ഫയൽ ചിത്രം - സമാധാന വഴികളിലെ നവമായ ചിന്താധാരകൾ ഫയൽ ചിത്രം - സമാധാന വഴികളിലെ നവമായ ചിന്താധാരകൾ 

കെടുതികൾ അടയാളപ്പെടുത്തിയ വർഷത്തിലെ സമാധാന സന്ദേശം

2021-ൽ പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച ലോക സമാധാനദിന സന്ദേശത്തിന്‍റെ ആദ്യഭാഗം ചിന്തകളെ ആധാരമാക്കി ഒരു പരിപാടി – ശബ്ദരേഖയോടെ...

തയ്യാറാക്കിയത് : ജോളി അഗസ്റ്റിനും ഫാദർ വില്യം നെല്ലിക്കലും 

ലോക സമാധാനദിന സന്ദേശം - ആദ്യഭാഗം


1. ആമുഖം  
രാഷ്ട്രനായകന്മാര്‍ക്കും അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കള്‍ക്കും ആത്മീയാചാര്യന്മാര്‍ക്കും വിവിധ മതങ്ങള്‍ പിന്തുടരുന്നവര്‍ക്കും സമാധാന കാംക്ഷികളായ എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കും ഹൃദയംഗമായ ആശംസകള്‍ നേർന്നുകൊണ്ടാണ് പുതുവത്സരദിനത്തിൽ ജനുവരി 1-ന് പതിവായി പ്രബോധിപ്പിക്കുന്ന സമാധാനസന്ദേശം പാപ്പാ ഫ്രാൻസിസ് ആരംഭിച്ചത്. വ്യക്തികളും സമൂഹങ്ങളും ജനതകളും രാഷ്ട്രങ്ങളും സാഹോദര്യത്തിന്‍റേയും നീതിയുടേയും സമാധാനത്തിന്‍റേയും പാതയിലൂടെ മുന്നേറുവാന്‍ മാനവരാശിക്ക് വരുന്ന വര്‍ഷത്തില്‍ കഴിയുമാറാകട്ടെയെന്നും ആമുഖമായി പാപ്പാ ആശംസിച്ചു.

2. പ്രതിസന്ധിയുടെ കാലഘട്ടം
രാജ്യാതിര്‍ത്തികളൊന്നും ബാധകമല്ലാത്ത ഒരു ആഗോള പ്രതിഭാസമായി മാറിയ കോവിഡ്-19 മഹാമാരിയുടെ കെടുതികള്‍ അടയാളപ്പെടുത്തിയ ഒരു വര്‍ഷമായിരുന്നു കഴിഞ്ഞ 2020. അത് 2021-ലും തുടരുകയാണ്. മാനവകുലം അതിനെ നിയന്ത്രിക്കാൺ ഇനിയും തത്രപ്പെടുകയാണ്. കാലാവസ്ഥയിലും ഭക്ഷ്യലഭ്യതയിലും സമ്പദ്ഘടനയിലും കുടിയേറ്റങ്ങളിലും പരസ്പര ബന്ധിതമായ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ട് കടുത്ത യാതനകള്‍ക്കും ദുരിതങ്ങള്‍ക്കും അത് ഇടയാക്കി. കുടുംബാംഗങ്ങളേയും ഉറ്റവരേയും നഷ്ടപ്പെട്ടവര്‍ക്കും, തൊഴില്‍ നഷ്ടമായവര്‍ക്കും ഇത് കനത്ത ആഘാതമാണിന്ന്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും സന്നദ്ധസേവകര്‍ക്കുമെല്ലാം നേരിടേണ്ടിവന്ന കനത്ത വെല്ലുവിളികളെക്കുറിച്ചും ഓര്‍ത്തുപോവുന്നതായി പാപ്പാ സന്ദേശത്തിൽ സൂചിപ്പിച്ചു. രോഗികളായവരെ പരിചരിക്കാനും അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും ജീവന്‍ രക്ഷിക്കാനും നടത്തിയ ത്യാഗശ്രമങ്ങള്‍ക്കിടയില്‍ സ്വജീവന്‍ ബലികഴിച്ച ആരോഗ്യപ്രവർത്തകരെ, അവർ ആഗോളതലത്തിൽ ആയിരങ്ങളാണ്, അവരെയെല്ലാം പാപ്പാ മനോവ്യഥയോടെ അനുസ്മരിക്കുന്നു. അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, കോവിഡ്-19 വാക്‌സിന്‍ നിര്‍ദ്ധനരും രോഗികളും ദുര്‍ബലരുമായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുവാന്‍ താൻ രാഷ്ട്രനേതാക്കളോടും സ്വകാര്യമേഖലയിലെ ആരോഗ്യഗവേഷണ സ്ഥാപനങ്ങളോടും, പൊതുസ്ഥാപനങ്ങളോടും, സന്നദ്ധ സംഘടനകളോടും അഭ്യര്‍ത്ഥിച്ചിട്ടുള്ള വിവരം സന്ദേശത്തിൽ പാപ്പാ വെളിപ്പെടുത്തിയിട്ടുണ്ട്.

