ജെസ്സി ജോസഫും കുടുംബവും ജെസ്സി ജോസഫും കുടുംബവും 

ഒരു വീട്ടമ്മയുടെ ഓര്‍മ്മയില്‍ വിരിയുന്ന ക്രിസ്തുമസ്കാലം

കുടുംബനാഥയും അദ്ധ്യാപികയും ഗാനരചയിതാവുമായ ജെസ്സി ജോസഫിന്‍റെ ക്രിസ്തുമസ് ചിന്തകള്‍ - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ജെസ്സി ജോസഫിന്‍റെ ക്രിസ്തുമസ്കാലം ചിന്തകള്‍


ഒരു വീട്ടമ്മയുടെ ഓര്‍മ്മയില്‍ വിരിഞ്ഞ ക്രിസ്തുമസ് ചിന്താമലരുകളാണിന്ന്. 2020-ലെ ക്രിസ്തുമസ് ആസന്നമാവുകയാണ്. ഒരു കോവിഡ് മഹാമാരിയുടെ ഭീതിയും ആശങ്കയും മനസ്സില്‍ ഇരുട്ടുവിരിയിക്കുന്നു എന്നു തോന്നുമ്പോഴും വീണ്ടും ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ഉത്സവമാണ് ക്രിസ്തുമസ്സ് എന്നു പറയുകയാണ് കുടുംബനാഥയും അദ്ധ്യാപികയും ഗാനരചയിതാവുമായ ജെസ്സി ജോസഫ്. ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായ കുട്ടത്തിപ്പറമ്പില്‍ ജോസഫ്, മക്കള്‍ നതാലിയ, മറിയം എന്നിവര്‍ക്കൊപ്പം കൊച്ചിയില്‍ തേവരയില്‍ പാര്‍ക്കുന്ന ലിസ്സി ജോസഫിന്‍റെ ചിന്താമാലരുകള്‍ക്കു കാതോര്‍ക്കാം. 

1. ക്രിസ്മസ് ഓർമ്മകളിൽ …

ശാന്തിയുടെയും രക്ഷയുടെയും സ്നേഹത്തിൻറെയും സന്ദേശം വിളിച്ചോതി ക്രിസ്മസ് സമാഗതമായി. ഈശോയുടെ ജനനം കൊണ്ടാടുന്ന ദിനമായ ക്രിസ്മസ് എല്ലാവർക്കും പ്രിയമുള്ള ദിവസമാണ്. മാനവർക്ക് സമാധാനമേകുവാനും രക്ഷകയേകാനുമായി തൻറെ ഏക പുത്രനെ ഭൂവിനായി നൽകാൻ മാത്രം അത്രയേറെ നമ്മെ സ്നേഹിക്കുന്ന ദൈവപിതാവ്, നമുക്കായി ഒരു രക്ഷകൻ വന്നു പിറന്ന സുദിനം. 

എനിക്കും വളരെ പ്രിയപ്പെട്ട ദിവസമാണ് ക്രിസ്മസ്. കുഞ്ഞുനാളിൽ ക്രിസ്മസ് വരുന്നതിനു മുൻപേ അമ്മൂമ്മ ഉണ്ടാക്കുന്ന പലഹാരങ്ങൾ, വീട് പെയിൻറ് ചെയ്യുന്നതും, നക്ഷത്രവിളക്കുകൾ ഉണ്ടാക്കുന്നതും എല്ലാം രസകരമായ ഓർമ്മകളാണ്.  മഞ്ഞിന്‍റെ നേർത്ത തണുപ്പുള്ള രാത്രിയിൽ പാതിരാ കുർബാനയ്ക്കു പോകുന്നതും പുൽക്കൂട്ടിലെ ഉണ്ണിശോയ്ക്ക് ഉമ്മ നൽകുന്നതു മറക്കാനാവാത്ത ഓര്‍മ്മയാണ്.  എന്നാൽ കാലാനുസൃതമായ മാറ്റം അനുസരിച്ച് ആഘോഷങ്ങൾക്കും മാറ്റം വന്നു തുടങ്ങി. ഇപ്പോഴും പുത്തനുടുപ്പുകൾ വാങ്ങിയും ഡെക്കറേഷൻസ് വാങ്ങിയും  കേക്ക് ഉണ്ടാക്കിയും കുർബാനയ്ക്ക് പോയും  കുടുംബസമേതം സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നു. 

