തിരയുക

സങ്കീർത്തനചിന്തകൾ - 95 സങ്കീർത്തനചിന്തകൾ - 95 

ആരാധനയ്ക്ക് യോഗ്യനായ ദൈവം

വചനവീഥി - തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സൃഷ്ടാവായ ദൈവത്തിന് സ്തുതിയും നന്ദിയും അർപ്പിക്കുന്നത് ഓരോ വ്യക്തിയുടെയും കടമയാണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു സങ്കീർത്തനമാണ് തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം. ചരിത്രപരമായ പരാമർശങ്ങളും, സ്തുതിയർപ്പിക്കേണ്ടതിന്റെ കാരണങ്ങളും ഉൾപ്പെടുന്ന, പതിനൊന്നു വാക്യങ്ങൾ മാത്രമുള്ള ഒരു അധ്യായമാണിത്. പുതിയനിയമത്തിൽ ഹെബ്രായർക്കുള്ള ലേഖനത്തിന്റെ മൂന്നാമദ്ധ്യായം ഏഴുമുതൽ നാലാമദ്ധ്യായം പതിമൂന്നു വരെയുള്ള ഭാഗത്ത്, തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനത്തിന്റെ രണ്ടാംഭാഗത്തിന്റെ ഏതാണ്ടൊരു തനിയാവർത്തനം നമുക്ക് കാണാം. ഹെബ്രായർക്കുള്ള ലേഖനത്തിൽ പക്ഷെ, ഈ സങ്കീർത്തനഭാഗം "ദാവീദുവഴി ദൈവം വീണ്ടും പറയുന്നു" എന്ന രീതിയിലാണ് പറഞ്ഞിരിക്കുന്നത്. അതിനാൽത്തന്നെ ഒരുപക്ഷെ ദാവീദാകാം ഈ സങ്കീർത്തനകർത്താവ് എന്ന് കരുതുന്നവരുമുണ്ട്.

ദൈവത്തെ എങ്ങനെ, എന്തുകൊണ്ട്, പ്രകീർത്തിക്കണം?

സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങളിൽ, ദൈവത്തെ എപ്രകാരം പ്രകീർത്തിക്കണം എന്നതിനെക്കുറിച്ച് രേഖപ്പെടുത്തുന്നുണ്ട് സങ്കീർത്തകൻ. അവൻ പറയുന്നു, "വരുവിൻ, നമുക്ക് കർത്താവിന് സ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂർവ്വം പാടിപ്പുകഴ്ത്താം. കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയിൽ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങൾ ആലപിക്കാം".

മൂന്ന് ചിന്തകളാണ് ഇവിടെയുള്ളത്. ഒന്നാമതായി സങ്കീർത്തകൻ ദൈവത്തിന് ബഹുമാനവും നന്ദിയും അർപ്പിക്കാൻ ആഗ്രഹിക്കുന്നു. അതുപക്ഷെ ഗാനരൂപത്തിൽ, അതായത് ഏറ്റവും മെച്ചപ്പെട്ട രൂപത്തിൽ ആകണമെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. മനുഷ്യനിൽ കൂടുതലായി വൈകാരികതയുണർത്തുന്ന ഒരു കലാരൂപമാണ് സംഗീതം. ഒരുമിച്ച്, സമൂഹമായി, ദൈവത്തിന് സ്തോത്രഗീതം ആലപിക്കുന്നത്, പ്രാർത്ഥനയെ, ദൈവവും മനുഷ്യാത്മാവും തമ്മിലുള്ള ഒരു സംഭാഷണം എന്നതിനോടൊപ്പം, കൂടെയുള്ള സഹോദരങ്ങളുടെ കർണ്ണപുടങ്ങളിലൂടെ അവരുടെ ഹൃദയങ്ങളിലേക്ക് ദൈവചിന്തയെ പകരുന്ന ഒരു ഉദാത്തമായ സാക്ഷ്യം കൂടിയാകുന്നുണ്ട്.