3. കരുതലിന്‍റേയും സാഹോദര്യത്തിന്‍റേയും
സംസ്കാരത്തിന്‍റെ ആവശ്യകത

ദുഃഖകരമെന്നു പറയട്ടെ, സ്‌നേഹത്തിന്‍റേയും ഐക്യദാര്‍ഢ്യത്തിന്‍റേയും സാക്ഷ്യംവഹിക്കുന്ന സംഭവങ്ങള്‍ക്കൊപ്പം വിവിധ രൂപങ്ങളിലുള്ള ദേശീയവാദവും വംശീയതയും സംഘര്‍ഷങ്ങളും എവിടെയും തലപൊക്കുന്നുണ്ടെന്നും, അവ മരണവും വിനാശവും ലോകത്തു സൃഷ്ടിക്കുവാൻ മാത്രമേ സഹായിക്കൂവെന്നും പാപ്പാ ഓർപ്പിക്കുന്നു. കൂടുതല്‍ സാഹോദര്യമുള്ള ഒരു സമൂഹം പടുത്തുയര്‍ത്തുന്നതിന് ഓരോരുത്തരും പരസ്പരം കരുതലുള്ളവരായി ജീവിക്കേണ്ടതിന്‍റെ ആവശ്യകത ഈ സംഭവവികാസങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. അതുകൊണ്ട് ഈ വര്‍ഷത്തെ സന്ദേശത്തിന് 'കരുതലിന്‍റെ സംസ്‌കാരമാണ് സമാധാനത്തിലേക്കുള്ള പാത' എന്ന് ശീര്‍ഷകം നല്‍കാന്‍ താൻ തീരുമാനിച്ചതും പാപ്പാ വെളിപ്പെടുത്തി. ഈ കാലഘട്ടത്തിൽ ലോകത്ത് ആധിപത്യം പുലര്‍ത്തുന്ന നിസ്സംഗതയുടേയും പാഴാക്കലിന്‍റേയും സംഘര്‍ഷത്തിന്‍റേയും സംസ്‌കാരത്തെ നേരിടാനുള്ള ഒരു വഴി കരുതലിന്‍റെ സംസ്‌കാരമാണെന്ന് പാപ്പാ അടവരയിട്ടു പ്രസ്താവിച്ചു.

4. കരുതലിന്‍റെ മാതൃകയാണ് സ്രഷ്ടാവായ ദൈവം
സ്രഷ്ടാവുമായി മാത്രമല്ല, എല്ലാ സൃഷ്ടികളോടും, പ്രത്യേകിച്ച് ആദത്തോടും ഹവ്വയോടും അവരുടെ സന്തതിപരമ്പരകളോടും കരുതലുള്ളവനായാണ് തിരുവചനത്തില്‍ ദൈവത്തെ അവതരിപ്പിക്കുന്നതെന്ന് പാപ്പാ ഫ്രാൻസിസ് ലോക സമാധാനദിന സന്ദേശത്തിൽ സ്ഥാപിക്കുന്നു. ചെയ്ത കുറ്റത്തിന് ശപിക്കപ്പെട്ടവനായിരുന്നു കായേൻ എങ്കില്‍പോലും, അവനും ''സംരക്ഷണത്തിന്‍റെ അടയാളമാണ്'' സ്രഷ്ടാവ് നല്‍കിയത്. അതിനാലാണ് അവന്‍റെ ജീവന്‍ എടുക്കാതിരുന്നത്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ ''ലംഘിക്കപ്പെടാനാവാത്ത അന്തസ്സിനെ സ്ഥിരീകരിക്കുമ്പോള്‍തന്നെ, തന്‍റെ സൃഷ്ടിയുടെ ശ്രുതിലയം നിലനിര്‍ത്തുവാനുള്ള ദൈവിക പദ്ധതിയുടെ അടയാളം കൂടിയാണിതെന്ന് പാപ്പാ സമർത്ഥിച്ചു. കാരണം, അക്രമവും സമാധാനവും ഒരുമിച്ചു പുലര്‍ത്താനാകില്ല.

