തിരയുക

ആണവായുധങ്ങൾ ആണവായുധങ്ങൾ 

അണുവായുധ നിരോധന കരാർ പ്രാബല്യത്തിലാകുന്നു!

അണുവായുധ നിരോധനത്തിന് നൈയമികമായി ബാദ്ധ്യതപ്പെടുത്തുന്ന അന്താരാഷ്ട്രതലത്തിലുള്ള ആദ്യത്തെ ഉപകരണമാണ് അണുവായുധ നിരോധന കരാർ , ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അണുവായുധ വിമുക്തമായ ഒരു ലോകത്തിനനുയോജ്യമായ സാഹചര്യങ്ങൾ പരിപോഷിപ്പിക്കുന്നതിനുവേണ്ടി നിശ്ചയദാർഢ്യത്തോടെ യത്നിക്കാൻ പാപ്പാ രാഷ്ട്രങ്ങളെയും സകല വ്യക്തികളെയും ആഹ്വാനം ചെയ്തു.

ബുധനാഴ്ച (20/01/21) ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇരുപത്തിരണ്ടാം തീയതി വെള്ളിയാഴ്ച (22/01/21) അണുവായുധ നരോധനക്കരാർ പ്രാബല്യത്തിൽ വരുന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഈ ആഹ്വാനം നല്കിയത്.

നരകുലത്തിന് ഇന്ന് ഏറെ ആവശ്യമായിരിക്കുന്ന സമാധാനത്തിൻറെ മുന്നേറ്റത്തിനും ബഹുമുഖ സഹകരണത്തിനും സംഭാവന ചെയ്യേണ്ടതിൻറെ അനിവാര്യതയും പാപ്പാ തദ്ദവസരത്തിൽ ചൂണ്ടിക്കാട്ടി. 

അണുവായുധങ്ങളുടെ ഉപയോഗം വ്യാപകനാശമാണ് വിതയ്ക്കുകയെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം ആളുകളെ ആഘാതമേൽപ്പിക്കുകയും പരിസ്ഥിതിക്ക് ദീർഘകാല നാശമുണ്ടാക്കുകയും ചെയ്യുന്ന അണുവായുങ്ങളെ സുവ്യക്തം നിരോധിക്കുന്ന, നൈയമികമായി ബാദ്ധ്യതപ്പെടുത്തുന്ന അന്താരാഷ്ട്രതലത്തിലുള്ള ആദ്യത്തെ ഉപകരണമാണ് ഈ ഉടമ്പടിയെന്നും പാപ്പാ അനുസ്മരിച്ചു.

അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോർക്കിൽ നടന്ന ഒരു സമ്മേളനത്തിൽ 2017 ജൂലൈ 7-നാണ് ഐക്യരാഷ്ട്രസഭ അണുവായുധ നിരോധന കരാർ അംഗീകരിച്ചത്.

ഏറ്റവും ചുരുങ്ങിയത് 50 രാഷ്ട്രങ്ങളുടെ സ്ഥിരീകരണം ലഭിച്ചതിനു ശേഷം 90 ദിവസം പിന്നിട്ടാൽ 2021 ജനുവരി 22-ന് ഈ കരാർ പ്രാബല്യത്തിലാകും എന്ന വ്യവസ്ഥയോടുകൂടി അക്കൊല്ലം തന്നെ സെപ്റ്റമ്പർ 20-ന് (20/09/2017) രാഷ്ട്രങ്ങൾ ഈ കരാറിൽ ഒപ്പുവയ്ക്കുന്നതിന് തുടക്കമിട്ടു.

84 നാടുകൾ ഈ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.

ഈ കരാർ പ്രാബല്യത്തിനാകാനുള്ള വ്യവസ്ഥയനുസരിച്ചുള്ള അമ്പതാമത്തെ നാടിൻറെ സ്ഥിരീകരണം ലഭിച്ചത് 2020 ഒക്ടോബർ 24-നാണ്. ഹൊണ്ടൂരാസാണ് അന്ന് സ്ഥിരീകരണം നല്കിയ നാട്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2021, 16:42