ഓവിആർ - ഒള്ളാട്ടുപുറം വർഗ്ഗീസ് റാഫേൽ... ഓവിആർ - ഒള്ളാട്ടുപുറം വർഗ്ഗീസ് റാഫേൽ... 

സംഗീതം ദൈവവിളിയായി സ്വീകരിച്ച ഓവിആർ

ഓവിആർ (ovr) എന്നറിയപ്പെടുന്ന ഒള്ളാട്ടുപുറം റാഫേലിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി… ശബ്ദരേഖയോടെ...

- ഫാദർ വില്യം നെല്ലിക്കൽ

ഓവിആറിന്‍റെ ഗാനമഞ്ജരി


1. ആരാധനക്രമഗീതങ്ങളിൽ അടിയുറച്ച്...
യൗവ്വനാരംഭത്തിൽത്തന്നെ നൂതനമായ ഭക്തിഗാനങ്ങളിലൂടെ ആരാധനക്രമ സംഗീതത്തിൽ ചിരപ്രതിഷ്ഠ നേടിയ നാമമാണ് ഓവിആർ.
കനിവോടെ സ്വീകരിക്കേണമേ, ആത്മാവിൻ സ്വർഗ്ഗീയ ഭോജ്യമേ, പാവനാത്മാവാമെൻ ദൈവമേ, കനിവോലുമമ്മേ നീ കൃപതേടി വന്നോരെ… തുടങ്ങി ലളിതസുന്ദരമായ എത്രയെത്ര ഗാനങ്ങൾ ഓവിആർ എന്ന സർഗ്ഗപ്രതിഭയുടെ നിത്യസ്മാരകങ്ങളാണ്.

2. കുടുംബത്തിലെ സംഗീതപാഠങ്ങൾ
കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം ഇടവകയിൽ ഒള്ളാട്ടുപുറം വർഗ്ഗീസിന്‍റേയും റോസക്കുട്ടിയുടേയും ഏഴാമത്തെ മകനാണ് റാഫേൽ. മുഴങ്ങിക്കേൾക്കുന്ന സംഗീതസാന്ദ്രമായ പ്രാർത്ഥനകൾ ആ കുടുംബത്തിന്‍റെ പ്രത്യേകതയായിരുന്നു. ഇടവകപ്പള്ളിയിലെ ഗായകസംഘത്തിന്‍റെ അവിഭാജ്യ ഘടകവുമായിരുന്നു റാഫേൽ.

3. റാഫേൽ “ഓവിആറാ”യി
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉൾവിളിക്കൊത്ത് വൈദികനാകാൻ ആഗ്രഹിച്ച് സെമിനാരിയിൽ ചേർന്നു. ഒള്ളാട്ടുപുറം റാഫേൽ, ഓവിആർ ആകുന്നതും ജീവിതം കൂടുതൽ സംഗീതസാന്ദ്രമാകുന്നതും സെമിനാരി ജീവിതത്തിന്‍റെ മേൽസ്ഥായിലാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ അനുമതി നല്കിയ ആരാധനക്രമത്തിന്‍റെ തദ്ദേശവത്ക്കരണ മാറ്റങ്ങൾ ആലുവ മംഗലപ്പുഴ സെമിനാരിയിലെ റാഫേലിന്‍റെ ജീവിതത്തെയും കൂടുതൽ സംഗീതമയവും ക്രിയാത്മകവുമാക്കി. അവിടെ ലഭ്യമായ ശാസ്ത്രീയ സംഗീതപഠനവും സംഗീതജീവിതത്തിന്‍റെ നവമായ സരണിയും കണ്ട് ദേവാലയ സംഗീതം ദൈവവിളായി ഓവിആർ സ്വീകരിച്ചു.

4. തുരുത്തിപ്പുറം വിട്ട് തിരുവനന്തപുരത്തേയ്ക്ക്...
ആരാധനക്രമ സംഗീതം മാതൃഭാഷയിൽ ജനകീയമാക്കുവാനും സജീവമാക്കുവാനും തിരുവനന്തപുരം രൂപത നല്കിയ ഉത്തരവാദിത്ത്വം ഏറ്റെടുത്തുകൊണ്ടാണ് ഓവിആർ തന്‍റെ സംഗീതജീവിതത്തിനു തുടക്കമിട്ടത്. ഇടവകകളിൽപ്പോയി വിശ്വാസികളെ ആരാധനക്രമഗീതങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം ഗായകസംഘങ്ങൾക്ക് രൂപംനല്കുന്ന ഉത്തരവാദിത്ത്വങ്ങളിലും മുഴികിയ ആ ജീവിതം സാഫല്യമാർന്നു. ആരാധനക്രമസംഗീത ശുശ്രൂഷ ജീവിതദൗത്യമായി ഏറ്റെടുത്തുകൊണ്ട് അതു നാലുപതിറ്റാണ്ടോളമായി വിശ്വസ്തതയോടെ തുടരുന്ന സംഗീതതാപസ്സനാണ് ഓവിആർ...

4. ഗാനങ്ങള്‍
a) പാവനപൂരിത...
മഞ്ജരിയിലെ ആദ്യഗാനം ഫാദർ ജോസഫ് പാറാങ്കുഴി രചിച്ച് ഓവിആർ ഈണംപകർന്നതാണ്. ആലാപനം റിജു ജോസഫും സംഘവും.

b) കനിവോടെ സ്വീകരിക്കേണമേ...
അടുത്ത ഗാനം ഓവിആർ രചനയും സംഗീതവും നിർവ്വഹിച്ചതാണ്. ആലാപനം എറണാകുളത്തു സംഗമിച്ച ശതാബ്ദിഗായക സംഘമാണ്.

c) സ്നേഹസുധാ രസം
മഞ്ജരിയിലെ അവസാനത്തെ ഗാനം ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ്. രചന റാണി റാഫേൽ, സംഗീതം ഓവിആർ.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയിൽ ഓവിആറിന്‍റെ ഭക്തിഗാനങ്ങൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2021, 15:09