സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇന്ധനത്തിന്റെ അഭാവം കാരണമാണ് മുഴുവൻ പ്രവർത്തനങ്ങളും നിർത്തലാക്കാൻ ആശുപത്രി അധികൃതർ നിർബന്ധിതരാക്കപ്പെട്ടത്. ഇതുസംബന്ധിച്ച് ആശുപത്രിയിൽനിന്നുള്ള കുറിപ്പിൽ ഇന്ധനത്തിന്റെ കുറവ് മൂലം വെന്റിലേറ്റർകളും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളും പ്രവർത്തിക്കുന്നത് അവസാനിപ്പിക്കേണ്ടി വരുമെന്നും പ്രായപൂർത്തിയായ 40 രോഗികളും ശ്വസനസഹായ ഉപകരണങ്ങളുമായി ജീവിക്കുന്ന 15 കുട്ടികളും ഉടൻ മരിക്കുമെന്നും വൃക്കസംബന്ധമായ രോഗം ബാധിച്ച 180 പേർ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡയാലിസിസ് നടക്കാതെ വിഷബാധയേറ്റു മരിക്കുമെന്നും നൂറുകണക്കിന് കാൻസർ രോഗികളും മുതിർന്നവരും കുട്ടികളും തുടർന്നുള്ള ആഴ്ചകളിലും മാസങ്ങളിലും മതിയായ ചികിത്സ ലഭിക്കാതെ മരിക്കുമെന്നും വെളിപ്പെടുത്തുന്നു.
ഈ ദാരുണ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ദേശീയ സർക്കാറിനോടും ഐക്യരാഷ്ട്രസഭയോടും, ലോക ആരോഗ്യ സംഘടനയോടും ആശുപത്രി അധികൃതരുടെ അപേക്ഷ. മാത്രമല്ല, "മരുന്നുകൾ, ആരോഗ്യസാമഗ്രികളുടെ വിതരണങ്ങളുടെ ദൗർലഭ്യം, അതുപോലെ ഇന്ധനത്തിന്റെ അഭാവം, വൈദ്യുതിയുടെ അനൗചിത്യപരമായ വെട്ടിക്കുറയ്ക്കലുകൾ" എന്നിവമൂലം പല തലങ്ങളിൽ ആശുപത്രി ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. റേഷൻ ചെയ്ത എല്ലാ അത്യാവശ്യ സാധനങ്ങളും ഇതിനകം തീർന്നുകൊണ്ടിരിക്കുന്നു. അതിനാൽ, "ഈ പ്രതിസന്ധിക്കും, നിലവിലുള്ള മാനുഷിക ദുരന്തം, രോഗികൾക്ക് വൈദ്യ സഹായം നൽകാൻ കഴിയാത്തതിന്റെ ഫലമായി ഉണ്ടാകുന്ന മാരകമായ ദുരന്തങ്ങൾ എന്നിവയ്ക്കും പൂർണ്ണ ഉത്തരവാദി "ലെബനീസ് ഭരണകൂടമായിരിക്കും എന്ന് ആശുപത്രി അധികൃതരുടെ കുറിപ്പ് വിരൽ ചൂണ്ടുന്നു. എന്നാൽ യാതൊരു കാരണവുമില്ലാതെ ഈ ദുരന്തം അനുഭവിക്കാൻ ജനങ്ങളെ വിട്ടുകൊടുക്കാതെ അത് പൂർണ്ണമായി ഒഴിവാക്കാൻ ഉത്തരവാദിത്വപ്പെട്ട എല്ലാവരും തർക്കങ്ങൾ മാറ്റിമറിച്ച ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആശുപത്രി നിർവാഹക സമിതി കുറിപ്പിൽ വ്യക്തമാക്കി.
