തിരയുക

പ്രത്യുൽപാദനവും ധാർമ്മികതയും - ഫയൽ ചിത്രം പ്രത്യുൽപാദനവും ധാർമ്മികതയും - ഫയൽ ചിത്രം 

മനുഷ്യാന്തസ്സ്‌ ഇല്ലാതാക്കുന്ന നിയമനിർമ്മാണത്തിനെതിരെ ഫ്രാൻസിലെ കത്തോലിക്കാസഭ

പുതിയ വിവാദ ജൈവധാർമ്മികനിയമത്തിന് (Bioethical law) ഫ്രാൻസ് അന്തിമ അംഗീകാരം നൽകി

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പുതിയ വിവാദ ജൈവധാർമ്മികനിയമത്തിന് (Bioethical law) ഫ്രാൻസ് അന്തിമ അംഗീകാരം നൽകിയതിൽ നിരാശ പ്രകടിപ്പിച്ച് ഫ്രഞ്ച് മെത്രാന്മാർ.

പുതിയ നിയമത്തിനെതിരായ കത്തോലിക്കാസഭ ഉൾപ്പെടെ നടത്തിയ വാദങ്ങൾ നിയമനിർമാതാക്കൾ കാര്യമായി പരിഗണിച്ചിട്ടില്ല. “നിരവധി വർഷങ്ങളായി നടക്കുന്ന ചർച്ചകൾക്കിടയിലും, മനുഷ്യന്റെ അന്തസ്സിനെ ഒരു ആപേക്ഷിക മൂല്യം മാത്രമാക്കി മാറ്റുന്ന ഒരു യുക്തി സ്ഥാപിക്കപ്പെട്ടു” എന്നാണ് പുതിയ നിയമനിർമ്മാണത്തെക്കുറിച്ച് ഫ്രഞ്ച് മെത്രാൻസംഘത്തിന്റെ അധ്യക്ഷൻ ആർച്ച്ബിഷപ്പ് എറിക് ദ് മൂളാൻ ബുഫോർ (Eric de Moulins-Beaufort) ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടത്. തങ്ങളുടെ സഹപൗരന്മാരുടെ പരാതികൾ പരിഗണിക്കാത്ത ഒരു പ്രത്യയശാസ്ത്ര ഇച്ഛാശക്തിയുടെ വിജയമാണ് തങ്ങൾ പുതിയ നിയമത്തിൽ കാണുന്നതെന്നും എല്ലാ മനുഷ്യരുടെയും അന്തസ്സ് പരിപാലിക്കപ്പെടുകയെന്ന ഫ്രഞ്ച് ധാർമ്മികതയാണ് പുതിയ നിയമത്തിലൂടെ ഇല്ലാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബില്ലിന്റെ പ്രധാന ചർച്ചാവിഷയമായി മാറിയത്, പുതിയ നിയമം വഴി എല്ലാ സ്ത്രീകൾക്കും വൈദ്യശാസ്ത്രപരമായ സഹായത്തോടെയുള്ള പുനരുൽപാദനത്തിലേക്കുള്ള (Medically Assisted Reproduction - PMA) നിയമപരമായ പ്രവേശനം വിപുലീകരിക്കപ്പെടുന്നു എന്നതാണ്. ഇതുവരെ ഈ രീതിയിലുള്ള സഹായം, പുനരുത്പാദനപ്രശ്‌നങ്ങളുള്ള വിവാഹിതരായ ഭിന്നലിംഗക്കാരായ ദമ്പതികൾക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പ്രത്യുൽപാദന കോശങ്ങളും ഭ്രൂണങ്ങളും കൃത്രിമമായി വളർത്തുന്നതും അവയുടെ സംഭരണവുമാണ് നിയമത്തിൽ പ്രതിപാദിക്കുന്ന മറ്റ് നിർണായക പ്രശ്നങ്ങൾ. പുതിയ നിയമത്തിന്റെ ധാർമ്മിക പ്രത്യാഘാതങ്ങളെക്കുറിച്ച് രാജ്യത്ത്, വളരെക്കാലമായി, ബിഷപ്പുമാരുൾപ്പെടെ നടത്തിയ ചൂടേറിയ ചർച്ചകൾക്ക് ശേഷമാണ് നിർണ്ണായകമായ ഈ തീരുമാനത്തിലേക്ക് ഫ്രാൻസ് എത്തിച്ചേർന്നത്.

“നിയമം നിയമപരമായി ശരിയായത് എന്താണെന്ന് മാത്രമാണ് പറയുന്നതെന്നും, എന്നാൽ നല്ലത് എന്താണെന്ന് നിയമം ചർച്ചചെയ്യില്ലെന്നും പറഞ്ഞ ആർച്ച് ബിഷപ്പ് ദ് മൂളാൻ ബുഫോർ പുതിയ നിയമനിർമ്മാണ ചട്ടക്കൂട് ധാർമ്മികതയ്ക്ക് താങ്ങായി നിൽക്കുന്ന മൂല്യങ്ങളെ വിലകുറച്ചു കാണുന്നുവെന്നും, അതുകൊണ്ടു തന്നെ എല്ലാവരും തങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്വങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാണാമെന്നും ഓർമിപ്പിച്ചു. 

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ റിപബ്ലിക് എൻ മാർഷ് (République en Marche) പാർട്ടി മുന്നോട്ടുവച്ച നിയമനിർമാണം ജൂൺ ഇരുപത്തിയൊൻപത് ചൊവ്വാഴ്ച മുന്നൂറ്റിഇരുപത്തിയാറ് വോട്ടുകളോടെയാണ് പാസായത്. നിയമനിർമാണത്തിന് എതിരായി ആദ്യവട്ടം നൂറ്റിപതിനഞ്ചും രണ്ടാം ഊഴത്തിൽ നാല്പത്തിരണ്ടും പേര് വോട്ടുചെയ്തു.

02 July 2021, 13:21