(ഫയൽ ചിത്രം) ജപ്പാനിലേയ്ക്കു നടത്തിയ സമാധാനയാത്രയ്ക്കിടെ... (ഫയൽ ചിത്രം) ജപ്പാനിലേയ്ക്കു നടത്തിയ സമാധാനയാത്രയ്ക്കിടെ... 

മഹാവ്യാധിയെ അതിജീവിക്കുന്ന പ്രത്യാശയുടെ സന്ദേശം

“കരുതലിന്‍റെ സംസ്‌കാരമാണ് ( a culture of care) സമാധാന മാർഗ്ഗം,” എന്ന ശീർഷകത്തിൽ പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച സന്ദേശത്തിന്‍റെ രണ്ടാംഭാഗം - ചിന്താമലരുകൾ. ശബ്ദരേഖയോടെ...

പരിപാടി ഒരുക്കിയത്
ജോളി അഗസ്റ്റിനും ഫാദർ വില്യം നെല്ലിക്കലും

സമാധാനസന്ദേശത്തിലെ ചിന്താമലരുകൾ (ഭാഗം 2)


1. ആമുഖം - പ്രതിസന്ധിയുടെ കാലഘട്ടം
രാജ്യാതിര്‍ത്തികളൊന്നും ബാധകമല്ലാത്ത ഒരു ആഗോള പ്രതിഭാസമായി മാറിയ കോവിഡ്-19 മഹാമാരിയുടെ കെടുതികള്‍ അടയാളപ്പെടുത്തിയ ഒരു വര്‍ഷമായിരുന്നു കഴിഞ്ഞ 2020. അത് 2021-ലും തുടരുകയാണ്. മാനവകുലം അതിനെ നിയന്ത്രിക്കാൻ ഇനിയും തത്രപ്പെടുകയാണ്. കാലാവസ്ഥയിലും ഭക്ഷ്യലഭ്യതയിലും സമ്പദ്ഘടനയിലും കുടിയേറ്റങ്ങളിലും പരസ്പര ബന്ധിതമായ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ട് കടുത്ത യാതനകള്‍ക്കും ദുരിതങ്ങള്‍ക്കും അത് ഇടയാക്കി. കുടുംബാംഗങ്ങളേയും ഉറ്റവരേയും നഷ്ടപ്പെട്ടവര്‍ക്കും, തൊഴില്‍ നഷ്ടമായവര്‍ക്കും ഇത് കനത്ത ആഘാതമാണിന്ന്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും സന്നദ്ധസേവകര്‍ക്കുമെല്ലാം നേരിടേണ്ടിവന്ന കനത്ത വെല്ലുവിളികളെക്കുറിച്ചും ഓര്‍ത്തുപോവുന്നതായി പാപ്പാ സന്ദേശത്തിൽ സൂചിപ്പിച്ചു.

രോഗികളായവരെ പരിചരിക്കുവാനും അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുവാനും ജീവന്‍ രക്ഷിക്കുവാനും നടത്തിയ ത്യാഗശ്രമങ്ങള്‍ക്കിടയില്‍ സ്വജീവന്‍ ബലികഴിച്ച ആരോഗ്യപ്രവർത്തകരെ, അവർ ആഗോളതലത്തിൽ ആയിരങ്ങളാണ്, അവരെയെല്ലാം പാപ്പാ മനോവ്യഥയോടെ അനുസ്മരിക്കുന്നു. അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, കോവിഡ്-19 വാക്‌സിന്‍ നിര്‍ദ്ധനരും രോഗികളും ദുര്‍ബലരുമായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുവാന്‍ താൻ രാഷ്ട്രനേതാക്കളോടും സ്വകാര്യമേഖലയിലെ ആരോഗ്യഗവേഷണ സ്ഥാപനങ്ങളോടും, പൊതുസ്ഥാപനങ്ങളോടും, സന്നദ്ധ സംഘടനകളോടും അഭ്യര്‍ത്ഥിച്ചിട്ടുള്ള വിവരം സന്ദേശത്തിൽ പാപ്പാ വെളിപ്പെടുത്തിയിട്ടുണ്ട്.