2. കോവിഡ് എന്ന മഹാമാരി 
കോവിഡ് എന്ന മഹാമാരി ലോകമാസകലം പടർന്നുപിടിച്ച ഈ സമയത്ത് ദിവ്യരക്ഷകന്‍റെ പിറന്നാളിന് പ്രാധാന്യം എത്ര അധികമാണെന്ന് തിരിച്ചറിയുകയാണ് ഞാൻ.  ദിവസങ്ങൾ എന്നത്തെയുംപോലെ പൊയ്ക്കൊണ്ടിരിക്കുന്നു.  അങ്ങനെയിരിക്കെ കൊറോണ എന്ന അസുഖത്തെ പറ്റി കേൾക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ എല്ലായിടത്തേക്കും പടർന്നു പിടിച്ചതായും കേട്ടു. പ്രിയപ്പെട്ടവരെ സ്നേഹപൂർവ്വം ചേർത്തുപിടിക്കുന്ന ശീലം മാറ്റി അവരുടെ ആരോഗ്യം കാക്കുന്നതിനായി നീങ്ങിനിന്നു സംസാരിക്കുന്ന പുതിയ രീതിയിലേക്ക് മാറാൻ പഠിച്ചു.

ജോലി നഷ്ടപ്പെട്ടു പുതിയ ജോലി കിട്ടാതെ കഷ്ടപ്പെടുന്നവർ, ഉണ്ടായിരുന്ന ബിസിനസ് നടക്കാതെ അതിജീവനത്തിനായി വഴിയോരത്തിരുന്നു കച്ചവടം ചെയ്യുന്നവർ,  ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് വന്ന് വിഷമിച്ചവർ, കുടുംബത്തിൽ നിന്നും അകന്നു താമസിക്കുന്നവർ ഇങ്ങനെ കോവിഡ് എന്ന മഹാമാരിയാൽ വിഷമിക്കുന്നവർ നിരവധിയാണ്.  കോവിഡ് എന്ന മഹാമാരിയെപറ്റി കേട്ടപ്പോൾ എന്താണ് സംഭവിക്കുന്നത്?  ഇത് എന്ത് അസുഖമാണ്? എപ്പോൾ പൂർണമായും മാറും?  എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങൾ എന്‍റെ മനസ്സിൽ വന്നു നിരാശയാണ് ആദ്യം തോന്നിയത്.  എന്നാൽ ഏശയ്യാ 41 അദ്ധ്യായം 10 വാക്യത്തിൽ “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്” എന്ന തിരുവചനം എനിക്ക് നിരാശയിൽനിന്നും വിടുതലേകി, എന്നും കൂടെയുള്ള യേശു എന്നെ തിരിച്ചറിഞ്ഞു. ഒത്തിരി ബലപ്പെടുത്തും, നമ്മുടെ ഇപ്പോഴുള്ള സാഹചര്യങ്ങൾ എന്ത് തന്നയുമാകട്ടെ അവിടെ നാം തനിച്ചല്ല നാം യാജിക്കുന്നതും, പ്രാർഥിക്കുന്നതും കേൾക്കുന്ന ദൈവം നമ്മോടുകൂടെയുണ്ട്. നാം സഹായത്തിനായി കൈനീട്ടുമ്പോൾ നമ്മെ മാറോടുചേർത്തണയ്ക്കുന്ന സ്നേഹമുള്ള ഈശോ എന്നും നമ്മോടൊപ്പം ഉണ്ട് എന്നത് തരുന്ന സമാധാനം ചെറുതല്ല. അത് ഏതു പ്രതിസന്ധികളെയും പ്രത്യേകിച്ച് ഈ മഹാമാരിയും തരണം ചെയ്യാനുള്ള കരുത്തും നമുക്കേകുന്നു.

4. ഇമ്മാനുവേൽ ദൈവം നമ്മോടു കൂടെ
കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും ദൈവം നമ്മോടുകൂടെ
(മത്തായി 1-അധ്യായം 22- എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നരുളി ചെയ്യുമ്പോൾ നമ്മോടു കൂടെയുള്ള ദൈവം എന്ന അറിവ് വലിയ ആശ്വാസമേകുന്നു. നമ്മുടെ പ്രശ്നങ്ങളിലേക്ക് നോക്കാതെ ഈശോയിലേക്ക് നോക്കാം അവിടുന്ന് നമ്മെ കാത്തു പരിപാലിക്കും എന്ന വിശ്വാസത്തിൽ തന്നെ

