ഇരുളകറ്റുന്ന പ്രഭാപൂരം ഇരുളകറ്റുന്ന പ്രഭാപൂരം 

ഒരു പ്രവാചക ഗീതത്തിന്‍റെ ആത്മധ്വനി

വചനവീഥി എന്ന ബൈബിള്‍ പഠന പരമ്പരയിൽ സങ്കീർത്തനം 50 ഒരു പ്രവാചകഗീതത്തിന്‍റെ സംക്ഷിപ്തപഠനം : ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

ഒരു പ്രവചന ഗീതത്തിന്‍റെ പഠനം


1. പ്രവചനപരമായ സങ്കീർത്തനം 
സങ്കീര്‍ത്തനം 50 പ്രവചനപരമായ ഒരു സങ്കീർത്തനമാണിത്. ഉള്ളടക്കത്തില്‍ പ്രബോധനമാണ്. “പ്രവചനപരമായ ഗീതങ്ങള്‍” സങ്കീര്‍ത്തനങ്ങളിൽ ശ്രദ്ധേയമായൊരു ഗണമാണ്. പ്രവചന സാഹിത്യത്തിന്‍റെ വിവിധ ഘടകങ്ങള്‍ ഈ സങ്കീത്തനത്തില്‍ കാണാന്‍ സാധിക്കും. ദൈവിക വാഗ്ദാനങ്ങള്‍, ശിക്ഷയെക്കുറിച്ചുള്ള പ്രവചനങ്ങള്‍, മുന്നറിയിപ്പുകള്‍, സമൂഹത്തിലെ അരുളപ്പാടുകള്‍, ആനുകാലിക പ്രശ്നങ്ങള്‍ക്കുള്ള ദൈവത്തിന്‍റെ ഉത്തരം... തുടങ്ങിയവ ഗീതത്തിന്‍റെ പ്രവചനപരമായ സ്വഭാവങ്ങളാണെന്ന് സങ്കീര്‍ത്തനം 50-ന്‍റെ വരികൾ വ്യക്തമാക്കുന്നു.

സങ്കീർത്തനത്തിൽ പ്രവാചക ശാസനവും ഭീഷണിയും പദങ്ങളിലൂടെ ഒരു വശത്ത് പുറത്തുവരുമ്പോള്‍, മറുപുറത്ത് തിന്മയുടെ വളര്‍ച്ചയിലും സ്വാധീനത്തിലുമുള്ള ദുഃഖവും വിലാപവും വരികളിൽ പ്രതിധ്വനിക്കുന്നുണ്ട്. പഴയനിയമത്തില്‍ ഇസ്രായേല്‍ ജനത്തിന്‍റെ സമൂഹിക ജീവിതത്തിലും, വിശ്വാസ സമൂഹത്തിലുമാണ് നാം പ്രവാചകന്മാരെ കാണുന്നത്. വിശുദ്ധ ഗ്രന്ഥത്തിലെ നല്ലൊരു ശതമാനം സാഹിത്യവും യഥാര്‍ത്ഥത്തില്‍ പ്രവചനപരമാണ്. ദൈവത്തിങ്കലേയ്ക്കും ദൈവിക മാര്‍ഗ്ഗത്തിലേയ്ക്കും ജനത്തെ നയിക്കുവാനും നന്മയില്‍ നിലനിര്‍ത്തുവാനുമാണ് പ്രവാചകന്മാര്‍ ഇപ്രകാരം ചെയ്തതെന്ന് 50-Ɔ൦ സങ്കീര്‍ത്തനം നമുക്കു മനസ്സിലാക്കിത്തരുന്നു. സങ്കീർത്തനം 50-ന്‍റെ ഗാനാവിഷ്ക്കാരം ശ്രവിച്ചുകൊണ്ട് നമുക്ക് ഇനിയും മുന്നോട്ടുപോകാം.

ഇത് ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ചിത്ര അരുണും സംഘവും.

Musical Version : Pslam 50
നേരായ മാര്‍ഗ്ഗേ ചരിക്കുവോര്‍ക്ക്
നല്കിടും ദൈവം തന്‍ രക്ഷയെന്നും. (2)

a) കര്‍ത്താവായ ദൈവം ശക്തനായവന്‍ സംസാരിക്കുന്നു.
കിഴക്കുമുതല്‍ പ‌ടിഞ്ഞാറുവരെയ്ക്കുമുള്ള
ഭൂമിമുഴുവനെയും അവിടുന്നു വിളിക്കുന്നു.
നിന്‍റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല.
നിന്‍റെ ദഹനബലികള്‍ നിരന്തരം എന്‍റെ മുന്‍പിലുണ്ട്.

b) കര്‍ത്താവായ ദൈവം സ്രഷ്ടാവായവന്‍ മൊഴിയുന്നു.
ലോകവും അതിലുള്ള സമസ്തജീവജാലങ്ങളും എന്‍റേതാകുന്നു.
കാളകളുടെ മാസം ഞാന്‍ ഭക്ഷിക്കയില്ല
ആടുകളുടെ രക്തം ഞാന്‍ ഒരിക്കലും കുടിക്കയുമില്ല.

