മാനവസാഹോദര്യ ദിനാചരണം  04 /02/2021 മാനവസാഹോദര്യ ദിനാചരണം 04 /02/2021 

മതാന്തര സംവാദം പൊതുമൂല്യാവബോധം വളർത്തും, പാപ്പാ!

മതാന്തര സംവാദവും സാംസ്ക്കാരികാന്തര സംഭാഷണവും പരിപോഷിപ്പിക്കുകയെന്നത് ഇന്ന് നമ്മുടെ പ്രാർത്ഥനയും വർഷത്തിലെ എല്ലാ ദിവസത്തെയും പ്രതിബദ്ധതയും ആയിരിക്കട്ടെ എന്ന് പാപ്പാ. പ്രഥമ അന്താരാഷ്ട്ര മാനവസാഹോദര്യ ദിനം 04 ഫെബ്രുവരി 2021 !

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മതാന്തര സംവാദവും സാംസ്ക്കാരികാന്തര സംഭാഷണവും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മാനവ സാഹോദര്യദിനാചരണത്തിൽ ലോകരാഷ്ട്രങ്ങൾ മുഴുവൻ പങ്കുചേരുന്നതിൽ മാർപ്പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തുന്നു.

വ്യാഴാഴ്‌ച (04/02/21) പ്രഥമ അന്താരാഷ്ട്ര മാനവ സാഹോദര്യ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നത്, ഫ്രാൻസീസ് പാപ്പാ, താൻ, ബുധനാഴ്ച (03/02/21) വത്തിക്കാനിൽ, പേപ്പൽ അരമനയിലെ സ്വകാര്യഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ അനുസ്മരിക്കുകയായിരുന്നു.

2019 ഫെബ്രുവരി 4-ന് അബുദാബിയിൽ വച്ച് താനും അൽ അഷറിലെ വലിയ ഇമാം അഹമ്മദ് അൽ തയ്യിബും “വിശ്വശാന്തിക്കും പൊതുവായ സഹജീവനത്തിനും വേണ്ടിയുള്ള മാനവ സാഹോദര്യ രേഖ” ഒപ്പു വച്ചതുമായി ഈ ദിനാചരണത്തിനുള്ള ബന്ധവും പാപ്പാ എടുത്തുകാട്ടി.

ഫെബ്രുവരി 4-ന് ഉച്ചതിരിഞ്ഞ് താൻ അൽ അഷറിലെ വലിയ ഇമാം അഹമ്മദ് അൽ തയ്യിബും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയൊ ഗുട്ടേരസും മറ്റ് വിശിഷ്ടവ്യക്തികളുമായി ഇൻറർനെറ്റ് സംവിധാനത്തിലൂടെയുള്ള സമ്മേളനത്തിൽ പങ്കെടുക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.

മാനവസാഹോദര്യ ദിനാചരണം ഏർപ്പെടുത്തികൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം, മാനവരാശിയഖിലം പങ്കുപറ്റുന്ന പൊതുവായ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധവും ധാരണയും മെച്ചപ്പെടുത്താൻ, എല്ലാ മതവിഭാഗങ്ങളും തമ്മിലുള്ള സംഭാഷണം സംഭാവനചെയ്യുമെന്ന് അംഗീകരിക്കുന്നുണ്ടെന്ന് പാപ്പാ പറയുന്നു.

മതാന്തര സംവാദവും സാംസ്ക്കാരികാന്തര സംഭാഷണവും പരിപോഷിപ്പിക്കുകയെന്നത് ഇന്ന് നമ്മുടെ പ്രാർത്ഥനയും വർഷത്തിലെ എല്ലാ ദിവസത്തെയും  പ്രതിബദ്ധതയും ആയിരിക്കട്ടെ എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

2020 ഡിസമ്പർ 21-ന്, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ എഴുപത്തിയഞ്ചാം യോഗമാണ് അന്താരാഷ്ട്ര മാനവ സാഹോദര്യ ദിന   പ്രഖ്യാപനം നടത്തിയത്.

മതാന്തര-സാംസ്കാരികാന്തര സംഭാഷണങ്ങൾ പരിപോഷിപ്പിക്കുന്നതിന് എല്ലാവരും അവനവൻറെ സാഹചര്യമനുസരിച്ച് ഈ ദിനം ആചരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ശുപാർശ ചെയ്യുന്നു.

ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിൽ മാത്രമല്ല ലോകത്തിലെ വിഭിന്നങ്ങളായ ഇതര മതങ്ങളും തമ്മിലും സമാധാനത്തിൻറെ പേരിലുള്ള ബന്ധങ്ങളുടെ കാര്യത്തിൽ ഒരു നാഴികക്കല്ലാണ് ഫ്രാൻസീസ് പാപ്പായും വലിയ ഇമാം അഹമ്മദ് അൽ തയ്യിബും 2019 ഫെബ്രുവരി 4-ന് അബുദാബിയിൽ  ഒപ്പുവച്ച മാനവ സാഹോദര്യ രേഖ.   

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2021, 14:01