അദ്ധ്യാപികയും ഗാനരചയിതാവും... അദ്ധ്യാപികയും ഗാനരചയിതാവും... 

സമാധാനത്തിന്‍റെ സ്രോതസ്സാകേണ്ട കുടുംബങ്ങള്‍

കുടുംബിനിയും അദ്ധ്യാപികയും ഗാനരചയിതാവുമായ ജെസ്സി ജോസഫ് ഒരുക്കിയ ചിന്താമലരുകൾ - ശബ്ദരേഖയോടെ....

- ജെസ്സി ജോസഫ് 

കുടുംബവും സമാധാനവും - ചിന്താമലരുകൾ


1. നന്ദിയോടെ കുടുംബത്തിൽ
"ലോകസമാധാനത്തിന് നമുക്ക് എന്താണു ചെയ്യാനാവുക?
വീട്ടിൽപ്പോയി നിങ്ങളുടെ കുടുംബാംഗങ്ങളെ സ്നേഹിക്കുക," 
എന്നു പറഞ്ഞത്, പാവങ്ങളുടെ അമ്മയാണ്.

“What can you do to promote world peace?
Go home and love your family”
-Mother Teresa

ഇങ്ങനെ പറയാറുണ്ട്, സമൂഹത്തില്‍ സമാധാനമുണ്ടാകണമെങ്കില്‍ കുടുംബത്തില്‍ സമാധാനമുണ്ടാകേണ്ടത് ആവശ്യമാണ്. പ്രത്യാശയോടെയാണ് പുത്തന്‍വര്‍ഷത്തെ വരവേല്‍ക്കുന്നത്. പുത്തന്‍ പ്രതീക്ഷകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ലോകം, സാഹചര്യങ്ങള്‍... അതിനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കും ഉണ്ട്. നമുക്കിതുവരെ കിട്ടിയ എല്ലാ എല്ലാ അനുഗ്രഹങ്ങള്‍ക്കും നാം നന്ദിയുള്ളവരായിരിക്കാം. ഈ നിമിഷംവരെ നമ്മെ കാത്തു പരിപാലിച്ച സര്‍വ്വേശ്വരനു നന്ദിയര്‍പ്പിക്കാം.

2. കോവിഡു കാണിച്ചുതരുന്ന പരിമിതികൾ
കഴിഞ്ഞവര്‍ഷം കോവിഡ് എന്ന മഹാമാരി കാണിച്ചുതന്നു നമ്മുടെ പരിമിതികള്‍. എത്രത്തോളം ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കണം എന്ന ബോധ്യം ഉണ്ടാക്കിത്തന്നു. അതുപോലെ തന്നെ നമ്മുടെ കുടുംബാംഗങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്ന ഈ ഘട്ടത്തില്‍ പരസ്പരം കരുതലുള്ളവരായിരിക്കാം. പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും നമുക്ക് ചെയ്യാവുന്ന ചെറിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കായി ചെയ്തും, സഹോദരങ്ങള്‍ക്കായി സമയം നല്‍കിയും, നല്ല ആശയ വിനിമയം നടത്തിയുമെല്ലാം കുടുംബസമാധാനം കെട്ടിപ്പടുക്കാം. ഉല്‍പ്പത്തി 2-18 ''ദൈവമായ കര്‍ത്താവ് അരുള്‍ചെയ്തു മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല, അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.''

3. കുടുംബം സമൂഹത്തിന് അടിസ്ഥാനം
പഴയ നിമയത്തില്‍ ആദത്തെയും ഹവ്വയെയും സൃഷ്ടിച്ച ദൈവം ഒരു കുടുംബം സ്ഥാപിക്കുകയായിരുന്നു. പുതിയ നിയമത്തില്‍ ഈശോ വന്നതും ഒരു കുടുംബത്തിലൂടെയാണ്. എഫേസൂസുകാര്‍ക്കുള്ള ലേഖനത്തില്‍ വിശുദ്ധ പൗലോസ് ഭര്‍ത്താവിനെയും ഭാര്യയെയും സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയിരിക്കുന്നു. (എഫേസോസ് 5, 35) ''ഇതു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇതു പറയുന്നത്. ' ഇതില്‍നിന്നും കുടുംബത്തിന്‍റെ പ്രാധാന്യം എത്രയാണെന്നു മനസ്സിലാക്കാം. പരസ്പര സ്‌നേഹത്തോടും ക്ഷമയോടെയും വിട്ടുവീഴ്ചാ മനോഭാവത്തോടെയും പ്രാര്‍ത്ഥനയോടെയും മുന്നോട്ടുപോകുന്ന കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നു.

