മ്യന്മാറിൻറെ രക്ഷയ്ക്കായി ഉയരുന്ന  രോദനം! മ്യന്മാറിൻറെ രക്ഷയ്ക്കായി ഉയരുന്ന രോദനം! 

മ്യന്മാറിനു വേണ്ടി വീണ്ടും പാപ്പായുടെ സമാധാനാഭ്യർത്ഥന!

സൈനിക അട്ടിമറിക്കെതിരായ പ്രക്ഷോഭണം മ്യന്മാറിൽ തുടരുന്നു, അവിടെ ശാന്തി കൈവരുന്നതിനായി പാപ്പാ പ്രാർത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മ്യന്മാറിനുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ വിശ്വാസികളെ പ്രത്യേകം ക്ഷണിക്കുന്നു.

ഞായറാഴ്‌ച (02/05/21) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ അനുദിന കൊന്തനമസ്ക്കാരത്തിൽ ഒരു നന്മനിറഞ്ഞ മറിയം മ്യന്മാറിൽ സമാധാനം പുനസ്ഥാപിതമാകുന്നതിനു വേണ്ടി ചൊല്ലണമെന്ന പ്രാദേശിക സഭയുടെ അഭ്യർത്ഥന അനുസ്മരിച്ചുകൊണ്ട് ഈ ക്ഷണം നല്കിയത്.

ആവശ്യത്തിലിരിക്കുമ്പോഴോ ക്ലേശമനുഭവിക്കുമ്പോഴോ നാം ഓരോരുത്തരും പരിശുദ്ധ അമ്മയിലേക്ക് തിരിയുന്നതിനെക്കുറിച്ചു സൂചിപ്പച്ച പാപ്പാ. മ്യാൻമറിൻറെ ഉത്തരവാദിത്വമുള്ള സകലർക്കും കൂടിക്കാഴ്ചയുടെയും അനുരഞ്ജനത്തിൻറെയും ശാന്തിയുടെയും പാതയിൽ ചരിക്കാനുള്ള ധൈര്യം ഉണ്ടാകുന്നതിനായി സ്വർഗ്ഗീയാംബ അവരെല്ലാവരുടെയും ഹൃദയങ്ങളോട് സംസാരിക്കുന്നതിനു വേണ്ടി നമ്മൾ ഈ മാസം ആ അമ്മയോടു പ്രാർത്ഥിക്കണമെന്ന് പറഞ്ഞു.

മ്യന്മാറിൽ സമാധാനം ഉണ്ടാകുന്നതിനായി പാപ്പാ ഇതിനകം പലതവണ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 1-ന് ഒരു അട്ടിമറിയിലൂടെ സൈന്യം മ്യന്മാറിൻറെ ഭരണം പിടിച്ചെടുക്കുകയും ജനാധിപത്യ നേതാക്കളെ തടിവിലാക്കുകയും ചെയ്തതിനെ തുടർന്ന് അവിടെ ആരംഭിച്ച പ്രജാധിപത്യ പ്രക്ഷോഭണം അടിച്ചമർത്തുന്ന നടപടികളുമായി സൈനികഭരണകൂടം മുന്നോട്ടു പോകുകയാണ്.

സൈനിക നടപടിയിൽ ഇതുവരെ 750-ലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.

മെയ് ഒന്നിന്, ശനിയാഴ്‌ച (01/05/21) പട്ടാളം പ്രകടനക്കാർക്കെതിരെ നടത്തിയ വെടിവയ്പിൽ കുറഞ്ഞത് 7 പേർ മരിച്ചുവെന്ന് വാർത്തയുണ്ട്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2021, 14:31