ഔസേപ്പച്ചൻ സംഗീത സംവിധായകനും വയിലിനിസ്റ്റും ഔസേപ്പച്ചൻ സംഗീത സംവിധായകനും വയിലിനിസ്റ്റും 

ഔസേപ്പച്ചൻ മലയാളത്തിന്‍റെ സർഗ്ഗധനനായ സംഗീതജ്ഞൻ

കേരളീയർക്ക് പ്രിയങ്കരനായ സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി… ശബ്ദരേഖയോടെ...

- ഫാദർ വില്യം നെല്ലിക്കൽ

ഔസേപ്പച്ചന്‍റെ ഭക്തിഗാനങ്ങൾ


1. വയലിനിസ്റ്റും ഗായകനും സംഗീത സംവിധായകനും
ശുഭപന്തുവരാളി രാഗത്തിൽ ഒരു സിനിമയിലെ മുഴുവൻ ഗാനങ്ങളും ചിട്ടപ്പെടുത്തി സംഗീത ലോകത്തെ സ്തബ്ധനാക്കിയ സർഗ്ഗധനനാണ് ഔസേപ്പച്ചൻ. ശ്യാമപ്രസാദിന്‍റെ “ഒരേ കടൽ” എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹം കാഴ്ചവച്ച ഈ അസുലഭ പ്രാഗത്ഭ്യം മികച്ച സംഗീത സംവിധായകനുള്ള 2007-ലെ ദേശീയ പുരസ്ക്കാരം നേടിയെടുത്തു. വയലിനിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ 1978 മുതൽ “വോയ്സ് ഓഫ് ട്രിച്ചൂർ” ട്രൂപ്പിലൂടെ സംഗീത രംഗത്ത് സജീവ സാന്നിദ്ധ്യമായി തെളിഞ്ഞുവെങ്കിലും 1985-ൽ ഭരതൻ ചിത്രമായ “കാതോടുകാതോരം” പുറത്തിറങ്ങിയതോടെയാണ് ഔസേപ്പച്ചൻ പ്രസിദ്ധനാകുന്നത്.

2. "വോയിസ് ഓഫ് ട്രിച്ചൂർ..."
തൃശ്ശൂരിനടുത്ത് ഒല്ലൂർ സ്വദേശിയാണ് മേച്ചേരി ലൂയി ഔസേപ്പച്ചൻ. തൃശൂർ സെന്‍റ് തോമസ് കോളെജിൽ ഔപചാരിക വിദ്യാഭ്യാസം പൂർത്തീകരിച്ച അദ്ദേഹം തുടർന്ന് മുഴുവൻ സമയവും സംഗീത സപര്യക്കായി സമർപ്പിച്ചു. മലയാള സിനിമയുടെ പ്രഭവ കേന്ദ്രമായ മദിരാശിയിൽ എത്തിപ്പെട്ട അദ്ദേഹം ദേവരാജൻ മാസ്റ്ററോടൊപ്പം ദീർഘകാലം വയലിനിസ്റ്റും സഹായിയുമായി പ്രവർത്തിച്ചു. ഇക്കാലയളവിൽ പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ പ്രാവീണ്യം നേടിയ ഔസേപ്പച്ചൻ നിരവധി ചിത്രങ്ങളിൽ തന്‍റെ സംഗീതശൈലി സ്വതന്ത്രമായി തെളിയിച്ചു. 120-ൽപ്പരം സിനിമകൾക്ക് സംഗീതമൊരുക്കിയ ഔസേപ്പച്ചന്‍റെ “ഓണപ്പൂത്താലം”, “വസന്തഗീതങ്ങൾ” തുടങ്ങിയ ആൽബങ്ങളും സംഗീതപ്രേമികളുടെ മനംകവർന്നവയാണ്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചലച്ചിത്ര സംഗീതസംവിധാന മികവു തെളിയിച്ചിട്ടുള്ള ഔസേപ്പച്ചൻ ശ്രദ്ധേയമായ നിരവധി ഭക്തിഗാനങ്ങൾക്കും ഈണംപകർന്നിട്ടുണ്ട്.

3. പുരസ്കാരങ്ങൾ 
മൂന്നു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഒരു ദേശീയ അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഔസേപ്പച്ചന്‍റെ സംഗീതം സൂക്ഷ്മമായ പശ്ചാത്തല സംഗീത വിന്യാസവും മികച്ച ഓർക്കസ്ട്രേഷനും ഹൃദയസ്പർശിയായ ഈണവും സംഗമിക്കുന്നതാണ്. “ഉണ്ണികളേ ഒരു കഥപറയാം” (1987), “ഒരേ കടൽ” (2007) “നടൻ” (2013) എന്നിവ സംസ്ഥാന അവാർഡുകൾ അദ്ദേഹത്തിനു നേടിക്കൊടുത്ത ചിത്രങ്ങളാണ്. ഷഷ്ടിപൂർത്തി തികഞ്ഞ ജീവിതത്തിൽ  മലയാളം തമിഴ് സിനിമകൾക്ക് ഇനിയും സംഗീതമൊരുക്കുന്ന തിരക്കിലാണ് ഔസേപ്പച്ചൻ.

4. ഗാനങ്ങള്‍
a) കരുണാസാഗരാ...

മഞ്ജരിയിലെ ആദ്യഗാനം സിസ്റ്റർ ഷീല കണ്ണത്ത് സി.എം.സി. രചിച്ച് ഔസേപ്പച്ചൻ ഈണംപകർന്നതാണ്. ആലാപനം പി. ജയചന്ദ്രൻ.

b) ജീവജലത്തിൻ...
അടുത്ത ഗാനം പി. ഉണ്ണിക്കൃഷ്ണൻ ആലപിച്ചതാണ്. രചന ഫാദർ ജോസഫ് മനക്കിൽ, സംഗീതം ഔസേപ്പച്ചൻ.

c) ഉത്ഥാനഗീതം
മഞ്ജരിയിലെ അവസാനത്തെ ഗാനം ഫ്രാങ്കോയും സംഘവും ആലപിച്ചതാണ്. രചന ഫാദർ തദേവൂസ് അരവിന്ദത്ത്, സംഗീതം ഔസേപ്പച്ചൻ.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയിൽ ഔസേപ്പച്ചന്‍റെ ഭക്തിഗാനങ്ങൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2021, 11:05