ബദാംപൂക്കൾ (white almond) ബദാംപൂക്കൾ (white almond) 

“നിർമ്മലമായൊരു ഹൃദയം ദൈവമേ, എന്നിൽ സൃഷ്ടിക്കണമേ...!”

തപസ്സുകാലം മൂന്നാംവാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം - വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 2, 13-25 ശബ്ദരേഖയോടെ...

- ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര

തപസ്സുകാലം 4-ാം വാരം സുവിശേഷചിന്തകൾ


ആമുഖം :

വിളിക്കപ്പെട്ടവർക്ക് ക്രിസ്തു ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ ജ്ഞാനവുമാണെന്ന് തപസ്സുകാലം മൂന്നാം ഞായറിൽ ദൈവവചനം നമ്മെ പഠിപ്പിക്കുകയാണ്. നാമെല്ലാവരും ക്രിസ്തുവിന്‍റെ ബലിയർപ്പണത്തിനായി വിളിക്കപ്പെട്ടവരാണ്. കച്ചവടസ്ഥലമായിത്തീർന്ന ദേവാലയം ശുദ്ധീകരിക്കുന്ന തീക്ഷ്ണമതിയായ ക്രിസ്തുവിന്‍റെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. സമവീക്ഷണ സുവിശേഷങ്ങളിൽ അവസാന താളുകളിലാണ് ദേവാലയ ശുദ്ധീകരണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതെങ്കിൽ യോഹന്നാന്‍റെ സുവിശേഷത്തിൽ ഇത് ആദ്യ താളുകളിലാണ്, അതും കാനായിലെ കല്യാണ വിരുന്നിനു ശേഷം. ആഘോഷത്തിൽ പുതുവീഞ്ഞായവൻ ആരാധനയ്ക്കായി പുതു ആലയമാകുന്നു.

യേശുവിന്‍റെ പ്രവൃത്തിയ്ക്ക് പിന്നിലെ ചരിത്രം :

ദേവാലയം ശുദ്ധീകരിക്കുന്ന യേശുവിന്‍റെ പ്രവൃത്തിയ്ക്ക് പിന്നിൽ ചരിത്രപരമായ വ്യത്യസ്ത യാഥാർത്ഥ്യങ്ങളുണ്ട്. ജറുസലേം ദേവാലയത്തിൽ ബലികളർപ്പിക്കുവാൻ വിദൂര സ്ഥലങ്ങളിൽനിന്നുപോലും യഹൂദർ വരാറുണ്ട്. പ്രത്യേകിച്ചും തിരുനാൾ ദിനങ്ങളിൽ ദീർഘയാത്ര ചെയ്യുന്നവർ സ്വാഭാവികമായും ബലിയർപ്പിക്കേണ്ട മൃഗത്തെ കൂടെകൊണ്ടുവരുന്നതിന് പകരം ദേവാലയത്തിനടുത്തുനിന്ന് വാങ്ങുകയാണ് ചെയ്തിരുന്നത്. അതോടൊപ്പം ദേവാലയത്തിനുള്ളിൽ യഹൂദരുടെ ഒരു പ്രത്യേക നാണയമേ അംഗീകരിച്ചിരുന്നുള്ളു. വിജാതിയരുടെതായി പരിഗണിച്ചിരുന്ന വ്യത്യസ്ത ഗ്രീക്ക് - റോമൻ നാണയങ്ങൾ ദേവാലയത്തിനുള്ളിൽ പ്രവേശിപ്പിച്ചിരുന്നില്ല. ദേവാലയത്തിൽ കാണിക്കയർപ്പിക്കുവാനും വാർഷിക വരിസംഖ്യ അടയ്ക്കുവാനും എല്ലാവരും നിർബന്ധമായും ദേവാലയ പരിസരത്തെ നാണയ കൈമാറ്റക്കാരിൽനിന്ന് തങ്ങളുടെ കൈവശമുള്ള ഗ്രീക്ക് - റോമൻ നാണയങ്ങൾ മാറ്റിയെടുക്കണമായിരുന്നു. ബലിയർപ്പണവുമായി ബന്ധപ്പെട്ട ഈ വ്യാപാരം ദേവാലയന്തരീക്ഷത്തെ അസ്വസ്ഥമാക്കിയിരുന്നു.

