വിരിയുന്ന വസന്തം.... വിരിയുന്ന വസന്തം.... 

വിലപിക്കുന്ന ഭൂമിയും ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രകാശവും

ഒരു വിലാപ സങ്കീര്‍ത്തനം 85-ന്‍റെ സംക്ഷിപ്ത പഠനം – ശബ്ദരേഖയോടെ...

- ഫാദർ വില്യം നെല്ലിക്കൽ

ഒരു വിലാപഗീതത്തിന്‍റെ പഠനം



1. വിലാപഗീതങ്ങള്‍ രണ്ടുതരം

സങ്കീര്‍ത്തന ശേഖരത്തിലെ പ്രധാനപ്പെട്ട ഗീതങ്ങളാണ് വിലാപഗീതങ്ങള്‍. അവ രണ്ടു തരമുണ്ട്. വ്യക്തിയുടെ വിലാപഗീതവും സമൂഹത്തിന്‍റെ വിലാപഗീതവും. വ്യക്തിയുടെ വിലാപഗീതങ്ങള്‍ ഒരു വ്യക്തി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതും, സഹായത്തിനായി കേഴുന്നതുമായ ഗീതങ്ങളാണ്. ദൈവികനന്മകള്‍ വ്യക്തിപരമായ വിലാപഗീതത്തില്‍ അനുസ്മരിക്കുമെങ്കിലും, പരമമായ ലക്ഷ്യം തന്‍റെ യാതനകളും വേദനകളും ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയാണ്. നാം പഠനവിഷയമാക്കിയിരിക്കുന്ന 85-Ɔο സങ്കീര്‍ത്തനം ഒരു സമൂഹത്തിന്‍റെ വിലാപ സങ്കീര്‍ത്തനമാണ്. ദേശത്തിന്‍റെ ദുഃഖത്തിലും ദുരിതത്തിലും മനുഷ്യര്‍ ദൈവത്തോടു സമൂഹമായി സഹായം യാചിക്കുന്നതാണ് സാമൂഹ്യവിലാപ സങ്കീര്‍ത്തനങ്ങള്‍. പലപ്പോഴും പ്രാശ്ചിത്താനുഷ്ഠാനങ്ങള്‍ ദൈവസന്നിധിയില്‍ നടത്തുമ്പോഴാണ് സാമൂഹ്യവിലാപഗീതങ്ങള്‍ ആലപിക്കപ്പെടുന്നതെന്ന് പഴയ നിയമഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തീർച്ചയായും ഒരു മഹാവ്യാധിയുടെ കാലത്ത് നമുക്കും ഹൃദയപൂർവ്വം ആലപിച്ച് ദൈവസാന്നിദ്ധ്യം തേടാവുന്ന ഗീതമാണിത്.

2. ജോഷ്യായുടെയും ജനത്തിന്‍റെയും വിലാപം
ഉദാഹരണംകൊണ്ടു സമർത്ഥിക്കുകയാണെങ്കിൽ... ജോഷ്യായുടെ ഗ്രന്ഥം 7, 9-8 വരെ വാക്യങ്ങളില്‍നിന്നും നമുക്കു മനസ്സിലാക്കാം ജോര്‍ദ്ദാന്‍ നദിയുടെ ഇക്കരെവച്ച് അമേല്യരുടെ കരങ്ങളില്‍ ഇസ്രായേല്യര്‍ കീഴ്പ്പെടേണ്ടിവരുമെന്നു ഭയന്ന്, ജോഷ്വായും ജനവും കര്‍ത്താവിന്‍റെ മുന്നില്‍ വിലപിക്കുന്നത് ഒരു സാമൂഹ്യ വിലാപഗീതം ആലപിച്ചുകൊണ്ടാണ്.  ദൈവം ഇടപെടുന്നതിനു പ്രേരിപ്പിക്കുന്നതിനുവേണ്ടി ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികളെ സാമൂഹ്യവിലാപ സങ്കീര്‍ത്തനങ്ങളില്‍ പ്രത്യേകം അനുസ്മരിക്കാറുമുണ്ട്. സങ്കീർത്തനം 85-ന്‍റെ ഗാനാവിഷ്ക്കാരം ശ്രവിച്ചുകൊണ്ട് നമുക്കു പഠനം തുടരാം.

