വെള്ളപ്പൊക്കക്കെടുതികളിൽ  പകർത്തപ്പെട്ട ചിത്രം. വെള്ളപ്പൊക്കക്കെടുതികളിൽ പകർത്തപ്പെട്ട ചിത്രം. 

ശ്രീലങ്കയിൽ കനത്ത മൺസൂൺമഴമൂലമുണ്ടായ വെള്ളപ്പൊക്കക്കെടുതികളിൽ സഹായവുമായി സഭ

കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ശ്രീലങ്കയിൽ 16 പേരോളം മരിക്കുകയും 3 പേരെ കാണാതാവുകയും ചെയ്തു. രാജ്യത്തെ 10 ഓളം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദുരന്ത നിവാരണ കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് 2,70, 000 പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും 800 ലധികം വീടുകൾ താമസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഈ നാടകീയ സാഹചര്യത്തിലാണ് ദുരന്തനിവാരണ സംഘങ്ങളുമായി കൈകോർക്കാൻ കോവിസ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സഭ മുന്നോട്ടു വന്നത്.  ഭക്ഷണ വിതരണത്തിലാണ് ശ്രീലങ്കൻ സഭ മുൻകൈ എടുത്തത്.

തന്റെ സഹകാരികളോടൊപ്പം വീടുവീടാന്തരം കയറി 2000 ൽ അധികം ഭക്ഷണ പൊതികൾ ദിവസം തോറും വിതരണം ചെയ്ത് ബോപിതിയായിലെ സാൻ നിക്കോളാ ഇടവകയിലെ വൈദീകനായ ഫാ. ജയന്ത നിർമ്മലും ഹൻവേലയിലെ സ്വർഗ്ഗാരോപിത മാതാവിന്റെ പള്ളിയിലെ ഇടയനായ ഫാ. ആന്റൺ രഞ്ജിതും, കൊളംബോ അതിരൂപതയിലെ കൊട്ടുഗൊഡായിൽ നിന്നുള്ള സാൻ കജെട്ടാൻ ഇടവകയിലെ സന്യാസിനികളും ഇടവക ജനങ്ങളും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്. താൻ സന്ദർശിച്ച വീടുകളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നതിനാൽ അത്യാവശ്യമായവരോടു ദേവാലയത്തിൽ അഭയം തേടാൻ ആവശ്യപ്പെട്ടെന്നും ഫാ. നിർമ്മൽ യൂക്കാ ന്യൂസിനോട് പറഞ്ഞു. പ്രാദേശീക സഭകളും, പരിസ്ഥിതി പ്രവർത്തകരും, ചില രാഷ്ട്രീയ പ്രവർത്തകരും ഗ്രാമവാസികളും ശ്രീലങ്കയിലെ ഏറ്റവും വലിയ തീരദേശ തണ്ണീർത്തട പ്രദേശമായ മുത്തുരാജവേലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുത്തുരാജവേലയിലെ വൻകിട നിർമ്മാണ പദ്ധതികൾ മണ്ണിൽ നടക്കേണ്ട ജലാഗിരണം തടസ്സപ്പെടുത്തുന്നുവെന്നും അവിടെയുള്ള പാവപ്പെട്ടരേയും പരിസ്ഥിതി ആഘാതവും മുന്നിൽ കണ്ട് സഭ ഈ നിർമ്മാണപ്രവർത്തനത്തെ എതിർത്തിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2021, 19:51