അതിനെക്കാളുപരി നാണയ കൈമാറ്റക്കാർ തങ്ങളുടെ കൈമാറ്റ പ്രക്രിയയിൽ പലപ്പോഴും കള്ളത്തരം കാണിച്ചിരുന്നു. ബലിമൃഗങ്ങളെ വിൽക്കുന്നവർ നിയമം അനുശാസിക്കുന്ന വിധമല്ല വിശ്വാസികൾക്ക് മൃഗങ്ങളെ നൽകിയിരുന്നത്. ക്രയവിക്രയത്തിലുള്ള അഴിമതിയും, കള്ളത്തരവും, കുറവുകളും ദൈവാലയ അന്തരീക്ഷത്തെ ഒന്നുകൂടി മലീനസമാക്കി ഇതിനെതിരെ "എന്‍റെ പിതാവിന്‍റെ ആലയം നിങ്ങൾ കച്ചവട സ്ഥലമാക്കരുത്" എന്ന് പറഞ്ഞുകൊണ്ട് യേശു ശക്തമായി പ്രതികരിക്കുന്നു. യേശുവിന്റെ പ്രതികരണം കണ്ട ശിഷ്യന്മാർ "അങ്ങയുടെ, ആലയത്തെ കുറിച്ചുള്ള തീക്ഷണത എന്നെ വിഴുങ്ങി കളഞ്ഞു" എന്ന 69-ാം സങ്കീർത്തനത്തിലെ 9-ാം വാക്യം അനുസ്മരിക്കുന്നു.

ദേവാലയവും യേശുവും :
യേശുവിനെ ചോദ്യം ചെയ്തുകൊണ്ട് അടയാളം ആവശ്യപ്പെട്ട യഹൂദർക്ക് യേശു നൽകുന്ന മറുപടി "നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക മൂന്ന് ദിവസത്തിനകം അത് ഞാൻ പുനരുദ്ധരിക്കും". അതായത് 'നിങ്ങൾ എന്നെ കൊല്ലുക മൂന്നാം ദിവസം ഞാൻ ഉയർത്തെഴുന്നേൽക്കും'. തന്‍റെ മരണത്തെയും ഉത്ഥാനത്തെയും ശരീരമാകുന്ന ആലയത്തേയും കുറിച്ച് യേശു ഇവിടെ പറയുവാൻ കാരണമെന്ത്? യഹൂദർക്ക് ജറുസലേം ദേവാലയം ദൈവം വസിക്കുന്ന ഭവനമാണ്. ദൈവവും മനുഷ്യനും സന്ധിക്കുന്ന സ്ഥലം. എന്നാൽ യേശുവിന്‍റെ വരവോടുകൂടി ദൈവവും മനുഷ്യനും സന്ധിക്കുന്ന പുതിയ ദേവാലയം സംജാതമായി. പുതിയ നിയമത്തിലെ ദൈവസാന്നിധ്യം ദൈവാലയത്തിലല്ല മറിച്ച് യേശുവിലാണ്. അതുകൊണ്ടാണ് വി. യോഹന്നാൻ തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തിൽ പറയുന്നത് "വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു". ദേവാലയത്തിലർപ്പിച്ചിരുന്ന നിരവധി ബലികളെ തന്‍റെ കുരിശുമരണമാകുന്ന ഏകബലിയിലൂടെ യേശു പൂർത്തീകരിക്കുകയാണ്. ചരിത്രത്തിലെ മറ്റൊരു യാഥാർത്ഥ്യം AD 70-ൽ ജറുസലേം ദേവാലയം റോമാക്കാരാൽ നശിപ്പിക്കപ്പെട്ടതിനു ശേഷമാണ് വി. യോഹന്നാന്‍റെ സുവിശേഷം രചിക്കപ്പെടുന്നത്. ഇതിലൂടെ പിതാവായ ദൈവത്തിലുള്ള വിശ്വാസം ദേവാലയ നാശത്തിനുശേഷം പുത്രനായ ക്രിസ്തുവിലൂടെ സകല മനുഷ്യരിലും എത്തിച്ചേർന്നിരിക്കുന്നുവെന്ന് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു.

