വിലാപത്തിൽ സ്ഫുരിക്കുന്ന ദൈവത്തിന്‍റെ അനന്തവിശാലത... വിലാപത്തിൽ സ്ഫുരിക്കുന്ന ദൈവത്തിന്‍റെ അനന്തവിശാലത...  

ദൈവത്തിന്‍റെ അനന്തത ഏറ്റുപറയുന്ന വിലാപഗീതം

സങ്കീർത്തനം 31-ന്‍റെ സംക്ഷിപ്ത പഠനം – ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

സങ്കീർത്തനം 31 - ഒരു വിലാപഗീതം


1.  ആമുഖം
“കര്‍ത്താവേ, ഞാന്‍ അങ്ങില്‍ അഭയം തേടുന്നു!
നീതിമാനായ അങ്ങ് എന്നെ രക്ഷിക്കേണമേ!!”
ആദ്യപദംതന്നെ ഈ ഗീതത്തിന്‍റെ സ്വഭാവം, അതായത്... വിലാപസ്വഭാവം വിശദമാക്കുന്നു. ഒപ്പം ഇതൊരു വ്യക്തിയുടെ വിപുലമാണെന്നും നമുക്കു മനസ്സിലാക്കാം. പശ്ചാത്തല പഠനത്തിലൂടെ ഈ ഗീതത്തിന്‍റെ വരികളുമായി നമുക്ക് പരിചയപ്പെടാം.

2. ചരിത്രപശ്ചാത്തലം
ദാവീദു രാജാവിന്‍റെ രചനയായിട്ടാണ് ഈ ഗീതം അറിയപ്പെടുന്നത്. അപ്പോൾ നമുക്ക് അനുമാനിക്കാം ക്രിസ്തുവിന് ശരാശരി 1000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ഗീതത്തിന്‍റെ ചരിത്രകാലഘട്ടമെന്ന്. ദൈവസന്നിധിയില്‍ വിലപിച്ച് കര്‍ത്താവിന്‍റെ അഭയത്തിനായി കേഴുന്ന വ്യക്തിയുടെ വികാരങ്ങളുടെ വരച്ചുകാട്ടലാണ് സങ്കീര്‍ത്തനം 31. ഈ വിലാപഗീതത്തില്‍ ശരണത്തിന്‍റെയും നന്ദിപറച്ചിലിന്‍റെയും ഭാവങ്ങൾ തെളിഞ്ഞുനില്ക്കുന്നുണ്ട്. വിലപിക്കുന്ന മനുഷ്യന്‍, ദൈവത്തില്‍ ശരണപ്പെടുകയും, അവിടുത്തോടുള്ള നന്ദിയുടെ വികാരം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു! സങ്കീര്‍ത്തകന്‍ തന്‍റെ മോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം ദൈവത്തില്‍ പ്രത്യാശിക്കുന്നു. ദൈവത്തിനു സ്തുതിയും കൃതജ്ഞതയും അര്‍പ്പിക്കുന്നു. സാഹിത്യഘടന പരിശോധിച്ചാല്‍ വിലാപഗീതമായ 31-Ɔ൦ സങ്കീര്‍ത്തനത്തിന് ഒരാമുഖവും, പ്രധാനഭാഗവും, ഉപസംഹാരവുമുണ്ടെന്ന് കാണാം.

3. സങ്കീർത്തനം സംഗീതാവിഷ്ക്കാരം
സങ്കീർത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം ശ്രവിച്ചുകൊണ്ട് പഠനം തുടരാം.
ഈ ഗീതം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version : Pslam 31
അഭയം തേടുന്നങ്ങില്‍ ഞാന്‍
രക്ഷണമേകണേ, കര്‍ത്താവേ! (2)

i) എന്‍റെ പാപങ്ങൾ ഞാൻ അവിടുത്തോടേറ്റു പറഞ്ഞു
എന്‍റെ അകൃത്യങ്ങൾ ഞാൻ ഒരിക്കലും മറച്ചുവയ്ക്കില്ല
എന്‍റെ അതിക്രമങ്ങൾ കർത്താവിനോടു ഞാൻ ഏറ്റുചൊല്ലും
അപ്പോൾ എന്‍റെ പാപങ്ങൾക്കവിടുന്നു മാപ്പു നല്കും
എപ്പോഴും മാപ്പു നല്കും.

ii) അതിക്രമങ്ങൾക്കു മാപ്പും,
പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ
കർത്താവു കുറ്റംചുമത്താത്തവൻ ഭാഗ്യവാൻ
ഹൃദയത്തിൽ വഞ്ചനയില്ലാത്തവൻ ഭാഗ്യവാൻ
ഈ ഭൂമിയിൽ ഭാഗ്യവാൻ.

iii) നീതിമാന്മാരേ, കർത്താവിൽ ആനന്ദിക്കുവിൻ
പരമാർത്ഥഹൃദയരേ, കർത്താവിൽ ആനന്ദിക്കുവിൻ
കർത്താവെപ്പോഴുമെന്‍റെ അഭയ സങ്കേതമാണ്.