രണ്ടാമതായി, സന്തോഷപൂർവ്വവും, നന്ദിയോടെയും ആയിരിക്കണം ദൈവത്തിനു സ്തുതി പാടേണ്ടത് എന്നൊരു ചിന്തയാണ് ഈ വാക്യങ്ങളിലുള്ളത്. നന്ദിയുടെ മനോഭാവം സന്തോഷത്തിന്റെ പ്രതിഫലനമാകണം, അതോടൊപ്പം, വിശ്വാസിയുടെ മനസ്സിൽ സന്തോഷം നിറയ്ക്കുന്നതുമാകണം. സ്വീകരിച്ച നന്മകളെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാ മനസ്സിലും സ്നേഹമെന്ന, സന്തോഷമെന്ന വികാരമാണല്ലോ നിറയ്ക്കുക. ദൈവമെന്ന അഭയശില ശക്തമായ ഒരു കോട്ടയായി, സംരക്ഷണമായി, അനുഗ്രഹമായി, ഒക്കെ നിന്നതിന്റെ വ്യക്തിപരമായ അനുഭവങ്ങളാണ് നന്ദിയുടെ മനോഭാവത്തോടെ ദൈവത്തിന് ഹൃദയംകൊണ്ട് കീർത്തനമാലപിക്കാൻ സങ്കീർത്തകനെ നയിക്കുന്നത്. ദൈവം കരുത്തേറിയ അഭയസ്ഥാനമെന്ന ഒരു ചിന്ത തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്.

ദൈവികസന്നിധിയിൽ ആയിരിക്കുന്നതിന്റെ പ്രാധാന്യമാണ് മൂന്നാമതൊരു ചിന്തയായി മുന്നിൽ നിൽക്കുന്നത്. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം, ഉടമ്പടിയുടെ കൂടാരം ദൈവസാന്നിദ്ധ്യത്തിന്റെയിടമാണ്. എന്നാൽ, ശാരീരികമായി ദേവാലയത്തിൽ ആയിരിക്കുക എന്നത് മാത്രമല്ല, മനസ്സിലും ദൈവികചിന്തയുണ്ടായിരിക്കുകയും, അതുവഴി ഹൃദയം അവന്റെ സാന്നിദ്ധ്യത്തിൽ ആയിരിക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണ്.

ദൈവത്തിന്റെ മഹത്വം.

മൂന്നുമുതൽ അഞ്ചുവരെ വാക്യങ്ങളിൽ നാം ഇങ്ങനെ കാണുന്നു. "എന്നാൽ കർത്താവ് ഉന്നതനായ ദൈവമാണ്; എല്ലാ ദേവന്മാർക്കും അധിപനായ രാജാവാണ്. ഭൂമിയുടെ അഗാധതലങ്ങൾ അവിടുത്തെ കൈയിലാണ്; പർവതശ്രുംഗങ്ങളും അവിടുത്തെത്താണ്. സമുദ്രം അവിടുത്തെതാണ്, അവിടുന്നാണ് അത് നിർമ്മിച്ചത്; ഉണങ്ങിയ കരയെയും അവിടുന്നാണ് മെനഞ്ഞെടുത്തത്".

ദൈവമഹത്വത്തിന്റെ ആഴവും, ഉയരവും അറിയുന്നത് ദൈവത്തെ കൂടുതൽ സ്നേഹിക്കാനും, അവനിൽ കൂടുതൽ ആശ്രയം വയ്ക്കാനും വിശ്വാസിയെ സഹായിക്കും. ഇസ്രായേൽ ജനത്തിന്, തങ്ങളുടെ ദൈവം മറ്റു ദേവന്മാരെക്കാൾ വലിയവനാണ് എന്ന ഒരു ചിന്ത, ഭയവും സന്ദേഹങ്ങളും ഉപേക്ഷിച്ച്, കൂടുതൽ ധൈര്യത്തോടെ യഹോവയെന്ന ദൈവത്തിൽ ആശ്രയിക്കാൻ അവരെ സഹായിക്കുന്നുണ്ട്. കടൽപോലെ ശക്തമായ, മനുഷ്യന് അന്നും ഇന്നും പൂർണ്ണമായി കീഴ്‌പ്പെടുത്താനോ, മനസ്സിലാക്കാൻ പോലുമോ പറ്റാത്ത പ്രകൃതിശക്തികൾ പോലും അവനു കീഴിലാണെങ്കിൽ ആ ദൈവത്തിലുപരി ആരെയാണ് മനുഷ്യന് ആശ്രയിക്കാനാവുക?

