സാംജി ആറാട്ടുപുഴ - ഗായകനും സംഗീതസംവിധായകനും സാംജി ആറാട്ടുപുഴ - ഗായകനും സംഗീതസംവിധായകനും 

സാംജി ആറാട്ടുപുഴയും സുദീർഘമായ സംഗീതസപര്യയും

സാംജി ആറാട്ടുപുഴയുടെ ഗാനമഞ്ജരി… ശബ്ദരേഖയോടെ...

- ഫാദർ വില്യം നെല്ലിക്കൽ

സാംജിയുടെ സംഗീത സൃഷ്ടികൾ


1. സാംജിയുടെ നീണ്ട സംഗീത വഴിത്താര
സംഗീതത്തെ ജീവവായുപോലെ കരുതുന്ന ഒരു ഉപാസകനാണു താനെന്ന് സാംജി ആറാട്ടുപുഴ പറയുന്നു. ഗായകനെന്ന നിലയിൽ തുടങ്ങി, സംഗീത സംവിധായകനും സംഗീത സംഘാടകനും ശബ്ദലേഖകനുമായി വളർന്ന അദ്ദേഹത്തിന്‍റെ സംഗീത വഴിത്താര ഏറെ നീണ്ടതും ശ്രദ്ധേയവുമാണ്. എൽ.പി. റെക്കോർഡ് തുടങ്ങി കസെറ്റ്, സി.ഡി.കളിലൂ‌ടെ ഡിജിറ്റൽ യുഗത്തിൽ എത്തിനില്ക്കുന്ന സംഗീത വിപണിയിൽ ഉടനീളം സാംജിയുടെ സാന്നിദ്ധ്യമുണ്ട്.

2. സംഗീതപഠനം
ഐതിഹ്യമാലയുടെ രചയിതാവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ മകൾ രുഗ്മിണിയമ്മയ്ക്ക് ആദ്യം ശിഷ്യപ്പെട്ട സാംജീയുടെ സംഗീതപഠനം മദ്രാസിൽ ടി.വി. ഗോപാലകൃഷ്ണൻ, “ജിം” എന്നു പേരുകേട്ട ജേക്കബ് ജോൺ എന്നീ ഗുരുക്കന്മാരിലൂടെ പരിപക്വമായി. എഴുപതുകളുടെ ആദ്യത്തിൽ കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ ലളിത ഗാനത്തിന് സമ്മാനാർഹമായി. തുടർന്ന് 1973-ൽ ഓൾ ഇന്ത്യാ റേഡിയോയുടെ അംഗീകൃത ഗായകനുമായി.

3. മദിരാശിയിൽ...
സംഗീത ഉദ്യമങ്ങൾക്ക് വളക്കൂറുള്ള മദിരാശിലേയ്ക്കാണ് തുടർന്നു സാംജി ചേക്കേറിയത്. അവിടെ സംഗീതത്തിന്‍റെ വ്യത്യസ്ത സരണികളിൽ ഉപരിപഠനം നടത്തിയതു കൂടാതെ ഒരു ബാങ്കുദ്യോഗവും സമ്പാദിച്ചു. 1976-മുതൽ കൊളംബിയ, ഇൻറെക്കോ തുടങ്ങിയ പ്രശസ്ത മ്യൂസിക് കമ്പനികളുടെ റെക്കോഡുകളിൽ സാംജി മലയാളഗാനങ്ങൾ ആലപിച്ചു. സമാന്തരമായി മദ്രാസിലെ പ്രശസ്ത ഗായകരേയും ഉപകരണ വിദഗ്ദ്ധരേയും കോർത്തിണക്കി ഒരു ഗാനമേള ട്രൂപ്പ് രൂപീകരിച്ചു. ഒരു പതിറ്റാണ്ടിൽ അധികം നീണ്ട മദിരാശിയിലെ സംഗീതജീവിതവും ഉദ്യോഗവും വെടിഞ്ഞ്, ഗൾഫിലേയ്ക്കാണു സാംജി തുടർന്നു കൂടുമാറിയത്. ഒരു പതിറ്റാണ്ടുകാലം അവിടെ സംഗീതാദ്ധ്യാപകനായി ജോലിചെയ്തു.

4. സാംജി ഓഡിയോ ട്രാക്സ് സ്റ്റുഡിയോ
1994-ൽ നാട്ടിൽ തിരിച്ചെത്തിയ സാംജി കൊച്ചി വൈറ്റിലയിൽ സാംജി ഓഡിയോ ട്രാക്സ് എന്ന കേരളത്തിലെ ആദ്യത്തെ ഹോം റെക്കോർഡിങ്ങ് സ്റ്റുഡിയോ സ്ഥാപിച്ചുകൊണ്ട് തന്‍റെ തിരിച്ചുവരവ് അറിയിച്ചു. ഭക്തിഗാനങ്ങൾക്കു പുറമേ, മൂന്നു മലയാള സിനിമകളുടേയും ധാരാളം ടെലിസീരിയലുകളുടേയും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ള സാംജി ആറാട്ടുപുഴ കുടുംബസമേതം തന്‍റെ സ്റ്റുഡിയോയോടു ചേർന്നുള്ള വൈറ്റിലയിലെ വസതിയിലാണ് താമസം. ഭാര്യ ഡെയ്സിയും മക്കൾ സംഗീത, സവിത, ശീതൾ എന്നിവരും സാംജിയുടെ സംഗീതയാത്രയിൽ പങ്കുകാരാണ്.

5. ഗാനങ്ങള്‍
a) ദൈവത്തിനു സ്തോത്രം...

എസ്. ജാനകിയമ്മയും സാംജിയും ആലപിച്ച ഗാനത്തോടെ ഇന്നത്തെ മഞ്ജ്ജരി തുടങ്ങുമ്പോൾ... ജനകിയമ്മയ്ക്ക് പ്രാർത്ഥനയോടെ 83-ാം പിറന്നാൾ ആശംസകൾ നേരുന്നു. ആദ്യഗാനത്തിന്‍റെ രചനയും സംഗീതവും ബേബി ജോൺ ഭാഗവതരാണ് നിർവ്വഹിച്ചത്.

b) ആരും കൂടെയില്ല...
അടുത്ത ഗാനം കെ.വി. ശബരിമണി രചിച്ച്, സാംജി ഈണംനല്കിയതാണ്. ആലാപനം കെസ്റ്റർ.

c) മിഴിയടച്ചാൽ...
മഞ്ജരിയിലെ അവസാനത്തെ ഗാനം ഫാദർ തോമസ് ഇടയാൽ രചനയും സാംജി സംഗീതസംവിധാനവും നിർവ്വഹിച്ചതാണ്.. ആലാപനം മഞ്ജരി.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയിൽ ശ്രവിച്ചത് സാംജി ആറാട്ടുപുഴയുടെ ഭക്തിഗാനങ്ങളാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2021, 14:27