2. ഗീതത്തിന്‍റെ ഘടന
ഇനി ഘടനയിലേയ്ക്ക് നമുക്കൊന്ന് കടന്നു നോക്കാം. ആദ്യവരികളില്‍ ദൈവം പ്രത്യക്ഷപ്പെട്ട് നീതിമാന്മാരെ വിളിക്കുന്നതു കാണാം. നന്മയിലേയ്ക്കുള്ള തിരുത്തലും ഉപദേശവുമാണിവിടെ.
ആസാഫിന്‍റെ ഗീതമെന്നും 50-Ɔ൦ സങ്കീര്‍ത്തനം അറിയപ്പെടാറുണ്ട്. ആസാഫ് ഈ ഗീതത്തിന്‍റെ സംഗീതജ്ഞന്‍ മാത്രമല്ല, രചയിതാവുമായിരുന്നിരിക്കാം. ഇത് നിരൂപകന്മാരുടെ അഭിപ്രായമാണ്. ഹെസേക്കിയയുടെ കാലത്ത് ദാവീദു രാജാവിന്‍റേയും ദാര്‍ശനികനായ ആസാഫിന്‍റേയും രചനകളില്‍ ജനങ്ങള്‍ കര്‍ത്താവിനെ സ്തുതിച്ചുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു (2 ദിനവൃത്താന്തം 29, 30).
ഘടന മനസ്സിലാക്കുന്നതിന് ചില വരികൾ പരിശോധിക്കാം.

3. ദൈവാവിഷ്ക്കാരപരമായ ഘടകങ്ങള്‍
ദൈവം മനുഷ്യരോട് സംസാരിക്കുന്ന രീതി വിവരിക്കാന്‍ ദൈവാവിഷ്ക്കാരപരമായ ഘടകങ്ങള്‍ രചനയില്‍ സാങ്കേതികമായി സങ്കീര്‍ത്തകന്‍ ഉപയോഗിക്കുന്നതിനാണ് Theophanic expressions. മനുഷ്യരുടെ വിധികര്‍ത്താവായി ദൈവത്തെ ചിത്രീകരിക്കുന്ന വാക്കുകളാണ് ആദ്യത്തെ മൂന്നുവരികളില്‍ കാണുന്നത്. ശക്തനായവന്‍, ഭൂമിമുഴുവനെയും സൃഷ്ടിച്ചവന്‍, പിന്നെ ദൈവം മനുഷ്യനെ വിധിക്കുന്നതും വിളിക്കുന്നതും ഒരിടത്തു നിന്നുതന്നെയാണ് - സീയോനില്‍നിന്നാണ്! സിയോന്‍ പ്രകാശിക്കുന്ന ദൈവിക സാന്നിദ്ധ്യമാണ്. അവിടുത്തെ പ്രഭ മനുഷ്യരിലേയ്ക്ക് ദൈവം ചൊരിയുന്നത് അവിടെനിന്നാണ്. മാത്രമല്ല, അവിടുത്തെ കൈയ്യില്‍ സംഹാരാഗ്നിയും കൊടുങ്കാറ്റുമുണ്ടെന്ന് സങ്കീര്‍ത്തകന്‍ രേഖപ്പെടുത്തുന്നുണ്ട്. അങ്ങനെ ആസാഫിന്‍റെ ഗീതത്തില്‍ ദൈവാവിഷ്ക്കാരണമാണ് കാണുന്നത്. ദൈവം മനുഷ്യരോടു സംസാരിക്കാന്‍ ഒരുക്കുന്ന ഒരു ദൈവാവിഷ്ക്കരണ പശ്ചാത്തലം theophanic background ആസാഫിന്‍റെ ഗീതത്തിന്‍റെ പ്രത്യേകതയാണെന്നു മനസ്സിലാക്കാം.

