തിരയുക

ഫയല്‍ ചിത്രം - അഭയാര്‍ത്ഥി ക്യാമ്പില്‍ ഫയല്‍ ചിത്രം - അഭയാര്‍ത്ഥി ക്യാമ്പില്‍  

ദുരിതങ്ങളുടെ നടുവില്‍ കാരുണ്യം ഒരിക്കലും അധികമാവില്ല

പുല്‍ക്കൂട്ടില്‍ തന്നെത്തന്നെ വെളിപ്പെടുത്തിയ യേശുവിനെ കണ്ടെത്തുവാന്‍ ആഗനമകാലത്തിന്‍റെ ആരംഭത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കുന്ന പ്രചോദനം – ശബ്ദരേഖയോടെ...

ഒരുക്കിയത് :  മരിയ ഡാവിനയും ഫാദര്‍ വില്യം നെല്ലിക്കലും

പാവങ്ങളുടെ ദിനത്തില്‍ പാപ്പായുടെ സന്ദേശം


പാവങ്ങളുടെ നാലാമത് ആഗോള ദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശത്തിന്‍റെ രണ്ടാം ഭാഗം കേള്‍ക്കാമിന്ന് : നവംബര്‍ 15 ഞായറാഴ്ചയാണ് സഭ പാവങ്ങളുടെ ദിനമായി ആചരിച്ചത്  :

1. പുല്‍ക്കൂട്ടിലെ യേശുവിനെ
കണ്ടെത്തുവാനുള്ള പ്രചോദനം
“ദരിദ്രര്‍ക്കു നിങ്ങള്‍ കൈതുറന്നു കൊടുക്കുക…” (പ്രഭാഷകന്‍ 7, 32) എന്ന ഈ പുരാതന വിജ്ഞാനം ജീവിതവഴികളില്‍ ജീവല്‍പ്രകാശമാണ്. പഴയനിയമത്തില്‍ പ്രഭാഷകന്‍റെ ഗ്രന്ഥത്തിലെ വചനം ആധാരമാക്കിയാണ് പാപ്പാ ഫ്രാന്‍സിസ് 2020-ലെ പാവങ്ങളുടെ ആഗോളദിനത്തിന്‍റെ സന്ദേശം നമുക്കു നല്കിയത്. എളിയരില്‍ എളിയവനായി ഒരു പുല്‍ക്കൂട്ടില്‍ തന്നെത്തന്നെ വെളിപ്പെടുത്തിയ യേശുവിനെ കണ്ടെത്തുവാനുള്ള പ്രചോദനം ആഗമനകാലത്തിന്‍റെ ആരംഭത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ സന്ദേശത്തില്‍നിന്നും ഉള്‍ക്കൊള്ളുവാന്‍ നമുക്കു ശ്രമിക്കാം.

