൽക്കൂടി ഇസ്രായേലിന്റെ ദൈവം മറ്റുള്ള ദേവന്മാരെക്കാൾ ഉയർന്നുനിൽക്കുന്നു എന്ന ചിന്ത സങ്കീർത്തകൻ നമുക്ക് മുന്നിൽ എടുത്തുകാട്ടുന്നു. ദൈവികത അവകാശപ്പെടുന്ന അസ്ഥിത്വങ്ങൾപോലും യഹോവയെന്ന സർവ്വശക്തനായ ദൈവത്തിന് മുന്നിൽ കുമ്പിടുന്നു. പഴയനിയമത്തിലെ മറ്റു പലയിടങ്ങളിലും, യഹോവയെന്ന ദൈവം മറ്റ് ശക്തികളേക്കാൾ ഉയർന്നുനിൽക്കുന്നു എന്ന ആശയം വ്യക്തമാണല്ലോ!
യഹോവയുടെ വിജയത്തിന് മുന്നിൽ "സീയോൻ സന്തോഷിക്കുന്നു; യൂദായുടെ പുത്രിമാർ ആഹ്ളാദിക്കുന്നു"; ദൈവത്തിന്റെ "ന്യായവിധിയിൽ അവർ ആനന്ദിക്കുന്നു". യുദ്ധങ്ങളിൽ വിജയം കൈവരുമ്പോൾ, ശത്രുക്കൾ അടിയറ പറയുമ്പോൾ, രാജ്യത്തെ പ്രജകൾ എപ്രകാരം സന്തോഷിക്കുന്നോ അതേ വിചാരവികാരങ്ങളാണ് നാം ഇവിടെ കണ്ടുമുട്ടുന്നത്. ഈ വിജയത്തിൽ സങ്കീർത്തകൻ ദൈവത്തിന് സ്തുതി പാടുകയാണ് ഒൻപതാം വാക്യത്തിൽ: "കർത്താവേ അങ്ങ് ഭൂമി മുഴുവന്റെയും അധിപനാണ്; എല്ലാ ദേവന്മാരെയുംകാൾ ഉന്നതനാണ്".
നീതിമാന് ദൈവം നൽകുന്ന വിമോചനം.
പത്തുമുതൽ പന്ത്രണ്ടു വരെയുള്ള സങ്കീർത്തനവാക്യങ്ങളിൽ നീതിമാന്മാരായ മനുഷ്യർക്ക് ദൈവം നൽകുന്ന അനുഗ്രഹങ്ങളാണ് വിവരിച്ചിരിക്കുന്നത്. തിന്മയെ ദ്വേഷിക്കുന്ന, നന്മയായ ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യർക്ക് അവിടുന്ന് തന്റെ സ്നേഹം നൽകുമെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. ഉള്ളിൽ ദൈവത്തിന്റെ നീതിബോധവും വിവേകവും അല്പമെങ്കിലും ഉള്ള മനുഷ്യർക്കാണ് യഥാർത്ഥത്തിൽ, ദൈവികമായതും നന്മയായതും ഏതെന്ന് തിരിച്ചറിയാനും അതിനെ സ്വീകരിക്കാനുമാകുക. പലപ്പോഴും, യഥാർത്ഥ ജ്ഞാനത്തിന്റെ കുറവിനാൽ, നന്മയായതിനെ നാം തിരിച്ചറിയാതെപോകുകയും, അനീതിയായ പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയാറുണ്ടല്ലോ. എന്നാൽ തന്നോട് ചേർന്നുനില്കുന്നവരുടെ ജീവൻ ദൈവത്തിന് പ്രിയപ്പെട്ടതാണെന്ന്, അവരെ ദുഷ്ടരുടെ കൈകളിൽനിന്ന് അവിടുന്ന് രക്ഷിക്കുമെന്ന്, അവരുടെ പാതകളിൽ ദൈവം പ്രകാശമേകുമെന്ന്, അവർക്ക് ഹൃദയത്തിൽ ആനന്ദമേകുമെന്ന് തൊണ്ണൂറ്റിയേഴാം സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു.
നീതിമാൻമാർ ദൈവത്തിൽ ആനന്ദിക്കട്ടെ.
