തിരയുക

Vatican News
ആണവ മിസൈലുകൾ! ആണവ മിസൈലുകൾ!  (©Scanrail - stock.adobe.com)

അണുബോംബാക്രമണങ്ങൾ വിസ്മരിക്കരുതാത്ത അപായമണി, പാക്സ് ക്രിസ്തി!

ആണവായുധ നിരോധന കരാർ എത്രയും വേഗം പ്രാബല്യത്തിൽ വരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഐക്യരാഷ്ട്രസഭയുടെ അണുവായുധ നിരോധന ഉടമ്പടി ഉടൻ പ്രാബല്യത്തിലാക്കേണ്ടതിൻറെ അനിവാര്യത അന്താരാഷ്ട്ര കത്തോലിക്കാ സമാധാന സംഘടനയായ “പാക്സ് ക്രിസ്തി” (PAX CHIRISTI) ചൂണ്ടിക്കാട്ടുന്നു.

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും, യഥാക്രമം, 1945 ആഗസ്റ്റ് 6,9 തീയതികളിൽ അണുബോബാക്രമണം ഉണ്ടായതിൻറെ 76-ാം വാർഷികത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച ഒരു സന്ദേശത്തിലാണ്, ഫ്രാൻസിൽ 1945-ൽ ജന്മംകൊണ്ട, ഈ കത്തോലിക്ക സമാധാന സംഘടന ഈ ആവശ്യകത ഊന്നിപ്പറഞ്ഞിരിക്കുന്നത്.

ജപ്പാനിലെ രണ്ടു നഗരങ്ങളെ ചുട്ടെരിക്കുകയും ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കുകയും അനേകരെ ഇപ്പോഴും അണുപ്രസരണത്തിൻറെ ദുരന്തഫലങ്ങൾ പേറുന്നവരാക്കുകയും ചെയ്ത ആദ്യ അണുബോംബാക്രമണങ്ങൾ നരകുലം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത അപായമണി ആണെന്ന് പാക്സ് ക്രിസ്തി പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ അണുവായുധ നിരോധന ഉടമ്പടി അംഗീകരിച്ചിട്ടുള്ള നാടുകളുടെ സംഖ്യ 55 ആണ്.

2017 ജൂലൈ 7-നാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ അണുവായുധ നിരോധന ഉടമ്പടി ( The Treaty on the Prohibition of Nuclear Weapons (TPNW) അംഗീകരിച്ചത്.

 

06 August 2021, 12:35