തിരയുക

Vatican News
സങ്കീർത്തനചിന്തകൾ - 96 സങ്കീർത്തനചിന്തകൾ - 96 

പ്രപഞ്ചം മുഴുവൻ പ്രകീർത്തിക്കേണ്ട ദൈവമഹത്വം

വചനവീഥി - തൊണ്ണൂറ്റിയാറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
തൊണ്ണൂറ്റിയാറാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവമഹത്വം പ്രകീർത്തിക്കാൻ ലോകം മുഴുവനെയും ആഹ്വാനം ചെയ്യുന്ന ഒരു സങ്കീർത്തനമാണിത്. സകല വണക്കത്തിനും യോഗ്യനും ഏകദൈവവുമായവനെ ആരാധിക്കാൻ സകല മനുഷ്യരെയും, പ്രപഞ്ചം മുഴുവനെയും ക്ഷണിക്കുകയാണ് സങ്കീർത്തകൻ. ദിനവൃത്താന്തത്തിന്റെ ഒന്നാം പുസ്തകം, പതിനാറാം അധ്യായത്തിന്റെ 23 മുതൽ 33 വരെയുള്ള വാക്യങ്ങളുടെ ഏതാണ്ട് ഒരു തനിപ്പകർപ്പാണ് തൊണ്ണൂറ്റിയാറാം സങ്കീർത്തനത്തിന്റെ വാക്യങ്ങൾ. ഉടമ്പടിയുടെ പേടകം ജെറുസലേമിലേക്ക് കൊണ്ടുവന്ന സംഭവവുമായി ഇതിന്റെ വാക്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. ദിനവൃത്താന്തത്തിൽ ഇത് ദാവീദ്, ദൈവത്തിന്റെ പേടകത്തിന് മുന്നിൽവച്ച് ആലപിച്ചതായി അവതരിപ്പിച്ചിരിക്കുന്നതുകൊണ്ട് ഈ സങ്കീർത്തനം ദാവീദിനാൽ എഴുതപ്പെട്ടതാകാം എന്ന് കരുതുന്നു. പ്രപഞ്ചസൃഷ്‌ടി മുതൽ അവസാനവിധിവരെ ഉള്ള കാര്യങ്ങളുമായി ബന്ധപ്പെടുത്തി, ഏറ്റം ശക്തനും മറ്റെല്ലാ ദൈവങ്ങളെക്കാളും ഉയർന്നവനുമായവൻ എന്ന നിലയിൽ ദൈവത്തെ പ്രകീർത്തിക്കുകയാണ് സങ്കീർത്തനകർത്താവ്.

കർത്താവിന് ഒരു പുതിയ കീർത്തനം ആലപിക്കുവിൻ

ഒന്ന് മുതൽ മൂന്നുവരെയുള്ള വാക്യങ്ങളിൽ ദൈവത്തിന് പുതിയൊരു കീർത്തനമാലപിക്കാൻ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നു. ജനത്തിന്റെ സ്തുതികളിൽ ദൈവം സന്തോഷവാനാണ്. നിത്യനൂതനവും, പരിപാവനവുമായ ദൈവസ്നേഹത്തെയും അവിടുത്തെ മഹത്വത്തെയും കുറിച്ചുള്ള ചിന്തകൾ, ദൈവത്തിനുള്ള ഒരു പുതിയ കീർത്തനമായി മാറേണ്ടതുണ്ട്. അവിടുത്തെ പ്രവൃത്തികൾ മാനുഷികചിന്തകൾക്ക് അതീതമായതിനാലും ഏറ്റവും ശ്രേഷ്‌ഠമായതിനാലും, ദൈവത്തിനുള്ള സ്തുതിയും അത്രമേൽ ശ്രേഷ്‌ഠമായിരിക്കണം.

ഭൂമി മുഴുവൻ കർത്താവിനെ സ്തുതിക്കട്ടെ.

