തിരയുക

അനുരഞ്ജനത്തിനായ് നമ്മെ  ക്ഷണിക്കുന്ന ദൈവം ... അനുരഞ്ജനത്തിനായ് നമ്മെ ക്ഷണിക്കുന്ന ദൈവം ... 

നമ്മെ അനുരഞ്ജനത്തിനായ് ഇന്നും വിളിക്കുന്ന ദൈവം

തപസുകാലം: ഒന്നാംവാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകൾ. വിശുദ്ധ മർക്കോസ് 1, 12-15 – ശബ്ദരേഖയോടെ...

- ഫാദർ ജസ്റ്റിൻ ഡോമിനിക്ക് നെയ്യാറ്റിൻകര

തപസ്സുകാലം ഒന്നാം വാരം വചനചിന്തകൾ


1. ആമുഖം

തപസ്സുകാലത്തിലെ ഒന്നാം ഞായറാഴ്ചയിലേയ്ക്ക് പ്രവേശിക്കുമ്പോൾ, കൊറോണാ മഹാമാരിയുടെ ഭീതിയിൽ ലോകം മുന്നോട്ട് പോകുമ്പോൾ, നമ്മുടെ ജീവിതത്തെ പതിവിൽനിന്നു വ്യത്യസ്തമായി മറ്റൊരു വീക്ഷണകോണിലൂടെ ദർശിക്കാനും ദൈവോന്മുഖമാക്കാനും ഈ തപസ്സുകാലം നമ്മെ സഹായിക്കുന്നു. നോഹയുടെ കാലത്തെ പ്രളയത്തിനുശേഷം മാനവരാശിയോട് രക്ഷയുടെ ഉടമ്പടിയുണ്ടാക്കുന്ന ദൈവം, ആ രക്ഷ യേശുവിന്‍റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും സകല മനുഷ്യർക്കും നൽകിയെന്നും, ജ്ഞാനസ്നാനത്തിലൂടെ ഇന്നും സകലർക്കും ആ രക്ഷ പ്രാപ്യമാണെന്നും ഇന്നത്തെ ഒന്നും രണ്ടും വായനകൾ നമ്മെ പഠിപ്പിക്കുന്നു. ആ രക്ഷ പൂർണ്ണമായി ഉൾക്കൊള്ളാനായി അനുതപിക്കുവാനും സുവിശേഷത്തിൽ വിശ്വസിക്കുവാനും യേശു നമ്മെ ക്ഷണിക്കുകയാണ്.

2. തപസ്സുകാലം  പ്രവേശനം

തപസ്സുകാലത്തിന് അനുയോജ്യമായ രീതിയിൽ നമ്മെ അനുതാപത്തിലേയ്ക്ക് ക്ഷണിക്കുന്ന യേശുവിന്‍റെ വാക്കുകളാണ് ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രവിച്ചത്. തിരുവചനത്തിൽ നാം ശ്രവിച്ച മരുഭൂമി, നാല്പതു ദിവസം, പരീക്ഷണം എന്നീ വാക്കുകളും തപസ്സുകാലവുമായി ഈ വാക്കുകൾക്കുള്ള ബന്ധവും നമുക്ക് വ്യക്തമാണ്. എന്നാൽ മറ്റു സുവിശേഷകന്മാർ പറയാത്ത ഒരു വാക്യം വിശുദ്ധ മർക്കോസ് സുവിശേഷകൻ യേശുവിന്‍റെ മരുഭൂമി അനുഭവത്തെക്കുറിച്ചു പറയുമ്പോൾ അവതരിപ്പിക്കുന്നുണ്ട്: "അവൻ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാർ അവനെ ശുശ്രൂഷിച്ചു". വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഈ വിവരണത്തെക്കുറിച്ചുണ്ട്. മരുഭൂമിയിലെ യേശുവിന്‍റെ അവസ്ഥ പ്രകൃതിയും, മനുഷ്യനും, ദൈവദൂതന്മാരും, ദൈവവും ഒത്തുചേർന്ന ഉത്പത്തി പുസ്തകത്തിലെ പറുദീസയുടെ അവസ്ഥയെ ഓർമിപ്പിക്കുന്നുവെന്ന വ്യാഖ്യാനം, യേശു പുതിയനിയമത്തിലെ പുതിയ ആദമായി വിശേഷിപ്പിക്കുന്നതിന് ആക്കം കൂട്ടുന്നതാണ്. ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തിലെ "ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ച് വസിക്കും" (ഏശയ്യ 11:6-9) എന്ന് തുടങ്ങുന്ന ദൈവരാജ്യത്തെ സംബന്ധിക്കുന്ന വചനവുമായി ഇതിന് ബന്ധമുണ്ട്.