സാബത്ത് എന്ന അനുഷ്ഠാനത്തിന്‍റെ ഹൃദയത്തിലുള്ളത് സൃഷ്ടിയോടുള്ള കരുതലാണ്. പാവങ്ങളോടുള്ള കരുതലും സാമൂഹികക്രമം പുനഃസ്ഥാപിക്കലും ദൈവാരാധനയുടെ ഒരു ചട്ടത്തിനു പുറമെ സാബത്ത് ലക്ഷ്യമിടുന്നുണ്ട്. എല്ലാ ഏഴാംവര്‍ഷത്തിലും സാബത്തിന്‍റെ ജൂബിലി ആഘോഷിച്ചിരുന്നപ്പോള്‍ ഭൂസ്വത്തില്‍ ഇളവുകളും കടക്കാര്‍ക്ക് വിടുതലും അടിമകള്‍ക്ക് മോചനവും നല്‍കിയിരുന്നു. അനുഗ്രഹത്തിന്‍റെ ആ വര്‍ഷത്തില്‍ അരിഷ്ടത അനുഭവിച്ചിരുന്നവര്‍ക്ക് ആശ്വാസവും ജീവിക്കാന്‍ പുതിയ അവസരവും അനുവദിച്ചിരുന്നു. പ്രവാചക പാരമ്പര്യം അനുസരിച്ച്, ഏറ്റവും ദുര്‍ബലരായ അംഗങ്ങളെ ഒരു സമൂഹം പരിഗണിക്കുന്ന രീതിയിലാണ് ബൈബിള്‍ അനുശാസിക്കുന്ന സാമൂഹിക ചട്ടങ്ങൾ ഏറ്റവും ഉല്‍കൃഷ്ടമായ ശൈലിയില്‍ ജീവിക്കാൻ ഇസ്രായേൽ ജനത പരിശ്രമിച്ചിരുന്നെന്ന് പാപ്പാ സന്ദേശത്തിൽ സ്ഥാപിക്കുന്നു (ആമോസ് 2:6-8) (ഏശയ്യ 5.8).

5. യേശുവിന്‍റെ പൗരോഹിത്യത്തിലെ കരുതല്‍
ദൈവപിതാവിന് മാനവരാശിയോടുള്ള സ്‌നേഹത്തിന്‍റെ പരമമായ വെളിപ്പെടുത്തലിനെ പ്രതിനിധീകരിക്കുന്നതാണ് യേശുവിന്‍റെ ജീവിതവും പൗരോഹിത്യവുമെന്നും പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. നസ്രത്തിലെ സിനഗോഗില്‍ ദൈവത്താല്‍ അഭിഷിക്തനായവനാണ് താനെന്ന് യേശു കാണിച്ചുകൊടുത്തു. പാവങ്ങള്‍ക്ക് സദ്‌വാര്‍ത്തയേകാനും, ബന്ധിതരുടെ മോചനം പ്രഖ്യാപിക്കാനും, അന്ധര്‍ക്ക് കാഴ്ച നല്‍കാനും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നല്‍കാനും അയക്കപ്പെട്ടവനാണെന്ന് അവിടുന്ന് തെളിയിച്ചു. (ലൂക്കാ 4:18). ജൂബിലി വര്‍ഷവുമായി ഈ രക്ഷാകര നടപടികള്‍ പിതാവില്‍നിന്ന് അവിടുത്തേക്ക് നല്‍കപ്പെട്ടിരിക്കുന്ന ദൗത്യത്തിന് വാചാലമായി സാക്ഷ്യംവഹിക്കുന്നു. ദയാവായ്‌പോടെ, ആത്മാവിലും ശരീരത്തിലും രോഗികളായവരോട് ചേര്‍ന്നുനിന്നുകൊണ്ട് ക്രിസ്തു അവര്‍ക്ക് സൗഖ്യം നല്‍കി. അവിടുന്ന് പാപികള്‍ക്ക് മാപ്പും പുതുജീവിതവും നല്‍കി. തന്‍റെ അജഗണങ്ങളോട് കരുതലുള്ള നല്ല ഇടയനാണ് യേശു. പരിക്കേറ്റവരുടെ അടുത്തേക്ക് അവിടുന്ന് ഇറങ്ങിച്ചെന്ന് അവന്‍റെ മുറിവുകള്‍ വെച്ചുകെട്ടുകയും പരിചരിക്കുകയും ചെയ്യുന്ന നല്ല സമറിയാക്കാരനാണ് അവിടുന്ന്.

പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്വത്തില്‍നിന്ന് നമ്മെ മോചിപ്പിക്കാന്‍ കുരിശില്‍ സ്വയം അര്‍പ്പിച്ച് നമ്മോടുള്ള കരുതലിന്‍റെ ആത്യന്തികമായ തെളിവ് തന്‍റെ ദൗത്യത്തിന്‍റെ പൂര്‍ത്തീകരണവേളയില്‍ യേശു നല്‍കി. തന്‍റെ ജീവന്‍ ദാനമായി പരിത്യാഗം ചെയ്തുകൊണ്ട് നമുക്കായി അവിടുന്ന് സ്‌നേഹത്തിന്‍റെ പാത തുറന്നുനല്‍കി. നാം ഓരോരുത്തരോടും അവിടുന്ന് പറയുന്നു ''എന്നെ അനുഗമിക്കുക; പോകൂ, ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യുക, എന്ന് സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഫ്രാൻസിസ് സന്ദേശത്തിലെ കരുതലിന്‍റെ പാഠം വ്യക്തമാക്കുന്നു. (ലൂക്കാ 10:37).

6. യേശു പഠിപ്പിച്ച കരുതലിന്‍റെ സംസ്‌കാരം
ആദിമ സഭ അനുഷ്ഠിച്ചിരുന്ന ഉപവി പ്രവര്‍ത്തനങ്ങളുടെ മര്‍മ്മം ആത്മീയവും ഭൗമികവുമായ കരുണയില്‍ അധിഷ്ഠിതമായിരുന്നു. അവരിൽ ഓരോരുത്തര്‍ക്കും അരിഷ്ടതകൾ ഉണ്ടാകാതിരിക്കാന്‍ ആദിമ ക്രൈസ്തവ സമൂഹങ്ങൾ തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പരസ്പരം പങ്കുവച്ചു ജീവിച്ചു (നടപടി 4:34-35).
തങ്ങളുടെ കുടുംബങ്ങൾ ആവശ്യക്കാരോട് കരുതല്‍ കാണിക്കാന്‍ തയ്യാറാകുകയും, അവരെ സ്വാഗതംചെയ്യുകയും ചെയ്യുന്ന ഭവനങ്ങളാക്കി മാറ്റാന്‍ അവര്‍ പരിശ്രമിച്ചു. കപ്പല്‍ഛേദം പോലുള്ള അത്യാഹിതങ്ങളുടെ ഇരകള്‍ക്കും, വയസ്സായവര്‍ക്കും, അനാഥര്‍ക്കും കരുതലേകുവാനും, മരിച്ചവരെ അടക്കുവാനും, പാവങ്ങളെ പോറ്റുവാനും സഹായം നല്‍കുന്നത് അവര്‍ ഒരു ശീലമാക്കിയിരുന്നു. പില്‍ക്കാലത്ത് ക്രിസ്ത്യാനികളുടെ ഉദാരമനസ്‌കതയ്ക്ക് ആദ്യകാലത്തെ ഉത്സാഹം നഷ്ടമായപ്പോള്‍ സമ്പത്ത് പൊതുനന്മ ഉദ്ദേശിച്ച് ദൈവം നല്‍കിയതാണെന്ന് സഭാപിതാക്കന്മാര്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു.