2. കരുതലിന്‍റെ മാതൃകയാണ് സ്രഷ്ടാവായ ദൈവം
സ്രഷ്ടാവുമായി മാത്രമല്ല, എല്ലാ സൃഷ്ടികളോടും, പ്രത്യേകിച്ച് ആദത്തോടും ഹവ്വയോടും അവരുടെ സന്തതിപരമ്പരകളോടും കരുതലുള്ളവനായിട്ടാണ് തിരുവചനം ദൈവത്തെ അവതരിപ്പിക്കുന്നതെന്ന് പാപ്പാ ഫ്രാൻസിസ് ലോക സമാധാനദിന സന്ദേശത്തിന്‍റെ രണ്ടാം ഭാഗത്ത് പഠിപ്പിക്കുന്നു. ചെയ്ത കുറ്റത്തിന് ശപിക്കപ്പെട്ടവനായിരുന്നു കായേൻ എങ്കില്‍പോലും, ''സംരക്ഷണത്തിന്‍റെ അടയാളമാണ്'' അവനു സ്രഷ്ടാവായ ദൈവം നല്‍കിയത്. അതിനാലാണ് അവന്‍റെ ജീവന്‍ അവിടുന്ന് എടുക്കാതിരുന്നത്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ ''ലംഘിക്കപ്പെടാനാവാത്ത അന്തസ്സിനെ സ്ഥിരീകരിക്കുമ്പോള്‍തന്നെ തന്‍റെ സൃഷ്ടിയുടെ ശ്രുതിലയം നിലനിര്‍ത്തുവാനുള്ള ദൈവിക പദ്ധതിയുടെ അടയാളം കൂടിയാണതെന്ന് പാപ്പാ സമർത്ഥിക്കുന്നു. കാരണം, അക്രമവും സമാധാനവും ഒരുമിച്ചു പുലര്‍ത്താനാകില്ല.

സാബത്ത് എന്ന അനുഷ്ഠാനത്തിന്‍റെ ഹൃദയത്തിലുള്ളത് സൃഷ്ടിയോടുള്ള കരുതലാണ്. പാവങ്ങളോടുള്ള കരുതലും സാമൂഹികക്രമം പുനഃസ്ഥാപിക്കലുമാണ് ദൈവാരാധനയുടെ ഒരു ചട്ടത്തിനു പുറമെ സാബത്ത് ലക്ഷ്യമിടുന്നത്. എല്ലാ ഏഴാം വര്‍ഷത്തിലും സാബത്തിന്‍റെ ജൂബിലി ആഘോഷിച്ചിരുന്നപ്പോള്‍ ഭൂസ്വത്തില്‍ ഇളവുകളും കടക്കാര്‍ക്ക് വിടുതലും അടിമകള്‍ക്ക് മോചനവും നല്‍കിയിരുന്നു. അനുഗ്രഹത്തിന്‍റെ ആ വര്‍ഷത്തില്‍ അരിഷ്ടത അനുഭവിച്ചിരുന്നവര്‍ക്ക് ആശ്വാസവും ജീവിക്കുവാന്‍ പുതിയ അവസരവും അനുവദിച്ചിരുന്നു. പ്രവാചക പാരമ്പര്യം അനുസരിച്ച്, ഏറ്റവും ദുര്‍ബലരായ അംഗങ്ങളെ ഒരു സമൂഹം പരിഗണിക്കുന്ന രീതിയിലാണ് ബൈബിള്‍ അനുശാസിക്കുന്ന സാമൂഹിക ചട്ടങ്ങൾ ഏറ്റവും ഉല്‍കൃഷ്ടമായ ശൈലിയില്‍ ജീവിക്കുവാൻ ഇസ്രായേൽ ജനത പരിശ്രമിച്ചിരുന്നതെന്ന് പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട് (ആമോസ് 2:6-8), (ഏശയ്യ 5.8).