Musical Version : Psalm 50
b) കര്‍ത്താവായ ദൈവം സ്രഷ്ടാവായവന്‍ മൊഴിയുന്നു.
ലോകവും അതിലുള്ള സമസ്തജീവജാലങ്ങളും എന്‍റേതാകുന്നു.
കാളകളുടെ മാസം ഞാന്‍ ഭക്ഷിക്കയില്ല
ആടുകളുടെ രക്തം ഞാന്‍ ഒരിക്കലും കുടിക്കയുമില്ല.

c) കൃതജ്ഞതയായിരിക്കട്ടെ നിങ്ങള്‍ ദൈവത്തിനര്‍പ്പിക്കുന്ന ബലി
അത്യുന്നതനുള്ള നിങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുക!
അനര്‍ത്ഥകാലത്തു നിങ്ങളെന്നെ വിളിച്ചപേക്ഷിക്കും
ഞാന്‍ നിങ്ങളെ മോചിക്കും.
നിങ്ങളെന്നെ മഹത്വപ്പെടുത്തും.

4. മനുഷ്യരുടെ മദ്ധ്യേയുള്ള ദൈവിക സാന്നിദ്ധ്യം
ദൈവം തന്‍റെ ജനത്തെ വിളിക്കുന്നു. മനുഷ്യരിലേയ്ക്ക് ഇറങ്ങിവന്ന് വിളിക്കുവാനും വിധിക്കുവാനും, ശാസിക്കുവാനും, തിരുത്തുവാനും, നീതിയുടെ പാതയിലേയ്ക്കു നയിക്കാനും കര്‍ത്താവു തന്‍റെ ജനത്തെ വിളിക്കുന്നു (4-6). കാരണം, ശക്തനായ കര്‍ത്താവ് നമ്മുടെ വിധികര്‍ത്താവാണ്. അവിടുന്നു നീതിക്കായി വിളിക്കുന്നു... നീതിമാന്മാരെ വിളിക്കുന്നു. ദൈവാവിഷ്ക്കരണത്തിന്‍റെ വിവരണമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. ദൈവം എല്ലാറ്റിലുമുണ്ട്. അവിടുന്നാണ് മൂലയാഥാര്‍ത്ഥ്യം. മൂന്നു പേരുകളാണ് അവിടുത്തേയ്ക്ക് അനുയോജ്യമായി സങ്കീര്‍ത്തകന്‍ ഉപയോഗിക്കുന്നത് – അത്യുന്നതന്‍, ദൈവം, കര്‍ത്താവ്!

5. പ്രകാശപൂർണ്ണനായ ദൈവം
മനുഷ്യരെ വിളിച്ചുകൊണ്ടും, അവരോടു സംവദിച്ചുകൊണ്ടും ദൈവം പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെയാണ് സങ്കീര്‍ത്തകന്‍ വരികളില്‍ കുറിച്ചിരിക്കുന്നത്. അവിടുത്തെ വചനത്തിന്‍റെ സന്ദേശത്തിലൂടെ കര്‍ത്താവു പ്രത്യക്ഷപ്പെടുന്നു. അവിടുത്തെ ആഹ്വാനം ലോകം മുഴുവനും കേള്‍ക്കുന്നു. സെഹിയോനില്‍നിന്ന് ദൈവം പ്രകാശിക്കുന്നു. സീനായ് മലയില്‍ മോശയ്ക്കു മുന്നിലുണ്ടായ ദൈവാവിഷ്ക്കരണത്തില്‍ എന്നപോലെ ജരൂസലേത്തും കര്‍ത്താവു പ്രത്യക്ഷപ്പെടുന്നു.

അങ്ങനെ ആരാധനക്രമ പശ്ചാത്തലത്തിലുള്ള ദൈവാവിഷ്ക്കരണവും വിധിപ്രഖ്യാപനവുമാണ് പദങ്ങളില്‍ വ്യക്തമായി കാണുന്നത്. അവിടുന്ന് പ്രകാശധോരണിയില്‍ സന്നിഹിതനാണ്. അതുപോലെ പ്രകൃതിയുടെ മറ്റു ഘടകങ്ങളിലും - ഇടിയിലും മിന്നലിലും, കാറ്റിലും കോളിലും കര്‍ത്താവ് ജനത്തെ അനുഗമിക്കുന്നെന്ന് സങ്കീര്‍ത്തകന്‍ പറയുന്നു. കര്‍ത്താവ് പരിശുദ്ധനും അപ്രാപ്യനുമാണ്. ആകാശവും ഭൂമിയും ഇതിനു സാക്ഷ്യംവഹിക്കുന്നു. അവിടുത്തെ പ്രത്യക്ഷീകരണ ലക്ഷ്യം, ആഗമന ലക്ഷ്യം ലോകത്തെ, മനുഷ്യരെ വിധിക്കാനാണ്. കര്‍ത്താവ് പൂര്‍വ്വകാലങ്ങളില്‍ മനുഷ്യരുമായി ഉടമ്പടിചെയ്തത് ബലിയര്‍പ്പണത്തോടെയാണ്. എന്നാല്‍ ഇന്ന് ബലിയല്ല കരുണയും നീതിയുമാണ്, അതിന്‍റെ നവീകരണവും പൂര്‍ത്തീകരണവുമാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവത്തിന്‍റെ നീതി ലോകത്ത് പ്രഘോഷിക്കപ്പെടണമെന്ന് വരികൾ വ്യക്തമാക്കുന്നു. നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്ക് കര്‍ത്താവ് തന്‍റെ രക്ഷ പ്രദാനംചെയ്യും.