വിശുദ്ധ അംബ്രോസിനെ സംബന്ധിച്ചിടത്തോളം, ''ക്രൈസ്തവ ഉപവി ശക്തിപ്പെടുത്തുവാന്‍ നൂതന ശ്രമങ്ങള്‍ വേണമെന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണെ''ന്നായിരുന്നു. ഇങ്ങനെ ക്രൈസ്തവരുടെ പ്രായോഗികമായ കാരുണ്യപവൃത്തികളുടെ എണ്ണമറ്റ ഉദാഹരണങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.  പാവങ്ങള്‍ക്കിടയിലുള്ള സഭയുടെ പ്രവര്‍ത്തനം ക്രിസ്തു കാണിച്ചു തന്ന വലിയ കരുതലിന്‍റെ സംഘടിതമായ അടയാളങ്ങളാണെന്നു പറയാം. എല്ലാ മാനുഷിക ആവശ്യങ്ങള്‍ക്കും സഹായകമായ നിരവധി സ്ഥാപനങ്ങള്‍ അക്കാലത്ത് ഉടലെടുത്തു : ആശുപത്രികള്‍, അനാഥാലയങ്ങള്‍, അഭയകേന്ദ്രങ്ങള്‍, സഞ്ചാരികള്‍ക്കുള്ള സത്രങ്ങൾ തുടങ്ങിയവ.

7. കരുതലിന്‍റെ സംസ്‌കാരത്തിന് അടിത്തറയായി
സഭ മാനിക്കുന്ന സാമൂഹിക തത്വങ്ങള്‍

നൂറ്റാണ്ടുകളായി സഭാപിതാക്കന്മാരുടെ വിചിന്തനങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ടതും, അനവധി ഉജ്ജ്വലരായ വിശ്വാസസാക്ഷികളുടെ ഉപവി പ്രവര്‍ത്തനങ്ങളാല്‍ സമ്പുഷ്ടമാക്കപ്പെട്ടതുമായ ഉത്ഭവകാല പ്രമാണങ്ങള്‍ സഭയുടെ സാമൂഹിക വീക്ഷണത്തിന്‍റെ ഹൃദയസ്പന്ദനമായി മാറിയിട്ടുണ്ട്. കരുതലിന്‍റെ ''വ്യാകരണ''മായി പ്രവര്‍ത്തിക്കേണ്ടുന്ന തത്വങ്ങളുടേയും മാനദണ്ഡങ്ങളുടേയും അമൂല്യമായ പൈതൃകം സന്മനസ്സുള്ള എല്ലാ ആളുകള്‍ക്കും ഒരു മാര്‍ഗ്ഗദര്‍ശിയാണ്. ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സ് കാത്തുപാലിക്കാനുള്ള പ്രതിബദ്ധത, ദുര്‍ബലരും പാവങ്ങളുമായവരോടുള്ള ഐക്യദാര്‍ഢ്യം, പൊതുനന്മ ലാക്കാക്കി സൃഷ്ടിയെ സംരക്ഷിക്കാനുള്ള ഉത്സാഹം എന്നിവയാണ് ഈ അടിസ്ഥാന പ്രമാണങ്ങള്‍.

ക്രിസ്തുമതത്തില്‍നിന്ന് ഉത്ഭവിക്കുകയും വികസിക്കുകയും ചെയ്ത വ്യക്തി എന്ന പരികല്‍പനയെ സമ്പൂര്‍ണ്ണ മാനവിക വികസനമായി വളര്‍ത്തേണ്ടതുണ്ട്. വ്യക്തി എന്നത് എല്ലായ്‌പ്പോഴും ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്, അല്ലാതെ വ്യക്തിവാദത്തെയല്ല; മറിച്ച് അത് ഉള്‍ക്കൊള്ളലിനെയാണ് അടിയുറപ്പിക്കുന്നത്. പുറന്തള്ളലിനെയല്ല, ഉല്‍കൃഷ്ടവും ലംഘിക്കപ്പെടാനാവാത്തതുമായ അന്തസ്സിനെയാണ്, ചൂഷണത്തെയല്ല പ്രോത്സാഹിപ്പിക്കുന്നത്. ഓരോ വ്യക്തിയും അവനിലോ അവളിലോ സമ്പൂര്‍ണ്ണമാകുന്ന ഒരു ലക്ഷ്യമാണ്, അല്ലാതെ അവരുടെ അപയോഗ്യതയെ അളന്ന് വിലയിരുത്തപ്പെടേണ്ട ഒരു മാര്‍ഗമല്ല. അന്തസ്സില്‍ സമതയുള്ള സമൂഹങ്ങളിലും കുടുംബങ്ങളിലും ഒരുമിച്ചു ജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ് വ്യക്തികള്‍. മാനുഷിക കര്‍ത്തവ്യങ്ങള്‍ എന്നതുപോലെ തന്നെ അവന്‍റെയും അവളുടെയും അന്തസ്സില്‍നിന്നാണ് മനുഷ്യാവകാശങ്ങൾ ഉടലെടുക്കുന്നത്. പാവങ്ങളേയും രോഗികളേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും, സ്ഥലകാലങ്ങളില്‍ അവർ ദൂരെയായാലും സമീപത്തായാലും നമ്മുടെ അയല്‍ക്കാരാണ് അവർ എന്ന നിലയില്‍ സ്വാഗതംചെയ്യുവാനും സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് പാപ്പാ ഓർപ്പിക്കുന്നു.

a) പൊതുനന്മയ്ക്കായുള്ള കരുതല്‍
പൊതുനന്മയുടെ സേവനത്തിനായി പ്രതിഷ്ഠിക്കുമ്പോഴാണ് സാമൂഹിക -സാമ്പത്തിക - രാഷ്ട്രീയ ജീവിതം അതിന്‍റെ ഓരോ തലത്തിലും പൂര്‍ണ്ണത കൈവരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ''സംഘങ്ങളായും വ്യക്തികളായും സാമൂഹിക സാഹചര്യങ്ങളുടെ ആകത്തുകയാണ് നമ്മുടെ ജീവിതലക്ഷ്യം സുഗമമായും സമ്പൂര്‍ണ്ണമായും നിറവേറ്റാന്‍ അനുവദിക്കുന്നത്. തല്‍ഫലമായി നമ്മുടെ പദ്ധതികളും ആസൂത്രണങ്ങളും സമസ്ത മാനവ കുടുംബത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും, അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഇന്നത്തെയും വരാനിരിക്കുന്ന തലമുറകളെയും ബാധിക്കുമോയെന്നും പരിഗണിക്കേണ്ടിയിരിക്കുന്നു. ഈ വസ്തുതയുടെ കാലിക പ്രസക്തിയും സത്യവും കോവിഡ് 19 മഹാമാരി നമുക്ക് കാണിച്ചുതന്നു. ദിശാബോധമില്ലാതെ ബലഹീനരായി നാമെല്ലാം ഒരേ വഞ്ചിയിലാണെന്നും അതേ സമയംതന്നെ നാം ഒരുമിച്ചു തുഴയാന്‍ വിധിക്കപ്പെട്ടവരാണെന്നും കഴിവുള്ളവരാണെന്നും ബോധ്യമാകണം. ആര്‍ക്കുംതന്നെ ഒറ്റയ്ക്ക് രക്ഷപ്രാപിക്കാനാവില്ലെന്നും, ഒറ്റയ്ക്കുനിന്ന് ഒരു രാഷ്ട്രത്തിനും അതിന്‍റെ ജനതയുടെ പൊതുനന്മ ഉറപ്പാക്കാനാവില്ലെന്നും, നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ മഹാമാരി തെളിയിച്ചു കഴിഞ്ഞുവെന്ന് പാപ്പാ ഓർപ്പിക്കുന്നു.

b) ഐക്യദാര്‍ഢ്യത്തിലൂടെയുള്ള കരുതല്‍
അപരനോടുള്ള നമ്മുടെ സ്‌നേഹം സമൂര്‍ത്തമായി പ്രകടമാക്കുന്നതാണ് ഐക്യദാര്‍ഢ്യം. അത് അവ്യക്തമായ ഒരു വികാരമല്ല, മറിച്ച് പൊതുനന്മയ്ക്കായി സ്വയം സമര്‍പ്പിക്കുവാനുള്ള ദൃഢനിശ്ചയവും സ്ഥിതപ്രജ്ഞയുമാണ്.
എല്ലാറ്റിനും നാമെല്ലാവരും ഉത്തരവാദികളായതു കാരണം, ഓരോ വ്യക്തിയുടേയും എല്ലാവരുടേയും നന്മയ്ക്കായി പ്രവര്‍ത്തിക്കുകയാണ് കരണീയം. സകലരോടും പരിഗണനയുള്ളവരായി ജീവിക്കാൻ ഐക്യദാര്‍ഢ്യം നമ്മെ സഹായിക്കുന്നു. വ്യക്തികളായാലും ജനതകളായാലും രാഷ്ടങ്ങളായാലും, പരസ്പരമുള്ള പ്രയോജനം അവസാനിക്കുമ്പോള്‍ ഉപേക്ഷിക്കേണ്ടവരല്ലെന്നും, നാമെല്ലാം സഹയാത്രികരും കൂട്ടാളികളുമാണ്. മാത്രമല്ല, അവസാനം ദൈവം തുല്യതയോടെ ക്ഷണിച്ചിട്ടുള്ള ജീവിതവിരുന്ന് ഒരുമിച്ച് ആസ്വദിക്കേണ്ടവരാണെന്ന് മനസ്സിലാക്കണമെന്നും പാപ്പാ താക്കീതുനല്കുന്നു.

