മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഇന്ത്യയിലെ എല്ലാ ക്രൈസ്തവസഭകൾക്കുമായുള്ള കത്തിൽ, സഭകളുടെ ലോകസമിതി, കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും കാരണം ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ ദുരിതങ്ങളിൽ, ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലായി മാത്രം ഏതാണ്ട് 150-ലധികം പേർ മരിച്ചതായും, വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത് മഹാരാഷ്ട്ര, ഗോവ പ്രദേശങ്ങളിലാണ്.
"കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതിദുരന്തങ്ങളിൽപ്പെട്ടു ജീവൻ നഷ്ട്ടപ്പെട്ട നൂറുകണക്കിന് ആളുകളുടെയും, ജീവിതവും ഉപജീവനവും നശിച്ച ദശലക്ഷക്കണക്കിന് ആളുകളുടെയും ഇപ്പോഴത്തെ അവസ്ഥയിൽ തങ്ങൾ ദുഃഖിക്കുന്നു എന്നും, ഈ വിഷമസന്ധിയിൽ തങ്ങൾ ദുരിതമനുഭവിക്കുന്ന എല്ലാവരോടുമൊപ്പമുണ്ടെന്നും, ഇന്ത്യയിലെ ദേശീയസഭാസമിതിക്കും, സഭകളുടെ ലോകസമിതിയിൽ അംഗങ്ങളായിട്ടുള്ള ക്രൈസ്‌തവസഭകൾക്കുമായി സമിതി അയച്ച സന്ദേശത്തിൽ പറയുന്നു.
ഈ ദിവസങ്ങളിലെ പ്രകൃതിദുരന്തങ്ങളിൽ ബുദ്ധിമുട്ടിലായ എല്ലാ ക്രിസ്ത്യാനികൾക്കും മറ്റെല്ലാ ഇന്ത്യൻ സമൂഹങ്ങൾക്കും എക്യൂമെനിക്കൽ കൗൺസിൽ അതിന്റെ പ്രാർത്ഥന ഉറപ്പുനൽകുന്നുവെന്നും, 1950 മുതൽ കാണുന്ന അസാധാരണ കാലാവസ്ഥാവ്യതിയാനങ്ങൾ, ഈ പ്രദേശങ്ങളിൽ ഏതാണ്ട് മൂന്നിരട്ടി കനത്ത മഴയും അറബിക്കടലിൽ കൂടുതൽ ചൂടും ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇവയൊക്കെ ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനങ്ങളും മൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ ഭയപ്പെടുത്തുന്ന തെളിവാണ്” എന്നും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാവകാര്യങ്ങളിൽ, ആഗോളതലത്തിൽ ഉത്തരവാദിത്വബോധമുണ്ടാക്കാൻ സമൂഹങ്ങളെ അണിനിരത്തുന്നതിനും പിന്തുണയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധരായ എക്യൂമെനിക്കൽ കൗൺസിലും, ആഗോള എക്യുമെനിക്കൽ പ്രസ്ഥാനവും, കോവിഡ് -19 മഹാമാരിക്ക് പുറമേ, നിലവിലുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ള പ്രകൃതിദുരന്തങ്ങൾ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ എല്ലാ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്നും ആവർത്തിച്ചു.
ലോകത്തെമ്പാടുമായി ഏതാണ്ട് 350-ഓളം ക്രൈസ്‌തവസഭകൾ അംഗമായുള്ള ഒരുസംഘടനയാണ്, 1948ൽ തുടങ്ങിയ സഭകളുടെ ലോകസമിതി.