ജീവന്‍റെ  വഴിയിലേയ്ക്ക്... ജീവന്‍റെ വഴിയിലേയ്ക്ക്... 

ചൈനയിൽ വളരുന്ന ധാർമ്മികാവബോധത്തിന്‍റെ അടയാളങ്ങൾ

അജാത ശിശുക്കൾക്കുവേണ്ടി ദിവ്യബലി അർപ്പിക്കുകയും സ്മൃതിമണ്ഡപം ഉയർത്തുകയും ചെയ്തു.

- ഫാദർ വില്യം  നെല്ലിക്കൽ 

1. ജീവനോടുള്ള ആദരവ്
തെക്കൻ ചൈനയിലെ മക്കാവൂ രൂപതയിലാണ് ഏപ്രിൽ 24-ന് അജാതശിശുക്കൾക്കായി പ്രത്യേക ദിവ്യബലി അർപ്പിക്കുകയും സ്മാരക മണ്ഡപം പണിതുയർത്തുകയും ചെയ്തത്. ജീവന്‍റെ അന്തസ്സും ജീവനോട്, അത് ഏത് അവസ്ഥയിലായിരുന്നാലും പ്രകടമാക്കേണ്ട ആദരവിന്‍റെ ഭാഗമായിട്ടാണ് ഭ്രൂണഹത്യ, ഗർഭച്ഛിദ്രം എന്നീ മാർഗ്ഗേണ കൊല്ലപ്പെട്ട അജാത ശിശുക്കൾക്കുവേണ്ടി മക്കാവൂ രൂപതയുടെ ഭദ്രാസനദേവാലയത്തിൽ പ്രാർത്ഥന നടത്തുകയും അവരുടെ സ്മരണയ്ക്കു മുന്നിൽ നമ്രശിരസ്കരാകുവാൻ സിമിത്തേരിയിൽ സ്മൃതിമണ്ഡപം പണിത് ഉയർത്തുകയും ചെയ്തെന്ന് രൂപതാദ്ധ്യക്ഷൻ, സ്റ്റീഫൻ ലീ ഏപ്രിൽ 26-നു പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

2. ജീവന്‍റെ സന്ദേശം
എല്ലാവരുടെയും ജീവന്, പ്രത്യേകിച്ച് ഗർഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെട്ട ഒരു ഭ്രൂണത്തിനുപോലുമുള്ള അന്തസ്സും അവകാശവും ഊട്ടിയുറപ്പിക്കുവാനും, വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ ജീവന്‍റെ സന്ദേശം നല്‍കുവാനുമാണ് ഈ പ്രത്യേക ചടങ്ങും വിശ്വാസത്തിന്‍റെ അടയാളവും കെട്ടിയുണ്ടാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.  ഒൻപത്  ഇടവകകൾ ചേർന്നതാണ് തെക്കൻ ചൈനയിലെ മക്കാവൂ രൂപത.

3. നിയമാനുസൃതമായിരുന്ന അധാർമ്മികത
1557-മുതൽ 1999-വരെ പോർച്ചുഗീസ് അധീനത്തിലായിരുന്ന മക്കാവൂ പ്രവിശ്യ വൈദേശിക വാസ്തുഭംഗികൊണ്ടും നിർമ്മാണ രീതികൊണ്ടും പ്രശസ്തവും വ്യത്യസ്തവുമാണെങ്കിലും മനുഷ്യക്കടത്തിനും വേശ്യാവൃത്തിക്കും കുപ്രസിദ്ധവുമാണ്. സമൂഹത്തിലെ ധാരാളം പെൺകുട്ടികളും സ്ത്രീകളും അധാർമ്മിക വഴികളിൽ അകപ്പെടുന്നതുമൂലം ആഗ്രഹിക്കാത്ത ഗർഭധാരണം സംഭവിക്കുന്നത് സാധാരണമാണ്. ഇതുമൂലം, അവർ ഭ്രൂണഹത്യയ്ക്കും ഗർഭച്ഛിദ്രത്തിനും ഇരകളാവുകയും ചെയ്യാറുണ്ടെന്ന് പ്രാദേശിക കാര്യാലയങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിനെല്ലാം പുറമേ, 1950-വരെ ചൈനയിൽ ഭ്രൂണഹത്യ നിയമാനുസൃതമായിരുന്നു. ഗർഭധാരണത്തിനുള്ള ഉപാധികളും, ഗർഭച്ഛിദ്രത്തിനുള്ള സഹായങ്ങളും സർക്കാർ സൗജന്യമായി ലഭ്യാമാക്കിയുമിരുന്നു. ലിംഗ തിരഞ്ഞെടുപ്പു നടത്തിയുള്ള ഗർഭച്ഛിദ്ര രീതകളും ചൈനീസ് സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നതായി രേഖകളുണ്ട്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2021, 15:34