3. സൃഷ്ടിയുടെ സംരക്ഷണവും കരുതലും
സൃഷ്ടിയുടെ പരസ്പര ബന്ധത്തെക്കുറിച്ച് പൂര്‍ണ്ണമായ അവബോധം പ്രകടമാക്കുന്ന ചാക്രികലേഖനമാണ് ''അങ്ങേക്ക് സ്തുതിയായിരിക്കട്ടെ.'' പാവങ്ങളുടെ നിലവിളി ശ്രവിക്കുകയും, അതോടൊപ്പംതന്നെ സൃഷ്ടിയുടെ നിലവിളിക്ക് കാതോര്‍ക്കുകയും വേണമെന്ന് അതില്‍ പാപ്പാ ഫ്രാൻസിസ് എടുത്തുപറയുന്നുണ്ട്. നമ്മുടെ പരിഗണന ആവശ്യമുള്ള സഹോദരീ സഹോദരന്മാരുടേയും, നമ്മുടെ പൊതുഭവനമായ ഭൂമിയുടേയും പരിപാലനം ഫലപ്രദമാക്കാന്‍ ശ്രദ്ധയോടേയും നിരന്തരമായും പരിശ്രമിക്കാൻ പരിസ്ഥിതിയോടും അതിലെ സഹോദരങ്ങളോടുമുള്ള കരുതൽ സാധ്യമാക്കണമെന്ന് പാപ്പാ സന്ദേശത്തിൽ ഉദ്ബോധിപ്പിക്കുന്നു.

''നമ്മോടൊപ്പമുള്ള മനുഷ്യജീവികളോട് ആര്‍ദ്രതയും കരുണാവായ്പും നമ്മുടെ ഹൃദയങ്ങളില്‍ ഇല്ലെങ്കില്‍ നമുക്കു ചുറ്റുമുള്ള പ്രകൃതിയുമായി ആഴത്തില്‍ വിലയംപ്രാപിക്കുന്നതിന്‍റെ സായൂജ്യം യാഥാര്‍ത്ഥ്യമാവുകയില്ലെ''ന്ന് ഒരിക്കല്‍കൂടി സന്ദേശത്തിൽ പാപ്പാ ആവർത്തിച്ചു പറയുന്നു. ''സമാധാനവും നീതിയും സൃഷ്ടിയുടെ പരിപാലനയും സ്വതവേ പരസ്പര ബന്ധിതമായ മൂന്ന് പ്രധാനപ്പെട്ട ഘടകങ്ങളാണ്. അവയെ ഒറ്റയ്ക്ക് കൈകാര്യംചെയ്യുവാനായി വേര്‍പെടുത്തുന്നതിലൂടെ നാം നിസ്സാരവത്ക്കരിക്കുവാനും ലാഘവത്തോടെ കൈകാര്യംചെയ്യുവാനും ഇടയുണ്ടെന്ന് സന്ദേശത്തിന്‍റെ ആദ്യഭാഗത്ത് പാപ്പാ താക്കീതുനല്കിയിട്ടുണ്ട്.

