കലയുടെ കർമ്മയോഗി ആബേലച്ചൻ കലയുടെ കർമ്മയോഗി ആബേലച്ചൻ  

ക്രിസ്തീയ ഭക്തിഗാനങ്ങളുടെ “എഴുത്തച്ചൻ”

മഹാപ്രസ്ഥാനമായി പരിണമിച്ച യോഗീവര്യന്‍ ആബേലച്ചന്‍ രചിച്ച ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

ആബേലച്ചൻ രചിച്ച ഭക്തിഗാനങ്ങൾ.


അനശ്വരഗാനങ്ങളുടെ രചയിതാവ് 
ജാതി-മത ഭേദമെന്യേ സാംസ്‌കാരിക കേരളത്തിന് സര്‍വ്വസ്വീകാര്യനായ പുരോഹിത ശ്രേഷ്ഠനായിരുന്നു ഫാദര്‍ ആബേല്‍ പെരിയപ്പുറം സി.എം.ഐ. പത്രപ്രവര്‍ത്തകന്‍, കോളേജ് അധ്യാപകന്‍ എന്നീ നിലകളിലുള്ള കര്‍മ്മപഥത്തില്‍നിന്ന് കലയുടെ സരണിയിലേക്ക് വിളിക്കപ്പെട്ട സര്‍ഗപ്രതിഭയായിരുന്നു ആബേലച്ചന്‍. യശശ്ശരീരനെങ്കിലും അദ്ദേഹത്തിന്‍റെ  101-Ɔ൦ ജന്മദിനത്തില്‍ കാലാതിവര്‍ത്തിയായ ആ വ്യക്തിത്വത്തിന് പ്രണാമമര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ മൂന്ന് അനശ്വരഗാനങ്ങള്‍ ഇവിടെ സ്മരിക്കുകയാണ്.

ക്രാന്തദർശിയായ കർമ്മലീത്താ വൈദികൻ
1920 ജനുവരി 19-ന് എറണാകുളം പിറവത്തിനടുത്തുള്ള മുളക്കുളത്ത് പെരിയപ്പുറം മാത്തന്‍ വൈദ്യന്‍റെയും ഏലിയാമ്മയുടെയും നാലാമത്തെ മകനായി ആബേല്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ദൈവവിളി സ്വീകരിച്ച അദ്ദേഹം മാന്നാനം, കൂനമ്മാവ് എന്നിവിടങ്ങളിലെ കർമ്മലീത്തരുടെ സന്യാസാശ്രമങ്ങളില്‍ ജീവിച്ചുകൊണ്ട് വൈദിക പഠനത്തോടൊപ്പം മലയാളത്തില്‍ ബിരുദാനന്ത ബിരുദവും നേടി. പിന്നീട് റോമിലെ ഇന്‍റെര്‍നാഷണല്‍ കോളേജില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ചു. 1952 മുതല്‍ കോട്ടയം ദീപിക പത്രത്തില്‍ പ്രവര്‍ത്തിച്ചതിനുശേഷമാണ് കോഴിക്കോട് ദേവഗിരി കോളേജില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചത്.

ആബേലച്ചന്‍റെ “കലാഭവൻ”
1968-കാലയളവിൽ സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്‍റെ നിര്‍ദ്ദേശാനുസരണം ആരാധനക്രമം മലയാളത്തിലാക്കുന്നതിനായി എറണാകുളത്തേക്ക് പ്രവര്‍ത്തനമണ്ഡലം മാറ്റി. അതുമായി ബന്ധപ്പെട്ട് “ക്രിസ്ത്യന്‍ ആര്‍ട്‌സ് ക്ലബ്ബ്” എന്ന പേരില്‍ ആരംഭിച്ച സ്ഥാപനമാണ്, പിന്നീട് സ്ഥാപകാംഗങ്ങളായിരുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്,  സംഗീതജ്ഞനായ കെ.കെ. ആന്‍റെണി മാസ്റ്റര്‍ എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് “കലാഭവന്‍” എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ആബേലച്ചന്‍ ബീജാവാപം ചെയ്ത ഒരു മഹാപ്രസ്ഥാനത്തിന്‍റെ നാന്ദിയായിരുന്നു അത്.  ഗാനമേള, ശബ്ദാനുകരണം, ഹാസ്യകലാരൂപങ്ങള്‍, ഭക്തിഗാനങ്ങള്‍, നാടകം, സിനിമ എന്നിവ കേരളത്തിലെ കഴിവുള്ള യുവജനങ്ങളിൽ ലബ്ധപ്രതിഷ്ടമാകുന്നതിന് ചുക്കാന്‍പിടിച്ചത് ആബേലച്ചനാണ്. കലാഭവന്‍റെ കളിയരങ്ങില്‍നിന്ന് താരപ്രഭയിലേക്ക് നടന്നുകയറിയ പ്രതിഭകള്‍ നിരവധിയാണ്.

മലയാളത്തിന്‍റെ കലാ-സാംസ്‌കാരിക രംഗത്തും ക്രൈസ്തവ ഭക്തിഗാന മേഖലയിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ആബേലച്ചന്‍ 2001 ഒക്‌ടോബര്‍ 27-ന് അരങ്ങൊഴിഞ്ഞു.

ഗാനങ്ങള്‍
a) മഹേശ്വരാ നിൻ സുദിനം കാണാൻ...

ആദ്യഗാനം ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ് സംഗീതം കെ. കെ. ആന്‍റെണി, രചന ഫാദർ ആബേൽ സി.എം.ഐ..

b) നട്ടുച്ചനേരത്ത്...
അടുത്ത ഗാനം ബി. വസന്തയും ഡോ. കെ. ജെ. യേശുദാസും ആലപിച്ചതാണ്. ആബേലച്ചന്‍റെ വരികൾക്ക് കെ. കെ. ആന്‍റെണി മാസ്റ്ററാണ് ഈണംപകർന്നത്.

c) മാലാഖമാരുടെ ഭാഷയറിഞ്ഞാലും...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം എം. ഇ. മാനുവൽ ഈണംപകർന്നത്, ഡോ.  കെ. ജെ. യേശുദാസ് ആലപിച്ചതാണ്.  രചന ഫാദർ ആബേൽ സി.എം.ഐ..

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ഫാദർ ആബേൽ സി.എം.ഐ. രചിച്ച ഭക്തിഗാനങ്ങൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2021, 11:27