ഈശോയുടെ തിരുപ്പിറവി സമയത്ത് വിശുദ്ധ യൗസേപ്പിതാവിനും, പരിശുദ്ധ അമ്മയ്ക്കും താമസിക്കുവാൻ ഒരിടവും കിട്ടിയില്ല. ഈശോ പിറന്നത് ഒരു കാലിത്തൊഴുത്തിലാണ്. ഇല്ലായ്മകളുടെ നടുവിൽ അതുകൊണ്ടുതന്നെ നമ്മുടെ ഇല്ലായ്മകളെ മനസ്സിലാക്കുവാൻ കഴിവുള്ള രക്ഷകനാണ് നമുക്കുള്ളത്.  എളിമയുടെ പ്രതീകമായ പുൽക്കൂട്ടിൽലാണ് ഈശോ ജനിക്കുന്നത്. സാധാരണക്കാരായ നമ്മളിൽ ഒരാളായി മാറുവാനായി സ്വർഗത്തിൽ നിന്ന് ഇറങ്ങി മനുഷ്യനായി അവതരിക്കുന്നത് പുൽക്കൂട്ടിലാണ്. ആ രാത്രിയിൽ പുൽക്കൂട്ടിൽ അടുത്തായി തിളങ്ങിനിൽക്കുന്ന താരങ്ങളെ കാണാം. ഇരുട്ടിനെ മാറ്റി പ്രകാശംപരത്തുന്ന നക്ഷത്രങ്ങൾ. നമ്മുടെ ജീവിതത്തിലെയും രാവിന്റെ ഇരുൾ മാറ്റി പ്രകാശം ആക്കാൻ കഴിവുള്ളവനാണ് പ്രകാശം തന്നെയായ ഈശോ.  BC (Before Christ) എന്നും AD Anno Domini എന്നും കാലത്തെ രണ്ടായി തിരിച്ചതും ഈശോയുടെ ജനനത്തോടെയാണ്. ദൈവകുമാരൻ തനിക്കുള്ള ഔന്നത്യം എല്ലാം നോക്കാതെയാണ് ഒരു പുൽക്കൂട്ടിൽ വന്നു പിറക്കുന്നത്.

5. ആട്ടിടയന്മാരുടെ സന്ദർശനം
രാത്രി ആടുകളെ നോക്കാൻ കാവലിരുന്ന ആട്ടിടയന്മാരുടെ വിശ്വാസവും വലുതാണ്.
ആടുകൾക്ക് കാവലിരുന്ന ആട്ടിടയന്മാർക്ക് മാലാഖ പ്രത്യക്ഷപ്പെട്ട് ഉണ്ണീശോ ദിവ്യരക്ഷകൻ സകല ജനതകൾക്കുമുള്ള സന്തോഷത്തിൻറെ വാർത്തയായി ജനിച്ചിരിക്കുന്നു എന്ന വാർത്ത പറഞ്ഞു. പെട്ടെന്ന് മാലാഖമാരുടെ ഒരു വ്യൂഹം പ്രത്യക്ഷപ്പെട്ട് ഉണ്ണീശോയെ സ്തുതിച്ചു വാഴ്ത്തുവാൻ തുടങ്ങി. അതിനുശേഷം മാലാഖമാർ സ്വർഗ്ഗത്തിലേക്ക് പോയതും ആട്ടിടയന്മാർ ഉണ്ണീശോയെ പോയി കണ്ട് ദൂതൻമാർ വിവരിച്ച സംഭവം നേരിൽ കാണാൻ തീരുമാനിച്ചു.
ഇവിടെ ആട്ടിടയന്മാരുടെ വിശ്വാസം എടുത്തുപറയേണ്ടതാണ്. മാലാഖയെ കണ്ടപ്പോൾ ആദ്യം അവർ ഭയപ്പെട്ടെങ്കിലും “ഭയപ്പെടേണ്ട എന്ന് മാലാഖ പറഞ്ഞപ്പോൾ അവരുടെ ഭയം നീങ്ങുകയും പിന്നീട് മാലാഖ പറഞ്ഞ കാര്യങ്ങളെല്ലാം അവർ വിശ്വസിച്ചു. ഉടനെ എഴുന്നേറ്റ് ദിവ്യ രക്ഷകനെ കാണാൻ തിരിക്കുന്നതും ദൂതൻ പറഞ്ഞത് വിശ്വസിച്ചതിനാലാണ്. അവർ വിശുദ്ധ യൗസേപ്പിതാവിനെയും പരിശുദ്ധ മറിയത്തെയും ഉണ്ണീശോയെയും  കണ്ടശേഷം തങ്ങൾ കണ്ടത് മറ്റുള്ളവരോട്  പറയുകയും ചെയ്യുന്നു. നമുക്ക് അനുഭവിച്ചറിഞ്ഞ ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ അവരിൽ ദൈവസ്നേഹം നിറയുന്നു.