4. പൊതുമാര്‍ഗത്തിലേക്ക് ചൂണ്ടുന്ന ദിശാസൂചിക
രാഷ്ട്രങ്ങള്‍ക്കുള്ളിലും പരസ്പരം അസമത്വം വളരുന്നതിനെ ത്വരിതപ്പെടുത്തുന്ന “പാഴാക്കല്‍ സംസ്‌ക്കാരം” (A culture of Waste) അധീശത്വം പുലര്‍ത്തുന്ന കാലയളവില്‍ രാഷ്ട്രനേതാക്കളോടും അന്താരാഷ്ട്ര സംഘടനകളുടെ തലപ്പത്തുള്ളവരോടും ശാസ്ത്രജ്ഞന്മാരോടും, വിദ്യാഭ്യാസ വിചഷണന്മാരോടും, വ്യവസായ പ്രമുഖരോടും പാപ്പാ അഭ്യര്‍ത്ഥിക്കുന്നത് ഈ തത്വങ്ങളെ ഒരു ദിശാസൂചികയായി സ്വീകരിക്കുവാനാണ്. അതിലൂടെ ആഗോളവല്‍ക്കരണത്തിന്‍റെ പ്രക്രിയയ്ക്ക് കൂടുതല്‍ മാനുഷികഭാവം ഉറപ്പാക്കുവാനും, ഒരു പൊതുവായ ദിശാബോധം സൃഷ്ടിക്കുവാനുമാണ് ആഗ്രഹിക്കുന്നത്. വിവേചനവും സായുധ സംഘര്‍ഷങ്ങളും അടിമത്തവും രോഗവും ദാരിദ്രവും മൂലം നരകിക്കുന്നവര്‍ക്ക് ആശ്വാസം പകരുവാനും, പൊതുനന്മയ്ക്കായി ഐക്യദാര്‍ഢ്യത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കുവാനും, ഓരോ വ്യക്തിയുടേയും അന്തസ്സിനേയും മൂല്യത്തേയും ആദരിക്കാനും ഇതിലൂടെ നമുക്ക് കഴിയും. നിലവിലുള്ള സാമൂഹിക അസമത്വങ്ങളെ മറികടക്കുവാനായി പ്രവര്‍ത്തിക്കാന്‍ ഈ ദിശാസൂചിക കയ്യിലെടുത്ത് ഒരു “കരുതലിന്‍റെ സംസ്‌കാര”ത്തിന് (a culture of care) പ്രവാചക സമാനമായി സാക്ഷ്യംവഹിക്കാന്‍ എല്ലാവരോടും പാപ്പാ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള അര്‍ത്ഥപൂര്‍ണ്ണവും വ്യാപകവുമായ ഇടപെടലിലൂടെ മാത്രമേ കുടുംബങ്ങളിലും, രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലും ഇത് നടപ്പാക്കുവാനാകൂ എന്നും പാപ്പാ ഫ്രാൻസിസ് പ്രത്യേകം പറയുന്നുണ്ട്.

കരുതലിന്‍റെ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് അത്യന്താപേക്ഷിതമായത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തില്‍ സാഹോദര്യവും ഐക്യദാര്‍ഢ്യവും അന്തര്‍ദ്ദേശീയ വിനിമയങ്ങളോടുള്ള ആദരവും പ്രാവര്‍ത്തികമാക്കുമ്പോഴാണ്. അവിഭാജ്യവും അനുപേക്ഷണീയവും സാര്‍വ്വത്രികവുമായ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിലൂടേയും വ്യാപകമാക്കുന്നതിലൂടേയും മാത്രമേ ഇത് സാധ്യമാകൂവെന്നു നാം അംഗീകരിക്കണം.

അതുപോലെ തന്നെ, യുദ്ധങ്ങളും സംഘര്‍ഷങ്ങളും നിര്‍ബാധം തുടരുന്ന ഇക്കാലയളവില്‍ മനുഷ്യാവകാശങ്ങളേയും മാനവിക നിയമങ്ങളേയും ആദരിക്കുകയെന്നത് അടിയന്തിര പ്രാധാന്യമുള്ളതാണ്. സുരക്ഷിതത്വത്തോടേയും സമാധാനത്തോടേയും ജീവിച്ചത് ഓര്‍ക്കാന്‍ പോലും കഴിയാത്ത പ്രദേശങ്ങളും സമൂഹങ്ങളും ഇക്കാലത്തുമുണ്ടെന്നത് വേദനാജനകമാണ്. അപ്രതീക്ഷിതമായ ആക്രമണങ്ങളും സ്‌ഫോടനങ്ങളും പൗരന്മാരുടെ അനുദിന ജീവിതം താറുമാറാക്കുന്ന അരക്ഷിതാവസ്ഥ അനേകം നഗരങ്ങളില്‍ നിലനില്‍ക്കുന്നു. കുട്ടികള്‍ക്ക് പഠിക്കാനാകുന്നില്ല. കുടുംബത്തെ പോറ്റാന്‍ സ്ത്രീ-പുരുഷന്മാര്‍ക്ക് ജോലിക്ക് പോകാനാവുന്നില്ല. ക്ഷാമം കേട്ടുകേള്‍വി പോലും അല്ലാതിരുന്ന സ്ഥലങ്ങളിലും അതിന്നു പടർന്നുപിടിക്കുകയാണ്.  തങ്ങളുടെ സാംസ്‌കാരിക വേരുകളും കുടുംബചരിത്രവും വിട്ടെറിഞ്ഞുകൊണ്ട് പലായനംചെയ്യാന്‍ ജനങ്ങൾ നിര്‍ബന്ധിതരാകുന്നു.

ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് കാരണം പലതാണെങ്കിലും ഫലം ഒന്നുതന്നെയാണ്: മാനവികതയുടെ പ്രതിസന്ധിയും വിനാശവും എന്തുമാത്രം വിഭവശേഷിയുമാണ് ആയുധനിര്‍മ്മാണത്തിനായി ചെലവിടുന്നത്, പ്രത്യേകിച്ചും ആണവായുധങ്ങള്‍ക്കായി. ആരോഗ്യരക്ഷയ്ക്കും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും, വ്യക്തികളുടെ സുരക്ഷിതത്വത്തിനും മുന്‍ഗണന നല്‍കി ചെലവിടേണ്ടുന്നതാണ് ഇങ്ങനെ പാഴാക്കപ്പെടുന്നത്. നിലവിലെ കോവിഡ്-19 മഹാമാരി കാലാവസ്ഥാ വ്യതിയാനം  തുടങ്ങിയ ആഗോളപ്രശ്‌നങ്ങള്‍ ഈ വെല്ലുവിളികളെ കൂടുതല്‍ പ്രകടമാക്കുന്നു. ആയുധങ്ങള്‍ക്കും സേനാചെലവുകള്‍ക്കും ഉപയോഗിക്കുന്ന പണം സ്വരൂപിച്ച് ഏറ്റവും ദരിദ്രരാഷ്ട്രങ്ങളുടെ ഉന്നമനത്തിനായി ഒരു ആഗോളനിധി രൂപീകരിക്കുന്നത് എന്തൊരു സുധീരമായ തീരുമാനമായിരിക്കുമെന്നൊരു സാർത്ഥകമായ ചിന്ത പാപ്പാ മുന്നോട്ടുവയ്ക്കുന്നുണ്ട്.

5. കരുതലിന്‍റെ സംസ്‌കാരം ഉദ്‌ബോധിപ്പിക്കല്‍
കരുതലിന്‍റെ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ഒരു വിദ്യാഭ്യാസ പ്രക്രിയ ആവശ്യമാണ്. പരസ്പര ബന്ധിതമായ വിവിധ സന്ദര്‍ഭങ്ങളില്‍ സാമൂഹിക തത്വങ്ങളുടെ ദിശാസൂചിക പ്രയോജനകരവും ആശ്രയയോഗ്യവുമാണെന്ന് തെളിയുന്നുണ്ട്. ഇതിന് ഉദാഹരണങ്ങള്‍ പാപ്പാ ഫ്രാൻസിസ് മുന്നോട്ടുവയ്ക്കുന്നതു ശ്രദ്ധിക്കാം.

പരസ്പര ബഹുമാനത്തിന്‍റെ അന്തരീക്ഷത്തില്‍ മറ്റുള്ളവരോടൊപ്പം എങ്ങനെ ജീവിക്കണമെന്നും പെരുമാറണമെന്നും നാം പഠിക്കുന്നത് കുടുംബത്തിൽനിന്നാണ്.  കുടുംബം സമൂഹത്തിലെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമെന്ന നിലയില്‍ കരുതലിന്‍റെ സംസ്‌കാരം പഠിപ്പിക്കേണ്ടത് ആദ്യം അവിടെനിന്നാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