ഇത് ചിട്ടപ്പെടുത്തിയത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version : Psalm 85
സങ്കീര്‍ത്തനം 85 – പ്രഭണിതം
കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2)

a) കര്‍ത്താവായ ദൈവം അരുള്‍ ചെയ്യുന്നത് ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിന് സമാധാനമരുളും
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്
കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

b) അവിടുത്തെ മുന്‍പേ നടന്ന് വഴിയൊരുക്കും
നമ്മുടെ ദേശം സമൃദ്ധമായ് വിളനല്കും
നീതി അവിടുത്തെ മുന്‍പെ നടന്ന് വഴിയൊരുക്കും
കര്‍ത്താവിന്‍റെ നന്മ നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

3. ഇന്നും ഉയരുന്ന മനുഷ്യരുടെ വിലാപം

ആമസോണിലെ തദ്ദേശിയ ജനതകളുടെ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയും, അവരുടെ ജീവിത ചുറ്റുപാടുകളായ മഴക്കാടുകളുടെ സമഗ്രപരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുമുള്ള മുറവിളിയ്ക്ക് ആഗോളസഭ നല്കിയ ക്രിയാത്മകവും, ദൈവാരൂപിയാല്‍ പ്രചോദിതവുമായൊരു പ്രതികരണവും പ്രത്യുത്തരവുമായിരുന്നു പാപ്പാ ഫ്രാന്‍സിസ് 2019 ഒക്ടോബര്‍, മിഷന്‍ മാസത്തില്‍ വിളിച്ചുകൂട്ടിയ ആമസോണ്‍ സിനഡ്. ഒരു ജനത്തിന്‍റെ കരച്ചില്‍ കേള്‍ക്കുന്ന സഭയുടെ രൂപമാണ് സിനഡില്‍ പ്രതിഫലിക്കുന്നത്. ആ ജനത്തിന്‍റെ രക്ഷയ്ക്കും, നീതിക്കും, അവകാശങ്ങള്‍ക്കും, അവരുടെ സമാധാനത്തിനും, അവര്‍ വസിക്കുന്ന ഭൂപ്രദേശത്തിന്‍റെ സംരക്ഷണത്തിനുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ സഭാപിതാക്കന്മാരും, തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ അജപാലന നേതൃത്വവും, അല്‍മായ നേതാക്കളും ഒത്തൊരുമിച്ചു ചേരുകയും പ്രതിസന്ധികളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും സംവദിക്കുകയും ചെയ്ത് ഭാവി പദ്ധതികൾ ഒരുക്കിയ  ചരിത്ര സംഭവമാണ് ആമസോണ്‍  സിനഡ്.

സങ്കീര്‍ത്തനം 85-ന്‍റെ സാഹചര്യം വിപ്രവാസത്തില്‍നിന്നുമുള്ള തിരിച്ചുവരവാണെന്ന് ബൈബിള്‍ നിരൂപകന്മാര്‍ സ്ഥാപിക്കുന്നുണ്ട്. ഗീതത്തിന്‍റെ ആദ്യത്തെ മൂന്നു പദങ്ങള്‍ പരിശോധിച്ചാല്‍ ഈ വിപ്രവാസ പശ്ചാത്തലം നമുക്കു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ബാബിലോണിയന്‍ രാജാവായ നെബുക്കദനേസ്സറാണ് B.C. 605-ല്‍, അതായത് ക്രിസ്തുവിനു 605-വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇസ്രായേലിലെ യൂദയ ഗോത്രത്തില്‍പ്പെട്ടവരെ എല്ലാം ബന്ധികളാക്കി ബാബിലോണിയയിലേയ്ക്കു കൊണ്ടുപോയി. കാര്‍ക്കെമിഷ് യുദ്ധത്തിലാണ് യൂദയ ഗോത്രക്കാരായവർ വിപ്രവാസികളാക്കപ്പെട്ടത്. എന്നാല്‍ ബി.സി 562-ല്‍ അവര്‍ മോചിതരായപ്പോള്‍ ഇസ്രായേല്‍ കണ്ണീരോടും വിലാപത്തോടുംകൂടെ രക്ഷയുടെ ദിനങ്ങളെ അനുസ്മരിക്കുന്നതാണ് മേല്‍ ശ്രവിച്ച വരികളിലെ ഉള്ളടക്കം.