2. സഹനത്തിന്‍റെ തീച്ചൂളയില്‍ വളരുന്ന
ദൈവത്തിനു സ്വീകാര്യനായ മനുഷ്യന്‍

ക്രിസ്തുവിനു 200 വര്‍ഷങ്ങള്‍ക്കു മുന്‍പു ജീവിച്ചിരുന്ന ഒരു താപസവര്യനാണ് പ്രഭാഷകന്‍. ഇസ്രായേല്‍ ജനത വിദേശ മേല്‍ക്കോയ്മയും മര്‍ദ്ദനങ്ങളുംകൊണ്ട് ഏറെ പീഡിപ്പിക്കപ്പെടുകയും ദാരിദ്ര്യവും ക്ലേശങ്ങളും അനുഭവിക്കുകയുംചെയ്തൊരു കാലത്തായിരുന്നു അയാള്‍ ജീവിച്ചിരുന്നത്. ഒരു വിശ്വാസി എന്ന നിലയിലും തന്‍റെ പൂര്‍വ്വീകരുടെ പാരമ്പര്യങ്ങളില്‍ ഊന്നിനിന്ന വ്യക്തിയെന്ന നിലയിലും ദൈവത്തില്‍നിന്നും അദ്ദേഹത്തിനു കിട്ടിയ ആദ്യ അറിവ് ദാരിദ്ര്യത്തെക്കുറിച്ചായിരുന്നു. അതിനാല്‍ അയാള്‍ നിഷ്ക്കര്‍ഷിക്കുന്നത് ക്ലേശങ്ങളില്‍ നാം ദൈവത്തില്‍ വിശ്വസിക്കണമെന്നാണ്. “ആപത്തില്‍ അടിപതറരുത്. അവിടുത്തെ വിട്ടകലാതെ ചേര്‍ന്നുനില്ക്കുക. ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ഒരിക്കലും ശാന്തത കൈവെടിയരുത്. എന്തെന്നാല്‍, സ്വര്‍ണ്ണം അഗ്നിയിലല്ലേ ശുദ്ധിചെയ്യപ്പെടുന്നത്? സഹനത്തിന്‍റെ തീച്ചൂളയിലാണ് ദൈവത്തിനു സ്വീകാര്യരായ മനുഷ്യര്‍ വളരുന്നത്. ദൈവത്തില്‍ ആശ്രയിക്കുക. നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കുക. അവിടുന്നില്‍ പ്രത്യാശ അര്‍പ്പിക്കുക. ദൈവഭക്തരേ, അവിടുത്തെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍, വീഴാതിരിക്കുവാന്‍ വഴി തെറ്റരുത്”. ഇത് പാപ്പാ ഫ്രാന്‍സിസ് ഉദ്ധരിച്ച പ്രഭാഷകന്‍റെ വാക്കുകളാണ് (പ്രഭാ. 2, 2-7).

3. കാരുണ്യം ഒരിക്കലും അധികമാവുകയില്ല
പരിഭ്രാന്തിയുടെയും നിസ്സഹായതയുടെയും തീപ്പൊരി പടര്‍ത്തിക്കൊണ്ട് പൊടുന്നനെ കടന്നുവന്ന കോവിഡ് മഹാമാരി ഒരു തയ്യാറെടുപ്പുമില്ലാതിരുന്ന നമ്മെ എല്ലാവരെയും ലോകത്തെ മുഴുവനെയും പിടികൂടി കീഴ്പ്പെടുത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ നമ്മുടെ കരങ്ങള്‍ പാവങ്ങളിലേയ്ക്കും വിടര്‍ത്തപ്പെടേണ്ടിയിരിക്കുന്നു, നീട്ടിപ്പിടിക്കേണ്ടിയിരിക്കുന്നുവെന്നാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിന്‍റെ രണ്ടാം ഭാഗത്ത് പ്രത്യേകമായി ഉദ്ബോധിപ്പിക്കുന്നത്. നമുക്കിടയിലുള്ള പാവങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുവാനും അവര്‍ക്ക് സഹായം ആവശ്യമുണ്ടെന്ന് അറിയുവാനും ഈ വൈറസ് ദുരന്തം ഇടയാക്കിയിട്ടുണ്ടെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഉപവിയുടെ ഘടനയും കാരുണ്യപ്രവര്‍ത്തനങ്ങളും ഒരിക്കലും അധികമാവുകയില്ലെന്നും, വിടര്‍ത്തിയ കാരങ്ങള്‍ക്കായുള്ള ആവശ്യം നമുക്കുണ്ടെന്നും മനസ്സിലാക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ നിരന്തരമായ സംഘാടനവും പരിശീലനവും ആവശ്യമായി വരും. നമ്മുടെ നിരവധി മുന്‍ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഇന്നത്തെ നിലവിലുള്ള അനുഭവങ്ങള്‍. അങ്ങനെ നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ പരിമിതികളെയും നിയന്ത്രണങ്ങളെയും കുറിച്ച് ബോധവാന്മാരായതു കാരണം, നാം കൂടുതല്‍ ദരിദ്രരും, മറുവശത്ത് കുറഞ്ഞയളവില്‍ മാത്രം സ്വയം പര്യാപ്തതയുള്ളവരുമാണെന്ന തോന്നല്‍ ഉളവായിട്ടുണ്ടെന്ന് പാപ്പാ വ്യക്തമാക്കുന്നു.

