കുട്ടികളും കോവിഡിന്റെ പരോക്ഷഫലങ്ങളും കുട്ടികളും കോവിഡിന്റെ പരോക്ഷഫലങ്ങളും 

കോറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ

കോവിഡ് രോഗവുമായി ബന്ധപ്പെട്ട്, ലോകത്തെമ്പാടും പല കുട്ടികളും അനാഥരായെന്നും, അവർ പട്ടിണി, ദാരിദ്ര്യം, ദുരുപയോഗം, ചൂഷണം മുതലായ തിന്മകൾ നേരിടേണ്ടിവരുന്നു എന്ന് പഠനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സേവ് ദി ചിൽഡ്രൻ എന്ന കുട്ടികൾക്കുവേണ്ടിയുള്ള അന്താരാഷ്ട്രസംഘടന, ലാൻസെറ്റ് (Lancet) മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, കൊറോണ വൈറസ് മൂലം അനാഥരായ കുട്ടികൾ നേരിടുന്ന തിന്മകളും, ഈ പകർച്ചവ്യാധിയുടെ പരോക്ഷ ഇരകളായ കുട്ടികളുടെ ഒരു തലമുറയെത്തന്നെ പ്രത്യേകമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നത്.

ലോകത്തെമ്പാടുമായി ഒരു ദശലക്ഷത്തോളം കുട്ടികൾ കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അനാഥരായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ള കുട്ടികൾക്ക് പ്രത്യേകമായി സംരക്ഷണവും പരിചരണവും ലഭിച്ചില്ലെങ്കിൽ, അവരുടെ ഭാവിയുടെ വികസനവും വളർച്ചയുമാണ് പിന്നോക്കം പോകുന്നതെന്ന്, സേവ് ദി ചിൽഡ്രൻ ജനറൽ മാനേജർ ഡാനിയേല ഫത്തറെല്ല (Daniela Fatarella) ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ പറയുന്നു.

ലോകത്ത് കോവിഡ് മൂലം മരണമടയുന്ന ഓരോ രണ്ടു പേർക്കും ഒരാൾ എന്ന നിലയിൽ കുട്ടികൾ അനാഥരാകുന്നുണ്ടെന്നാണ് കണക്ക്. ഇങ്ങനെ നിലവിൽ കോവിഡ് കാരണങ്ങളാൽ മാത്രം ഒരു ദശലക്ഷം കുട്ടികൾക്കെങ്കിലും, തങ്ങളുടെ മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന്, കഴിഞ്ഞ ഏതാണ്ട് നൂറുവർഷത്തിലേറെയായി കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ സംഘടന പറയുന്നു.

കോവിഡ് മഹാമാരി ലോകത്താകമാനം ഏതാണ്ട് 300 ദശലക്ഷത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തിയിട്ടുണ്ട്. മഹാമാരിയുടെ സാഹചര്യം, ഒരുപാടു കുട്ടികൾക്ക് നിർബന്ധിതബാലവേല, വളരെ നേരത്തെയുള്ള വിവാഹം, പഠനം ഉപേക്ഷിക്കൽ മുതലായവയ്ക്ക് കരണമായിട്ടുണ്ടെന്നും, ദരിദ്രരാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ ആണ് ഇതിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഏറ്റവും ദുർബലരായ കുട്ടികളുടെ ജീവിതത്തെ കോറോണവൈറസ് മൂലമുള്ള സാഹചര്യങ്ങൾ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കോവിഡിന്റെ നേരിട്ടുള്ള പ്രധാന ഇരകളല്ലെങ്കുലും, നിലവിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾക്ക് കൂടുതൽ വിലനൽകേണ്ടിവരുന്നത് കുട്ടികൾ ആണെന്ന് സേവ് ദി ചിൽഡ്രൻ ജനറൽ മാനേജർ ഫത്തറെല്ല കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2021, 13:54