മരുഭൂമി അനുഭവം

മരുഭൂമി പ്രതീകാത്മകമാണ്. ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട ഇടം. ജീവനോ മരണമോ ഏതു വേണമെന്ന് തീരുമാനിക്കേണ്ട ഇടം. എല്ലാവർക്കുമുണ്ട് ഒരു മരുഭൂമി. നാല്പതു രാവും നാല്പതു പകലും യേശു അവിടെയായിരുന്നു. സുവിശേഷകൻ കുറിക്കുന്നു: "അവൻ വന്യമൃഗങ്ങളോടു കൂടെയായിരുന്നു. ദൈവദൂതൻമാർ അവനെ ശുശ്രൂഷിച്ചു". വലിയൊരു സന്ദേശമാണിത്. പ്രലോഭിക്കപ്പെടുന്നവൻ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും, സ്വർഗ്ഗവും ഭൂമിയും അവരോടൊപ്പമുണ്ടെന്നും, വേണ്ടത് അവരെ കാണുവാനുള്ള ഉൾക്കാഴ്ച മാത്രമാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ.

തപസ്സുകാലത്തെ നമ്മുടെ ദൈനംദിന ജീവിതത്തെ കാണിക്കുന്നതാണ് ഈ വചനഭാഗം. വന്യമൃഗങ്ങളുടെ സാന്നിധ്യം ഒരു വ്യക്തിയുടെ ഏകാന്തതയെ സൂചിപ്പിക്കുന്നു. സാധാരണയായി ജനവാസ പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ വരാറില്ല. സാധാരണ ജീവിതത്തിൽ നിന്നകന്നു നിൽക്കുന്നവനാണ് വന്യമൃഗങ്ങളുടെ അടുക്കൽ എത്തിച്ചേരുന്നത്. ഉപവാസവും, പ്രാർത്ഥനയും, നോമ്പും അനുഷ്ഠിക്കുമ്പേൾ നമ്മുടെ സഹപ്രവർത്തകരിൽനിന്നും മറ്റുള്ളവരിൽ നിന്നും, സാധാരണ ജീവിതത്തിൽനിന്നും മാറിനിൽക്കുന്നതുകൊണ്ട് നമുക്കും ഒരു "ഏകാന്തത" അനുഭവപ്പെടാറുണ്ട്. നാം ഭയപ്പെടേണ്ട ആവശ്യമില്ല കാരണം ദൈവദൂതന്മാർ ശുശ്രൂഷിക്കുന്നതിന് തുല്യമായ ആത്മീയാനന്ദം ഈ നോമ്പ് കാലത്ത് നാം അനുഭവിക്കും. യേശുവിന്‍റെ മരുഭൂമിയനുഭവത്തിൻ നമ്മുടെ ഓരോരുത്തരുടേയും നോമ്പുകാല വിശ്വാസ ജീവിതമാണ് നാം കാണുന്നത്. ഏറെ പ്രത്യേകിച്ച് കൊറോണാ മഹാമാരിയുടെ നിഴലിൽ നമുക്ക് ഏകാന്തതയുടെ അനുഭവത്തിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ, വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് ദേവാലയത്തിൽ സമൂഹമായി പങ്കെടുക്കാൻ കഴിയാതെ വരുമ്പോൾ യേശുവിന്‍റെ മരുഭൂമിയനുഭവത്തിൻ നമ്മളും ചെറിയതോതിലെങ്കിലും കടന്നുപോകുന്നുണ്ട്.