കുടുംബത്തോടൊപ്പം തന്നെ സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും, ചില കാര്യങ്ങളില്‍ ആശയവിനിമയ മാധ്യമങ്ങള്‍ക്കും വിദ്യാഭ്യാസത്തില്‍ ഉത്തരവാദിത്വമുണ്ട്. ഓരോ വ്യക്തിയുടേയും അന്തസ്സിനെ അംഗീകരിക്കുന്ന, എല്ലാ മത-ഭാഷാ വിഭാഗങ്ങളെയും ആദരിക്കുന്ന ഒരു മൂല്യവ്യവസ്ഥ ആളുകള്‍ക്ക് ഈ സ്ഥാപനങ്ങള്‍ പകര്‍ന്നുനല്‍കണം. കൂടുതല്‍ സാഹോദര്യവും നീതിയും പുലരുന്ന ഒരു സമൂഹത്തിന്‍റെ നെടുന്തൂണുകളില്‍ ഒന്നാണ് വിദ്യാഭ്യാസമെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

മതങ്ങള്‍ക്ക് പൊതുവെയും, മതനേതാക്കള്‍ക്ക് പ്രത്യേകിച്ചും തങ്ങളുടെ അനുയായികളെ ഐക്യദാര്‍ഢ്യത്തിന്‍റെ മൂല്യവും വ്യത്യസ്ഥ അഭിപ്രായങ്ങളോടുള്ള സഹിഷ്ണുതയും, നമ്മുടെ സഹോദരീ-സഹോദരന്മാരെ ആവശ്യങ്ങളില്‍ സഹായിക്കുവാനുള്ള സന്നദ്ധതയും ശീലിപ്പിക്കുവാനാകും. 1969-ല്‍ ഉഗാണ്ടയിലെ പാര്‍ലിമെന്‍റിനെ സംബോധനചെയ്ത പോള്‍ ആറാമന്‍ പാപ്പാ പറഞ്ഞ വാക്കുകള്‍ പാപ്പാ ഫ്രാൻസിസ് ആവർത്തിച്ചു. ''സഭയെ പേടിക്കേണ്ടതില്ല; അത് നിങ്ങളെ ബഹുമാനിക്കുന്നു, അത് നിങ്ങള്‍ക്കായി ആത്മാര്‍ത്ഥയും സത്യസന്ധരുമായവരെ പഠിപ്പിച്ചെടുക്കുന്നു; വിഭാഗീയതയും ശത്രുതയും അത് പ്രോത്സാഹിപ്പിക്കുന്നില്ല; സമാധാനവും സാമൂഹ്യനീതിയും സ്വാതന്ത്രവും ആരോഗ്യവും വളര്‍ത്തിയെടുക്കുകയാണ് അതിന്‍റെ ലക്ഷ്യം. സഭയ്ക്കു പ്രത്യേക പരിഗണനയുള്ളത് പാവങ്ങളോടും കുട്ടികളുടെ വിദ്യാഭ്യാസത്തോടും അവഗണിക്കപ്പെട്ടവരോടുമാണ്.''

പൊതുസേവനത്തിലും അന്താരാഷ്ട്ര സംഘടനകളിലും പ്രവര്‍ത്തിക്കുന്നവരോടും, വിവിധ രീതിയില്‍ വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലുള്ളവരോടും ഒരിക്കല്‍ക്കൂടി പാപ്പാ ആവശ്യപ്പെടുന്നത് ''കൂടുതല്‍ തുറവുള്ളതും ഉള്‍ക്കൊള്ളുന്നതും ക്ഷമാപൂര്‍വ്വം കേള്‍ക്കുന്നതും, പരസ്പര ധാരണ വളര്‍ത്തുന്നതുമായ വിദ്യാഭ്യാസ വ്യവസ്ഥ'' വളര്‍ത്തിയെടുക്കുവാനാണ്.