"നീതിമാന്മാരെ, കർത്താവിൽ ആനന്ദിക്കുവിൻ, അവിടുത്തെ വിശുദ്ധനാമത്തിന് കൃതജ്ഞതയർപ്പിക്കുവിൻ" എന്ന പന്ത്രണ്ടാം വാക്യത്തോടെ തൊണ്ണൂറ്റിയേഴാം സങ്കീർത്തനം അവസാനിക്കുകയാണ്. ദൈവത്തിന്റെ മഹത്വവും തന്റെ ജനത്തോടുള്ള അവന്റെ നന്മയും സ്നേഹവും, ന്യായമായും നീതിയുടെയും ലോകത്തെ വിധിക്കുന്ന അവിടുത്തെ കരുണയും കണക്കിലെടുത്താൽ, വിശ്വാസിയായ മനുഷ്യന് ദൈവത്തിൽ ആനന്ദിക്കാതിരിക്കാനാവില്ല. അവൻ നൽകിയ നന്മകളും അനുഗ്രഹങ്ങളും മാത്രമല്ല, ദൈവമെന്ന ചിന്ത പോലും ദൈവവിശ്വാസിയിൽ സന്തോഷത്തിന്റെ മനോഭാവമുണർത്തണം. ദൈവമെന്ന നാമം നാവിലുരുവിടുന്നത് പോലും തേനിനേക്കാൾ മാധുര്യമേറിയ അനുഭവമായി ജീവിച്ച, ഈ ഭൂമിയിൽത്തന്നെ അവനോട് ചേർന്ന് കടന്നുപോയ എത്രയോ വിശുദ്ധജീവിതങ്ങൾ, എപ്രകാരം ദൈവത്തെ സ്നേഹിക്കണമെന്നതിന് നമുക്ക് പാഠങ്ങളായുണ്ട്!
തൊണ്ണൂറ്റിയേഴാം സങ്കീർത്തനവിചിന്തനം ഇവിടെ അവസാനിപ്പിക്കുമ്പോൾ, ഓർമ്മകളും നന്ദിയും ഉള്ള മനുഷ്യരായി നമുക്ക് ജീവിക്കാം. എത്രയോ ജീവിതാനുഭവങ്ങളിൽ ദൈവമഹത്വം നാം ദർശിച്ചിട്ടുണ്ട്? എങ്കിലും വേദനകളുടെയും നഷ്ടപെടലുകളുടെയും അനുഭവങ്ങൾ നമ്മുടെ മനസ്സിനെ അവനിൽനിന്ന് എത്രയോ അകറ്റി! ലോകത്തിന്റേതായ നേട്ടങ്ങളും പ്രതീക്ഷകളും നമ്മുടെ ദൈവവിശ്വാസത്തെയും അവനോടുള്ള സ്നേഹത്തെയും എത്രയധികം ഇല്ലാതാക്കിയിട്ടുണ്ട്! മലകളെ മാറ്റുവാൻ തക്ക ശക്തനായ ദൈവത്തിലുള്ള വിശ്വാസം നമ്മുടെ ലോലമായ വിശ്വാസചിന്തകളെ ശക്തമാക്കട്ടെ. നമ്മുടെയുള്ളിലെ തിന്മയുടെയും അഹംഭാവത്തിന്റെയും വിഗ്രഹങ്ങൾ അവനുമുന്നിൽ ഉരുകിയില്ലാതാകട്ടെ, പാപമെന്ന തിന്മയെ ദ്വേഷിച്ച്, ദൈവമെന്ന നന്മയെ അവസാനം വരെ മുറുകെപ്പിടിക്കാം. നീതിമാനും ന്യായപൂർവ്വം വിധിക്കുന്നവനുമായ ദൈവം നമ്മിലും നീതിയുടെയും കാരുണ്യത്തിന്റെയും ചിന്തകൾ വളർത്തട്ടെ. സർവ്വശക്തനും, നീതിമാനും, അനാദിയും, പ്രപഞ്ചനാഥനുമായ ദൈവത്തിൽ നമുക്കും ആനന്ദിക്കാം.
വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ തൊണ്ണൂറ്റിയേഴാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് ഫാദർ ജോജി വടകര.
ലോകത്തിലേക്കു കടന്നുവന്ന സ്നേഹനാഥനായ, ഹൃദയങ്ങളിൽ രാജാവായി വാഴുന്ന യേശുവിനെ പാടിപ്പുകഴ്ത്തുന്ന ഒരു ഗാനം ദൈവസ്‌തുതിയുടെ ചിന്തകളോടെ നമുക്ക് ശ്രവിക്കാം. അവനാണ് നമ്മുടെ ആശ്രയവും നമ്മുടെ കോട്ടയും. സാം പടിഞ്ഞാറേക്കര എഴുതി ഡെമിനോയും ഡെനിലോ ഡെന്നിയും ചേർന്ന് സംഗീതം പകർന്ന ഈ ഗാനം വളരെ ഹൃദ്യമായി ആലപിച്ചിരിക്കുന്നത് കെ. എസ്. ചിത്രയാണ്.
വാഴ്ത്തുന്നു ഞാൻ...
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: