റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ മൊസൈക് ചിത്രീകരണം - നല്ലിടയൻ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ മൊസൈക് ചിത്രീകരണം - നല്ലിടയൻ 

സ്നേഹത്തിന്‍റെ പുനർജനിക്കായ് നമ്മെ വിളിക്കുന്ന നല്ലിടയൻ

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 10, 11-28 - നല്ലിടയന്‍റെ ഞായർ സുവിശേഷചിന്തകൾ - ശബ്ദരേഖയോടെ...

- ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര

നല്ലിടയന്‍റെ ഞായർ സുവിശേഷചിന്തകൾ


1. ആമുഖം:
കൊറോണാ മഹാമാരിയുടെ രണ്ടാംഘട്ടം അതിതീവ്രമായി ഇന്ത്യയെ പിടികൂടിയിരിക്കുകയാണ്. ഈ മഹാമാരിയെ നിയന്ത്രണ വിധേയമാക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് സ്വന്തം ജീവൻ വകവയ്ക്കാതെ ആരോഗ്യ-സന്നദ്ധപ്രവർത്തന മേഖലകളിലൂള്ളവർ.  അതേസമയം, രാഷ്ട്രീയ നേതാക്കൾ ഇന്നത്തെ സുവിശേഷത്തിൽ യേശു പറയുന്ന കൂലിക്കാരനായ ഇടയന്‍റെ രൂപം സ്വീകരിക്കാതെ, നല്ലിടയന്‍റെ മനോഭാവത്തിലൂടെ കടന്നുപോയി ജനത്തിന്‍റെ ജീവനുവേണ്ടി നിലകൊള്ളുവാനും, വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുവാനുമുളള കൃപയ്ക്കായും നമുക്ക് പ്രാർത്ഥിക്കാം. ആഗോള സഭയിൽ ഇന്ന് ദൈവവിളി പ്രാർത്ഥനാദിനമാണ്. നമ്മുടെ ഇടവകയിൽ നിന്നും നല്ല ദൈവവിളികൾ ഉണ്ടാകുവാനും അങ്ങനെ തിരുസഭയിൽ ധാരാളം വൈദികരും സന്യസ്തരും ഉണ്ടാകുവാനുമായി പ്രാർത്ഥിക്കാൻ ഈ 'ദൈവവിളി ഞായറിൽ' സഭാമാതാവ് നമ്മോട് ആഹ്വാനംചെയ്യുന്നു. ഉത്ഥിതനായ ക്രിസ്തു അപ്പോസ്തലന്മാരിലൂടെ പ്രവർത്തിക്കുന്ന അത്ഭുതം ശ്രവിച്ചുകൊണ്ട്, യേശുവിനെ നമ്മുടെ ജീവിതത്തിന്‍റെ ഇടയനായി സ്വീകരിച്ച് തന്‍റെ വിളഭൂമിയിലേയ്ക്ക് വേലക്കാരെ അയക്കാനും വിളവിന്‍റെ നാഥനോട് നമുക്ക് ഈ ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കാം.

2. സുവിശേഷത്തിലെ നല്ലിടയൻ:
ദൈവവിളി ഞായറിന് അനുയോജ്യമായ നല്ലിടയന്‍റെ സുവിശേഷമാണ് നാമിന്ന് ശ്രവിച്ചത്. ബൈബിളിൽ ആർദ്രതയുടെയും മൃദുലതയുടെയും പര്യായമാണ് നല്ലിടയൻ. ജീവൻ നൽകാൻ ശേഷിയുള്ളവനാണ് നല്ലിടയൻ. ഇന്നത്തെ സുവിശേഷത്തിൽ ഏകദേശം അഞ്ചു പ്രാവശ്യം 'നല്ലിടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു' എന്നാവർത്തിക്കുന്നുണ്ട്. ഈ അർപ്പണത്തെ മരണമായിട്ട് മാത്രം കാണരുത്. ഇത് സ്നേഹത്തെപ്രതി ചെന്നായ്ക്കൾക്കെതിരെ പൊരുതാനുള്ള മനസ്സും കൂടിയാണ്. ഈ ജീവാർപ്പണത്തിൽ കീഴടങ്ങലില്ല, പിടിച്ചെടുക്കലുമില്ല. കാരണം യേശു എന്ന ഇടയൻ ദൈവമാണ്, നിത്യജീവനാണ്. അതുകൊണ്ടുതന്നെ അവന് ജീവൻ അർപ്പിക്കാനും അത് തിരികെ എടുക്കാനും അധികാരമുണ്ട്.

മരണത്തിന്‍റെ കണികകളല്ല ജീവന്‍റെ സമർപ്പണത്തിൽ അടങ്ങിയിരിക്കുന്നത് മറിച്ച്, സ്നേഹത്തിന്‍റെ പുനർജീവനമാണ്. അതുകൊണ്ടുതന്നെ ഞാൻ എന്‍റെ ജീവൻ സമർപ്പിക്കുന്നു എന്ന് ഇടയൻ പറയുമ്പോൾ 'സ്വർഗീയ ചൈതന്യം ഞാൻ നിങ്ങൾക്ക് പകരുന്നു' എന്നും അർത്ഥം കാണാവുന്നതാണ്. അതിനാൽ, ക്രിസ്തു നൽകുന്ന നിത്യജീവന്‍റെ തന്മാത്രകൾ നമ്മുടെ ഓരോ കോശങ്ങളിലുമുണ്ട് എന്ന ബോധ്യത്തിലേക്ക് നമ്മൾ ഉയരണം.

3. സഭാതലവനായിരുന്ന മുൻപാപ്പാ ബനഡിക്ട് :
ബനഡിക്ട് 16-Ɔമൻ പാപ്പാ 2010 ഒക്‌ടോബർ മാസത്തിൽ സെമിനാരി വിദ്യാർത്ഥികൾക്കായി എഴുതിയ കത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. 1944 ഡിസംബറിൽ യുവാവായ ജോസഫ് റാറ്റ്സിംഗർ നിർബന്ധിത സൈനിക സേവനത്തിനു വിളിക്കപ്പെട്ടപ്പോൾ, പട്ടാള ഉദ്യോഗസ്ഥൻ അവരോരോരുത്തരും ഭാവിയിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചു. "ഒരു കത്തോലിക്കാ വൈദികനാകണം" ഇതായിരുന്നു റാറ്റ്സിംഗറിന്‍റെ ഉത്തരം. ഇത് കേട്ട ഉദ്യോഗസ്ഥൻ പറഞ്ഞത് "അങ്ങനെ എങ്കിൽ നിങ്ങൾ മറ്റെന്തെങ്കിലും തൊഴിൽ അന്വേഷിക്കണം, പുതിയ ജർമനിയിൽ പുരോഹിതന്മാരെ ആവശ്യം ഇല്ല" എന്നായിരുന്നു. എന്നാൽ ഈ പുതിയ ജർമനി അവസാനിക്കാറായെന്നും, അന്നത്തെ സർവ്വനാശത്തിനുശേഷം പുരോഹിതന്മാരുടെ ആവശ്യം ഇന്നത്തേതിനേക്കാൾ കൂടുതൽ ഈ ലോകത്തിന് ആവശ്യമായി വരുമെന്നും വൈദികനാകാൻ ആഗ്രഹിച്ച ഈ യുവാവിന് അറിയാമായിരുന്നു. യുവാവായ ജോസഫ് റാറ്റ്സിംഗർ വൈദികനായി, ബിഷപ്പായി, പോപ്പായി. വൈദികരുടെ ആവശ്യം എന്നത്തേയുംകാൾ കൂടുതലായി ഈ ലോകത്തിന് ആവശ്യമുണ്ടെന്ന് അദ്ദേഹം എടുത്ത് പറയുന്നു.

4. ഇന്നത്തെ നല്ലിടയർ രൂപപ്പെടുന്നത്:
വൈദികരെന്നും സന്യസ്തരെന്നും കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിവരുന്നത് സെമിനാരിയും സന്യസ്ത പരിശീലന കേന്ദ്രങ്ങളുമാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ സെമിനാരിയെ "രൂപതയുടെ ഹൃദയം" എന്നാണ് വിശേഷിപ്പിക്കുന്നത്. ഹൃദയം നമ്മുടെ ജീവനെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകം എന്നതുപോലെ, സെമിനാരികളും സന്യസ്ത പരിശീലന കേന്ദ്രങ്ങളും, രൂപതയുടേയും, സന്യാസ സഭയുടേയും നിലനിൽപ്പിന്‍റെ സുപ്രധാന ഘടകങ്ങളാണ്.

ഹൃദയമാകുന്ന സെമിനാരിയെ സംരക്ഷിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതും ശരീരമാകുന്ന ഇടവകകളുടേയും സഭാമക്കളുടേയും (നമ്മൾ ഓരോരുത്തരുടേയും) കടമയാണ്. ഇടവകകളിൽനിന്ന് ദൈവവിളി പരിപോഷിപ്പിക്കാതെയും, ദൈവവിളിക്കുവേണ്ടി പ്രാർത്ഥിക്കാതെയും വൈദികരേയും സന്യസ്തരേയും ഇടവക സേവനത്തിനായി ലഭിക്കണമെന്ന് വാശിപിടിക്കുന്നതിൽ ഒരർത്ഥവും ഇല്ല. ശരീരം പരിപോഷിപ്പിക്കുന്നതിനനുസരിച്ച് മാത്രമേ ഹൃദയം നിലനിൽക്കുകയുള്ളൂ.

ദീർഘനാളത്തെ പ്രാർത്ഥനയിലൂടേയും, പ്രയത്നത്തിലൂടേയും, ശിക്ഷണത്തിലൂടേയും, പഠനത്തിലൂടേയും, ബൗദ്ധികവും മാനസികവും ആത്മീയവുമായ പരിശീലനത്തിലൂടേയുമാണ് ഒരു യുവാവ് വൈദികനും, ഒരു യുവതി സന്യാസിനിയും ആകുന്നത്. ഈ കാലമത്രയും അവരെ മനസിലാക്കി, അവരെ സഹായിക്കേണ്ടതും അവരിലെ ദൈവവിളിയെ പരിപോഷിപ്പിക്കേണ്ടതും ഇടവക ജനത്തിന്‍റെ കടമയാണ്.

മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം താരതമ്യം ചെയ്യപ്പെടാവുന്ന ഒന്നല്ല സെമിനാരിയും സന്യസ്ത പരിശീലന കേന്ദ്രങ്ങളും. ഇവിടെ അർത്ഥികൾ പഠിക്കുക മാത്രമല്ല, അവരുടെ ജീവിതം ക്രിസ്തുവിന് അനുരൂപപ്പെടുത്താൻ ശ്രമിക്കുകയാണ്. ദീർഘമായ പരിശീലനത്തിനിടയിലും പ്രത്യേകമായി ഏറ്റവും ഒടുവിൽ സുപ്രധാനമായ തീരുമാനം എടുക്കുന്നതിനുമുൻപ് വിവേചന ബുദ്ധിയോടും വിവേകത്തോടും കാര്യബോധത്തോടും കൂടി വൈദിക ജീവിതം അഥവാ സന്യസ്ത ജീവിതം തനിക്ക് യോജ്യമാണോ എന്ന് (discernment) ഓരോ അർത്ഥിയും ചിന്തിക്കുകയും വിലയിരുത്തുകയും അതിനുശേഷം പൂർണ്ണമായ സ്വാതന്ത്ര്യത്തോടുകൂടി, മറ്റാരുടെയും സമ്മർദ്ദം ഇല്ലാതെ അനുയോജ്യമായ തീരുമാനം എടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ പരിശീലന പ്രക്രിയയിൽ ചിലർ പൗരോഹിത്യവും സന്യാസവും തങ്ങളുടെ ജീവിതമല്ലെന്ന് മനസിലാക്കി മറ്റൊരു ജീവിതം തിരഞ്ഞെടുക്കുന്നതിൽ അതിശയോക്തിയില്ല.

5. ഉപസംഹാരം:
മനുഷ്യരും യേശുവും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കാനാണ് അന്നത്തെകാലത്ത് സുപരിചിതമായ ഇടയനേയും ആടുകളേയും പ്രതീകമാക്കി താൻ നല്ല ഇടയനാണെന്ന് യേശു പറയുന്നത്. ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാൻ "അറിയുക" എന്ന വാക്ക് 4 പ്രാവശ്യം ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ഉപയോഗിക്കുന്നുമുണ്ട്. 'അറിയുക' എന്നതിന് ബൈബിളിൽ സ്നേഹിക്കുക എന്നും അർഥമുണ്ട്. ചുരുക്കത്തിൽ, യേശുവും മനുഷ്യരും തമ്മിലുള്ള പരസ്പര സ്നേഹമാണ് ഇന്നത്തെ സുവിശേഷത്തിന്‍റെ ഉള്ളടക്കം. ആ സ്നേഹത്തിലേക്ക് അനുദിനം വളരുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ആമേൻ

തടർന്നു ശ്രവിക്കുന്ന സങ്കീർത്തനം 23-ന്‍റെ ഗാനാവിഷ്ക്കാരം ചെയ്തത് ജെറി അമൽദേവും ഫാദർ മാത്യു മുളവനയുമാണ്. ആലാപനം ഡോ. സതീശ്ഭട്ടും സംഘവും.

പെസഹാക്കാലം നാലാംവാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകൾ
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2021, 13:38