4. മഹാമാരി - ഒരു പുതിയ
സാഹോദര്യബോധനത്തിനുളള ആഹ്വാനം

നമ്മുടെ പ്രിയപ്പെട്ടവരുടെയും പരിചയക്കാരുടെയും തൊഴില്‍ നഷ്ടവും അവസരനഷ്ടവും കാലങ്ങളായി ദൗര്‍ഭാഗ്യമായി അവഗണിച്ചിരുന്നു. എന്നാല്‍ ഇന്നിതാ..., ജീവിത ചക്രവാളങ്ങളിലേയ്ക്ക് പെട്ടെന്ന് നമ്മുടെ കണ്ണുകള്‍ തുറപ്പിക്കണമെന്ന് പാപ്പാ പ്രസ്താവിച്ചു. നമ്മുടെ ആത്മീയവും ഭൗതികവുമായ സ്രോതസ്സുകള്‍ ചോദ്യചിഹ്നങ്ങളാവുകയും, നാം തന്നെ ജീവിതത്തില്‍ ഭയചകിതരാവുകയും ചെയ്തിരിക്കുന്നെന്ന സത്യം ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ഭവനങ്ങളുടെ നിശബ്ദതയില്‍, അത്യാവശ്യ കാര്യങ്ങളില്‍ മാത്രം കണ്ണുകളുറപ്പിച്ച് ലാളിത്യത്തിന്‍റെ പ്രാധാന്യം നാം വീണ്ടും കണ്ടെത്തുവാന്‍ ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നു. പരസ്പരാശ്രിതത്വത്തിനും സഹായത്തിനും ആത്മാഭിമാനത്തിനും ഒരു പുതിയ സാഹോദര്യബോധം എന്തുമാത്രം നമുക്ക് ആവശ്യമാണെന്ന് പാപ്പാ അനുസ്മരിപ്പിക്കുന്നു. നമ്മുടെ ആത്മീയവും ഭൗതികവുമായ സ്രോതസ്സുകള്‍ ചോദ്യചിഹ്നങ്ങളാവുകയും നാം തന്നെ ഭയചകിതരാവുകയും ചെയ്യുന്ന സമയമാണിത്. പര്സപരസഹായത്തിനും ആത്മാഭിമാനത്തിനും ഒരു പുതിയ സാഹോദര്യബോധം എന്തുമാത്രം ആവശ്യമാണെന്ന് നാം മനസ്സിലാക്കുകയുമാണ്.

5. സാഹോദര്യത്തിന്‍റെ കൂട്ടുത്തരവാദിത്ത്വം
“നാം എല്ലാവരും സഹോദരങ്ങളാണ്. ‌ഓരോരുത്തരെയും നമുക്ക് ആവശ്യമുണ്ടെന്നുള്ള ബോധ്യവും ലോകത്തുള്ള മറ്റുള്ളവരുമായി നമുക്കുള്ളതു പങ്കുവയ്ക്കേണ്ട ഒരു കൂട്ടുത്തരവാദിത്വം ഉണ്ടെന്നുമുള്ള തിരിച്ചറിവ് ഇന്ന് വളര്‍ന്നിട്ടുണ്ട്. അപഥസഞ്ചാരങ്ങളും, ധാര്‍മ്മികതയോടും നന്മയോടും വിശ്വാസത്തോടും സത്യസന്ധതയോടുമുള്ള അവഹേളനവുമെല്ലാം വേണ്ടത്രയായി എന്നും ലോകത്ത് ഉണ്ടായിട്ടുണ്ട്. സാമൂഹ്യജീവിതത്തിന്‍റെ അടിത്തറ ദ്രവിപ്പിക്കുമാറ് ഇന്നത്തെ പ്രതിസന്ധികള്‍ക്കിടയിലും ഉയര്‍ന്നുവരുന്ന താല്പര്യ സംരക്ഷണങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധവും പുതിയ രൂപത്തിലുള്ള അക്രമങ്ങളുടെയും ക്രൂരതകളുടെയും ആവിര്‍ഭാവവും, പരിസ്ഥിതിയുടെ പരിപാലനത്തോടുള്ള അനാസ്ഥയും യഥാര്‍ത്ഥ സംസ്കാരത്തിന്‍റെ വികസന മുരടിപ്പിന് കാരണമാകുന്നുണ്ട്.” ഇതു തിരിച്ചറിയുവാനുള്ള ഉചിതമായ സമയമാണിത് (Laudato Si, 229). ഒറ്റവാക്കില്‍ പറഞ്ഞാല്‍ നമ്മുടെ അയല്‍ക്കാരനോടും ഓരോ വ്യക്തിയോടുമുള്ള നമ്മുടെ ഉത്തരവാദിത്തബോധം വീണ്ടെടുക്കുംവരെ രൂക്ഷമായ ഈ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുകതന്നെചെയ്യുമെന്ന് പാപ്പാ താക്കീതു നല്കുന്നു.