ദൈവത്തെ ആരാധിക്കാനുള്ള ക്ഷണം

ആറും ഏഴും വാക്യങ്ങളിലൂടെ സങ്കീർത്തകൻ എല്ലാവരെയും ദൈവാരാധനയ്ക്ക് ക്ഷണിക്കുന്നത് ഇങ്ങനെയാണ്. "വരുവിൻ, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കർത്താവിന്റെ മുൻപിൽ മുട്ടുകുത്താം. എന്തെന്നാൽ, അവിടുന്നാണ് നമ്മുടെ ദൈവം. നാം അവിടുന്ന് മേയ്ക്കുന്ന ജനവും, അവിടുന്ന് പാലിക്കുന്ന അജഗണം. നിങ്ങൾ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!.

ദൈവത്തിനു മുന്നിൽ കുമ്പിട്ട് ആരാധിക്കാനുള്ള സങ്കീർത്തകന്റെ ക്ഷണത്തിനു പിന്നിൽ, സർവ്വശക്തനായ ദൈവത്തിൽ വിശ്വാസമർപ്പിച്ച്, എല്ലാം അവനുമുന്നിൽ ചെറുതായി കാണുന്നതുവഴിയുള്ള എളിമയും, ഈ പ്രപഞ്ചം മുഴുവനും മാത്രമല്ല, നമ്മെത്തന്നെയും സൃഷ്ടിച്ച ദൈവത്തിനു മുന്നിൽ നമ്മുടെ അഹം ചെറുതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്തയും വ്യക്തമാണ്. ഈ സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് ഓർപ്പിച്ചതുപോലെ, ഒറ്റയ്ക്കല്ല, മറിച്ച് സമൂഹമായി ദൈവത്തെ ആരാധിക്കുക എന്നൊരു ചിന്തയും ഇവിടെ ആവർത്തിക്കപ്പെടുന്നുണ്ട്. ദൈവത്തിന്റെ അജഗണം എന്ന ചിന്തയും, ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യത്തെയുമാണ് വിശ്വാസിയെ സങ്കീർത്തകൻ ഓർമ്മിപ്പിക്കുക.

ദൈവത്തെ അറിഞ്ഞിട്ടും അവനെ നിരസിക്കുന്നവർ

ഒൻപതുമുതലുള്ള വാക്യങ്ങളിൽ, സങ്കീർത്തകൻ ഇസ്രയേലിനെ മാത്രമല്ല, യഹോവയെന്ന ദൈവത്തെ അറിഞ്ഞിട്ടുള്ള എല്ലാവരെയും ചരിത്രബോധത്തോടെ ജീവിക്കാൻ, അങ്ങനെ തങ്ങളുടെ പിതാക്കന്മാരുടെ തെറ്റുകൾ ആവർത്തിക്കാതെ, ദൈവകോപത്തിൽനിന്ന് അകന്നുനിൽക്കാൻ ഉത്ബോധിപ്പിക്കുകയാണ്. മരുഭൂമിയിലൂടെ വാഗ്ദത്തഭൂമി തേടിയുള്ള യാത്രയിൽ, ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ എപ്രകാരം നയിച്ചുവോ, അതുമറന്നു ദൈവത്തോട് മറുതലിച്ചവരാണ് തങ്ങളുടെ പിതാക്കൾ എന്നതും, അതിന്റെ പ്രതിഫലം എന്തായിരുന്നു എന്നതും അറിയുന്ന ഒരു ജനത്തോടാണ് സങ്കീർത്തകൻ പറയുന്നത്, "നിങ്ങൾ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!"

ദൈവം ആരെന്ന അറിവ് അതിൽത്തന്നെ, മനുഷ്യനെ രക്ഷയിലേക്ക് നയിക്കാൻ മതിയാകുകയില്ല. സങ്കീർത്തനത്തിന്റെ അവസാനവാക്യമായ പതിനൊന്നാം വാക്യത്തിന്റെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ, ദൈവത്തിന്റെ വാക്കുകൾ കേൾക്കുക മാത്രമല്ല, അവനിൽ ജീവിതം സമർപ്പിച്ച്, അവന്റെ വചനമനുസരിച്ച് ജീവിക്കുകയാണ്, ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ, അങ്ങനെ രക്ഷ കൈവശമാക്കാൻ നാം ചെയ്യേണ്ടത്.

