അഫ്ഗാൻ അക്രമം അവസാനിപ്പിക്കാൻ ക്ഷണിച്ചുകൊണ്ടു ചർച്ചകൾ തുടരുന്നു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ദോഹയിൽ നടന്ന സമാധാന യോഗത്തിൽ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ അഫ്ഗാൻ വിഭാഗങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സൈനികനടപടികൾ നിർത്താനുള്ള ഈ ആഹ്വാനം. നിലവിൽ രാജ്യത്തിൽ അക്രമം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അഫ്ഗാൻ സർക്കാരിന്റെയും താലിബാന്റെയും പ്രതിനിധികൾ ചർച്ചയ്ക്കായി ദോഹയിൽ സമ്മേളിച്ചിരുന്നു. എത്രയും വേഗം സ്വച്ഛവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിന് സമാധാന ചർച്ചകൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുപക്ഷവും സമ്മതിച്ചതായി തിങ്കളാഴ്ച താലിബാൻ പറഞ്ഞു. എങ്കിലും വർധിച്ചുവരുന്ന അക്രമങ്ങൾ അവസാനിപ്പിക്കുതിനെ കുറിച്ചുള്ള പരാമർശങ്ങൾ ഒന്നും ചർച്ചയിലുണ്ടായിരുന്നില്ല.
മറ്റു വിദേശ സൈനീകരുടെ പാത പിന്തുടർന്നു ഫ്രഞ്ച് സർക്കാർ തങ്ങളുടെ നൂറോളം പൗരന്മാരെയും എംബസിക്കു വേണ്ടി പ്രവർത്തിക്കുന്ന അഫ്ഗാനികളെയും വാരാന്ത്യത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തെത്തിച്ചു. അതേസമയം സുരക്ഷാ സാഹചര്യം വഷളാകുന്നത് കണക്കിലെടുത്ത് ഇന്ത്യ, ചൈന, ജർമ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ പുറത്തെത്തിക്കുകയോ അവരോടു അഫ്ഗാനിസ്ഥാൻ വിടാൻ പറയുകയോ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഖത്തറിന്റെ തലസ്ഥാനത്ത് സംഘർഷത്തിലുള്ള ഇരുപക്ഷവും വീണ്ടും കൂടിക്കാഴ്ച നടത്തുകയാണ്. എന്നാൽ ചർച്ചകൾക്കു ഗതി നഷ്ടപ്പെട്ടതായും താലിബാൻ സൈന്യമാണ് പ്രായോഗിക നേട്ടമുണ്ടാക്കുന്നതെന്നും വിമർശകർ പറയുന്നു. അതേസമയം യുഎസ്സിന്റെയും, മറ്റുവിദേശ രാഷ്ട്രങ്ങളുടെയും സൈനിക പിന്മാറ്റത്തിൽ നിന്ന് മുതലെടുക്കാൻ നിരവധി ആക്രമണങ്ങൾ നടത്തി താലിബാൻ തിടുക്കം കാണിക്കുകയാണ്.