തിരയുക

വി. പാദ്രേ പിയോ വി. പാദ്രേ പിയോ 

വി. പാദ്രേ പിയോയുടെ സഹായിയായിരുന്ന ഫാ. മർചെല്ലിനോ നിര്യാതനായി

1965 ഏപ്രിൽ 26 മുതൽ സെപ്റ്റംബർ 26 വരെ അദ്ദേഹം വി. പാദ്രേ പിയോയുടെ സഹായിയായിരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പാദ്രെ പിയോയുടെ സഹായിയും വിശുദ്ധീകരണ നടപടികളിൽ സാക്ഷിയുമായിരുന്ന  അവസാനത്തെ കപ്പുച്ചിൻ വൈദീക൯ മർചെല്ലിനോ  ഇന്നലെ സാൻ ജൊവാന്നി റൊത്തോൻതോയിൽ നിര്യാതനായി. അദ്ദേഹത്തിന് 91 വയസ്സായിരുന്നു.1930 ജൂൺ 30 ന് ഇറ്റലിയിലെ കാംപോബാസ്സോയിലുള്ള കാസാകലേൻദായിൽ ജനിച്ച അദ്ദേഹം 16 ആം വയസ്സിൽ സഭയിൽ ചേർന്നു. 1947 സെപ്റ്റംബർ 16ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. വൈദീക വിദ്യാർത്ഥിയായിരിക്കെ 1952 ലാണ് വി. പാദ്രെ പിയോയെ പരിചയപ്പെടുന്നത്. ഇറ്റാലിയൻ ഭാഷയിലെ കത്തുകൾ കൈകാര്യം ചെയ്യാൻ സാൻ ജൊവാന്നി റൊത്തോംതൊയിലേക്ക്  രണ്ടു മാസത്തേക്ക് അയക്കപ്പെട്ട മർചെല്ലീനോ പിന്നീട് വീണ്ടും അവിടെയ്ക്ക് തിരിച്ചു വരികയായിരുന്നു. 1954 ഫെബ്രുവരി 21 ന് വൈദീകനായി അഭിഷിക്തനായ അദ്ദേഹം റോമിൽ നിന്ന്  ദൈവശാസ്ത്രത്തിലും മിലാനിൽ നിന്ന് സാഹിത്യത്തിലും ബിരുദം നേടി. 1955 ൽ വീണ്ടും സാൻ ജൊവാന്നി റൊത്തോംതോയിൽ വൃദ്ധനായ പാദ്രേ പിയോയുടെ വ്യക്തിഗത സഹായിയായും ഇംഗ്ലീഷ് എഴുത്തുകളുടെ ചുമതലക്കാരനുമായി. പാദ്രെ പിയോയുമായുള്ള തുടർച്ചയായ സമ്പർക്കവും സംഭാഷണങ്ങളും അദ്ദേഹവുമായുള്ള അനുഭവങ്ങളുടെ ഒരു ഡയറി എഴുതാൻ ഫാ. മർച്ചല്ലീനോയെ പ്രേരിപ്പിച്ചു. മറ്റു വിവിധ ചുമതലകളും സഭയിൽ അദ്ദേഹം നിർവ്വഹിച്ചിരുന്നു. തന്റെ ഓർമ്മകൾ എല്ലാം കൃത്യമായി തയ്യാറാക്കിയ ഡയറിയും പാദ്രെ പിയോയെ കുറിച്ചുള്ള  നാല് പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പാദ്രെ പിയോ പിതാവ് (3 വാല്യങ്ങൾ ), ഒരു വിശുദ്ധന്റെരൂപം (2 വാല്യങ്ങൾ ),  പാദ്രെ പിയോ പരിശുദ്ധ കന്യകയെക്കുറിച്ച് പറയുന്നു, പരിശുദ്ധ കന്യക പാദ്രെ പിയോയുടെ ജീവിതത്തിൽ എന്നിവയാണവ. 1995 മുതൽ സാൻ ജൊവാന്നി റൊത്തോംതൊയിൽ കുമ്പസാരക്കാരനായി എത്തിയിരുന്ന അദ്ദേഹത്തെ 2004ൽ അവിടെയ്ക്കു തന്നെ സ്ഥലം മാറ്റി. മൂന്ന് കൊല്ലം മുമ്പ് അസുഖം ബാധിച്ച് കിടപ്പിലാവുകയും ഇന്നലെ  ദൈവസന്നിധിയിലേക്ക് യാത്രയാവുകയും ചെയ്ത അദ്ദേഹത്തിന്റെ ശവസംസ്കാര കർമ്മങ്ങൾ ഇന്ന് ഇറ്റാലിയൻ സമയം 11.30 ന് സാൻ ജൊവാന്നി റൊത്തോംതൊയിൽ നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2021, 16:24