4. വിലാപത്തിലെ ശരണപ്പെടലും യാചനയും
ദൈവത്തിന്‍റെ അനന്തതയുടെ വലുപ്പം വിലപിക്കുന്നവന്‍ വരികളി‍ലും വാക്കുകളിലും പ്രതിഫലിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. ഗായകന്‍ ദൈവസന്നിധിയില്‍ സ്വയം ദരിദ്രനും വിനീതനും ക്ലേശിതനുമായിട്ടാണ് വരികൾ അവതരിപ്പിക്കുന്നത്. അതിനാല്‍ വിലാപത്തിന്‍റെ ആശയങ്ങള്‍ക്കൊപ്പം ദൈവത്തിലുള്ള ശരണപ്പെടലും, യാചനയും ഈ ഗീതത്തില്‍ കാണുന്നതില്‍ നാം ആശ്ചര്യപ്പെടേണ്ടതില്ല. സങ്കീര്‍ത്തകന്‍ തന്‍റെ ആവലാതി ദൈവത്തിന്‍റെ മുന്‍പില്‍ ചൊരിയുകയാണ്.  “ലജ്ജിതനാകാതങ്ങില്‍ ഞാന്‍ ശരണംവയ്പൂ... കര്‍ത്താവേ..!”

വേദനിക്കുന്നവന്‍റെ ഹൃദയത്തിന് ആശ്വാസം പകരുന്ന പ്രക്രിയയാണ് ഈ രോദനം, വിലാപം. അത് സത്യമായ അനുതാപത്തില്‍നിന്നും വിരിയുന്നതാണ്. തീര്‍ച്ചയായും യഥാര്‍ത്ഥമായ വിലാപവും അനുതാപവും ദൈവത്തിന്‍റെ കാരുണ്യാതിരേകം വ്യക്തിയില്‍ ചൊരിയാന്‍ ഇടയാക്കുമെന്നതില്‍ സംശയമില്ല. സങ്കീര്‍ത്തനത്തിലെ ദുഃഖത്തിന്‍റെ വിവരണം, ആവശ്യങ്ങള്‍ ആവലാതികള്‍ ‍എന്നിവയുടെ പ്രകരണങ്ങളും ഏറെ ശ്രദ്ധേയമാണ്. വ്യക്തിയുടെ സഹന കാരണം രോഗമോ, അനീതിയോ, ശത്രുപീഡനമോ എന്തുമാകാം.
കൂട്ടത്തില്‍ സ്വന്തം തെറ്റുകുറ്റങ്ങളും സഹനത്തിനുള്ള കാരണമായി സങ്കീര്‍ത്തകന്‍ ചേര്‍ക്കുന്നത് വരികളിൽ ശ്രദ്ധേയമാണ്.

Recitation :

a) അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്.
അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ
എനിക്കു വഴികാട്ടി ആയിരിക്കണമേ!

b) എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയില്‍നിന്ന്
എന്നെ രക്ഷിക്കണമേ! അവിടുന്നാണ് എന്‍റെ അഭയസ്ഥാനം.

വിലാപത്തെ തുടര്‍ന്ന് സങ്കീര്‍ത്തകന്‍ തന്‍റെ ദുഃഖങ്ങള്‍ വിവരിക്കുന്നു. ആവശ്യങ്ങളും ആവലാതികളും എണ്ണിയെണ്ണിപ്പറയുന്നു. പറയുന്നതെല്ലാം പഴയ കാര്യങ്ങളാകാം. നീതിയും അവകാശങ്ങളും, അവയുടെ നിഷേധവും, ശത്രുക്കളുടെ ആക്രമണവും രോഗവും വരികളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. തന്നെ ദൈവം ചിലപ്പോള്‍ കൈവിട്ടതായും, ദൈവം ഉപേക്ഷിച്ചതായും വരികളില്‍ സങ്കീർത്തകൻ അവതരിപ്പിക്കാറുണ്ട്. അങ്ങനെ അപേക്ഷകളുടെയും യാചനകളുടെയും, വിലാപത്തിന്‍റെയും കൂമ്പാരംതന്നെയാണ് ഈ വിലാപഗാനം സങ്കീര്‍ത്തനം – 31. 5 വരി ശ്രവിച്ചാല്‍ നമുക്കിത് മനസ്സിലാക്കാം!

Recitation :
c) അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ
ഞാന്‍ സമര്‍പ്പിക്കുന്നു. കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ,
അവിടുന്ന് എന്നെ രക്ഷിച്ചു.