6. സാഹോദര്യം വിശ്വാസത്തിന്‍റെ
ആധികാരികതയ്ക്കുള്ള അടയാളം

“നിങ്ങളുടെ കരങ്ങള്‍ പാവങ്ങള്‍ക്കായി നീട്ടുക…,” എന്ന വിഷയം ഈ വര്‍ഷം സ്വീകരിച്ചിരിക്കുന്നത് നമ്മുടെ മാനവിക കുടുംബത്തിന്‍റെ ഭാഗമെന്ന നിലയില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുവേണ്ടി ഉത്തരവാദിത്വത്തിനും പ്രതിബദ്ധതയ്ക്കുമുള്ള വിളിയാണ്. ഏറ്റവും ബലഹീനരായവരുടെ ഭാരങ്ങള്‍ വഹിക്കുവാന്‍ അത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളില്‍, സ്നേഹത്തിലൂടെ പരസ്പരം സേവിക്കുക. ഒറ്റ വാക്യത്തില്‍ എല്ലാ നിയമങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു ; “നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ക്രിസ്തുവിന്‍റെ നിയമം പൂര്‍ത്തീകരിക്കുവാന്‍ ഓരോരുത്തരും അപരന്‍റെ ഭാരം വഹിക്കുക” (ഗലാത്തിയര്‍ 5, 13, 14; 6, 2). യേശുക്രിസ്തുവിന്‍റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമുക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം വ്യക്തിപരമായി മറ്റുള്ളവരെ സേവിക്കുവാനുള്ള ഉത്തരവാദിത്വമാണെന്ന് അപ്പസ്തോലന്‍ നമ്മെ പഠിപ്പിക്കുന്നു. നാം പ്രഘോഷിക്കുന്ന വിശ്വാസത്തിന്‍റെ ആധികാരികതയ്ക്കുള്ള അടയാളമാണ്, അല്ലാതെ ഒഴിവാക്കാവുന്നതല്ല ഇത്. പ്രഭാഷകന്‍റെ പുസ്തകത്തിലെ ചിന്തയ്ക്ക് ഇവിടെ വീണ്ടും നമ്മെ സഹായിക്കുവാനാകും.

7. ക്ലേശിക്കുന്നവരെ തുണയ്ക്കുവാന്‍
നിര്‍ബന്ധിക്കുന്ന വചനം

ഏറ്റവും ദുര്‍ബലരായവരെ പിന്തുണയ്ക്കുവാനുള്ള കൃത്യമായ മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധേയമായ ചിത്രീകരണത്തിലൂടെ ബൈബിളിലെ പ്രഭാഷകന്‍റെ ഗ്രന്ഥം നമുക്കു ലഭ്യമാക്കുന്നുണ്ട്. ദുഃഖിതരായവരോട് സഹതപിക്കുവാന്‍ അത് ഒന്നാമതായി നമ്മോട് ആവശ്യപ്പെടുന്നു. “കരുയുന്നവരെ തള്ളിക്കളയരുത്…” (7, 34). പ്രിയപ്പെട്ടവരുടെ നഷ്ടത്തില്‍ കേഴുന്ന സുഹൃത്തുക്കളെയും പരിചിതരെയും കാണുവാനോ സമാശ്വസിപ്പിക്കുവാനോ സാദ്ധ്യമല്ലാത്ത വിധം കര്‍ശനമായ ഒറ്റപ്പെടലിന് മഹാമാരിയുടെ കാലം നമ്മെ നിര്‍ബന്ധിതരാക്കി. വിശുദ്ധ ഗ്രന്ഥത്തില്‍ പ്രഭാഷകന്‍ ഇങ്ങനെയും പറയുന്നുണ്ട്. “രോഗികളെ സന്ദര്‍ശിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു മാറരുത്...” (7, 35). എന്നാല്‍ ഇന്ന് യാതന അനുഭവിക്കുന്നവര്‍ക്ക് സാമീപ്യം നല്കാന്‍ നമുക്ക് പലപ്പോഴും കഴിയുന്നില്ല, അതേ സമയം നമ്മുടെ തന്നെ ജീവന്‍റെ ഭീഷണാവസ്ഥയെക്കുറിച്ചു നാം ബോധവാന്മാരുമാണ്. അതിനാല്‍ ദൈവവചനം ഒട്ടും അലസത അനുവദിക്കുന്നില്ല. സ്നേഹമുള്ളവരായി, വിശിഷ്യ എളിയവരോടും പാവങ്ങളോടും അനുകമ്പയുള്ളവരായി ജീവിക്കുവാന്‍ അത് നമ്മെ നിരന്തരം നിര്‍ബന്ധിക്കുന്നുവെന്ന് പാപ്പാ നമ്മെ അനുസ്മരിപ്പിക്കുന്നു.