ദൈവത്തോട് ചേർന്ന് നിൽക്കുക

ദൈവത്തിന് മുന്നിൽ കഠിനഹൃദയത്തോടെ ജീവിക്കുന്നവർ, യഥാർത്ഥത്തിൽ ദൈവമാരെന്ന് അറിഞ്ഞിട്ടില്ല. ദൈവം ആരെന്ന യഥാർത്ഥ അറിവുള്ള ആർക്കാണ്, മരുഭൂമിയുടെ നാൽപത് സംവത്സരങ്ങളോളം ദൈവത്തിൽനിന്ന് അകന്ന് ഹൃദയകാഠിന്യത്തിന്റെ ഊഷരഭൂമിയിൽ ജീവിക്കാനാകുക? ദൈവമാരെന്ന അറിവ് ഹൃദയത്തിൽ ഗ്രഹിച്ചവരെല്ലാം, അവനുമുന്നിൽ താഴ്‌മയോടെയും വിശ്വസ്തതയോടെയും ജീവിച്ച്, അവനാൽ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ആധ്യാത്മികതയുടെ വളർച്ചയേറുംതോറും ദൈവവുമായുള്ള സ്നേഹബന്ധത്തിൽ വളർന്ന ചില ഹൃദയങ്ങൾ കൂടുതൽ നിർമ്മലമാകുന്നത്, വേദനകളുടെ നടുവിൽപ്പോലും അവരുടെ ജീവിതം മാധുര്യമേറിയതാകുന്നത്, ദൈവത്തിനുമുന്നിൽ തങ്ങളെത്തന്നെ ചെറുതായി കണ്ട വിശുദ്ധരുടെ ജീവിതം വായിച്ചറിഞ്ഞിട്ടുള്ളവർക്ക് അന്യമായ ഒരു ചിന്തയല്ലല്ലോ.

തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനവിചിന്തനം ഇവിടെ അവസാനിപ്പിക്കുമ്പോൾ, സങ്കീർത്തകന്റെ ക്ഷണം, ദൈവസ്നേഹത്തിലേക്കുള്ള ഒരു വിളിയായി നമുക്ക് മുന്നിലുണ്ട്. ഒരുമയോടെ സ്നേഹത്തിന്റെ സ്തോത്രഗീതമായി നമുക്കും നമ്മുടെ ജീവിതങ്ങളെ ദൈവത്തിനു മുന്നിൽ സമർപ്പിക്കാം. അവനെ കൂടുതലായി അറിയാൻ, അവന്റെ വാക്കുകൾ ശ്രവിക്കാൻ കാതോർക്കാം. രക്ഷകനായ ദൈവത്തിനായി നമ്മുടെ ഹൃദയവാതിലുകൾ തുറന്നിടാം. അവന്റെ വാക്കുകൾ അനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കാം. ഇന്നലെകളിൽ ദൈവം നമ്മെ നടത്തിയതോർത്താൽ എങ്ങനെയാണ് അവന് നന്ദി പറയാതിരിക്കാനാകുക? ഇന്നിന്റെ വേദനകൾ നമ്മെ ദൈവസ്നേഹത്തിൽനിന്ന് അകറ്റാതിരിക്കട്ടെ. മാസ്സയുടെ മരുഭൂമികളിൽ ജീവിതം എരിയുമ്പോൾ, മെരിബയുടെ നിരാശയിൽ വഴിയറിയാതെ നാമലയുമ്പോൾ, പ്രപഞ്ചം മുഴുവനെയും നമ്മെയും സൃഷ്ടിച്ച, കരുണയാൽ എല്ലാത്തിനെയും പരിപാലിക്കുന്ന, നമ്മുടെ മുന്നിൽ കനിവുള്ള ഒരു ദൈവമായി തന്നെത്തന്നെ വെളിപ്പെടുത്തുന്ന, നമുക്ക് രക്ഷയുണ്ടാകാനായി തന്നെത്തന്നെ നൽകുന്ന സർവ്വശക്തനായ ദൈവത്തിൽ ശരണപ്പെടാം. അവന്റെ സ്നേഹത്തിന്റെ നീരുറവ നമ്മുടെ ജീവിതങ്ങളെ അനുഗ്രഹപ്രദമാക്കട്ടെ. വരിക, നമുക്ക് കർത്താവിനെ സ്തുതിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2021, 12:53