പ്രലോഭനം

പ്രലോഭനം അല്ലെങ്കിൽ പരീക്ഷണം എന്നത് രണ്ടു വിപരീത സ്നേഹങ്ങളുടെയോ ആഗ്രഹങ്ങളുടെയോ ഇടയിൽ അകപ്പെട്ടു പോകുന്ന അവസ്ഥയാണ്. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തേ മതിയാകൂ. സ്വർഗ്ഗവും ഭൂമിയും നിന്നോടൊപ്പമുണ്ടെങ്കിലും, തീരുമാനിക്കേണ്ടത് നീ മാത്രമാണ്. കാരണം, നിന്‍റെ ആന്തരിക സ്വാതന്ത്ര്യം എന്ന മഹത്തായ ചതുരംഗത്തിലെ പ്രധാന കരുവാണ് പ്രലോഭനം അല്ലെങ്കിൽ പരീക്ഷണം. നന്മയ്ക്കും തിന്മയ്ക്കും ഇടയിൽ നിന്നുകൊണ്ട് നീ തന്നെ ഒരു തീരുമാനമെടുക്കണമെന്നു സാരം. ഇവിടെ നിസ്സംഗതയോ നിഷ്ക്രിയത്ത്വമോ പാടില്ല. മരണത്തിനു പകരം ജീവനെ പരിപോഷിപ്പിക്കുക.

വന്യമൃഗങ്ങളും, ദൈവദൂതന്മാരും

വന്യമൃഗങ്ങളും, ദൈവദൂതന്മാരും രണ്ട് വ്യത്യസ്ത യാഥാർത്ഥ്യങ്ങളാണ്. ഒരു മനുഷ്യൻ തന്‍റെ ഇടവകയിലും സമൂഹത്തിലും വന്യമൃഗവുമാകാം, മാലാഖയുമാകാം. നമ്മുടെ നാട്ടിലെ ഏറ്റവും ക്രൂരമായ പ്രവർത്തികളെ മൃഗീയ പ്രവർത്തി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വലിയ തിന്മകൾ ചെയ്യുന്നവരെക്കുറിച്ച് "അവനിലെ / അവളിലെ മൃഗം പുറത്തുവന്നു" എന്നാണ് പറയാറുള്ളത്. അതുപോലെ തന്നെ നന്മ ചെയ്യുന്നവരെയും അത്യാവശ്യഘട്ടങ്ങളിൽ നമ്മെ സഹായിക്കുന്നവരെയും "ദൈവദൂതനെപ്പോലൊരുവൻ / ദൈവദൂതനെപ്പോലൊരുവൾ" എന്ന് നാം വിശേഷിപ്പിക്കാറുണ്ട്.

ഉപസംഹാരം

അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവാനാണ് യേശു നമ്മോട് ആഹ്വാനംചെയ്യുന്നത്. അനുതാപം വൈകാരിക തലത്തിൽ മാത്രമുള്ള പ്രവർത്തിയല്ല മറിച്ച് ബൗദ്ധികവും, ആഴമേറിയ ദൈവാശ്രയ ബോധവും നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ അനുതാപത്തിലൂന്നി നാമെടുക്കുന്ന തീരുമാനങ്ങൾ താത്കാലികവും, ഈ നാല്പത് ദിവസത്തേയ്ക്കു മാത്രമുള്ളതുമല്ല, മറിച്ച് നമ്മുടെ ജീവിതം മുഴുവൻ സ്വാധീനം ചെലുത്തുവാൻ കഴിയുന്നതായിരിക്കണം. യേശുവിന്‍റെ ക്ഷണം സ്വീകരിച്ച് അനുതാപത്തിലേയ്ക്ക് തിരിഞ്ഞ് നമുക്ക് മറ്റുള്ളവരുടെ ജീവിതത്തിലെ "ചിറകുകളില്ലാത്ത മാലാഖമാരാകാം".    ആമേൻ

തപസ്സുകാലം ഒന്നാംവരാം ഞായറാഴ്ചത്തെ സുവിശേഷചിന്തകൾ.

 ഗാനം ആലപിച്ചത്... ബിജു നാരായണനാണ്. രചന ഫാദർ തോമസ് ഇടയാൽ, സംഗീതം സണ്ണി വെമ്പിള്ളി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2021, 13:15