8. നിസംഗത പാപമാണ്
ദാരിദ്ര്യത്തിന്‍റെ സാഹചര്യങ്ങള്‍ ധാരാളമുള്ള സൃഷ്ടിയില്‍ നാം എല്ലാവരും മിക്കവാറും ഒരുപോലെ പങ്കാളികളാണെങ്കിലും അതിലൊന്നും കുലുങ്ങാതെ കയ്യുംകെട്ടി നില്ക്കുന്നവരുടെ മനോഭാവത്തോടുള്ള വെല്ലുവിളിയാണ്, “പാവങ്ങള്‍ക്കായി നിങ്ങളുടെ കരങ്ങള്‍ നീട്ടുക,” എന്ന കല്പന. നിസംഗതയും നിര്‍വ്വികാരതയുമാണ് അവരുടെ അന്നന്നേയപ്പം. നാം വിവരിച്ച ഉദാരതയുടെ കരങ്ങളില്‍നിന്ന് എന്തുമാത്രം വ്യത്യസ്തമാണത്. തീവ്രമായ ദാരിദ്ര്യം അനുഭവിക്കുന്ന ജനകോടികളുടേയും മുഴുവന്‍ രാഷ്ട്രങ്ങളുടേയും തന്നെ നാശവും, ഏതാനും കുലീനരുടെ സമ്പത്തും ഉറപ്പുവരുത്തുവാന്‍ ലോകത്തിന്‍റെ ഒരു ഭാഗത്തുനിന്ന് പണം മറ്റൊരു ഭാഗത്തേയ്ക്ക് കംപ്യൂട്ടറിലൂടെ നീക്കുവാന്‍ വിരലമര്‍ത്തുന്ന കരങ്ങളാണത്. ചില കരങ്ങള്‍ ആയുധവില്പനയിലൂടെ പണം സംഭരിക്കുവാന്‍ നീട്ടുമ്പോള്‍, മറ്റു ചില കരങ്ങള്‍ നീട്ടപ്പെടുന്നത് ഇരുണ്ട ഇടവഴികളില്‍ മയക്കുമരുന്നുകളിലൂടെയും, മനുഷ്യക്കടത്തിലൂടെയും പണം സ്വരൂപിച്ച് ധനികരാകുവാനും, കൈക്കൂലിയിലൂടെയും അഴിമതിയിലൂടെയും ആര്‍ഭാട ജീവിതം നേടുവാനുമാണ്. മറ്റു ചിലരാകട്ടെ, പൊള്ളയായ ഉത്തരവാദിത്വം പ്രദര്‍ശിപ്പിച്ചുകൊണ്ട് അവര്‍ പാലിക്കാത്ത നിയമങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിച്ചുകൊണ്ടുമാണ്.