തപസുകാലവും ശുദ്ധീകരണവും :

തപസ്സ് കാലത്ത് കത്തോലിക്കാസഭ പ്രാധാന്യം കൊടുക്കുന്ന പുണ്യ പ്രവർത്തികളാണ് പ്രാർത്ഥന, ദാനധർമ്മം, ഉപവാസം. പ്രാർത്ഥനയിലൂടെ നീയും ദൈവവും തമ്മിലുള്ള ബന്ധം ഗാഢമാകുന്നു. ദാനധർമ്മത്തിലൂടെ നീയും സഹജനും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നു.  ഉപവാസത്തിലൂടെ നീയും നിന്‍റെ ചേതനകളും തമ്മിലുള്ള പൊരുത്തക്കേടുകളെ പരിഹരിക്കുകയും അതിലൂടെ നിന്‍റെ ഉടലിന്‍റെ തൃഷ്ണകളെ നിയന്ത്രിച്ച് അതിനെ "ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാക്കുന്നു" (1കോറി 6:19). ഈ പുണ്യ കർമ്മങ്ങളുടെ വീക്ഷണത്തിലൂടെ നോക്കിയാൽ സുവിശേഷത്തിന്‍റെ പ്രാവർത്തിക സന്ദേശം വളരെ വ്യക്തമാണ്. നീയും ദൈവത്തിന്‍റെ ശ്രീകോവിലാണ്. അതുകൊണ്ടുതന്നെ ഒരു തരത്തിലുമുള്ള വ്യാപാര മനോഭാവം നിന്നിലുണ്ടാകാതിരിക്കട്ടെ. നിന്‍റെ അറിവിന്‍റെ തലത്തിലോ, ആഗ്രഹങ്ങളുടെ തലത്തിലോ, ബന്ധങ്ങളുടെ തലത്തിലോ എവിടെയെങ്കിലും ലാഭനഷ്ടക്കണക്കുകൾ തിരയുകയാണെങ്കിൽ നീയും പിതാവിന്‍റെ ആലയമാകുന്ന നിന്‍റെ ശരീരം ഒരു കച്ചവട സ്ഥലമായി മാറ്റി കഴിഞ്ഞിരിക്കുന്നു. അങ്ങനെയാണെങ്കിൽ നിന്‍റെ ജീവിതത്തിലേക്കും യേശു കടന്നു വരേണ്ടിയിരിക്കുന്നു. ഒരു ശുദ്ധീകരണം നിനക്കും വേണ്ടിയിരിക്കുന്നു.

ഉപസംഹാരം :
യേശു ബലിയർപ്പണത്തിനെതിരായിരുന്നില്ല എന്നാൽ ദേവാലയത്തിൽ ബലിയർപ്പണത്തേക്കാളും ദൈവസാന്നിധ്യത്തേക്കാളും പ്രാധാന്യം കല്പിച്ചിരുന്ന സർവ്വതിനെയും യേശു എതിർക്കുന്നു. ഇന്നത്തെ ഒന്നാം വായനയിലും ദൈവം നമ്മോടു പറയുന്നതും ഇതു തന്നെയാണ്: "ഞാനാണ് നിന്‍റെ കർത്താവായ ദൈവം ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്". നമ്മുടെ ആത്മീയ ജീവിതത്തിലും ദൈവത്തേക്കാൾ പ്രാധാന്യം നൽകുന്ന എന്തെങ്കിലുമുണ്ടോ? നമ്മുടെ ഇടവക ജീവിതത്തിൽ ദിവ്യബലിയെക്കാൾ പ്രാധാന്യം നൽകുന്ന സാമൂഹ്യ പ്രവർത്തനങ്ങളുണ്ടോ? ദേവാലയ ശുദ്ധീകരണത്തിലൂടെ നമ്മുടെ ആത്മീയ ശുദ്ധീകരണത്തിനും, അതിലൂടെ സഭാ നവീകരണത്തിനും യേശു നമ്മെ ക്ഷണിക്കുകയാണ്.  

ആമേൻ


ഗാനമാലപിച്ചത് കോറസ് പീറ്ററാണ്. രചന ഫാദർ ജോസഫ് മനക്കിൽ, സംഗീതം ജെറി അമൽദേവ്
(സങ്കീർത്തനം 51-ലെ തെരഞ്ഞെടുത്ത വരികളുടെ ഗാനാവിഷ്ക്കാരം).

തപസ്സുകാലം മൂന്നാംവാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2021, 10:19