4. കുടുംബത്തിലെ സന്തോഷവും ആരോഗ്യവും
നമ്മള്‍ സമ്പത്തിനുവേണ്ടി നെട്ടോട്ടം ഓടുകയും അതിലൂടെ സന്തോഷം കിട്ടുമെന്ന് കരുതുകയും ചെയ്യുന്നു. എന്നാല്‍ ഈ നെട്ടോട്ടത്തില്‍ സന്തോഷവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നു. എനിക്കും എന്‍റെ കുടുംബത്തിനും സന്തോഷവും സമാധാനവുമില്ലെങ്കില്‍ ലോകത്തില്‍ മറ്റൊന്നിനും നമുക്കു സമാധാനം നല്‍കുവാന്‍ കഴിയുകയില്ല.
ഏതോ ശ്രേഷ്ഠനായ വ്യക്തി പറഞ്ഞതുപോലെ ശാന്തമായ മനസ്സും ആരോഗ്യമുള്ള ശരീരവും കുടുംബം നിറയെ സ്‌നേഹവും ഇതെല്ലാം വാങ്ങാന്‍ പറ്റില്ല, അത് നാം അര്‍ഹിക്കണം, അല്ലെങ്കില്‍ ആര്‍ജ്ജിച്ചെടുക്കണം. ഞാന്‍ ഇക്കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കി, എങ്ങനെ അവയ്ക്ക് മറ്റെല്ലാറ്റിനെയുംകാള്‍ മുന്‍തൂക്കം നല്കി re-prioritize ചെയ്ത് 2021ല്‍ എങ്ങനെ ഈ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താമെന്ന് നോക്കേണ്ടതാണ്.

5. സമാധാനമില്ലായ്മ
മനസ്സില്‍ ശാന്തിയില്ലാത്തത് പലവിധമായ ആകുലതകള്‍ (worry) വേണ്ടതിലധികം കാര്യങ്ങള്‍ ആസൂത്രണം ചെയ്യല്‍ (too much planning) തീരാമോഹങ്ങള്‍ (desire) ഇപ്പോള്‍ എല്ലാം തികഞ്ഞിട്ടില്ല (perfect). ഇനി സംതൃപ്തയാകണമെങ്കില്‍ ഇനിയും കിട്ടിയിട്ടില്ലാത്ത കാര്യങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍ മാത്രമാണ് എന്നു കരുതുന്നതും ആണ്.
ഇങ്ങനെ ഞാനും എന്റെ കുടുംബസമേതം ഒരിക്കലും സംതൃപ്തിയാകാതെ അവ്യക്തമായ മോഹങ്ങള്‍ക്കു പുറകെ പോയാല്‍, ഈ ഘട്ടത്തില്‍, സന്തോഷവും ശാന്തിയും പടിക്കു പുറത്തായിരിക്കും എപ്പോഴും. എപ്പോഴും ഫോണിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ചെറിയ ചെറിയ ആനന്ദം അന്വേഷിക്കുകയാണ്.

6. സാന്ത്വനമാകുന്ന വചനം
''ശാന്തമാവുക ഞാന്‍ ദൈവമാണെന്നറിയുക'' വളരെ അര്‍ത്ഥവത്തായ വചനമാണ് സുവിശേഷത്തില്‍ എഴുതിയിരിക്കുന്നത്. അസാധാരണായ സന്ദേശം - സ്വസ്ഥതയില്‍ ദൈവം ഉണ്ട് - ആശ്വാസമുണ്ട് – തമ്പുരാന്‍റെ സാമീപ്യമുണ്ട് എന്നെല്ലാം ബോധ്യം കിട്ടുന്നു. നാം കൂടുതല്‍ ശീലിക്കേണ്ടതും സ്വസ്ഥമായിരിക്കാനാണ്. ഓര്‍ക്കുക നിശ്ചലതയില്‍ ദൈവം ഉണ്ട് (സങ്കീര്‍ത്തനങ്ങള്‍ 46:10).  ദിവസവും കുറച്ചുസമയം സ്വസ്ഥമായി ഇരുന്നു പ്രാര്‍ത്ഥിക്കുകയും വചനം വായിക്കുകയുമാണെങ്കില്‍ നമ്മുടെ ഭവനങ്ങളിലേക്ക് അനുഗ്രവര്‍ഷം ഉണ്ടാകുന്നു. കുടുംബത്തെയും കുടുംബാംഗങ്ങളെയും തമ്പുരാന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ കൃപ ഒഴുകുന്നു. അതുപോലെ പരിശുദ്ധാത്മാവിനാല്‍ നിറയാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മാവിന്‍റെ ഫലങ്ങള്‍ കൊണ്ടു നിറയുന്നു. ശാന്തമായിരുന്ന് ധ്യാനിക്കുമ്പോള്‍ ദൈവസ്‌നേഹത്താല്‍ നിറയുന്നു.