9. നമുക്കെങ്ങനെ സന്തോഷിക്കുവാനാകും?
“ഈ ചിത്രങ്ങളുടെയെല്ലാം നടുവില്‍, ഒഴിവാക്കപ്പെട്ടവര്‍ ഇപ്പോഴും കാത്തിരിക്കുകയുണ്. മറ്റുള്ളവരെ പുറന്തള്ളുന്ന ഒരു ജീവിതശൈലി നിലനിര്‍ത്തുവാനും, സ്വാര്‍ത്ഥനിഷ്ഠമായ അഭിനിവേശം തുടരുവാനുമുള്ള നിസ്സംഗത ആഗോളതലത്തില്‍ വികസിച്ചു കഴിഞ്ഞു. ഇതിനെക്കുറിച്ച് ഒട്ടും ബോധവാന്മാരാകാതെ പാവങ്ങളുടെ നിലവിളിയോട് സഹാനുഭാവം തോന്നാത്തവരായി നാം കഠിനഹൃദയരായിക്കഴിഞ്ഞു. നമ്മുടേതല്ല, മറ്റാരുടേയോ ഉത്തരവാദിത്ത്വമാണ് ഇതെല്ലാം എന്നവിധം അപരന്‍റെ വേദനയില്‍ ദുഃഖിക്കുവാനോ, അവരെ സഹായിക്കണമെന്ന് തോന്നുവാനോ ആകാത്തവിധം കഴിവുകെട്ടവരായി നാം മാറിയിരിക്കുകയാണ്” (EG, 54). തിന്മയും മരണവും വിതയ്ക്കുന്ന ഈ കരങ്ങള്‍ മുഴുവന്‍ ലോകത്തിനു നീതിയും സമാധാനവും നല്കുന്ന ഉപകരണങ്ങളായി മാറുന്നതുവരെ അല്ലെങ്കില്‍ രൂപാന്തരപ്പെടുംവരെ നമുക്കു സന്തോഷിക്കുവാനാവില്ല.

10. അന്തിമലക്ഷ്യം സ്നേഹമായിരിക്കണം
“നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം നിങ്ങളുടെ അന്ത്യമുണ്ടെന്ന് ഓര്‍ക്കുക” (പ്രഭാ.7, 36). പ്രഭാഷകന്‍റെ പുസ്തകത്തിലെ അവസാന വാക്കുകളാണിവ. അവ രണ്ടു രീതിയില്‍ മനസ്സിലാക്കപ്പെടാം. നമ്മുടെ ജീവിതം ഉടനെയോ പിന്നീടോ അവസാനിക്കുമെന്നതാണ് ആദ്യത്തേത്. നമ്മെക്കാള്‍ പാവപ്പെട്ടവരോടും, നമുക്കുണ്ടായ അവസരങ്ങള്‍ കിട്ടാത്ത പ്രായമായവരോടും പരിഗണന കാട്ടുവാന്‍ സഹായിക്കുന്നതാണ് നമ്മുടെ പൊതുവായ വിധി ഓര്‍മ്മപ്പെടുത്തുന്നത്. രണ്ടാമതായി പക്ഷെ.., നാം ഓരോരുത്തരും ചരിക്കുന്ന ലക്ഷ്യത്തിലേയ്ക്കോ അവസാനത്തിലേയ്ക്കോ ഉള്ള നീക്കവുമുണ്ട്. ഒരു പ്രക്രിയയും പദ്ധതിയുമാണ് നമ്മുടെ ജീവിതമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. നമ്മുടെ എല്ലാ പ്രവൃത്തികളുടെയും “അവസാനം” സ്നേഹം മാത്രമേ ആകാന്‍ കഴിയൂ. നമ്മുടെ യാത്രയുടെ അന്തിമ ലക്ഷ്യം അതാണ്. അതില്‍നിന്ന് നമ്മെ വ്യതിചലിപ്പിക്കാന്‍ ഒന്നിനുമാവില്ല.