നമ്മുടെ ദൈവം ലോകം മുഴുവന്റെയും ദൈവമാണ്. ലോകം മുഴുവൻ യഹോവയെന്ന ദൈവത്തെ അംഗീകരിക്കുന്ന ഒരു ദിനം സങ്കീർത്തകൻ മുന്നിൽ കാണുന്നുണ്ടായിരിക്കണം. ഇസ്രായേലിന്റെ ദൈവം എല്ലാ ജനതകളാലും സ്തുതിക്കപ്പെടണം എന്ന് സങ്കീർത്തകൻ ആഗ്രഹിക്കുന്നു.

മൂന്നാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു. "ജനതകളുടെ ഇടയിൽ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിൻ; ജനപദങ്ങളുടെയിടയിൽ അവിടുത്തെ അത്ഭുതപ്രവൃത്തികൾ വർണ്ണിക്കുവിൻ”. ഇസ്രായേൽ ജനം ദൈവസ്‌തുതി പാടുന്നത് ജനത്തിന്റെ ആധ്യാത്മികതയുടെയും ദൈവത്തോടുള്ള പ്രാർത്ഥനാനിർഭരമായ വ്യക്തിബന്ധത്തിന്റെയും പ്രകടനം എന്നതിനൊപ്പം, ലോകത്തിലെ മറ്റു ജനതകൾക്ക് മുന്നിൽ, ഇസ്രായേലിന്റെ ദൈവമായ കർത്താവിന്റെ മഹത്വത്തെക്കുറിച്ചുള്ള ഒരു സാക്ഷ്യവുമാകേണ്ടതുണ്ട് എന്ന ഒരു ഓർമ്മപ്പെടുത്തലാണ് സങ്കീർത്തകൻ നടത്തുന്നത്.

ദൈവം ഏകകർത്താവ്

സങ്കീർത്തനത്തിന്റെ നാലുമുതൽ ആറുവരെയുള്ള വാക്യങ്ങളിൽ എന്തുകൊണ്ട് ഇസ്രായേൽ ജനം ദൈവത്തെ പ്രകീർത്തിക്കണം എന്നതിന് ഒരു കാരണം പറയുകയാണ് സങ്കീർത്തകൻ. നാലാം വാക്യത്തിൽ നാം ഇങ്ങനെ കാണുന്നു, "എന്തെന്നാൽ കർത്താവ് ഉന്നതനും അത്യന്തം സ്തുത്യർഹനുമാണ്, സകല ദേവന്മാരെയുംകാൾ ഭയപ്പെടേണ്ടവനുമാണ്". യഹോവയെന്ന ദൈവം, വിജാതീയരുടെ ദൈവസങ്കൽപ്പത്തിനുപരിയാണ്. ദൈവികമായി ഒന്നുമില്ലത്ത, ദൈവങ്ങളുടെ നാമങ്ങൾ മാത്രം പേറുന്ന വിഗ്രഹങ്ങളെപ്പോലല്ല, യഹോവയെന്ന ദൈവം. അവനാണ് ആകാശത്തെ സൃഷ്‌ടിച്ചത്‌. അവന്റെ സന്നിധിയിൽ രാജകീയമായൊരു മഹത്വവും, തേജസ്സുമുണ്ട്, അവന്റെ വിശുദ്ധമന്ദിരം, അത് ഭൗമികമായതാകട്ടെ, സ്വർഗ്ഗീയമാകട്ടെ, അവിടെ ബലവും, സൗന്ദര്യവുമുണ്ട്.

