കെസ്റ്റർ പണ്ഡ്യൻ കെസ്റ്റർ പണ്ഡ്യൻ  

ക്രിസ്തീയ ഗാനാലാപനത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കെസ്റ്റർ

കെസ്റ്റർ ആലപിച്ച ശ്രദ്ധേയമായ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

കെസ്റ്ററിന്‍റെ ശ്രദ്ധേയമായ ഗാനങ്ങൾ


1.  പ്രിയ ഗായകൻ 

ആയിരക്കണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീത ലോകത്ത് തന്‍റെ സ്ഥാനമുറപ്പിച്ച പ്രതിഭയാണ് കെസ്റ്റർ. എറണാകുളത്ത് വടുതലയിൽ പുത്തൻപുരയ്ക്കൽ ആന്‍റെണിയുടേയും മേരിയുടേയും അഞ്ചാമത്തെ പുത്രനായി 1969 ആഗസ്റ്റ് 22-ന് ജനിച്ചു. സംഗീതപ്രിയനായിരുന്ന പിതാവ്, പണ്ഡ്യൻ ആന്‍റെണിയുടെ കുടുംബവും സംഗീതസാന്ദ്രമായിരുന്നു.   അഞ്ചു മക്കളും സംഗീതത്തിൽ അറിവു നേടിയിട്ടുണ്ട്.

2. അറിവും അദ്ധ്വാനവും
സെന്‍റ് ആൽബ്രട്സ് സ്കൂളിലെയും കോളെജിലെയും വിദ്യാഭ്യാസത്തിനുശേഷം കെസ്റ്റർ തൃപ്പൂണിത്തുറ ആർ. എൽ. വി. കോളെജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈൻ ആർട്ട്സിൽനിന്നും (R.L.V. college of Music & Fine Arts, Tripunithura) ഗാനഭൂഷൺ ബിരുദം ഉന്നതനിലവാരത്തോടെ കരസ്ഥമാക്കി. പഠിക്കുന്ന കാലത്തുതന്നെ പിതാവിന്‍റെ പ്രോത്സാഹനത്തിലും ശിക്ഷണത്തിലും കെസ്റ്റർ എപ്പോഴും മത്സരവേദികളിൽ സമ്മാനാർഹനാവുകയും സവിശേഷ വേദികളെ സംഗീതമയമാക്കുകയും ചെയ്തിട്ടുണ്ട്. അമ്മ മേരി, ഭാര്യ രേഖ, മക്കൾ കൃപ, ക്രിസ് എന്നിവർക്കൊപ്പം കെസ്റ്റർ പൂർണ്ണമായും സംഗീതത്തിൽ മുഴുകി എറണാകുളത്തെ ചളിക്കവട്ടത്ത് താമസിക്കുന്നു.

3. ഗാനവീചിയിൽ 25 വർഷങ്ങൾ
വടുതല ഡോൺബോസ്കോ, തന്‍റെ ഇടവകയായ കർമ്മലനാഥയുടെ ചാത്യാത്ത് എന്നിവിടങ്ങളിലെ ഗായകസംഘങ്ങളിൽ നിറഞ്ഞുനിന്ന കെസ്റ്ററെ ഗാനരചയിതാവായ ഫാദർ തദേവൂസ് അരവിന്ദത്താണ് ക്രിസ്തീയ ഭക്തിഗാനരംഗത്തേയ്ക്ക് ആനയിച്ചത്. തദേവൂസച്ചൻ രചിച്ച് ഈണംപകർന്ന “ക്ഷമാശീലനാം യേശുവേ...” കെസ്റ്ററിനെ ശ്രദ്ധേയനാക്കിയ ഗാനമാണ്. സംഗീതസാന്ദ്രമായ ജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുമ്പോൾ 6000-ൽപ്പരം ഗാനങ്ങൾ വിവിധ പ്രസ്ഥാനങ്ങൾക്കും സംഗീത സംവിധായകർക്കുവേണ്ടി പാടുവാൻ സാധിച്ച സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടെന്ന് കെസ്റ്റർ പറഞ്ഞു.

4. അമൽദേവിന്‍റെ അഭിപ്രായം
ആലാപനത്തിലുള്ള ശാസ്ത്രീയ അടിത്തറയും സ്വരസ്ഥാനങ്ങൾ സൂക്ഷ്മമായി ഹൃദിസ്ഥമാക്കുവാനുള്ള കഴിവും അത് അനായാസേന ഭാവാത്മകമായി അവതരിപ്പിക്കുവാനുള്ള സാമർത്ഥ്യവും കെസ്റ്ററിന്‍റെ സവിശേഷതയാണെന്ന് ജെറി അമൽദേവ് സാക്ഷ്യപ്പെടുത്തുന്നു.

5. ഗാനങ്ങള്‍
a) വേഗം വേരണമേ നന്മസ്വരൂപാ...
മഞ്ജരിയിലെ ആദ്യഗാനം ആർച്ചുബിഷ് കൊർണേലിയൂസ് ഇലഞ്ഞിക്കൽ രചിച്ച് ജോബ്&ജോർജ്ജ് ഈണംപകർന്നതാണ്. ആലാപനം കെസ്റ്റർ.

b) നീരാജനമായ് ഉഴിയാം ഞാൻ...
കെസ്റ്ററും സംഘവും ആലപിച്ച അടുത്തഗാനം ഈണംപകർന്നത് ജെറി അമൽദേവാണ്. രചന ഫാദർ മൈക്കിൾ പനച്ചിക്കൽ വി.സി.

c) മൃദുവായ് നീ തൊടുകിൽ...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം വയലിൻ ജേക്കബ് എന്ന് അറിയപ്പെട്ട വിനോദ് ജേക്കബ് ഈണംപകർന്നതാണ്. രചന ഫാദർ തദേവൂസ് അരവിന്ദത്ത്, ആലാപനം കെസ്റ്റർ.

വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിന്‍റെ ഗാനമഞ്ജരിയിൽ  കെസ്റ്റർ ആലപിച്ച ഭക്തിഗാനങ്ങൾ
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 March 2021, 10:13