4.  ജീവിതവഴികളില്‍ ഇരുള്‍ മൂടുമ്പോള്‍
വെളിച്ചത്തിനായുള്ള പ്രാര്‍ത്ഥന

ജനങ്ങളുടെ വിപ്രവാസ കാലത്തെ പ്രയാസങ്ങളുടെ വിവരണവും യാചനയുമാണ് വരികളിൽ നാം ശ്രവിക്കുന്നത്. തങ്ങളുടെ ബന്ധനത്തിന്‍റെ കാലം അവസാനിച്ചെങ്കിലും പിന്നെയും നാട്ടില്‍ ഞെരുക്കങ്ങളുണ്ട്. അതുകൊണ്ട് തങ്ങളെ പുനരുദ്ധരിക്കണമേ, ദൈവമേ... എന്നു സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുകയാണ്. വിലാപം ചില ചോദ്യങ്ങളിലേയ്ക്കും തിരിയുകയാണ്. കര്‍ത്താവിലുള്ള സന്തോഷത്തിനുവേണ്ടി സമൂഹം കാത്തിരിക്കുന്നു. ദൈവത്തിന്‍റെ നന്മയ്ക്കും രക്ഷയ്ക്കുംവേണ്ടി അവര്‍ ദാഹിക്കുന്നു. ഏശയ പ്രവാചകന്‍റെ വാക്കുകള്‍ അതു വ്യക്തമാക്കുന്നുമുണ്ട്. “നീതി ഞങ്ങളില്‍നിന്നും വിദൂരത്താണ്, ദൈവമേ! ന്യായം ഞങ്ങള്‍ക്കു ലഭിക്കുന്നില്ല. ഞങ്ങള്‍ പ്രകാശം തേടുന്നു. എന്നാല്‍ എങ്ങും അന്ധകാരമാണ്! ഞങ്ങള്‍ വെളിച്ചം അന്വേഷിക്കുന്നു, എന്നാല്‍ ഞങ്ങളുടെ ജീവിതവഴികളില്‍ നിഴല്‍ മൂടിയിരിക്കുന്നു” (ഏശയ്യ 59, 9).
ഭൂമിയുടെ വിലാപത്തിനു മറുപടി

