"ഫ്രത്തേല്ലി തൂത്തി" "ഫ്രത്തേല്ലി തൂത്തി" 

ചാക്രിക ലേഖനം "ഫ്രത്തേല്ലി തൂത്തി " ഇനി റഷ്യൻ ഭാഷയിലും!

ഫ്രാൻസീസ് പാപ്പാ സാഹോദര്യത്തെയും സാമൂഹ്യ സൗഹൃദത്തെയും അധികരിച്ചു പുറപ്പെടുവിച്ച ചാക്രികലേഖനത്തിൻറെ പുതിയൊരു വിവർത്തനം കൂടി പുറത്തിറങ്ങുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ പുതിയ ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി”യുടെ ("Fratelli tutti") റഷ്യൻ പരിഭാഷ മാർച്ച് 3-ന് (03/03/2021) പ്രകാശിതമാകും.

മോസ്കൊയിലെ “പൊക്രോവ്സ്ക്കിയെ വൊറോത്ത” (Pokrovskie vorota) സാംസ്കാരിക കേന്ദ്രത്തിൽ വച്ചായിരിക്കും പ്രകാശന ചടങ്ങ്.

റഷ്യൻ ഫെഡറേഷനിലെ മുസ്ലീങ്ങളുടെ ആദ്ധ്യാത്മിക നേതൃത്വത്തിൻറെ തലവനായ ഇസ്ലാം നിയമപണ്ഡിതൻ ഷെയ്ക് റവിൽ ഗൈനുത്ദിൻ (Ravil Gainutdin), അന്നാട്ടിലെ അപ്പസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ജൊവാന്നി ദ അനിയേല്ലൊ (Giovanni D’Aniello), മോസ്കൊയിലെ ദൈവമാതാ അതിരൂപതയുടെ ആർച്ചുബിഷപ്പ് പാവൊളൊ പെത്സി (Paolo Pezzi) എന്നിവർ സംയുക്തമായിട്ടാണ് പ്രകാശനകർമ്മം നിർവ്വഹിക്കുക.

ഫ്രാൻസീസ് പാപ്പായുടെ മൂന്നാമത്തെതായ ചാക്രികലേഖനം “ഫ്രത്തേല്ലി തൂത്തി” സാഹോദര്യത്തെയും സാമൂഹ്യ സൗഹൃദത്തെയും അധികരിച്ചുള്ളതാണ്.

2020 ഒക്ടോബർ 3-ന് ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ കബറിടത്തിങ്കൽ വച്ച് പാപ്പാ ഒപ്പുവച്ച ഈ ചാക്രികലേഖനം, തൊട്ടടുത്ത ദിവസം, അതായത്, ഒക്ടോബർ 4-ന്, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനത്തിലാണ് വത്തിക്കാനിൽ പ്രകാശനം ചെയ്തത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2021, 11:20