ഏറെ നാളുകളായി നിരന്തരമായ ദുരിതമനുഭവിക്കുന്ന ലബനോനിൽ ഒരു പുതിയ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രീയ ശക്തികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തിക തലത്തിൽ രാജ്യത്തിന്റെ കറൻസി വളരെയധികം മൂല്യത്തകർച്ച നേരിട്ടു. അതേസമയം കോവിഡ് മഹാമാരി മൂലമുണ്ടായ അടച്ചിടൽ സാമൂഹ്യ സാഹചര്യത്തെ കൂടുതൽ വഷളാക്കുകയും ചെയ്തു. 2020 ഓഗസ്റ്റ് നാലാം തീയതി ബെയ്റൂട്ട് തുറമുഖത്ത് നടന്ന സ്ഫോടനത്തിൽ 200 പേർ മരിക്കുകയും 7000 പേർക്ക് പരിക്കുപറ്റുകയും ചെയ്ത സ്ഫോടനവും തുടർന്നു നാടകീയമായ സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങളും ഉണ്ടായി.
കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഫ്രാൻസും മറ്റു രാജ്യങ്ങളും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി പരിശുദ്ധ സിംഹാസനത്തിന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള അണ്ടർ സെക്രട്ടറി മോൺസിഞ്ഞോർ മിറോസ്ലാവ് വാക്കോവ്സ്കി ലനൽകിയ ഒരു വീഡിയോ സന്ദേശത്തിൽ ലബനോൻ ഇനിയും താണുപോകുകയില്ലെന്നും ഉയിർത്തെഴുന്നേല്പിന്റെ തുടക്കമാണെന്നും അത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. നൂറ്റാണ്ടുകൾ പരസ്പര സഹവാസാനുഭവം സുദൃഢമാക്കിയ ലബനോൻ ഒരു മഹത്തായ രാഷ്ട്രമാണെന്നും അതിനാൽ വിധിയുടെ കരുണയ്ക്കായോ സ്വാർത്ഥതയുടെ ശ്രുംഖലകൾക്കോ അതിനെ വിട്ടു കൊടുക്കാനാവില്ല എന്നും മോൺ. വാക്കോവ്സ്കി പറഞ്ഞിരുന്നു. ലെബനോൻ ഒരു രാഷ്ട്രം മാത്രമല്ല മധ്യ കിഴക്കൻ നാട്ടിൽ നിന്നും ഉദിച്ചുയരുന്ന സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സനാതന സന്ദേശമാണെന്നും അതിന് രാജ്യത്തിനകത്തും പുറത്തുമുള്ള സകലരുടേയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.
ലബനോനിലെ പാത്രിയർക്കുമാരും സഭാതലവൻമാരുമൊപ്പം പ്രാർത്ഥനയുടെയും പരിചിന്തനത്തിന്റെയും ദിനമായി തിരഞ്ഞെടുത്ത ജൂലൈ ഒന്നാം തിയതി ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകളുടെ പ്രതിധ്വനിയായിരുന്നു മോൺ. വാക്കോവ്സ്കിയുടെ വാക്കുകൾ. ഒരു നല്ല ഭാവിയുടെ നായകരാകാൻ, അവരുടെ നാട്ടിൽ കൂടുതൽ ഇടപെടലുകളില്ലാതെ, ലബനോൻകാർക്ക് അവസരം കൊടുക്കേണ്ടത് ആവശ്യമാണെന്ന് അന്ന് വത്തിക്കാനിലെ ബസിലിക്കയിൽ പാപ്പാ പറഞ്ഞിരുന്നു. മറ്റുള്ളവരെ ഉപയോഗിച്ച് പ്രയോജനമെടുക്കുന്നത് നിറുത്താനും പക്ഷപാതപരമായ സത്യങ്ങൾ പറഞ്ഞ് ജനങ്ങളുടെ പ്രത്യാശ നശിപ്പിക്കാതിരിക്കാനും പാപ്പാ ആവശ്യപ്പെട്ടിരുന്നു. ലബനോനെ വിദേശ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരായും ശബ്ദമുയർത്തിയ പാപ്പാ, സംഘർഷങ്ങളുടെ രാത്രികൾ അവസാനിക്കുന്നെന്നും പ്രത്യാശയുടെ പുലരിയുണരുന്നെന്നും, ശത്രുതകളും വിയോജിപ്പുകളും അവസാനിപ്പിക്കാനും ലബനോൻ സമാധാനത്തിന്റെ വെളിച്ചം പരത്താൻ തിരിച്ചെത്തട്ടെ എന്നും ആശംസിച്ചിരുന്നു.