6. ജ്ഞാനികളുടെ സന്ദർശനം
നക്ഷത്രം പ്രത്യക്ഷപ്പെട്ടു യേശുവിന്‍റെ പിറവിയെ പറ്റി അറിവ് കിട്ടിയ ജ്ഞാനികൾ നക്ഷത്രം വഴിനടത്തുന്ന വഴിയേ നീങ്ങിക്കൊണ്ടിരുന്നു. പ്രതീക്ഷയോടെയുള്ള യാത്രയായിരുന്നു അത്. നക്ഷത്രം ഈശോ ജനിച്ചിരിക്കുന്നിടത്ത് എത്തിക്കുമെന്ന് പ്രതീക്ഷയിൽ അവർ യാത്ര തിരിക്കുന്നു. അവർ പുൽക്കൂട്ടിൽ എത്തിച്ചേരുകയും ഉണ്ണീശോയുടെ മുൻപിൽ കുമ്പിട്ടാരാധിക്കുകയും ചെയ്യുന്നു. കൂടാതെ പൊന്നും കുന്തിരുക്കവും.  മീറയും കാഴ്ച  അർപ്പിക്കുകയും ചെയ്യുന്നു. ജ്ഞാനികളായ അവർ മൂന്നുപേർക്കും കുഞ്ഞുരാജാവിനെ തിരിച്ചറിയാൻ കഴിഞ്ഞു. നമുക്കും നമ്മുടെ കൂടെയുള്ള ദൈവസാന്നിധ്യം തിരിച്ചറിയാം. ഏത് അനിശ്ചിതാവസ്ഥയിലാണ് എങ്കിലും ഒറ്റയ്ക്കല്ല ഈശോ കൂടെയുണ്ട് എന്ന് പൂർണമായി വിശ്വസിക്കാം

7. ഈശോയെ ഹൃദയത്തിൽ സ്വീകരിക്കാം
മഹാമാരിയുടെ ഈ സമയത്ത് നമ്മുടെ സ്നേഹവും കരുതലുമെല്ലാം കുടുംബാംഗങ്ങളോടൊത്ത് പങ്കുവെക്കുകയും ചെയ്യാം, അതിനായി നമ്മുടെ ഹൃദയത്തെ ഒരുക്കാം, ദിവ്യരക്ഷകൻ നമ്മുടെ ഹൃദയത്തിലും, ജീവിതത്തിലും നവ്യമായ പ്രകാശം ചൊരിയട്ടെ.  ഒരു ക്രിസ്മസിനും കിട്ടാത്ത കുളിർമ്മ മനസ്സിലുണ്ട് ഈ ക്രിസ്മസിന്. , കാരണം നമ്മൂടെ രക്ഷകന നമ്മുടെകൂടെയു. ആ നാഥൻ ഈ സാഹചര്യങ്ങളിലൂടെ പിടിച്ചു നടത്തുമെന്ന് പൂർണ്ണമായും വിശ്വസിക്കാം.

ആട്ടിടയന്മാർ ദൂതന്മാരുടെ സന്ദേശം കേട്ടപാടെ വിശ്വസിച്ചത് പോലെ, ദീർഘ ദർശികൾ വിശ്വസിച്ചത് പോലെ നമുക്കും  വിശ്വസിക്കാം.  ഈ മഹാമാരി കാലം ക്രിസ്മസിന്‍റെ ശരിയായ അർത്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു. സ്നേഹത്തിന്‍റെയും, സമാധാനത്തിന്‍റെയും, ത്യാഗത്തിന്‍റെയും, പങ്കുവെയ്ക്കലിന്‍റെയും, പ്രത്യാശയുടെയും സന്ദേശമോതുന്ന ക്രിസ്മസ് പുത്തൻ പ്രഭാതങ്ങൾപൊട്ടി വിടരും, പുതു പൂക്കൾ നറുമണം വീശി വിരിയും, കുടുംബം ഒന്നായി നമുക്ക് ആഹ്ലാദിക്കാം രക്ഷകൻ നൽകുന്ന പ്രത്യാശയിൽ.  എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

വീട്ടമ്മയും അദ്ധ്യാപികയും ഗാനരചയിതാവുമായ ജെസ്സി ജോസിന്‍റെ ക്രിസ്തുമസ് ചിന്താമലരുകള്‍.

ഗാനം.. ശ്വേതാ മോഹന്‍ ആലപിച്ചതാണ്. രചന ജെസ്സി ജോസഫ്, സംഗീതം ജെര്‍സണ്‍ ആന്‍റെണി.

 അടുത്ത ഗാനം സുജാത ആലപിച്ചതാണ്. വീണ്ടും ജെസ്സി ജോസഫിന്‍റെ രചന. സംഗീതം ജെര്‍സണ്‍ ആന്‍റെണി.


വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2020, 14:24