Song : ഗാനം വിജയ് യേശുദാസ് ആലപിച്ചതാണ്. രചന ജസ്സി ജോസഫ്, സംഗീതം ജെർസൺ ആന്‍റെണി.

7. നിശബ്ദതയുടെ മൂല്യം
ബ്ലെയിസ് പാസ്കൾ Blaise Pascal 16-Ɔο നൂറ്റാണ്ടില്‍ പറഞ്ഞത് മനുഷ്യരുടെ എല്ലാ കഷ്ടതകളും വരുന്നത് വെറുതെ ശാന്തരായി ഇരിക്കാന്‍ പറ്റാത്തതുകൊണ്ടാണ് എന്നാണ്. ഈശോയുടെ മുന്നില്‍ സ്വസ്ഥരായിരിക്കാം. ഓരോ നിമിഷവും നമ്മെ കാക്കുമെന്ന വിശ്വാസത്താല്‍ത്തന്നെ (നിയമാവര്‍ത്തനം 28:2 – 6).
''അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്‍റെമേല്‍ ചൊരിയും. നഗരങ്ങളിലും വയലിലും നീ അനുഗ്രഹീതനായിരിക്കും. നിന്‍റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും. നിന്‍റെ അപ്പക്കുട്ടയും മാവു കുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും. സകലപ്രവര്‍ത്തികളിലും നീ അനുഗ്രഹീതനായിരിക്കും.'' തിരുവചനത്തില്‍ ഒത്തിരി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. നമുക്കായിട്ടാണ് അതെല്ലാം എഴുതിയിരുന്നത്. അതെല്ലാം വായിച്ച് ഏറ്റെടുത്ത് ധ്യാനിക്കാം.

8. കോപവും വിദ്വേഷവും
നമ്മുടെ കുടുംബത്തില്‍ എല്ലാവരും ദൈവത്തില്‍ ആശ്രയിച്ചും, ജീവിക്കേണ്ട മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കുകയാണെങ്കില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്കായുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ അവഗണിക്കാവുന്നതല്ലേ.? ഉദാഹരണത്തിന് ചെരുപ്പ്, ഉടുപ്പുകള്‍ (വസ്ത്രം) ഇവയെല്ലാം നല്ല അടുക്കും ചിട്ടയുമായി വയ്ക്കുന്ന ശീലമുള്ള ആളായിരിക്കാം ഭാര്യ. എന്നാല്‍ കെട്ടിവന്ന വീട്ടില്‍ അങ്ങെനയൊന്നും കാണാന്‍ പറ്റുന്നില്ലെങ്കിലും കുഴപ്പമില്ല. സാവധാനത്തില്‍ അടുക്കും ചിട്ടയും തുടങ്ങിയാല്‍ മതി. അതു വന്നുകൊള്ളും. അതുപോലെ അതിരാവിലെ ചായ കുടിക്കുന്ന ശീലം ഭര്‍ത്താവിനുണ്ട്, എന്നാല്‍ ചായ താമസിച്ചു നല്‍കുന്ന ഭാര്യ പറഞ്ഞുകൊടുത്താല്‍ ശരിയാകുന്ന കാര്യങ്ങളേയുള്ളൂ ഇവിടെയെല്ലാം.
കോപം കുടുംബത്തില്‍ വഴക്കിനു കാരണമാകുന്നു. ഇവിടെയെല്ലാം കോപത്തില്‍ ഞാനെന്‍റെ നിയന്ത്രണം വിട്ടുപോകുകയാണ്. ഞാന്‍ എന്‍റെ രീതിയില്‍മാത്രം കാര്യങ്ങള്‍ നടക്കണമെന്ന് വാശിപിടിക്കാതെ സംയമനം പാലിച്ചാല്‍ ഒട്ടുമിക്ക പ്രശ്‌നങ്ങളും, സാധാരണ ജീവിതത്തില്‍. തീരാവുന്നതാണ്.