5. ദൈവത്തിന്‍റെ രക്ഷണീയ സാന്നിദ്ധ്യം

ഗീതത്തി‍ന്‍റെ അവസാനത്തെ വരികള്‍, 8-മുതല്‍ 13-വരെയുള്ളവ ശ്രവിക്കുകയാണെങ്കില്‍ - പ്രാര്‍ത്ഥിക്കുന്ന ജനം ദൈവത്തില്‍നിന്നും മറുപടിക്കായും കാത്തിരിക്കുന്നു. എന്നാല്‍ ശ്രദ്ധേയമാകുന്നത്, കര്‍ത്താവിന്‍റെ അരുളപ്പാടാണ് അവര്‍ക്കു ലഭിക്കുന്ന ഉത്തരം. പ്രഥമപുരുഷന്‍, കര്‍ത്താവ് സംസാരിക്കുന്നു. “വിപ്രവാസ കാലത്ത് മറഞ്ഞുപോയ തേജസ്സും മഹത്വവും ഇനിയും ദേശത്തു വസിക്കും. ജരൂസലത്ത് പ്രത്യക്ഷപ്പെടാന്‍ പോകുന്ന ദൈവത്തിന്‍റെ മഹത്വം അവിടുത്തെ നന്മയും വിശ്വസ്തതയും നീതിയും സമാധാനവുമാണെ”ന്ന് ദൈവം ജനത്തെ പ്രവാചകന്മാരിലൂടെ അറിയിച്ചിരുന്നു. (ജെറമിയ 6, 14). ദൈവസാന്നിദ്ധ്യത്തിന്‍റെ പ്രകാശമാണ് ലോകത്ത് പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. തീര്‍ച്ചയായും ഈ വരികള്‍ ദൈവത്തിന്‍റെ പ്രകാശവും, നീതിയും സമാധാനവുമായി വന്ന ക്രിസ്തുവിലേയ്ക്കാണ് വിരല്‍ചൂണ്ടിയത്. അങ്ങനെ പഴയ നിയമത്തില്‍നിന്നു പുതിയതിലേയ്ക്കും, ഇന്നും ലോകം ശ്രവിക്കുന്ന മനുഷ്യന്‍റെ വിലാപവും ദൈവത്തിന്‍റെ രക്ഷണീയ സാന്നിദ്ധ്യവും വ്യക്തമാക്കുന്ന ഗീതമാണ് നാം പഠിക്കുന്നത്.

Musical Version : Psalm 85
സങ്കീര്‍ത്തനം 85 
കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2

c) കർത്താവായ ദൈവം നന്മപ്രദാനംചെയ്യും
നമ്മുടെ ദേശം സമൃദ്ധമായ് വിളനല്കും
നീതി അവിടുത്തെ മുന്‍പെ നടന്ന് വഴിയൊരുക്കും
കര്‍ത്താവിന്‍റെ നന്മ നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

6. ദൈവസന്നിധിയില്‍ കരുണ തേടുന്ന ഗീതം
ക്രിസ്തുവില്‍ കേന്ദ്രീകൃതമായ നവമായ പാതകള്‍ ആമസോണിന്‍റെ അജപാലന മേഖലയില്‍ തുറക്കാനും, സമഗ്രമായൊരു ആമസോണ്‍ പരിസ്ഥിതിക്കായി ജനങ്ങളെയും രാഷ്ട്രനേതാക്കളെയും ലോകത്തെ തന്നെയും ഉണര്‍ത്തുവാനും പോരുന്ന പ്രായോഗിക നിഗമനങ്ങളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ എത്തിച്ചേരാന്‍ സിനഡു സമ്മേളനത്തിന് സാധിച്ചിട്ടുണ്ട്. തദ്ദേശീയരായ ആയിരങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതും, അവരുടെയും തലമുറകളുടെയും മുന്നോട്ടുള്ള വിശ്വാസപ്രയാണത്തില്‍ പ്രത്യാശ പകരുന്നതുമായ ദൈവിക രക്ഷയുടെ അടയാളമായിരുന്നു ആമസോണ്‍ സിനഡ്. അതിനാൽ ഈ സംക്ഷിപ്തപഠനത്തിന്‍റെ അവസാനഭാഗത്തു പറയാന്‍ സാധിക്കും - ക്ലേശിക്കുന്ന ജനത്തിനുവേണ്ടി ദൈവസന്നിധിയില്‍ കാരുണ്യം തേടുന്ന ഗീതമാണ് സങ്കീര്‍ത്തനം 85!

Musical Version of Psalm 85.
സങ്കീര്‍ത്തനം 85

കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2)

a) കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നത് ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിന് സമാധാനമരുളും
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്
കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

b) നമ്മുടെ ദേശം സമൃദ്ധമായ് വിളനല്കും
നീതി അവിടുത്തെ മുന്‍പെ നടന്ന് വഴിയൊരുക്കും
കര്‍ത്താവിന്‍റെ നന്മ നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. സങ്കീർത്തനം 85-ന്‍റെ സംക്ഷിപ്തപഠനം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2021, 13:32