ശരണത്തിന്‍റെ അംശങ്ങള്‍ വിലാപഗീതത്തിന്‍റെ ഭാഗമാണ്. ദൈവത്തില്‍ ശരണപ്പെടുന്നതിനുള്ള പ്രേരകങ്ങള്‍ ഗായകന്‍ പറയുന്നത് പലതാണ്. ദൈവത്തിന്‍റെ വിശേഷണങ്ങള്‍, അവിടുത്തെ അന്തസ്സ്, വിശ്വസ്തത, ഒപ്പം അപേക്ഷകന്‍റെ നിസ്സഹായതയും നിരപരാധിത്വവും, പിന്നെ അനുതാപവും വരികളില്‍ ചിതറിക്കിടക്കുന്നത് കാണാം.

Recitation :
d) ശത്രുകരങ്ങളില്‍ അങ്ങ് എന്നെ ഏല്പിച്ചുകൊടുത്തില്ല
വിശാലസ്ഥലത്ത് എന്‍റെ പാദങ്ങളെ അങ്ങ് ഉറപ്പിച്ചിരിക്കുന്നു.
e) കര്‍ത്താവേ, എന്നോടു കരുണ തോന്നണമേ!
ഞാന്‍ ദുരിതമനുഭവിക്കുന്നു.

വിലാപഗീതത്തിന്‍റെ മറ്റൊരു പ്രത്യേകത, വിലപിക്കുന്നയാള്‍ അവസാനം ദൈവത്തോടു ചില വാഗ്ദാനങ്ങള്‍ ചെയ്യുന്നു. നേര്‍ച്ചകള്‍ സമര്‍പ്പിക്കാനും, ബലിയര്‍പ്പിക്കാനും, കര്‍ത്താവിനെ എന്നും പാടിസ്തുതിക്കാനും അയാള്‍ സന്നദ്ധയാകുന്നു, സന്നദ്ധനാകുന്നു. തന്നെയുമല്ല, തന്‍റെ ജീവിതത്തില്‍ ദൈവം ഇടപഴകാനും പ്രവര്‍ത്തിക്കാനും അയാള്‍ തയ്യാറാവുകയും, തുറവുകാണിക്കുകയും ചെയ്യുന്നു.

Recitation :
f) കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ആക്രമിക്കപ്പെട്ട
നഗരത്തിലെന്നപോലെ ഞാന്‍ അസ്വസ്ഥനായിരുന്നു.
അവിടുന്നു വിസ്മയകരമാംവിധം എന്നോടു കാരുണ്യം കാണിച്ചു.

g) അങ്ങയുടെ ദൃഷ്ടിയില്‍നിന്നു ഞാന്‍ പുറന്തള്ളപ്പെട്ടുവെന്ന്
എന്‍റെ പരിഭ്രമത്തില്‍ ഞാന്‍ പറഞ്ഞുപോയി,
എന്നാല്‍ ഞാന്‍ സഹായത്തിനു യാചിച്ചപ്പോള്‍
അവിടുന്ന് എന്‍റെ അപേക്ഷ കേട്ടു.

സങ്കീര്‍ത്തനം 31-ന്‍റെ ആമുഖ പഠനത്തില്‍ ശ്രദ്ധേയമായ മറ്റൊരു ഘടകംകൂടെ ചൂണ്ടിക്കാണിക്കട്ടെ! വിലാപഗീതങ്ങള്‍ക്ക് പൊതുവെ, കൃത്യമായൊരു അവസാനം ഇല്ലെങ്കിലും, ഒരു അനുഗ്രഹ പ്രാര്‍ത്ഥനയോടെയാണ് ഗീതം അവസാനിക്കുന്നത്. അതൊരു ശരണപ്രഖ്യാപനവും നന്ദിപറച്ചിലുമാണെന്ന് ഈ വരികളില്‍നിന്നും മനസ്സിലാക്കാം!

Musical Version : Pslam 31
II) അഭയം തേടുന്നങ്ങില്‍ ഞാന്‍
രക്ഷണമേകണേ, കര്‍ത്താവേ! (2)
അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും
ലഭിച്ചവന്‍ ഭാഗ്യവാന്‍
കര്‍ത്താവു കുറ്റംചുമത്താത്തവനും ഭാഗ്യവാന്‍
ഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍, ഭാഗ്യവാന്‍.

iii) നീതിമാന്മാരേ, കർത്താവിൽ ആനന്ദിക്കുവിൻ
പരമാർത്ഥഹൃദയരേ, കർത്താവിൽ ആനന്ദിക്കുവിൻ
കർത്താവെപ്പോഴുമെന്‍റെ അഭയ സങ്കേതമാണ്.

വത്തിക്കാന്‍ വാർത്താ വിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര... സങ്കീര്‍ത്തനം 31-ന്‍റെ സംക്ഷിപ്ത പഠനം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2021, 11:52