കുരിശിന്റെ ഭാരം - ഫയൽ ചിത്രം കുരിശിന്റെ ഭാരം - ഫയൽ ചിത്രം  

വൈദികർ കുരിശിനെ മുറുകെപ്പിടിക്കുക, അമേരിക്കയിലെ മെത്രാൻസംഘം

സുവിശേഷത്തിന്റെ നന്മയ്ക്കായി കുരിശിനെ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ച് അമേരിക്കയിലെ മെത്രാൻസംഘം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സുവിശേഷത്തിന്റെ നന്മയ്ക്കായി കുരിശിനെ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ച് അമേരിക്കയിലെ മെത്രാൻസംഘം. വൈദികർക്കായുള്ള പ്രാർത്ഥനാദിനമായ തിരുഹൃദയത്തിരുന്നാൾ ദിനം, ജൂൺ പതിനൊന്നാം തീയതിയിലേക്കുള്ള സന്ദേശത്തിൽ, അമേരിക്കൻ മെത്രാൻസംഘത്തിന്റെ, പുരോഹിതർ, സമർപ്പിതർ, ദൈവവിളികാര്യങ്ങൾ എന്നിവക്കായുള്ള സമിതിയുടെ അദ്ധ്യക്ഷനായ അഭിവന്ദ്യ ജെയിംസ് ചെക്കിയോ (Most Reverend James F. Checchio) ആണ് കുരിശിനോട് ചേർന്ന് നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വൈദികരെ ഓർമ്മിപ്പിച്ചത്.

പലപ്പോഴും തിരസ്കാരവും ഒറ്റപ്പെടുത്തലുമാണ് വൈദികർ ഉൾപ്പെടുന്ന സുവിശേഷപ്രഘോഷകർ നേരിടുന്നതെന്നും അദ്ദേഹം  തന്റെ സന്ദേശത്തിൽ കുറിച്ചു-

തങ്ങൾ വഹിക്കേണ്ടിവരുന്ന കുരിശ് തനിച്ചല്ല ചുമക്കുന്നതെന്നും ക്രിസ്തുവിന്റെ കുരിശിലൂടെയും, കുരിശിൽനിന്ന് വരുന്ന ശക്തിയിലൂടെയുമാണ് മുന്നിലുള്ള വെല്ലുവിളികളെ നേരിടാൻ സാധിക്കുകയെന്നും അദ്ദേഹം പുരോഹിതരെ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ഏപ്രിൽ മാസം ഒന്നാം തീയതി പെസഹാവ്യാഴാഴ്ച ലത്തീൻസഭാ ആരാധനാക്രമമനുസരിച്ച് തൈല ആശീർവാദത്തിനായുള്ള വിശുദ്ധബലിമദ്ധ്യേ  നടന്ന പ്രസംഗത്തിലെ ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, “സുവിശേഷപ്രഘോഷണം എപ്പോഴും സഭയ്‌ക്കെതിരായുള്ള പീഡനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും, കുരിശിന്റെ ഭാരം കർത്താവിന്റെ ജീവിതത്തിന്റെ ആദ്യന്തം ഉണ്ടായിരുന്നുവെന്നും” ബിഷപ്പ് ചെക്കിയോ എഴുതി.

1995 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് പുരോഹിതരുടെ വിശുദ്ധീകരണത്തിനായുള്ള ലോകദിനാഘോഷം പ്രഖ്യാപിച്ചത്. എല്ലാവർഷവും തിരുഹൃദയത്തിരുന്നാൾ ദിനമാണ് പുരോഹിതർക്കായുള്ള പ്രത്യേക പ്രാർത്ഥനയ്ക്കായി നീക്കിവച്ചിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 June 2021, 12:03