11. സ്നേഹം ക്രിസ്തുശിഷ്യന്‍റെ ആനന്ദം
നാം ആദ്യമായി സ്നേഹിക്കപ്പെടുകയും സ്നേഹത്തിലേയ്ക്ക് ഉണര്‍ത്തപ്പെടുകയും ചെയ്യേണ്ടവരാണെന്ന് മനസ്സിലാക്കുന്നതില്‍നിന്ന് ജനിക്കുന്ന ഒരു പങ്കുവയ്ക്കലിന്‍റേയും സമര്‍പ്പണത്തിന്‍റേയും സേവനത്തിന്‍റേയും സ്നേഹമാണിത്. കുട്ടികള്‍ തങ്ങളുടെ അമ്മയുടെ പുഞ്ചിരി സ്വീകരിക്കുന്നതുപോലെയും, ജീവനുള്ളതിനാല്‍ സ്നേഹം അനുഭവിക്കുന്നതു പോലെയും ലളിതമായ രീതിയില്‍ നമുക്കതിനെ കാണാം. പാവങ്ങളുമായി നാം പങ്കുവയ്ക്കുന്ന ഓരോ പുഞ്ചിരിയും സ്നേഹത്തിന്‍റെ ഉറവിടവും സ്നേഹം പടര്‍ത്തുന്നതിന്‍റെ രീതിയുമാണ്. ക്രിസ്തുവിന്‍റെ ശിഷ്യഗണങ്ങളില്‍ ഒരാളായി ജീവിക്കുന്നതിന്‍റെ ആനന്ദത്താല്‍ പ്രചോദിതനായി മാത്രം ശാന്തമായും നാട്യങ്ങളില്ലാതെയും കരങ്ങള്‍ നീട്ടുന്നവരാകുമ്പോള്‍ പാവങ്ങള്‍ സമ്പന്നരാകും. അതുവഴി കരബലം നല്കുന്നവര്‍ക്ക് അത് ആത്മീയതയുടെ ജീവിതസാഫല്യമായിത്തീരുകയും ചെയ്യും.

12. പാവങ്ങളുടെ അമ്മയോടു പ്രാര്‍ത്ഥിക്കാം
അനുദിനം പാവങ്ങളെ കണ്ടുമുട്ടുന്ന ഈ യാത്രയില്‍ ദൈവമാതാവ് എപ്പോഴും നമ്മുടെ അരികിലുണ്ടാകട്ടെ. മറ്റാരെയുംകാള്‍ പാവങ്ങളുടെ അമ്മയാണ് നസ്രത്തിലെ മറിയം. കാലിത്തൊഴുത്തില്‍ ദൈവപുത്രന് ജന്മം നല്കിയ കന്യകാമേരിക്ക് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ കഷ്ടതകളും യാതനകളും നന്നായി അറിയാം. യൗസേപ്പിതാവിനോടും ഉണ്ണിയേശുവിനോടുമൊപ്പം മറിയവും മറ്റൊരു രാജ്യത്തേയ്ക്കു പലായനം ചെയ്യേണ്ടിവന്നത് നാടുവാഴിയായ ഹെറോദേസിന്‍റെ ഭീഷണിയാലാണ്. അങ്ങനെ തിരുക്കുടുംബം അഭയാര്‍ത്ഥികളായി നിരവധി വര്‍ഷം ഈജിപ്തില്‍ ജീവിക്കേണ്ടി വന്നിട്ടുണ്ട്. പാവങ്ങളുടെ അമ്മയായ മറിയത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ അവള്‍ക്കു പ്രിയപ്പെട്ടവരായ എല്ലാ മക്കളെയും, ക്രിസ്തുവിന്‍റെ നാമത്തില്‍ അവരെ സേവിക്കുന്ന എല്ലാവരെയും ഐക്യപ്പെടുത്തട്ടെയെന്നായിരിക്കട്ടെ! എളിയവര്‍ക്കായി നീട്ടുന്ന കരങ്ങള്‍ വീണ്ടെടുക്കപ്പെടുകയും, പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന ആശ്ലേഷമായി രൂപപ്പെടുത്തുവാന്‍ എളിയവരായ ഞങ്ങളെ പ്രാപ്തരാക്ക‌ണമേ... എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

പരിപാടിയിലെ സംഗീത ശകലങ്ങള്‍ ജെറി അമല്‍ദേവിന്‍റേതാണ്.

ഗാനമാലപിച്ചത് ആന്‍റെണി ഐസക്സ് ആലപ്പുഴ, രചന ഫാദര്‍ സ്റ്റാനിസ്ലാവൂസ് കാക്കനാട് തിരുവല്ല, സംഗീതം ജെറി അമല്‍ദേവ്.

പാവങ്ങളുടെ ആഗോളദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച ചിന്താമലരുകളുടെ രണ്ടാം ഭാഗം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2020, 08:29