ദൈവസ്‌തുതിക്കായി പ്രപഞ്ചം മുഴുവനും ക്ഷണം

ഏഴുമുതൽ ഒമ്പതുവരെയുള്ള വാക്യങ്ങളിൽ, പ്രപഞ്ചം മുഴുവനെയും, ദൈവാരാധനയ്ക്കായി ക്ഷണിക്കുകയാണ് സങ്കീർത്തകൻ. ദൈവമഹത്വത്തിന്, അവിടുത്തെ  നാമത്തിന്  ചേർന്ന വിധമായിരിക്കണം, ദൈവത്തെ സ്തുതിക്കുന്നത്. ദൈവത്തെ പ്രകീർത്തിക്കുന്നവർ, അവിടുത്തേക്ക് സ്തുതിയർപ്പിക്കുന്നവർ, അവരറിയാതെത്തന്നെ ദൈവത്തിന്റെ മഹത്വവും ശക്തിയും തിരിച്ചറിയുകയും അവയെ പ്രപഞ്ചത്തോടുമുഴുവൻ പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. അതിലൂടെ ദൈവത്തിന് നാം പുതുതായി എന്തെങ്കിലും നൽകുകയല്ല, മറിച്ച് ആദിമുതലേ ഉള്ളതും എന്നേക്കും നിലനിൽക്കുന്നതുമായ അവിടുത്തെ മഹത്വത്തെ ഏറ്റുപറയുക മാത്രമാണ് ചെയ്യുന്നത്. "വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് കാഴ്ചകളുമായി" ദൈവാങ്കണത്തിൽ പ്രവേശിക്കുവാനും, അവിടുത്തെ മഹത്വപ്പെടുത്തുവാനും സങ്കീർത്തകൻ സകല ജനതകളെയും ആഹ്വാനം ചെയ്യുന്നു.

ജനതകളോട് പറയപ്പെടേണ്ട സുവിശേഷം

ദൈവസ്‌തുതിക്കായുള്ള സങ്കീർത്തകന്റെ ക്ഷണം എല്ലാ ജനതകളിലേക്കും വ്യാപിക്കുകയാണ്. പത്താം വാക്യത്തിൽ നാം ഇങ്ങനെയാണ് വായിക്കുക: "ജനതകളുടെ ഇടയിൽ പ്രഘോഷിക്കുവിൻ; കർത്താവ് വാഴുന്നു; ലോകം സുസ്ഥിരമായിരിക്കുന്നു, അതിന് ഇളക്കം തട്ടുകയില്ല; അവിടുന്ന് ജനതകളെ നീതിപൂർവ്വം വിധിക്കും". മൂന്ന് കാര്യങ്ങളാണ് സങ്കീർത്തകൻ അടിവരയിട്ട് പറയുന്നത്. ഒന്ന്, നമ്മുടെ ദൈവം ലോകത്തിന്റെ നാഥനായി വാഴുന്നു എന്ന ശക്തമായ ഒരു സന്ദേശം ലോകത്തോട് വിളിച്ചുപറയണം. രണ്ട്, പ്രപഞ്ചസൃഷ്‌ടി അവന്റേതാണ്, അതിന് ഇളക്കം തട്ടുകയില്ല, ദൈവികപദ്ധതിയുടെ ഭാഗമായി, മാറ്റം വരാത്തവിധം ദൈവമാണ് അതിനെ സുസ്ഥിരമാക്കിയത്. മൂന്ന്, ദൈവം നീതിമാനാണ്; പക്ഷാഭേദമില്ലാതെ, നീതിപൂർവ്വം അവൻ സകലതിനെയും സകലരെയും വിധിക്കും; ലോകം മുഴുവനും അതിലുള്ളവരും, ഒരിക്കൽ, ദൈവമായ കർത്താവിനുമുന്നിൽ തങ്ങളുടെ പ്രവൃത്തികൾക്കും ജീവിതത്തിനും കണക്കുകൊടുക്കേണ്ടിവരും.

ഭൂമിയും ദൈവത്തിലുള്ള ആനന്ദവും.

"ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആർപ്പുവിളിക്കട്ടെ" എന്ന പതിനൊന്നാം വാക്യം മുതൽ പതിമൂന്നാം വാക്യം വരെയുള്ള അവസാന ഭാഗത്ത്, പ്രപഞ്ചവും അതിലുള്ളവയും, ജീവജാലങ്ങളും പ്രകൃതി മുഴുവനും ദൈവത്തിൽ ആനന്ദിക്കുന്നതിന്റെ, അങ്ങനെ സർവ്വവും ദൈവത്തെ അവന്റെ മഹത്വത്തോടും പ്രതാപത്തോടും കൂടി തിരിച്ചറിയുന്നതിന്റെ ഭംഗിയിലേക്കും ശ്രേഷ്ഠതയിലേക്കുമാണ് സങ്കീർത്തകൻ വിരൽചൂണ്ടുന്നത്. ഈ ആനന്ദത്തിന് കാരണം, ദൈവം "ലോകത്തെ നീതിയോടും, ജനതകളെ സത്യത്തോടും കൂടെയാണ്" വിധിക്കുക എന്നതുതന്നെയാണ്. സ്വേച്ഛാധിപതികളായ ഭൗമികാധികാരികൾക്കു മുന്നിൽ പലപ്പോഴും അനാവശ്യമായിപ്പോലും ഭയബഹുമാനങ്ങളോടെ നിൽക്കേണ്ടിവരിക എന്ന അപമാനം പേറേണ്ടിവരുന്ന മനുഷ്യന് മുന്നിൽ, അധികാരത്തെ നീതിപൂർവ്വം ഉപയോഗിക്കുന്ന, പക്ഷഭേദങ്ങളില്ലാത്ത ഒരു ദൈവം എന്ന ആശയം സന്തോഷദായകമാണ്, പ്രതീക്ഷ നൽകുന്നതാണ്. ദൈവത്തിൽ നീതിമാനായ ഒരു രാജാവിനെ കണ്ടെത്തുന്നതിലുള്ള സന്തോഷമാണ്, പ്രപഞ്ചം മുഴുവനെയും, അതിലെ സർവ്വജീവജാലങ്ങളെയും അവന് മുന്നിൽ ആഹ്‌ളാദത്തോടെ നില്ക്കാൻ, അവന്റെ മഹത്വം പ്രകീർത്തിക്കാൻ പ്രേരിപ്പിക്കുന്നത്.

തൊണ്ണൂറ്റിയാറാം സങ്കീർത്തനവിചാരങ്ങളിലൂടെ നാം കടന്നുപോകുമ്പോൾ, പ്രത്യാശയുടെ, സന്തോഷത്തിന്റെ ചിന്തകളായിരിക്കണം നമ്മുടെ മനസ്സിൽ നിറയേണ്ടത്. ദൈവത്തെ സ്നേഹിക്കുന്ന, അവിടുത്തെ വഴികൾ ഇഷ്ടപെടുന്ന, ഈ ഭൂമിയിലെ അനീതികളിൽ മുറിവേൽക്കപ്പെട്ട ഹൃദയമുള്ള മനുഷ്യർക്ക് പ്രതീക്ഷയുടെ പുലരിയെയാണ് സങ്കീർത്തകനിലൂടെ ദൈവം വാഗ്‌ദാനം ചെയ്യുന്നത്. അവന്റെ ശിക്ഷയും തലോടലുമൊക്കെ മനുഷ്യരോടുള്ള കനിവുള്ള സ്നേഹത്താൽ മാത്രം പ്രേരിതമാണ്. നമ്മുടെയും ജീവിതം നീതിമാനായ കർത്താവിനുള്ള ഒരു കീർത്തനമാകട്ടെ. പ്രപഞ്ചവും അതിലുള്ളവയും സന്തോഷിക്കട്ടെ, സർവ്വവും സൃഷ്ടിച്ച, സർവ്വത്തെയും പരിപാലിക്കുന്ന ദൈവം, കരുണയുള്ള, എന്നാൽ നീതിമാനായ വിധികർത്താവാണ്. അവിടുത്തെ നീതിയും സത്യവും നമ്മുടെ ജീവിതത്തിലും പ്രകാശവും വഴികാട്ടിയുമാകട്ടെ. നമുക്കും ലോകത്തിനു മുന്നിൽ ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ സാക്ഷികളാകാം. അവൻ നമ്മെയും നീതിയോടെ എന്നാൽ ഒപ്പം കരുണയോടും വിധിക്കട്ടെ. ദൈവം  രാജാവായി വാഴട്ടെ.

03 August 2021, 11:07