Musical Version : Pslam 50
നേരായ മാര്‍ഗ്ഗേ ചരിക്കുവോര്‍ക്ക്
നല്കിടും ദൈവം തന്‍ രക്ഷയെന്നും. (2)

6. പഴയ നിയമത്തിലെ ആരാധനക്രമം
ദാവീദിന്‍റെ കാലത്തും, ജരൂസലേം ദേവാലയ സ്ഥാപനത്തിന്‍റെ രണ്ടാം ഘട്ടത്തിലും ആരാധനക്രമ സംവിധാനങ്ങള്‍ ഏറെ വളര്‍ന്ന കാലമായിരുന്നു. പുരോഹിതര്‍, ലേവ്യര്‍, ഗായകന്‍, വാദ്യക്കാര്‍ എന്നിവരുടെ ഗണം വികസിച്ച കൂട്ടത്തില്‍, ഗായകര്‍ക്ക് നേതൃത്വം നല്കിയവരില്‍ ശ്രേഷ്ഠനായിരുന്നു 50-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ രചയിതാവ് ആസാഫ് എന്ന് മനസ്സിലാക്കാം. ഹെസേക്കിയ രാജാവിന്‍റെ പരിചയത്തില്‍ ഒരാളായി അദ്ദേഹം ദിനവൃത്താന്ത ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നതിനാല്‍ ഇസ്രായേലിലെ ചരിത്രപുരുഷനായിരുന്നെന്നും നമുക്ക് അനുമാനിക്കാം (2 ദിനവൃത്താന്തം 29, 30). സങ്കീര്‍ത്തന ശേഖരത്തില്‍ 73-മുതല്‍ 83-വരെ ആസാഫിന്‍റെ ഗീതങ്ങളുടെ ശേഖരമാണെന്നു പറയുമ്പോള്‍ ആസാഫ് പഴയനിയമത്തില്‍ മേന്മയേറിയ സംഗീതജ്ഞന്‍ തന്നെ! സാധാരണഗതിയില്‍ സങ്കീര്‍ത്തകന്‍ വരികളിൽ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ അസാഫിന്‍റെ ഗീതങ്ങളില്‍ ദൈവം എപ്പോഴും മനുഷ്യരോടു സംസാരിക്കുകയാണ്. ഒപ്പം, പ്രവാചക ശൈലിയും രചനയില്‍ കാണുമ്പോള്‍ 50-Ɔ൦ ഗീതത്തിന്‍റെ പ്രവചനപരമായ രീതി, പ്രബോധനരീതി തെളിഞ്ഞു നില്ക്കുന്നു, വെളിപ്പെട്ടുകിട്ടുന്നു.

Musical Version : Psalm 50
നേരായ മാര്‍ഗ്ഗേ ചരിക്കുവോര്‍ക്ക്
നല്കിടും ദൈവം തന്‍ രക്ഷയെന്നും. (2)
കൃതജ്ഞതയായിരിക്കട്ടെ നിങ്ങള്‍ ദൈവത്തിനര്‍പ്പിക്കുന്ന ബലി
അത്യുന്നതനുള്ള നിങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുക!
അനര്‍ത്ഥകാലത്തു നിങ്ങളെന്നെ വിളിച്ചപേക്ഷിക്കും
ഞാന്‍ നിങ്ങളെ മോചിക്കും.
നിങ്ങളെന്നെ മഹത്വപ്പെടുത്തും

വത്തിക്കാന്‍ വാർത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയില്‍... സങ്കീര്‍ത്തനം 50-ന്‍റെ സംക്ഷിപ്ത പഠനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 March 2021, 12:53