6. കരുതലിന്‍റെ സംസ്‌കാരമില്ലാതെ സമാധാനം ഉണ്ടാവുകയില്ല
എല്ലാവരുടെയും നന്മയും അന്തസ്സും സംരക്ഷിക്കുന്ന, സഹാനുഭൂതിയും പരിപാലനയും നല്‍കുന്ന, സൗഖ്യത്തിനും അനുരഞ്ജനത്തിനുമായി ശ്രമിക്കുന്ന, പരസ്പര സ്വീകാര്യതയും പരസ്പര ബഹുമാനവും വളര്‍ത്തുന്ന, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു പ്രതിബദ്ധതയ്ക്കുവേണ്ടിയാണ് “കരുതലിന്‍റെ സംസ്‌കാരം” ആഹ്വാനം നല്‍കുന്നത്. ഇതുപോലൊരു സമയത്ത് – മഹാമാരിയുടെ ക്ലേശങ്ങളിൽ മാനവികതയുടെ നൗക കൊടുങ്കാറ്റിലും വര്‍ത്തമാനകാല പ്രതിസന്ധിയിലും പെട്ടുഴലുമ്പോള്‍, പ്രശാന്തവും സമ്മോഹനവുമായ ഒരു ചക്രവാളത്തിലേക്ക് മുന്നേറാനുള്ള സമരത്തിന് മാനുഷികാന്തസ്സും സാമൂഹിക തത്വങ്ങളുമായിരിക്കണം അതിന്‍റെ അമരത്തെന്നും പാപ്പാ ഓർപ്പിക്കുന്നു.

ശരിയായ പാതയിലൂടെ തുഴഞ്ഞു മുന്നേറുവാനുള്ള ദിശാസൂചിക കയ്യിലെടുക്കണമെന്നാണ് പാപ്പാ ഉദ്ബോധിപ്പിക്കുന്നതും പ്രാർത്ഥിക്കുന്നതും. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമുക്ക് പ്രത്യാശയുടെ അമ്മയും ഉഷർകാലതാരവുമായ പരിശുദ്ധ കന്യകാനാഥയിലേക്ക് കണ്ണുകളുയര്‍ത്താം. സ്‌നേഹത്തിന്‍റേയും, സാഹോദര്യത്തിന്‍റേയും, ഐക്യദാര്‍ഢ്യത്തിന്‍റേയും, പരസ്പര സ്വീകാര്യതയുടേയും പിന്തുണയുടേയും ഒരു പുതിയ ചക്രവാളത്തിലേക്ക് എല്ലാവർക്കും ഒരുമിച്ച് മുന്നേറാനാകട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.
മറ്റുള്ളവരെ അവഗണിക്കാനുള്ള പ്രലോഭനത്തിന്, പ്രത്യേകിച്ചും സഹായം ഏറ്റവുമധികം ആവശ്യമുള്ളവരെ ഒരിക്കലും കീഴ്‌പ്പെടാതിരിക്കുവാനും, പുറംതിരിഞ്ഞു നോക്കാതിരിക്കുവാനും പ്രാര്‍ത്ഥിക്കാം, അതിനുപകരം പരസ്പരം അംഗീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സഹോദരീ-സഹോദരന്മാരുടെ ഒരു സമൂഹം രൂപീകരിക്കാന്‍ സമൂര്‍ത്തവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അനുദിനം പ്രവര്‍ത്തിക്കാമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.

“കരുതലിന്‍റെ സംസ്‌കാരമാണ് ( a culture of care) സമാധാനത്തിലേക്കുള്ള മാർഗ്ഗം,” സന്ദേശത്തിന്‍റെ രണ്ടാംഭാഗം ചിന്താമലരുകൾ.

പരിപാടിയിലെ സംഗീതശകലങ്ങൾ ജെറി അമൽദേവിന്‍റേതാണ്.
ഗാനമാലപിച്ചത് ഡോ. കെ. ജെ. യേശുദാസാണ്. രചന ഫാദർ തദേവൂസ് അരവിന്ദത്ത്, സംഗീതം ജോർസൺ ആന്‍റെണി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 February 2021, 15:21