9. ക്ഷമിക്കുന്ന സ്നേഹം
''നിങ്ങള്‍ വിധിക്കരുത് നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്, നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല. ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപ്പെടും'' (ലൂക്കാ 3:37). പരസ്പരം വിട്ടുവീഴ്ച മനോഭാവത്തോടെ വര്‍ത്തിക്കേണ്ടത് കുടുംബജീവിതത്തില്‍ അത്യാവശ്യമാണ്. ഭര്‍ത്താവും ഭാര്യയും - രണ്ടു വ്യത്യസ്ത ചുറ്റുപാടുകളില്‍നിന്നും വന്നവരാണ്. അവരുടെ വളര്‍ന്ന സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. ഒരു കുടുംബം എന്ന കുടക്കീഴില്‍ വന്നുകഴിയുമ്പോള്‍ ഭര്‍ത്താവിന്‍റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി ഭാര്യയും, ഭാര്യയുടെ ഇഷ്ടം മനസ്സിലാക്കി ഭര്‍ത്താവും പ്രവര്‍ത്തിക്കണം.  വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് മാതൃകയാക്കേണ്ടത് മാതാപിതാക്കളാണ്.

10. കൂടുമ്പോൾ ഇമ്പമുള്ളിടം
പലപ്പോഴും പുറത്തുള്ള ഒരാളോടു ''സോറി'' പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഒരുമിച്ച് ഒരേ കുടുംബത്തിലുള്ളവര്‍ തമ്മില്‍ ''സോറി'' പറയാന്‍, ക്ഷമിക്കണം എന്നൊരു വാക്കു പറയാന്‍ കുറേ സമയം എടുക്കുന്നു. ഇതിനു കാരണം നമ്മുടെ “ഈഗോ” നമ്മെ അനുവദിക്കാത്തതുകൊണ്ടാണ്? ആ മനോഭാവം മാറ്റി കുടുംബാംഗങ്ങളോട് സ്‌നേഹപൂര്‍വ്വം പെരുമാറുവാനും തെറ്റുകള്‍ സ്‌നേഹത്തോടെ തിരുത്തുവാനും, അഭിപ്രായവ്യത്യാസങ്ങള്‍ സംയമനത്തോടെ പറഞ്ഞു തീര്‍ക്കുവാനും കഴിഞ്ഞാല്‍ അവിടെ സ്‌നേഹം നിറയുന്നു. കൂടുമ്പോള്‍ ഇമ്പമുള്ള ഇടം കുടുംബം എന്നത് അന്വര്‍ത്ഥമാകുന്നു.

11. ഉപസംഹാരം
തിരുകുടുംബത്തോട് പ്രത്യേകം നമ്മുടെ കുടുംബങ്ങള്‍ക്കായി മാധ്യസ്ഥം യാചിക്കാം. നമ്മുടെ സമാധാനവും കുടുംബസമാധാനവും, നമ്മുടെ സന്തോഷം, ആരോഗ്യം, ആഗ്രഹങ്ങള്‍, കോപം ഇവയെല്ലാം നിയന്ത്രിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരു മഹാമാരിയില്‍നിന്നും മനുഷ്യകുലം കരകയറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നമുക്ക് നമ്മുടേതായ രീതിയില്‍ നമ്മെത്തന്നെയും കുടുംബത്തോടും, സമൂഹത്തോടും കരുതലുള്ളവരായിരിക്കാം. ഒരുമിച്ച് ഈ വിഷമഘട്ടം തരണം ചെയ്യുവാനായി തിരുവചനത്തിലൂടെ ദൈവം നല്‍കുന്ന സന്ദേശം ശക്തി പകരട്ടെ.

ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടുപോകുന്നു, എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു (യോഹന്നാന്‍ 14:27)..

ശ്വേത  മോഹൻ ആലപിച്ച ഗാനം രചിച്ചത് ജെസ്സി ജോസഫ്, സംഗീതം ജർസൺ ആന്‍റെണി.


അദ്ധ്യാപികയും കുടുംബിനിയുമായ ജെസ്സി ജോസഫ് പങ്കുവച്ച സമാധാനത്തിന്‍റെ സ്രോതസ്സാകേണ്ട കുടുംബങ്ങള്‍ എന്ന ചിന്താമലരുകൾ
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2021, 12:54