c) സൃഷ്ടിയുടെ സംരക്ഷണവും കരുതലും
സൃഷ്ടിയുടെ പരസ്പര ബന്ധത്തെക്കുറിച്ച് പൂര്‍ണ്ണമായ അവബോധം പ്രകടമാക്കുന്ന ചാക്രിക ലേഖനമാണ് ''അങ്ങേക്ക് സ്തുതിയായിരിക്കട്ടെ.'' പാവങ്ങളുടെ നിലവിളി ശ്രവിക്കുകയും, അതോടൊപ്പംതന്നെ സൃഷ്ടിയുടെ നിലവിളിക്ക് കാതോര്‍ക്കുകയും വേണമെന്ന് അതില്‍ പാപ്പാ ഫ്രാൻസിസ് എടുത്തുപറയുന്നുണ്ട്. നമ്മുടെ പരിഗണന ആവശ്യമുള്ള സഹോദരീ സഹോദരന്മാരുടേയും, നമ്മുടെ പൊതുഭവനമായ ഭൂമിയുടേയും പരിപാലനം ഫലപ്രദമാക്കാന്‍ ശ്രദ്ധയോടേയും നിരന്തരമായും പരിശ്രമിക്കാൻ പരിസ്ഥിതിയോടും അതിലെ സഹോദരങ്ങളോടുമുള്ള കരുതൽ സാധ്യമാക്കണമെന്ന് പാപ്പാ സന്ദേശത്തിൽ ഉദ്ബോധിപ്പിക്കുന്നു.

''നമ്മോടൊപ്പമുള്ള മനുഷ്യജീവികളോട് ആര്‍ദ്രതയും കരുണാവായ്പും നമ്മുടെ ഹൃദയങ്ങളില്‍ ഇല്ലെങ്കില്‍ നമുക്കു ചുറ്റുമുള്ള പ്രകൃതിയുമായി ആഴത്തില്‍ വിലയം പ്രാപിക്കുന്നതിന്‍റെ സായൂജ്യം യാഥാര്‍ത്ഥ്യമാവുകയില്ലെ''ന്ന് ഒരിക്കല്‍കൂടി പാപ്പാ ആവർത്തിച്ചു പറഞ്ഞു. ''സമാധാനവും നീതിയും സൃഷ്ടിയുടെ പരിപാലനയും സ്വതവേ പരസ്പര ബന്ധിതമായ മൂന്ന് പ്രധാനപ്പെട്ട ഘടകങ്ങളാണ്. അവയെ ഒറ്റയ്ക്ക് കൈകാര്യംചെയ്യുവാനായി വേര്‍പെടുത്തുന്നതിലൂടെ നാം നിസ്സാരവത്ക്കരിക്കുവാനും ലാഘവത്തോടെ കൈകാര്യംചെയ്യുവാനും ഇടയുണ്ടെന്ന് പാപ്പാ സന്ദേശത്തിന്‍റെ മദ്ധ്യഭാഗത്ത് താക്കീതുനല്കുന്നു. (സന്ദേശത്തിന്‍റെ രണ്ടാംഭാഗം അടുത്തയാഴ്ചയിൽ...)

ഗാനം : ഗാനമാലപിച്ചത് കെ.ജി. മാർക്കോസും നെയ്തീനും. രചന ഫാദർ തദേവൂസ് അരവിന്ദത്ത്, സംഗീതം എൽഡ്രിജ് ഐസക്സ്.

“കരുതലിന്‍റെ സംസ്‌കാരമാണ് ( a culture of care) സമാധാനത്തിലേക്കുള്ള മാർഗ്ഗം,” എന്ന ചിന്താമലരുകൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2021, 13:34